ഉത്രാടരാത്രിയ്ക്ക് നാൽപത്തഞ്ചു വയസ്സ്. മാറുന്ന സിനിമയെക്കുറിച്ച് ബാലചന്ദ്രമേനോൻ
ഏപ്രിൽ 18 ലെ കഥാപാത്രങ്ങളെ ശരിക്കുമുള്ള ജീവിതത്തിൽ കണ്ടിട്ടുണ്ടോ?
ഗീതു സനീഷ്, അധ്യാപിക, കോട്ടയം.
ഉണ്ടോന്നോ? കൊള്ളാം, നല്ല ചോദ്യം! ഒരു വരിയിൽ പറഞ്ഞു തീർക്കാം – ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഏപ്രില്‍ 18 എന്നൊരു സിനിമ ഈ ജന്മം ഉണ്ടാകില്ലായിരുന്നു. എന്താ പോരേ?
എന്താണ് മലയാളസിനിമയ്ക്ക് സംഭവിച്ചത്? തിയറ്ററുകളിൽ ആളില്ലാത്തത് ഒ.ടി.ടി വന്നതു കൊണ്ടാണോ?
ജോസഫ് സ്കറിയ, ജിദ്ദ,സൗദി അറേബ്യ
സിനിമ ആദ്യമായി കണ്ടുപിടിച്ച മഹാനുപോലും ഒറ്റയിരുപ്പിൽ ഇതിനു മറുപടി തരാനാവില്ല – എന്നാലും എന്തിനും ഒരു പരിഹാരം വേണമല്ലോ – ആ നിലയ്ക്ക് കുറച്ചു പഴഞ്ചൊല്ലുകൾ ശ്രദ്ധയിൽ പെടുത്താം:
∙എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല...
∙ദീപ്തസ്തംഭം മഹാശ്ചര്യം നമുക്കും (എനിക്കും) കിട്ടണം പണം...
∙മുൻപേ ഗമിക്കും ഗോക്കൾ തൻ പിൻപേ...
∙ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...
∙അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും...
∙പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ...
ഒന്നു മുങ്ങാം കുഴിയിട്ടു നോക്കിയാൽ ചില ഉത്തരങ്ങൾ കിട്ടാതിരിക്കില്ല. ‘ഇത് എന്നെ ഉദ്ദേശിച്ചാണോ’ എന്നു മാത്രം സ്വയം തോന്നരുത്.
ഉത്രാടരാത്രി ഇറങ്ങിയിട്ട് 45 വർഷം. മലയാള സിനിമയ്ക്കും നായികാ നായകന്മാർക്കും വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? അതെങ്ങനെ ഉൾക്കൊള്ളുന്നു?
ദീപ എസ്. അസോഷ്യേറ്റ് പ്രഫസർ, കോളജ് ഒഫ് ആർക്കിടെക്ചർ, തിരുവനന്തപുരം
മാറ്റങ്ങൾ പലതുണ്ടെങ്കിലും ചില കാര്യങ്ങൾ സ്ഥായിയായി തുടരുന്നു. കാശിനോടുള്ള ആർത്തി കൂടുന്നു – അസൂയയും അഹങ്കാരവും പരദൂഷണവും തുടരുന്നു. ക്യാമറയ്ക്കു മുന്നിൽ ഇതൊക്കെ വിനയമായി മാറുന്നു. കടന്നു വന്ന വഴികൾ പാടേ മറക്കുന്നു – വെറും മറവി രോഗം മാത്രം!
സിനിമയോടുള്ള എന്റെ സമീപനത്തിൽ നിലവിലുള്ള നയം തന്നെ തുടരും. പ്രലോഭനങ്ങൾ ഉണ്ടായിട്ടും എത്രയോ ചിത്രങ്ങൾ ഞാൻ ഒഴിവാക്കിയതും ഒഴിവാക്കുന്നതും അതുകൊണ്ടു തന്നെയാണ്. ജനഹൃദയങ്ങളിൽ സ്വീകാര്യത കൂടിയും കുറഞ്ഞുമിരിക്കാം; എന്നാൽ ഒരു കാരണവശാലും ‘വെറുക്കപ്പെട്ടവൻ’ എന്ന് ഒരു നിമിഷം പോലും പ്രേക്ഷകർക്ക് തോന്നാൻ ഒരവസരം ഞാനുണ്ടാക്കില്ല.
ഏപ്രിൽ 18 ഉം ആരാന്റെ മുല്ല കൊച്ചുമുല്ലയും പോലുള്ള സിനിമകൾ എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ല?
റോഷ്നി സുരേഷ്,മേരിക്കുന്ന്, കോഴിക്കോട്
നല്ല ചോദ്യം – ആവശ്യക്കാരുണ്ടെങ്കിലല്ലേ ദോശ പരത്താനുള്ള മാവ് അന്വേഷിക്കേണ്ടതുള്ളൂ. ഈ ചോദ്യത്തിന്റെ പിന്നിലുള്ള വികാരം നല്ല അർഥത്തിൽ എടുത്തുകൊണ്ട് അതിനുള്ള ഉദ്യമം ഉത്സാഹപ്പെടുത്താം...പോരേ?
അങ്ങയുടെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളിലെയും അവിഭാജ്യ ഘടകമായിരുന്നല്ലോ വേണു നാഗവള്ളിയും മണിയൻപിള്ള രാജുവും. വേണുനാഗവള്ളി സംവിധാനം ചെയ്തപ്പോഴും മണിയൻപിള്ള രാജു നിർമാതാവായപ്പോഴും അതിലൊന്നും താങ്കളുടെ സാന്നിധ്യം ഉണ്ടായതേയില്ല. എന്താവാം കാരണം ?
അപർണ മുരളീധരൻ, തലശ്ശേരി, കണ്ണൂർ
ചില ചോദ്യങ്ങൾക്ക് കാരണം അന്വേഷിക്കാത്തതാണ് ഉ ത്തമം എന്നു ഞാൻ കരുതുന്നു. എന്നാൽ കാരണമില്ലാതെ ഒന്നും സംഭവിക്കില്ല എന്നത് സത്യവും. ഈ സംശയം ഞങ്ങളുടെ പൊതു സുഹൃത്തായ കോന്നിയൂർ ദാസ് ഒരിക്കൽ വേണുവിനോടു ചോദിച്ചപ്പോൾ ‘ബാലചന്ദ്രന് പറ്റിയ റോളല്ല’ എന്നാണ് വേണു പറഞ്ഞതത്രേ!
എന്റെ ചിത്രത്തിൽ വേണുനാഗവള്ളിയും രാജുവും അ ഭിനയിച്ചപ്പോൾ, അവരുടെ സാന്നിധ്യം കൊണ്ട് ചിത്രത്തിന്റെ കച്ചവട സാധ്യത വർധിക്കുമെന്നുള്ള കണക്കുകൂട്ടലുകൾ എനിക്കില്ല. അവരല്ലാതെ മറ്റാരു ചെയ്താലും അതു ശരിയാവില്ല എന്ന അബദ്ധ ധാരണയുമില്ല. അവർ അധികം ചിത്രങ്ങൾ ഇല്ലാതെ അവസരങ്ങൾ തേടിയിരുന്നപ്പോൾ നിർമാതാക്കളോടു സ്നേഹപൂർവം നിർബന്ധിച്ചു പ്രേരിപ്പിച്ചതു കൊണ്ടാണ് അവർ ആ സിനിമകളിലെത്തിയത്.അ തുകൊണ്ടു വേണു സംവിധായകനായതിലും മണിയൻപിള്ള നിർമാതാവായതിലും ഞാൻ സന്തോഷിക്കുന്നു; അ ഭിമാനിക്കുന്നു.
പിന്നെ, എന്തുകൊണ്ട് അവരുടെ ചിത്രങ്ങളിൽ ഞാൻ ഉണ്ടായില്ല എന്നതിനു മതിയായ കാരണം നൽകേണ്ടത് അവരാണ്. വേണു ദൗർഭാഗ്യവശാൽ മരിച്ചുപോയി. ഒരുപക്ഷേ, രാജുവിന് ഉത്തരം പറയാനായി ഞാൻ ഈ ചോദ്യം മാറ്റി വയ്ക്കുന്നു. ഇനി എന്റെ പേരിനു നീളം കൂടിപ്പോയതുകൊണ്ടാണോ എന്ന് ഇടയ്ക്ക് എനിക്കൊരു സംശയം തോന്നാതില്ല.(പശ്ചാത്തലത്തിൽ പൊട്ടിച്ചിരി).
വിജീഷ് ഗോപിനാഥ്