Monday 22 April 2024 04:46 PM IST

ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞു ഗൾഫിലേക്ക്... പക്ഷേ എന്റെ ഭാഗ്യത്തിന് സംഭവിച്ചത് മറ്റൊന്ന്: അസീസ് പറയുന്നു

V R Jyothish

Chief Sub Editor

azeez-ndd-14

ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞു ഗൾഫിലേക്ക്... പക്ഷേ എന്റെ ഭാഗ്യത്തിന് സംഭവിച്ചത് മറ്റൊന്ന്: അസീസ് പറയുന്നു



സുരേഷ് ഗോപിയോടൊപ്പം അമേരിക്കൻ പര്യടനത്തിലായിരുന്നു അസീസ് നെടുമങ്ങാട്. അ ന്നു സുരേഷ് ഗോപിയോട് അസീസ് പറഞ്ഞു. ‘‘എന്റെ ബാപ്പ ഹനീഫ നല്ല പാചകക്കാരനാണ്. മട്ടൻ കറിയാണു മാസ്റ്റർപീസ്. ഒരുപാടു ഫാൻസുണ്ട്, ബാപ്പയുടെ മട്ടൻ കറിക്ക്. ’’

‘‘അസീസേ... എനിക്കും കഴിക്കണം ബാപ്പയോടു ചോദിക്കണം. എനിക്കും ഉണ്ടാക്കിത്തരുമോയെന്ന്.’

സുരേഷ് ഗോപി വെറുതേ പറഞ്ഞതാകുമെന്നാണ് അസീസ് കരുതിയത്. പക്ഷേ, നാട്ടിലെത്തി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വിളി വന്നു. ‘ഞാൻ എന്നാണു മട്ടൻ കഴിക്കാൻ വീട്ടിലേക്ക് വരേണ്ടത്.’ സുരേഷ് ഗോപിയുടെ ചോദ്യം കേട്ടപ്പോൾ അസീസിനു വെപ്രാളമായി. അദ്ദേഹത്തെപ്പോലെ ഒരു സൂപ്പർതാരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങളൊക്കെ വീടിനുണ്ടോ എന്നായി ആദ്യത്തെ ആശങ്ക. പിന്നെ, കറിയെങ്ങാനും അദ്ദേഹത്തിനു ഇഷ്ടമായില്ലെങ്കിലോ? ഒരാവേശത്തിനു പറഞ്ഞും പോയി. പിന്നെ, ധൈര്യം വീണ്ടെടുത്ത് പറഞ്ഞു. ‘സുരേഷേട്ടന് സൗകര്യമുള്ള സമയം.’

സുരേഷ് ഗോപി പടിക്കൽ എത്തിയപ്പോൾ മകന്റെ പരിഭ്രമം പകർന്നു കിട്ടിയ അസീസിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. ‘ഞങ്ങളുടെ വീട് ചെറുതാണ്. ഇഷ്ടമാകുമോ എന്തോ?’അന്ന് അസീസിനെ ചേർത്തു പിടിച്ചു സുരേഷ്ഗോപി പറഞ്ഞു; ‘ഉമ്മയുടെ ഈ മകൻ വലിയൊരു വീട് വയ്ക്കും. ഒരു സംശയവും വേണ്ട.’ അന്ന് അതുവരെ തോന്നാതിരുന്നൊരു മോഹത്തിന്റെ വിത്ത് അസീസിന്റെ മനസ്സിൽ വീണു. ‘കുറച്ചു കൂടി നല്ലൊരു വീട് വയ്ക്കണം.

അസീസ് അന്ന് സിനിമയിൽ വന്നിട്ടില്ല. മിമിക്രിയും സ്റ്റേജ് ഷോസും ആണു വരുമാനമാർഗം. പിന്നെ, സിനിമകളിലെ മിന്നലാട്ടങ്ങ ൾ പോലുള്ള ചെറുകഥാപാത്രങ്ങളിൽ നിന്ന് അസീസ് വളർന്നു. ജയ ജയ ജയ ജയഹേയും കണ്ണൂർ സ്ക്വാഡും കടന്ന് സിനിമയിൽ പേരുറപ്പിച്ചു. ഒപ്പം പുതിയ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ സന്തോഷവും.

‘ൈദവം സഹായിച്ച് ഇപ്പോൾ തിരക്കോടു തിരക്കാണ് അണ്ണാ.....’ നെടുമങ്ങാട് അരുവിക്കര ഡാമിൽ വച്ചുകണ്ട പഴയ സ്നേഹിതനോട് അസീസ് പറഞ്ഞു. വീടു പണി നടക്കുന്നതുകൊണ്ട് ഫോട്ടോസെഷൻ ഈ പരിസരത്താക്കാം എന്നു നിർദേശിച്ചതും അസീസ് തന്നെ. അരുവിക്കര ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ തയാറെടുപ്പുകൾ നടക്കുന്നു.

‘‘ശരിക്കും പറഞ്ഞാൽ ഞാനും ക്ഷേത്രം കൊണ്ടു ജീവിച്ച ഒരാളാണെന്നു പറയാം. പൂജാരിമാർ, കഴകക്കാർ, വാദ്യമേളക്കാർ, പിന്നെ ഞങ്ങൾ കലാകാരന്മാർ. 200 പ്രോഗ്രാമുകൾ വരെ ചെയ്ത വർഷങ്ങളുണ്ട്. ’’

നെടുമങ്ങാട്ടുകാരനല്ലാത്ത താങ്കൾ അസീസ് നെടുമങ്ങാട് എന്നാണ് അറിയപ്പെടുന്നത്?

സത്യത്തിൽ ഞാനും നെടുമങ്ങാടും തമ്മിൽ സ്നേഹബന്ധമേയുള്ളൂ. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് അടുത്തുള്ള പള്ളിത്തെരുവാണു ജന്മദേശം. അഞ്ചാം ക്ലാസ് വരെ അമ്പലത്തറ സ്കൂളിൽ. മൂത്ത സഹോദരിയുടെ വിവാഹശേഷമാണ് ഞങ്ങൾ ഉഴമലയ്ക്കൽ വരുന്നത്. നെടുമങ്ങാട്ടു നിന്ന് ആറു കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. മിമിക്രി കളിച്ചുകൊണ്ടിരുന്ന കാലത്ത് ആരോ പറഞ്ഞതാണ് ‘നെടുമങ്ങാടു നിന്നു വരുന്ന ആ അസീസ്......’ അങ്ങനെയാണെന്നു തോന്നുന്നു ഞാൻ അസീസ് െനടുമങ്ങാടായത്. സന്തോഷം. ഇതുവരെയെത്തിയില്ലേ?

ഞങ്ങൾ അഞ്ചു സഹോദരങ്ങളാണ്. ബാപ്പ ഗൾഫിലായിരുന്നു. കാര്യമായ സാമ്പത്തിക ഭദ്രതയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. മൂത്ത സഹോദരന്മാർ ഗൾഫിൽ പോയി. ഇളയവനായതു കൊണ്ട് എനിക്ക് കാര്യമായ ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കേണ്ടി വന്നില്ല. പക്ഷേ, കലാരംഗത്ത് യാതൊരു പ്രോത്സാഹനവും കിട്ടിയിരുന്നില്ല. അതിനുള്ള ചുറ്റുപാടില്ലായിരുന്നു. ഇന്ന് എന്തെങ്കിലും ആയി എന്നു തോന്നുന്നുവെങ്കിൽ അവിടെയെത്താൻ ഈ അസീസ് ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്.

അസീസും ഗൾഫിൽ പോയിട്ടു തിരിച്ചുവന്നതല്ലേ?

കലാപരിപാടികൾ കിട്ടുന്നുണ്ടെങ്കിലും ഉപജീവനമാർഗം എന്നു പറയാനുള്ള വരുമാനം ഒന്നുമില്ല. വെള്ളനാട് മിത്രനികേതനിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞു. അങ്ങനെ ഗൾഫിലേക്കു വച്ചുപിടിച്ചു. എന്റെ ഭാഗ്യം കൊണ്ട് അവിടെ അധികകാലം നിൽക്കേണ്ടി വന്നില്ല. തിരിച്ചു വരേണ്ടി വന്നു.

ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂളിലെ ഓഫിസ് റൂം ഹാളിൽ നിന്നാണു കലാജീവിതത്തിന്റെ തുടക്കം. നാടകമായിരുന്നു തട്ടകം. രണ്ടാംക്ലാസ്സിൽ പഠിക്കുമ്പോഴേ മനസ്സിൽ കയറിയ ആഗ്രഹമാണു നല്ല നടനാകണം എന്ന്. സ്കൂൾ നാടകങ്ങളിൽ പങ്കെടുക്കും. ജില്ലാകലോൽസവവേദി വരെ നാടകവുമായി പോയിട്ടുണ്ട്. അന്ന് പക്ഷേ, മിക്കവേദികളിലും നാടകം കാണാൻ ആളില്ല. എന്നാൽ മിമിക്രിക്കും മോണോ ആക്റ്റിനും ബ്രേക് ഡാൻസിനും എപ്പോഴും നല്ല തിരക്ക്.

കാതലൻ സിനിമയിൽ പ്രഭുദേവയും അതുകണ്ട് നാട്ടിലെ പിള്ളേരും ആടിത്തിമിർത്ത കാലം. എവിടെത്തിരിഞ്ഞാലും മുക്കാല മുക്കാബല. അങ്ങനെയാണ് സുഹൃത്തുക്കളായ റാസിഖിനെയും രഞ്ജിത്തിനെയും സമീപിക്കുന്നത്. റാസിഖ് പ്രേംനസീറിനെ നന്നായി അനുകരിക്കും. അങ്ങനെ റാസിഖിന് ശിഷ്യപ്പെട്ടു പ്രേംനസീറിനെ കൈവശമാക്കി. രഞ്ജിത് നല്ല മിമിക്രി കലാകാരനായിരുന്നു. അദ്ദേഹം പിന്നീടു റേഷൻകടയുമായി കൂടി.

കലാസദൻ ട്രൂപ്പിലൂടെയാണു തുടക്കം എന്നു കേട്ടിട്ടുണ്ട്?

കുട്ടിക്കാലത്തേ ഞങ്ങളുടെ നാട്ടിൽ വളരെ സജീവമായ ക്ലബ് ഉണ്ടായിരുന്നു. പുതുക്കുളങ്ങര വിന്നേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്. അന്ന് കൊച്ചിൻ കലാഭവനാണു കേരളത്തിലെ പ്രശസ്ത ട്രൂപ്പ്. ആ ലൈൻ പിടിച്ചു തുടങ്ങിയ മിമിക്രി ട്രൂപ്പ് ആണു കലാസദൻ. പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലായിരുന്നു ആദ്യ പ്രോഗ്രാം. നാട്ടുകാർ എനിക്കൊരു നോട്ടുമാലയിട്ടു. നിലവിളക്കു സമ്മാനമായി തന്നു. ഏഴായിരം രൂപയായിരുന്നു ആദ്യ പ്രതിഫലം. അതോടെ നാട്ടുകാർക്കിടയിൽ ഞങ്ങൾ കലാകാരന്മാരാണെന്ന് അംഗീകരിക്കപ്പെട്ടു. എത്ര ഉയരത്തിലെത്തിയാലും പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രനടയിൽ നിന്നാണു തുടക്കം. ഞാനത് ഒരിക്കലും മറക്കില്ല.

ഒരിക്കൽ സജി സുരേന്ദ്രൻ അമ്പലത്തിൽ ഉത്സവത്തിനു വന്നു. അവിടെ പ്രസംഗിച്ചവരെല്ലാം എന്നെക്കുറിച്ചു പറഞ്ഞു. സജിയേട്ടന്റെ അടുത്ത സിനിമയിൽ എനിക്കൊരു റോളു കൊടുക്കണമെന്നും പറഞ്ഞു. അങ്ങനെ എന്റെ നാട്ടുകാരുടെ കൂടി സമ്മർദഫലമായാണു സജിയേട്ടന്റെ കുഞ്ഞളിയൻ എന്ന സിനിമയിൽ അവസരം കിട്ടിയത്.

ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്തിരുന്നോ?

എപ്പോഴോ എന്നല്ല ജീവിതത്തിന്റെ നല്ലൊരു കാലം ജൂനിയർ ആർട്ടിസ്റ്റായിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും ജൂനിയർ ആർട്ടിസ്റ്റായിരുന്നു. കവലയാണു സീനിൽ എങ്കിൽ ചായക്കടയിൽ ഇരുന്ന് പത്രം വായിക്കുന്ന ആൾ.

കോടതിയാണെങ്കിൽ എന്തിനോ വേണ്ടി നടന്നു പോകുന്നൊരു വക്കീൽ. അങ്ങനെ ആരും അറിയാതെ സീനിന്റെ ചേരുവയായി, കുറേ വർഷങ്ങൾ.

ജ്വാലയായ് സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. രാവിലെ സെറ്റിൽ ചെന്നാൽ ചിലപ്പോൾ വൈകുന്നേരം ഒരു പാസിങ് സീൻ കിട്ടിയാലായി. ‘ഉദയനാണു താരത്തിൽ’ ശ്രീനിയേട്ടൻ പറയുന്നതുപോലെ ‘ജൂനിയർ ആർട്ടിസ്റ്റ് എന്നും ജൂനിയർ ആർട്ടിസ്റ്റായിരിക്കും’ എന്ന് ഒരു സെറ്റിൽ വച്ച് ഒരാൾ എന്നോടും പറഞ്ഞിട്ടുണ്ട്. അന്ന് അഭിഭാഷകന്റെ വേഷമായിരുന്നു. കോട്ട് ഊരിക്കൊടുത്തു പോന്നതാണ്. പിന്നീട് ആ ഭാഗത്തേക്കു പോയിട്ടില്ല.

പൃഥ്വിരാജിനെ എടുത്തുയർത്തിയാണു സിനിമയിൽ മുഖം കാണിച്ചത് എന്നു കേട്ടിട്ടുണ്ട്?

ഞാനും എന്റെ അമ്മാവന്റെ മകൻ മുസ്തഫയും കൂടി പൃഥ്വിരാജിനെ കാണാൻ പോയി. പൃഥ്വിരാജ് ഫാൻസ് അ സോസിയേഷൻ രൂപീകരിക്കുക എന്നതാണു ഞങ്ങളുെട ലക്ഷ്യം. മുസ്തഫ പ്രസിഡന്റും ഞാൻ സെക്രട്ടറിയും. പൃഥ്വിരാജ് അന്ന് തിരുവനന്തപുരത്തുണ്ട്. ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് ശ്രീകാര്യത്തു നടക്കുന്നു. ഞ ങ്ങൾ ചെല്ലുമ്പോൾ പൃഥ്വിരാജിനെ സുഹൃത്തുക്കൾ എടുത്തുയർത്തുന്ന സീനാണ്. ഷൂട്ടിങ് കാണാൻ ചെന്ന ഞാൻ അങ്ങനെ പൃഥ്വിരാജിനെ എടുത്തുയർത്തി ഞാൻ സിനിമയിൽ മുഖം കാണിച്ചു. പൃഥ്വിരാജ് ഫാൻസ് അസോസിയേഷന്റെ മൂന്നാമത്തെ അംഗമാണു ഞാൻ ഇന്നും.

മണിയൻ പിള്ള രാജു ചേട്ടനാണു സിനിമയിൽ ആദ്യമായി ഒരു അവസരം തരുന്നത്. അദ്ദേഹത്തിന്റെ ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിൽ. ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു അതിൽ.

‘ആക്‌ഷൻ ഹീറോ ബിജു’ വിലെ ചീട്ടുകളിക്കാരനല്ലേ ശ്രദ്ധിക്ക പ്പെട്ട ആദ്യകഥാപാത്രം?

യഥാർഥത്തിൽ അത് അജു വർഗീസിനുവേണ്ടിയുള്ള ക ഥാപാത്രമായിരുന്നു. ചീട്ടുകളിക്കാരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. എന്റെ ഭാഗ്യം കൊണ്ട് അജുവിനു വരാൻ കഴിഞ്ഞില്ല. അപ്പോഴും ഞങ്ങൾ നാലു ചീട്ടുകളിക്കാരിൽ ആർക്കാണു നിവിൻ പോളിയുമായുള്ള കോംബിേനഷൻ സീൻ ഉണ്ടാവുക എന്ന് അറിയില്ലായിരുന്നു. ചീട്ടുകളി സീൻ ക ണ്ടിട്ടാെണന്നു തോന്നുന്നു എബ്രിഡ് ൈഷൻ എന്നെ സെലക്റ്റ് ചെയ്തത്. ഒന്നോ രണ്ടോ ഡയലോഗേ ഉള്ളു എങ്കിലും അത് ക്ലിക്കായി. അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെയ്ത ഉപകാരത്തിന് അജു വർഗീസിനു നന്ദി.

മമ്മൂക്കയോടൊപ്പമുള്ള സിനിമകൾ?

മമ്മൂക്ക അഭിനയിച്ച പരോൾ എന്ന സിനിമയുെട അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന സമയം. എന്റെ സുഹൃത്ത് അജിത് പൂജപ്പുരയാണ് തിരക്കഥ. അതിൽ കൊട്ടാരം വാസു എന്നൊരു ചെറിയ കഥാപാത്രം എനിക്കുണ്ട്.

ചർച്ചയ്ക്കിടയിൽ മമ്മൂക്ക ചോദിച്ചു. ‘ഈ കൊട്ടാരം വാ സു എന്ന കഥാപാത്രത്തെ ആരാണു ചെയ്യുന്നത്?’ എന്താണ് ഉദ്ദേശിക്കുന്നതെന്നു പിടികിട്ടാഞ്ഞതു കൊണ്ട് ആരെ വേണമെന്നു തീരുമാനിച്ചില്ല എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ മമ്മൂക്ക പറഞ്ഞു. ‘അസീസ് നെടുമങ്ങാട് എന്നൊരു നടനുണ്ട്. ഒരു തല്ലുകൊള്ളിയാണ്. ഈ കഥാപാത്രം അവൻ ചെയ്യും. ഞാനന്ന് ഒരു സ്റ്റേജ് പരിപാടിക്ക് താമസിച്ചുപോയതിന്റെ പേരിൽ കമ്മിറ്റിക്കാരുടെ തല്ലു കൊണ്ടു നിൽക്കുന്ന സമയം. ആ വാർത്ത പത്രങ്ങളിലെല്ലാം വന്നിരുന്നു. അങ്ങനെ കൊട്ടാരം വാസുവിനെ കിട്ടി. പിന്നെ, മമ്മൂക്കയുടെ വൺ എന്ന സിനിമയിൽ ഒാട്ടോറിക്ഷക്കാരനായി. അതിനു ശേഷം കണ്ണൂർ സ്ക്വാഡ്.

azeez-2

ഏറെ അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു ജയ ജയ ജയ ജയഹേയിലെ അനി അണ്ണൻ. ആ സിനിമ വന്ന സമയത്തു മമ്മൂക്ക നേരിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. അ വാർഡ് പോലെയാണ് എനിക്ക് ആ വാക്കുകൾ.

തല്ലു കിട്ടിയ സംഭവം എന്തായിരുന്നു?

അതൊക്കെ പറഞ്ഞുതീർത്തതാണ്. തല്ലിയ ആ മനുഷ്യൻ മരിച്ചും പോയി. ഇനി അതൊന്നും പറയേണ്ട കാര്യമില്ല.

നടൻ അശോകനെ അനുകരിക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായല്ലോ?

അശോകൻ ചേട്ടനെ അനുകരിച്ച് ഒരുപാടു കാലം ജീവിച്ച ഒരാളാണ് ഞാൻ. ആ നന്ദി അദ്ദേഹത്തോട് ഉണ്ട്. ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് അറിഞ്ഞതുകൊണ്ടാണ് ഇനി അദ്ദേഹത്തെ അനുകരിക്കില്ല എന്നു തീരുമാനം എടുത്തത്. അതൊക്കെ പഴയ കഥകളല്ലേ? ആ ചോദ്യം വെട്ടിയേക്ക്...

ബാപ്പയുടെ പാചക നൈപുണ്യം കിട്ടിയിട്ടുണ്ടോ?

അതിനുള്ള അവസരം വീട്ടിൽ ഇല്ല. ഭാര്യ മുബീന ഒരു ചമ്മന്തി അരച്ചാൽ പോലും അതിനു പ്രത്യേക രുചിയാണ്. മക്കൾ ഏഴാം ക്ലാസുകാരി ആഷ്നയും മൂന്നാം ക്ലാസുകാരി ഫിദ നസ്റീനും എന്നെപ്പോലെ തന്നെ മൂബീനയുടെ കൈപ്പുണ്യത്തിന്റെ ഫാൻസ് ആണ്. പക്ഷേ, ഒരു കാര്യത്തിലെ ഇഷ്ടക്കേടുള്ളൂ. ഫോട്ടോ എടുക്കാൻ വിളിക്കരുത്. ഭർത്താവ് ആണെന്ന പരിഗണന പോലും തരാതെയാണ് എന്റെ സിനിമകളെ വിമർശിക്കുന്നത്. നല്ലതാണെങ്കിൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഒന്നു ചിരിക്കും. അത്രേയുള്ളൂ അഭിനന്ദനം.

മലയാള സിനിമയിൽ സ്വഭാവനടന്മാരുടെ പല കസേരകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. അതിലൊന്നിലാണ് ഇനി അസീസ് നെടുമങ്ങാടിന്റെ സ്ഥാനം; അതുകൊണ്ട് മുബീനയുടെ ചിരി ഇനി എന്നും നിറയട്ടെ.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ