Friday 28 August 2020 11:29 AM IST

‘മകളെ ആ അവസ്ഥയിൽ വീട്ടിലാക്കി ബിഗ് ബോസില്‍ പങ്കെടുക്കാൻ പോകാൻ വലിയ വിഷമമായിരുന്നു’; ഇത് വീട്ടിലെ സാബു ആർമി

Vijeesh Gopinath

Senior Sub Editor

sabu-cover

ഇത് സാബു ആർമി. സാബു ചേട്ടന്റെ സ്വന്തം പടയാളികൾ വാഴുന്ന ഇടം’– ഫെയ്സ് ബുക്കിൽ സാബുവിന്റെ ചങ്കുകൾ ഉണ്ടാക്കിയ പബ്ലിക് ഗ്രൂപ്പിന്റെ ചുമരിൽ ഇങ്ങനെയാണ് എഴുതിയിട്ടിരിക്കുന്നത്. സാബുവിനു വേണ്ടി സോഷ്യൽമീഡിയയിൽ വെട്ടാനും ‘വെട്ട’മാകാനും തയാറായ ആയിരക്കണക്കിനു പേർ.

എന്നാൽ വീട്ടിലോ? ഇവിടെ ഞങ്ങളാണ് സാബുവിന്റെ ആർമിയെന്ന് ഭാര്യ സ്നേഹ ഭാസ്കരന്‍. അച്ഛനെക്കുറിച്ചു തരികിട ചോദ്യങ്ങൾ ആയാൽ കുത്തി മലർത്തിക്കളയും എന്നമട്ടിൽ രണ്ടു ഝാൻസി റാണിമാർ– െഎറയും ഷിഫാലിയും.

‘‘കുടുംബത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിട്ടില്ല. തരികിട സാബു എന്ന പേ രു കാണുമ്പോഴേ കുടുംബത്തിൽ കയറ്റാന്‍ കൊള്ളാവുന്നവനാണോ എന്നു സംശയിക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് സ്നേഹയും മക്കളും സംസാരിക്കട്ടെ...’’

പേരിൽ ‘തരികിട’യുള്ളയാളെ കല്യാണം കഴിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി?

സ്നേഹ: ‘‘അതു കൊള്ളാം. പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പ ലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഒാടി വന്ന് കൈപിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു, ‘‘ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാൾ തരികിടയാണ്. സൂക്ഷിക്കണം’’ എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ അമ്മച്ചിയുടെ പൊടിപോലും കാണാനില്ല. പലർക്കും സാബു വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അറിയില്ല.

ലോ അക്കാദമിയിൽ നിന്നാണോ പ്രണ യം തുടങ്ങുന്നത്?

സ്നേഹ: എന്റെ സീനിയർ ആയിരുന്നു സാ ബു. ആ കാലത്ത് അത്ര പരിചയമില്ല. ക്യാംപസിൽ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഒാർമ. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ചാനലിൽ പരിപാടി അവതരിപ്പിക്കു ന്ന പയ്യനാണെന്ന് കേട്ടിട്ടുണ്ട്.

ഞാൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെ ദൂരദർശൻ മാത്രമേയുള്ളൂ. ചാനലിലെ ‘തരികിട’ കാണാനുള്ള സാഹചര്യം ഇല്ല. ക്യാംപസിലൂടെ യമഹ ബൈക്കും ഓടിച്ചു നടക്കുന്നതാണ് സാബുവിനെ കുറിച്ചുള്ള അന്നത്തെ ഒാർമ. അവസാന വർഷത്തെ ‘കോർട്ട് വർക്ക് ’ ഞങ്ങൾ ഒരുബാച്ച് ആയിരുന്നു. അപ്പോൾ ‘ജസ്റ്റ് ഹായ് ബൈ’ പരിചയം. അതിനപ്പുറം മിണ്ടിയിട്ടില്ല. പഠന ശേഷം രണ്ടു വഴിക്ക്.

എന്റെ അച്ഛൻ റെയിൽവേയിൽ ആയിരുന്നു, ഡൽഹിയിൽ. പഠനശേഷം ഞാൻ അങ്ങോട്ടു പോയി. സുപ്രിംകോടതിയിലെ സീനിയർ അഡ്വക്കറ്റിനൊപ്പം പ്രാക്ടീസ് തുടങ്ങി. പിന്നെ, കുറേക്കാലം സാബുവിനെക്കുറിച്ച് കേട്ടിട്ടേയില്ല’’

ബാക്കി ഞാൻ പറയാമെന്ന് സാബു...

സാബു: നാട്ടിൽ പ്രാക്ടീസ് തുടങ്ങി. ആയിടയ്ക്കാണ് സൗദിയിൽ എയർലൈൻസ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി കിട്ടുന്നത്. നല്ല കച്ചവടക്കാരനായതു കൊണ്ട് പിടിച്ചു കയറി. അന്ന് വാട്സ്ആപ് ഒന്നും ഇല്ലല്ലോ. ആകെയുള്ളത് ഒാർക്കൂട്ട്. ഇഷ്ടം പോലെ സമയവും ഫ്രീ ഇന്റർനെറ്റും ഉണ്ട്. പഴയ പലരെയും ഒാര്‍ക്കുട്ടിൽ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്നേഹയെ ഒാർക്കൂട്ടിൽ കാണുന്നത്. പണ്ട് ക്യാംപസിൽ വച്ച് കണ്ട കുട്ടിയല്ലേ എന്നോർത്ത് ഹായ് പറഞ്ഞു, അതാണ് ദാ ഇങ്ങനെയായത്.’’സാബുച്ചിരി മുഴങ്ങി.

sabu-co ഫോട്ടോ: ബേസിൽ പൗലോ

സംഭവബഹുലമായ ദിവസങ്ങളുടെ തുടക്കം അല്ലേ?

സ്നേഹ: അത്രയ്ക്ക് സംഭവബഹുലം ഒന്നും അല്ല. പ്രണയത്തിൽ സിനിമാറ്റിക് സംഭവങ്ങളും ഇല്ല. ഞങ്ങൾ രണ്ടും രണ്ട് അറ്റത്തായിരുന്നു. സാബു സൗദിയിൽ. ഞാന്‍ ഡൽഹിയിൽ. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും സ്വഭാവം ചേർന്നു പോകുന്ന ഒന്നാണെന്ന് മനസ്സിലായി.

അങ്ങനെ 2008ൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു. നേരിട്ട് കണ്ട് സംസാരിച്ചതു പോലും ചുരുക്കം അവസരത്തിൽ‌. ഒരു ദിവസം സാബു പറഞ്ഞു ‘ഞാൻ നാട്ടിലേക്കു വരുന്നുണ്ട്,നമുക്ക് വിവാഹം കഴിക്കാം.’ ഞാൻ ഒാകെ പറഞ്ഞു, അങ്ങനെ കല്യാണവും കഴിഞ്ഞു.

മൂന്നു ദിവസം കഴിഞ്ഞപ്പോൾ സാബു പറഞ്ഞു, ‘എനിക്ക് ഇന്ന് തിരിച്ചു പോണം. പുതിയൊരു ജോലി ശരിയായിട്ടുണ്ട്.’ സാധാരണക്കാരൊക്കെ ഹണിമൂണിനു പോകാം എന്നു പറഞ്ഞിരിക്കുന്ന സമയത്ത് ഇവിടെയൊരാൾ വിദേശത്തേക്ക് തിരിച്ചു പോകുന്നു. ഞാൻ പക്ഷേ, ഫുൾ സപ്പോർട് ചെയ്തു. ജോലിയാണ് വലുതെന്നു പറഞ്ഞു റ്റാ റ്റാ കൊടുത്തു. ഇപ്പോൾ മ നസ്സിലായില്ലേ ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി.

ബിഗ് ബോസ് സാബുവിന്റെ തലവര മാറ്റിക്കളഞ്ഞില്ലേ?

സ്നേഹ: ബിഗ് ബോസിൽ പങ്കെടുക്കാനായി സാബു പോയ ദിവസം ഇന്നും ഒാർമയുണ്ട്. മൂത്തമകൾ ജനിച്ചു കഴിഞ്ഞ് സാബു നാട്ടിലേക്ക് തിരിച്ചു പോന്നു. ഉത്തരവാദിത്തം കൂടുമ്പോഴാണോ ജോലി ഉപേക്ഷിക്കുന്നതെന്ന് ഞാൻ കളിയാക്കി, അതൊക്കെ ശരിയാക്കാം എന്നായിരുന്നു ഉത്തരം.

പിന്നെ, പല ബിസിനസുമായി നാട്ടിൽ തന്നെ. രണ്ടാമത്തെ മോളും ജനിച്ചു. ഞാൻ ജോലിയുടെ തിരക്കും യാത്രകളുമായി ഒാടുന്നു. ആ സമയത്ത് മോൾക്ക് ഒരു വയറുവേദന വന്നു. അപ്പൻഡിസൈറ്റിസ് സർജറി വേണ്ടി വന്നു. ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനായി ഞാൻ വിദേശത്ത് ആയിരുന്നു അപ്പോൾ. വിവരം അറിഞ്ഞ് ഒാടിപ്പിടഞ്ഞെത്തിയപ്പോഴേക്കും സർജറി കഴിഞ്ഞു. സാബു മുഴുവൻ സമയവും മകളുടെ കൂടെ. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ അന്നു വൈകുന്നേരം ബിഗ്ബോസിൽ പങ്കെടുക്കാനായി സാബു മുംബൈയ്ക്ക് പോയി. മകളെ ഈ അവസ്ഥയിൽ വീട്ടിലാക്കി പോകാൻ വലിയ വിഷമമായിരുന്നു.

ബിഗ്ബോസിൽ വിജയിച്ച് ഫ്ലാറ്റ് ലഭിച്ചതോടെ കൊച്ചിയിൽ താമസമാക്കി. ഇപ്പോൾ ഞാൻ മൾട്ടി നാഷനൽ കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി ചെയ്യുന്നു. മക്കൾ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമായി പഠിക്കുന്നു.

വിശദമായ വായന വനിത ഓഗസ്റ്റ് ആദ്യ ലക്കത്തിൽ