Tuesday 17 December 2019 12:23 PM IST : By സ്വന്തം ലേഖകൻ

‘ഇനിയും അഭിനയിക്കണമെന്നാണ് മോഹം... പക്ഷേ, അച്ഛനും അമ്മയ്ക്കും അത്ര ഇഷ്ടമല്ല’; കെൻഡി സിർദോ പറയുന്നു

star-chat-arunachal

മലയാള സിനിമയ്ക്ക് പുതിയ നായിക, അരുണാചൽപ്രദേശുകാരി കെൻഡി സിർദോ...

All the way from ARUNACHAL

ഒരു സുഹൃത്താണ് സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ സിനിമയിലേക്ക് ജാപ്പനീസ് മുഖമുള്ള നായികയെ തേടുന്നു എന്നു പറഞ്ഞത്. അദ്ദേഹത്തെ വിളിച്ചപ്പോൾ കൊച്ചിയിൽ ഓഡിഷന് വരൂ എന്നായിരുന്നു മറുപടി. സെലക്ടായതോടെ ഷൂട്ടിങ്ങിനായി പയ്യന്നൂരിൽ എത്തി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 സിനിമയിലെ നായിക കഥാപാത്രം ഹിതോമി പാതി മലയാളിയും പാതി ജപ്പാൻകാരിയുമാണ്. ലുക്ക് കൊണ്ട് ജപ്പാനാണെങ്കിലും എന്റെ സ്വന്തം നാട് വടക്ക് കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ആണ്.

My dearest SOUBIN

ഈ സിനിമയിൽ അഭിനയിക്കും മുൻപ് ഞാന്‍ കണ്ടിട്ടുള്ള സൗത്ത് ഇന്ത്യൻ സിനിമ തെലുങ്കിലാണ്. മലയാള സിനിമയിൽ ആകെ കേട്ടിട്ടുള്ള രണ്ടു പേരുകൾ മമ്മൂട്ടിയും മോഹൻലാലും മാത്രം. സൗബിൻ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഷൂട്ടിങ് തുടങ്ങി കുറേക്കഴിഞ്ഞാണ് അറിഞ്ഞത്. അത് അനുഗ്രഹമായി എന്നു പിന്നെ, തോന്നി. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ടെൻഷനടിച്ച് ആകെ പ്രശ്നമായേനേ...

കൊച്ചുകുട്ടിയെ പോലെയാണ് സൗബിൻ സെറ്റിൽ എത്തിയാൽ. ആകെ കളിചിരി ബഹളം. ലൊക്കേഷനിലെ എന്റെ ബെസ്റ്റ് ഫ്രണ്ടും സൗബിനായിരുന്നു.

Tongue twister in MALAYALAM

ഹിതോമിയുടെ മലയാളം ഡയലോഗുകളാണ് എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ചത്. ഡബ്ബ് ചെയ്തതും ഞാൻ തന്നെ. രണ്ടു ദിവസം രാവും പകലും പരിശ്രമിച്ചിട്ടും ഒറ്റ ഡയലോഗു പോലും കാണാപാഠം പഠിക്കാൻ പറ്റിയില്ല. അന്നു രാത്രി വിഷമത്തോടെ കണ്ണാടിക്കു മുന്നിൽ പോയി നിന്നു. സ്ക്രിപ്റ്റ് നോക്കി ഡയലോഗുകൾ ചുമ്മാ വായിച്ചു. ആ സമയത്തെ ലിപ് മൂവ്മെന്റ് മനസ്സിൽ കുറിച്ചിട്ടു. പിറ്റേന്ന് കാമറയ്ക്കു മുന്നിൽ ആ ചുണ്ടനക്കങ്ങൾ ഓർത്താണ് ഡയലോഗുകൾ പറഞ്ഞൊപ്പിച്ചത്. എല്ലാം കറക്ടായി തന്നെ വന്നു.

IMG-20190729-WA0010-copy

സിനിമയിൽ എനിക്ക് ഏറ്റവും  ഇഷ്ടപ്പെട്ട ഡയലോഗ് ഇതാണ്, ‘‌ജന്ച്ചതും വള്ർന്നതും ഇവ്ടെയാനെങ്കിലും എന്റെ മനശ്ശിൽ ഞാനൊരു മൽയാളിയാണ്.’

Spirit of THEYYAM

നാലു വർഷമായി എന്റെ ലോകം നാടകമാണ്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് പഠിക്കുകയാണ് ഇപ്പോൾ. തിയറ്ററിന്റെ ഭാഗമായതുകൊണ്ടു തന്നെ തെയ്യത്തെ കുറിച്ചൊക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കാണാനായത് പയ്യന്നൂരിലെ ഷൂട്ടിങ്ങിനിടെയാണ്. ഈ സിനിമ ചെയ്തതു കൊണ്ട് എനിക്കു കിട്ടിയ ഭാഗ്യം. ഇനിയും അഭിനയിക്കണമെന്നാണ് മോഹം. പക്ഷേ, അച്ഛനും അമ്മയ്ക്കും അത്ര ഇഷ്ടമില്ല. അച്ഛൻ കിർനെൺ സിർദോ പൊലീസിലായിരുന്നു. അമ്മ ന്യാകിർ സിർദോ ചൈല്‍ഡ് ഡവലപ്മെന്റ് സൊസൈറ്റിയിൽ ജോലി ചെയ്യുന്നു. സഹോദരിമാരും ഗവൺമെന്റ് ഉദ്യോഗസ്ഥരാണ്.

Confusion in KANJI

റഷ്യയും പയ്യന്നൂരുമായിരുന്നു ലൊക്കേഷൻ. ഇതിനിടയിൽ ഗ്യാപ് കിട്ടുമ്പോഴെല്ലാം പഠിക്കാൻ ഓടണം. അതുകൊണ്ട് കേരളം ചുറ്റിനടന്നു കാണാനൊന്നും കഴിഞ്ഞില്ല. ഷൂട്ടിങ് കാണാൻ വന്ന ആളുകൾക്ക് എന്നെ കാണുമ്പോൾ കൗതുകമായിരുന്നു. ഇവിടത്തെ ആളുകളുടെ സ്നേഹം പോലെ തന്നെയാണ് രുചികളും. തൂശനിലയിലെ സദ്യ ഗംഭീരം. തേങ്ങാച്ചമ്മന്തിയും മട്ടൻകറിയുമെല്ലാം സൂപ്പറാ... ഒരിക്കൽ അബദ്ധവും പറ്റി. അത്താഴത്തിന് കാരിയറിൽ കൊണ്ടുവന്ന ചോറിൽ നിറയെ വെള്ളം കണ്ട് സംവിധായകനെ വിളിച്ച് പരാതി പറഞ്ഞു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ഇതു ‘മലയാളിയുടെ വികാരമായ കഞ്ഞിയാണെന്ന്.’

Tags:
  • Celebrity Interview
  • Movies