‘സൂരറൈ പോട്രി’ലെ നായികയായി പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റു വാങ്ങുമ്പോൾ അഭിനേത്രി അപർണ ബാലമുരളി ‘വനിത’യിൽ മനസ്സു തുറക്കുന്നു. ബൊമ്മിയെ കുറിച്ച്, അഭിനയത്തെ കുറിച്ച്, കരിയറിലെ സ്വപ്നങ്ങളെ കുറിച്ച്...
ബൊമ്മിയെ ആദ്യം സ്ക്രീനിൽ കണ്ടപ്പോൾ?
ഞാൻ ഡബ് ചെയ്യുന്ന സമയം വരെ ഇത് എങ്ങനെയാകും എന്ന തോന്നലുണ്ടായിരുന്നു. എങ്ങനെയുണ്ടാവും എന്റെ ക്യാരക്റ്റർ, ഡബ്ബിങ് ശരിയാകുമോ? എന്നൊക്കെ ആലോചിച്ചിട്ട് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, സ്ക്രീനിൽ കണ്ടപ്പോൾ ബൊമ്മി എന്ന കഥാപാത്രം വളരെയധികം റിഫൈൻഡ് ആയിട്ട് തോന്നി. അത്രയ്ക്കും ഹാപ്പിയായി ഞാൻ. കാരണം, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒൗട്ട്പുട്ടും സൂര്യയെ പോലൊരു ആക്ടറിന്റെ കൂടെയുള്ള സ്ക്രീൻ സ്പേസും അതു വളരെ ത്രില്ലിങ്ങായിരുന്നു
ബൊമ്മി എന്ന കഥാപാത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ?
ഭയങ്കര സ്ട്രോങ് ആണ്. വളരെയധികം ബോൾഡ് ആണ്. അതാണ് ഏറ്റവും ഇഷ്ടപ്പെട്ട സവിശേഷത. കൂടെയുള്ളവരെ നന്നായി സപ്പോർട്ട് ചെയ്യുന്ന സ്വഭാവം, അവരെ കൂടി വളർത്താൻ സഹായിക്കുന്ന മനോഭാവം അതൊക്കെ ബൊമ്മി എന്ന കഥാപാത്രത്തിൽ എനിക്ക് വളരെ ആകർഷകമായി തോന്നി.
ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ അപർണയ്ക്ക് സ്വയം ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രം?
എല്ലാം കൊണ്ടും സ്വയം കുറച്ചധികം റിലേറ്റ് ചെയ്യാൻ പറ്റുന്ന ക്യാരക്റ്റർ ‘മഹേഷിന്റെ പ്രതികാര’ത്തിലെ ജിൻസിയാണ്. മറ്റു ക്യാരക്റ്റേഴ്സെല്ലാം എന്നിൽ നിന്നും വ്യത്യസ്തരാണെന്ന് തോന്നുന്നു.
അഭിനയിക്കാനുള്ള പാടവം ആദ്യം തിരിച്ചറിഞ്ഞത്?
ഞാൻ കുട്ടിക്കാലം െതാട്ടേ നൃത്തം പഠിച്ചിട്ടുണ്ട്. ഒരു പാട് സ്റ്റേജുകളിൽ ഡാൻസ് ചെയ്തിരുന്നു. ഞാൻ ഒരു ഷോർട് ഫിലിമിലാണ് ആദ്യമായി ക്യാമറയുടെ മുന്നിൽ അഭിനയിച്ചത്. ഡാൻസർ ആയതിനാൽ ധാരാളം സ്റ്റേജ് പെർഫോമൻസ് നടത്തിയിട്ടുള്ളതും അഭിനയത്തിൽ പ്രചോദനമായിട്ടുണ്ട്.