ഒറ്റ മിന്നൽച്ചിരിയിൽ ബിജുമേനോന്റെ വീട്ടുമുറ്റത്ത് ഒാർമകളുടെ മന്ദാരം പൂത്തുലഞ്ഞു. ചില കൂട്ടുകൾ ഇങ്ങനെയാണ്. എന്നും വിളിക്കാറില്ല, കാണാറില്ല, ചിലപ്പോൾ മാസങ്ങൾ മൗനത്തിന്റെ മ്യൂട്ട് മോഡിൽ കിടക്കും. അടിയുടെ അമിട്ട് ഇപ്പോൾ പൊട്ടും എന്ന മട്ടിൽ വഴക്കിടും. പക്ഷേ, പോയ കാലത്തിന്റെ ഒരൊറ്റ റീൽ മനസ്സിൽ ഒാടിയാൽ മതി. ഒാർമകളിങ്ങനെ കസേരയിലിരുന്ന് കയ്യടി തുടങ്ങും. ബിജുമേനോന‍്‍ പറഞ്ഞു,
‘‘പണ്ട് ലാലുവിന് തൃശ്ശൂരിൽ ചില ഉദ്ഘാടനങ്ങള്‍ കിട്ടും. മിക്കപ്പോഴും കോളജ് ആർട് ഡേ അല്ലെങ്കിൽ സ്റ്റുഡിയോ ഉദ്ഘാടനം. പൈസയൊന്നും കിട്ടില്ല. നെൽപറ, മരം കൊണ്ടുള്ള മെമന്റോകൾ. ഒരിടയ്ക്ക് െട്രൻഡ് മാറി. കുന്തം പിടിച്ചു നിൽക്കുന്ന ഭടന്റെ പ്രതിമ. എവിടെ നാട മുറിച്ചാലും നിലവിളക്കു കൊളുത്തിയാലും അപ്പോൾ കയ്യിലേക്കു വരും, കുന്തവുമായി ഭടന‍്‍.
ഒരു ദിവസം ഉദ്ഘാടനവും കഴിഞ്ഞ് ഇവൻ എന്റെ വീട്ടിലേക്കെത്തി. ഊണൊക്കെ കഴിച്ച് കത്തി വച്ചിരുന്നു. വൈകിട്ട് തിരിച്ചു പോകാന്‍ കാറിൽ കയറി....’’
‘ബാക്കി ഞാൻ പറയാം’ ലാൽ ജോസ് ‘കട്ട്’ പറഞ്ഞ് ഇടയിൽ കയറി ...
‘‘അന്നും കിട്ടിയത് കുന്തം പിടിച്ച ഭടനെ ആയിരുന്നു. അതും കൊണ്ട് വീട്ടിലേക്കു ചെന്നാൽ അപ്പച്ചൻ എന്നെ ചീത്ത വിളിക്കും. നിരന്നിരിക്കുന്ന ഒരുപാട് ഭടൻമാരുണ്ട് വീട്ടിൽ. അതിന്റെ മുകളിലേക്ക് ആരെങ്കിലും വീണാൽ ‘കുന്തത്തിന്റെ കുത്തേറ്റ് ആൾ തട്ടിപ്പോയി’ എന്ന വാർത്ത പത്രത്തിൽ വരുമെന്നാണ് അപ്പച്ചൻ പേടിച്ചിരുന്നത്
അതുകൊണ്ട് അന്നു കിട്ടിയ ‘ഭടനെ’ ഞാൻ പതുക്കെ ബിജുവിന്റെ വീട്ടിലെ കോണിച്ചുവട്ടിലേക്ക് നീക്കി വച്ചു. ഒാടി വണ്ടിയിൽ കയറി രക്ഷപ്പെട്ടു. ഭടന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോൾ ഒരു കാർ ലൈറ്റിട്ട് പാഞ്ഞു വന്ന് ഒാവർടേക്ക് ചെയ്ത് കുറുകെ നിർത്തി. അതിൽ നിന്ന് ബിജു ചാടി ഇറങ്ങി.
‘‘ഡാ തെണ്ടീ... എന്റെ വീട്ടിൽ പത്തു പതിനാറ് ഭടന്മാർ നിരന്നു നിൽക്കുന്നുണ്ട് . നീ ഇത് എനിക്കിട്ട് പണിയാനായി അവിടെ വച്ചിട്ടു പോയതല്ലേ. നീ തന്നെ കൊണ്ടു പൊയ്ക്കോ....’’
പൊട്ടിച്ചിരികേട്ട് സംയുക്ത പുറത്തേക്ക് ഇറങ്ങി വന്നു....
‘‘ഈ കഥകൾക്കിടയിലേക്ക് ഞാനില്ല. പറഞ്ഞു തീരാൻ ദിവസങ്ങളെടുക്കും. മോന്റെ സ്കൂളിലൊരു മീറ്റിങ് ഉണ്ട്. ’’
ദക്ഷ് എട്ടാം ക്ലാസിലായെന്നു പറഞ്ഞപ്പോൾ ചേർത്തു പിടിച്ച് ലാൽജോസ് പറഞ്ഞു, ‘‘ഇവൻ സംയുക്ത കുഞ്ഞാണ്. അതേ ഛായ. ഇരുന്നെണീക്കും പോലെയാണ് കുട്ടികൾ വളരുന്നത്. കണ്ടിട്ട് മൂന്നു വർഷമായി. പെട്ടെന്നാണ് മാറ്റം....’’
വിഡിയോ ഗെയിം മോഹവുമായി ദക്ഷ് അകത്തേക്കു പോയി. ചാരുപടിയിൽ പഴയ ചങ്ങാതിമാർ ചേർന്നിരുന്നു, കയ്യിൽ, കടുപ്പം കൂട്ടിയ ഒാർമച്ചായ ഊതിക്കുടിച്ചു.
നാൽപത്തിയൊന്ന്, ഇരുപത്തിയഞ്ചാം സിനിമ
‘നാൽപത്തൊന്ന് ’, ലാൽജോസിന്റെ ഇരുപത്തി അഞ്ചാം സിനിമ. അതിൽ ബിജു മേനോൻ ആദ്യമായി ലാൽ ജോസിന്റെ നായകനാകുന്നു. നല്ല കൂട്ടുകാരനായിട്ടും നായകനാകുന്നത് ഇപ്പോഴാണ്. ഇതെന്തൊരു ചങ്ങാതിയാണ്? കൂട്ടുകാരനെ നായകനാക്കാൻ ഇത്രയും കാത്തിരിക്കണോ?
ലാൽ ജോസ്:‘‘ സിനിമയും സൗഹൃദവും വേറെ അല്ലേ? അടുത്ത സുഹൃത്തുക്കളുടെ പേര് ആലോചിച്ചാൽ ഒരു കൈ വിരലിൽ എണ്ണി തീർക്കാവുന്ന അത്രയേയുള്ളൂ. അതിൽ ബിജുമേനോനുണ്ടാകും, ദിലീപുണ്ടാകും. എന്റെ ആദ്യ സിനിമ ‘ഒരു മറവത്തൂർക്കനവ്’ മുതൽ ബിജു ഉണ്ട്. അങ്ങനെ എട്ടു സിനിമകൾ. ഉയർച്ച താഴ്ചകളിലെല്ലാം ബിജു ഒപ്പം നിന്നു.
എല്ലാക്കാലത്തും നായകന്മാർക്ക് അതാത് സമയത്ത് അവർ വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ട്. ബിജുവിനും അതുണ്ട്. അതിനെ ബ്രേക്ക് ചെയ്താലേ പുതിയതായ എന്തും കിട്ടൂ. അതൊരു കാത്തിരിപ്പാണ്.
നവാഗതനായ പി. ജി. പ്രഗീഷിന്റെ തിരക്കഥവായിച്ചു കഴിഞ്ഞ് ബിജു എന്നോടു ചോദിച്ചു, ‘‘ഇത് നല്ല സിനിമയാകും എന്നു നിനക്ക് ഉറപ്പുണ്ടോ? ഉണ്ടെങ്കിൽ വേറൊന്നും ആലോചിക്കണ്ട.’’ അതൊരു വിശ്വാസമാണ്. തിരക്കഥ എന്നെയും ബിജുവിനെയും അത്ര അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ബിജു മേനോൻ: രണ്ടു കമ്യൂണിസ്റ്റുകാരുടെ ശബരിമല യാത്രയാണ് ‘നാൽപ്പത്തിയൊന്ന്’. പലതരം ബന്ധങ്ങളുടെ കഥ. പ്രണയവും യാത്രയും രാഷ്ട്രീയവും എല്ലാം ഉണ്ടതിൽ. ഇവനിപ്പോൾ ചിരിച്ചിരിക്കുന്നതു നോക്കണ്ട. സെറ്റിലൊക്കെ നല്ല ചീത്തയാണ്. എന്തിനാണീ വഴക്കു പറയുന്നതെന്ന് ചിലപ്പോൾ മനസ്സിലാകില്ല. കുറച്ചു കഴിയുമ്പോൾ തിരിച്ചറിയാൻ പറ്റും, അത് മറ്റാരെയോ ഉദ്ദേശിച്ചു വിളിച്ചതാണ്. അറിയുന്നവരെയല്ലേ രണ്ടിടി കൂടുതൽ ഇടിക്കാനായി പറ്റൂ.
ടീ ഗാർഡൻ എക്സ്പ്രസിലെ രണ്ടു യാത്രക്കാർ
കൗമാരത്തിൽ ലാൽജോസിന് ‘രണ്ടാംഭാവ’മുണ്ടായിരുന്നു. ഒറ്റപ്പാലത്ത് ‘മാഷിന്റെയും ടീച്ചറിന്റെയും’ മോൻ. അച്ചടക്കമുള്ള സൽസ്വഭാവി. തൃശൂരിലെത്തിയാൽ പിന്നെ മുഖം മൂടി മാറ്റി വയ്ക്കും, രണ്ടാം ഭാവം!
രാവിലെ ആറു മുപ്പതിനുള്ള കെഎസ് ആർടി സി ബസിൽ ഒറ്റപ്പാലത്തു നിന്നു കയറും. തൃശൂരെത്തിക്കഴിഞ്ഞാൽ വർഗീസ് മേച്ചേരിയുടെ പ്രോഗ്രസ് പത്രത്തിലെ റിപ്പോർട്ടർ ജോലി. വൈകിട്ട് തൃശൂർ ഈവനിങ് കോളജിൽ ഡിഗ്രി പഠനം.
തേക്കിന്‍കാടു മൈതാനത്ത് അലഞ്ഞു നടന്നും ലൈബ്രറിയിലെ പത്രങ്ങൾ വായിച്ചും സെന്റ്മേരീസ് വിമൻസ് കോളജിൽ നിന്നു വരുന്ന സുന്ദരിമാരുടെ കടക്കണ്ണേറുകൾക്കൊപ്പം നടന്നും ക്ലാസിലെത്തും. തിരിച്ച് ടീ ഗാർഡന്‍ എക്സ്പ്രസിൽ ഒറ്റപ്പാലത്തേക്കു കയറും. അതിനിടയില്‍ കൂട്ടിന്റെ കുഞ്ഞു ലഹരികൾ.
സ്കൂളിൽ നിന്ന് കോളജിലെത്തിയപ്പോൾ ‘ആണായതിന്റെ’ ആഘോഷങ്ങളുമായി അതേ നഗരത്തിൽ ബിജുമേനോനും ഉണ്ടായിരുന്നു, അതേ കെഎസ്ആർടിസി സ്റ്റാൻഡിൽ, റൗണ്ടിൽ, സെന്റ്മേരീസ് കോളജു വഴികളിൽ... പല ദിവസവും എറണാകുളത്തു നിന്ന് ടി ഗാർഡൻ എക്സ്പ്രസിൽ ബിജു തൃശൂരിലിറങ്ങുമ്പോള്‍ അതേ ട്രെയിനിൽ ലാൽ ജോസ് ഒറ്റപ്പാലത്തേക്കു കയറി. ഒരേ ദിശയിലേക്ക് യാത്ര ചെയ്തവർ സിനിമയുടെ ആകാശച്ചുവട്ടിൽ വച്ച് കണ്ടു മുട്ടി.
ലാൽജോസ്: ഞാനും ദിലീപും അക്കുവും കമൽസാറിന്റെ അസിസ്റ്റന്റ്മാരായ കാലം. ഏഴു സിനിമയിൽ സംവിധാന സഹായിയായ എന്നെ ഞെട്ടിച്ചു കൊണ്ട് വെറും രണ്ടു ചിത്രത്തിൽ അസിസ്റ്റന്റായ അക്കു ഷോർട്ട് ഫിലിം ചെയ്യാനൊരുങ്ങി.
‘ഉള്ളടക്കം’ എന്ന സിനിമയുടെ ആദ്യ പേരായ പെയ്തൊഴിയാതെ കമൽ സാറിന്റെ അനുവാദത്തോടെ അവൻ ഷോർട് ഫിലിമിനിട്ടു. ആകെ രണ്ടു ദിവസത്തെ ഷൂട്ട്. ദിലീപും ഞാനും എല്ലാം ലൊക്കേഷനിലുണ്ട്. ആദ്യ ദിവസം രാത്രി ബിജു പ്രത്യക്ഷപ്പെട്ടു. അന്നാണ് ഞങ്ങളാദ്യമായി കാണുന്നത്.
‘മിഖായേലിന്റെ സന്തതികൾ’ കഴിഞ്ഞ് ബിജു താരമായി വളരുന്ന സമയമാണ്. ‘വളർന്നു വരുന്ന നായകൻ’ െസറ്റിൽ വന്നത് ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി. അന്നു രാത്രി വെളുത്തതോടെ സൗഹൃദത്തിന്റെ വെളിച്ചം വീണു. അതു പിന്നെ ഒരുപാടു രാത്രികൾക്ക് കൂട്ടിന്റെ ലഹരിയായി. പിന്നീട് ഒരുപാടു സ്ഥലത്തു വച്ച് ബിജുവിനെ കണ്ടു. നടനായല്ല ആഘോഷക്കമ്മിറ്റി പ്രസിഡന്റായാണ് ബിജു എത്താറുള്ളത്.
ബിജു മേനോൻ: നാദിർഷ വിളിച്ചിട്ടായിരുന്നെന്നു തോന്നുന്നു, ആ ലൊക്കേഷൻ വഴി പോയത്. ലാലും ഞാനും ദിലീപുമെല്ലാം സിനിമയുടെ ഭാഗമായി പിന്നീട് പല സ്ഥലങ്ങളിൽ വച്ചു കണ്ടുമുട്ടി. ‘പുത്രനെ’ന്ന സിനിമ റിലീസായി. ‘മാന്നാർ മത്തായി’ വന്നു... അപ്പുറത്ത് ലാലുവും ദിലീപും മണിയുമെല്ലാം മറ്റു സിനിമകളിൽ തിരക്കിലായി. ഒരേ സിനിമകളിൽ കണ്ടു മുട്ടിയില്ലെങ്കിലും പല സിനിമകളുടെ ഭാഗമായി മദ്രാസിലെ ഉമാ ലോഡ്ജിൽ ഞങ്ങൾ ഒരുമിച്ചു.
പാട്ടും ബഹളവുമായി കഴിഞ്ഞ എത്രയോ മദ്രാസ് പാതിരകള്‍. തട്ടുകടയിലെ ഭക്ഷണം.രാത്രി നടത്തങ്ങൾ. ഞാൻ വേറെ ഏതെങ്കിലും ഹോട്ടലില്‍ ആയിരിക്കും എന്നാലും വൈകുന്നേരമാകുമ്പോഴേക്കും ഇവരുടെ അടുത്ത് എത്തും. എല്ലാവർക്കും മുറിയുണ്ടെങ്കിലും ഒറ്റമുറിയിൽ ‘മത്തിയടുക്കിയ പോലെ’ കിടന്ന് ഉറക്കം...രാവിലെ ലൊക്കേഷനിലേക്ക്.
ലാൽജോസ്: അന്ന് ഞങ്ങളെല്ലാവരും പ്രതിസന്ധിയിലാണ്. സിനിമയിൽ നിൽക്കാനും വളരാനുമുള്ള ശ്രമങ്ങൾ ജീവൻമരണ പോരാട്ട കാലം. കയ്യിൽ പണം കുറവ്. കേൾക്കേണ്ടി വരുന്ന പരിഹാസത്തിന്റെയും കുത്തുവാക്കിന്റെയും നീറ്റലുകൾ. ഞാനതെല്ലാം കാര്യമായിട്ടെടുക്കും. ആ വേദനയ്ക്കുള്ള മരുന്നായിരുന്നു, എന്നും ബിജുവും ദിലീപും.
അരിപെറുക്കിയ സിനിമയും മറവത്തൂർ കനവും
‘ഒരു മറവത്തൂർ കനവ്’ലൂടെ സംവിധാനം– ലാൽജോസ് എന്ന് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞു. എന്നാൽ ആ മുഖം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്നത് അതിനും മുൻപേ ഇറങ്ങിയ ഒരു സിനിമയിലൂടെയാണ്– ‘അഴകിയ രാവണൻ’.
ലാൽജോസ്: കമൽ സാറിന്റെ സിനിമ. അതിൽ ഞങ്ങൾക്ക് ബിജുമേനോനെ കിട്ടുകയാണ്. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. അന്ന് മമ്മൂക്കയുടെ പിൻഗാമിയായിട്ടാണ് ഞങ്ങൾ ബിജുവിനെ കണ്ടത്. ഞാനന്ന് തമാശയായി പറയും, ബിജുവും ദിലീപും സൂപ്പർസ്റ്റാറുകളാകും. അങ്ങനായാൽ എനിക്കു പേടിക്കണ്ട. സ്ക്രിപ്റ്റ് റെഡിയായാൽ വന്ന് അഭിനയിക്കെടാ എന്നു പറഞ്ഞാൽ മതിയല്ലോ...
‘അഴകിയ രാവണനിൽ’ ബിജുവിന്റെ അസോസിയേറ്റിന്റെ വേഷം ഞാൻ അഭിനയിച്ചു. അതിൽ ഇന്നസെന്റ് ചേട്ടന് ഡയലോഗ് പറഞ്ഞു കൊടുക്കുന്നതു ഞാനാണ്. ‘‘തോന്നയ്ക്കൽ പഞ്ചായത്തിലെ ഒാരോ വീടും ഞാൻ അരിച്ചു പെറുക്കി. ഇനി രാമൻ നായരുടെ വീടു മാത്രമേ ബാക്കിയുള്ളൂ. ’’ ചാനലുകളിൽ ഈ കോമഡി സീനുകൾ ആവർത്തിച്ചു വന്നതോടെയാണ് എന്റെ മുഖം ആളുകളുടെ മനസ്സിൽ പതിഞ്ഞത്.
അന്നൊക്കെ ബിജു വീട്ടിലുണ്ടെങ്കിൽ തൃശൂരിലെത്തിയാൽ അവിടെ ഇറങ്ങും. ‘നാൽപ്പത്തിയൊന്ന്’ ഷൂട്ട് ചെയ്യാനായി ഏറെ കാലത്തിനു ശേഷം കെഎസ്ആർടിസി സ്റ്റാൻഡിൽ പോയി. കാന്റീൻ നടത്തുന്ന ആളുമാറിയെന്നല്ലാതെ ഒരു മാറ്റവും ഇല്ല.
‘ഒരു മറവത്തൂർ കനവ്’ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന സിനിമയാണ്. മമ്മൂക്കയുടെ അനുജനായി ബിജുവിനെ കാസ്റ്റ് ചെയ്തു. പിന്നെ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, പട്ടാളം. ഇപ്പോൾ നാൽപ്പത്തിയൊന്നു വരെ.
ടെൻഷൻ മാറ്റുന്ന മാഷ്
ചങ്ങാതിമാരാണെങ്കിലും സ്വഭാവത്തിന്റെ രണ്ടറ്റത്താണ് ലാ ൽജോസും ബിജുമേനോനും. ആകാശത്ത് മഴമേഘം കാണുമ്പോഴേ ടെൻഷന്റെ പകുതി പടി ലാൽജോസ് കയറിയിട്ടുണ്ടാവും. അറബിക്കടൽ ഇളകിവരുന്നുണ്ടെന്നു പേടിപ്പിച്ചാലും ഒരു ചായയും കൂടി കുടിച്ചിട്ടിറങ്ങാമെന്ന് ബിജു പറയും.
‘നാൽപ്പത്തിയൊന്നി’ന്റെ ഷൂട്ടിങ് നടക്കുന്നു. കുടകിൽ വച്ച് കോട മഞ്ഞിറങ്ങി ഷൂട്ടിങ് തടസ്സപ്പെട്ടു. പെർമിഷൻ പ്രശ്നങ്ങൾ വേറെ. കനലിൽ ചവിട്ടി സംവിധായകൻ തുള്ളൂന്നുണ്ട്. നായകനെവിടെ? അതാ കുറച്ചപ്പുറം ഒരു മൈൽക്കുറ്റിയിലിരുന്ന് മഞ്ഞും ആസ്വദിച്ച് പുകയൂതി വിടുന്നു...
ബിജു മേനോൻ: ‘നാൽപ്പത്തിയൊന്നിൽ’ എത്തിയപ്പോഴേക്കും ടെൻഷന്റെ കാര്യത്തിൽ ലാലുവിന് കുറച്ചു പക്വത വന്നെന്നു തോന്നി , കൂടെയുള്ളവർ അതു പക്ഷേ, സമ്മതിച്ചു തരില്ല. ആകാശത്തു കൂടി പോകുന്ന ടെൻഷനെ തോട്ടി കെട്ടി വലിച്ചു തലയിലിടുന്ന ആളാണ് ലാലു.
ഇവന്റെ ടെൻഷൻ കാണുമ്പോൾ എന്റെ അച്ഛനെ ഒാർമവരും. എന്തുണ്ടെങ്കിലും ഈസിയായി തള്ളിക്കളയും. എനിക്ക് ആ സ്വഭാവം കുറച്ച് കൂടിപ്പോയെന്നു മാത്രം. ഒരിക്കൽ ഞാൻ വീട്ടിലെത്തിയപ്പോള്‍ അച്ഛൻ ചാരുകസേരയിൽ ചിരിച്ചു കൊണ്ടിരിക്കുകയാണ്. പതിവു പോലെ തണുത്ത തോർത്ത് ചുമലിലിട്ടിട്ടുണ്ട്. എന്താ അച്ഛാ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി;
‘‘ഒാരോ കാര്യം ഒാർത്തതാടാ... നമ്മൾ ആ വിയ്യൂരിലെ സ്ഥലം കൊടുത്തിട്ട് കുട്ടനെല്ലൂരിലെ വീടും പറമ്പും വാങ്ങാനിരുന്നതാണ്. വിയ്യൂരിലെ സ്ഥലത്തിന് അഡ്വാൻസ് വാങ്ങി കുട്ടനെല്ലൂരിലെ ആൾക്കു കൊടുത്തു. പക്ഷേ, റജിസ്ട്രഷൻ നടന്നില്ല. കേസ് ആയി. കോടതി വിധി ഇന്നു വന്നു. വിയ്യൂരിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരിച്ചു കൊടുക്കണം. പക്ഷേ, കുട്ടനെല്ലൂരുകാർ വാങ്ങിയ പൈസ എനിക്ക് തിരിച്ചു തരണ്ടാന്നും വിധിച്ചു... അതെന്തു വിധിയാണെന്നോർത്തപ്പോൾ ചിരിക്കാതെ പറ്റുമോ?’’അതായിരുന്നു എന്റെ അച്ഛൻ.
ലാൽജോസ്: ആ കാര്യത്തിൽ എനിക്കു ബിജുവിനോട് ആരാധയാണ്. ഒരു കാര്യവും ബിജുവിനെ കുലുക്കില്ല. പടം വിജയിച്ചാൽ അമിതമായി സന്തോഷിച്ചു കണ്ടിട്ടില്ല. പരാജയപ്പെട്ടാൽ സങ്കടപ്പെടാറുമില്ല. ടെൻഷൻ അടിക്കാതെ എങ്ങനെ ജീവിക്കാമെന്ന കാര്യത്തിൽ ‘മാഷാണ്’ ബിജു.
സൗഹൃദത്തിന്റെ കാര്യത്തിൽ ഞാനും ബിജുവും മണ്ണാങ്കട്ടയും കരിയിലയുമാണ്. രണ്ടാളും പരസ്പരം താങ്ങായി നിന്നിട്ടുണ്ട്. ഒരാൾ തകർന്നാൽ അതു മറ്റെയാളെ ബാധിക്കുമെന്ന തോന്നലെപ്പോഴും ഉണ്ട്. എന്റെ സിനിമാ ജീവിതം എടുത്തു നോക്കിയാൽ ഉയർച്ചയും താഴ്ചകളുമുണ്ടായിട്ടുണ്ട് പരാജയത്തിനു ശേഷം വീണ്ടും വിജയം തേടി വരും. അത് കാലത്തിന്റെ തമാശയായി കാണാനാണിഷ്ടം. ഇപ്പോൾ ‘നാൽപ്പത്തയൊന്നു’ വരുന്നു, എന്റെ ലക്കി സ്റ്റാർ ആണ് ബിജു മേനോൻ.
മുറിവുകളുടെ മരുന്ന്
ആ മരുന്ന് ബിജുമേനോന് അറിയാം, വേദനിച്ചിരിക്കുന്ന എത്രയോ സമയങ്ങളിൽ ലാൽജോസിന് അത് കിട്ടിയിട്ടുമുണ്ട്. ‘‘അത് വിടെടാ.. ഇതുകൊണ്ട് നീ തീർന്നെന്നു കരുതുന്നവർ മണ്ടന്മാരാണ്,’’ ഇതാണ് ആ മരുന്ന്...
ലാൽജോസ്: സിനിമയില‍്‍ നിന്നു മുറിവേറ്റ ഒരുപാടു സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മുറിവേറ്റവനു മാത്രമേ ആ തീഷ്ണത അറിയൂ. ആ സമയത്താകും പലപ്പോഴും ബിജു വന്നു പെടുന്നത്. ‘അത് വിടെടാ, വിട്ടുകള’ എന്നു പറയും. ആ വാക്കാണ് ജീവിതത്തിൽ ഏറ്റവും സുന്ദരം. നമുക്ക് അടുത്തതിൽ ശരിയാക്കാമെന്ന് ഒറ്റപ്പാലത്തെ ഒരു ചങ്ങാതി വന്നു പറഞ്ഞിട്ടു കാര്യമില്ല. സിനിമയെ അറിയുന്ന എന്നെ അറിയുന്നവർ പറയുമ്പോൾ കിട്ടുന്ന ആശ്വാസം വലുതാണ്.
ബിജുമേനോൻ: ലാലുവിന്റെ ശ്വാസമാണ് സിനിമ. അത്രയും മോഹമാണ് ഇവന് സിനിമയോട്. ഇരുപത്തൊന്നാം വയസ്സിൽ തുടങ്ങിയ യാത്രയല്ലേ?
ലാൽജോസ്: നാളെ സിനിമയിൽ നിന്നു പുറത്തു പോയാലും ബിജുവിന്റെ അടുത്തെത്തിയാൽ ഒരു ഗ്ലാസ് ചായയും ഒരു നേരത്തെ ഭക്ഷണവും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇങ്ങനെ ധൈര്യമുള്ള സൗഹൃദങ്ങൾ കിട്ടുന്നത് സിനിമയിൽ വലിയ ഭാഗ്യമാണെന്നെനിക്കറിയാം. അതുപോലും ഇല്ലാത്തവരാണ് മഹാഭൂരിപക്ഷവും.
ഫോട്ടോയ്ക്കായി ദക്ഷ് എത്തി.
‘വനിത’യാണ്, നാട്ടിലെ എല്ലാ പെൺകുട്ടികളും കാണുന്നതാണ്, ആ കൂട്ടത്തിൽ നിന്റെ ഗേൾഫ്രണ്ടും ഉണ്ടാകും, അതുകൊണ്ട് നന്നായി ചിരിക്കണമെന്ന് ദക്ഷിനോട് ലാൽജോസ്. ബാഗിൽ നിന്ന് അവനായി വാങ്ങിയ സമ്മാനം എടുത്തു, കുറെ പുസ്തകങ്ങള്‍. പിന്നെ നെറ്റിയിൽ ഒരുമ്മയും കൊടുത്തു. ദക്ഷ് കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ അകത്തു നിന്ന് ബിജു മേനോന്റ ശബ്ദം...
‘‘ഡാ എനിക്ക് ലാലു പണ്ടു തന്നതു പോലെ ഭടന്റെ പ്രതിമയാണോന്ന് നോക്കെടാ...’’
ചന്ദ്രനുദിക്കുന്ന ദിക്കിലെ സംയുക്ത
മഴയും മേഘമൽഹാറും ബിജുമേനോൻ സംയുക്ത പ്രണയത്തിൽ മഴ പെയ്യിച്ചെങ്കിലും അവർ ആദ്യം കണ്ടുമുട്ടുന്നത് ലാൽ ജോസിന്റെ ലൊക്കേഷനിലാണ്– ചന്ദ്രനുദിക്കുന്നദിക്കിൽ.
ലാൽ ജോസ്– അന്നിവന് സംയുക്തയെ നോട്ടം ഉണ്ടോ എന്ന് അറിയില്ല. പുറമേക്കൊന്നും കാണിച്ചിരുന്നില്ല. ഇവർ സംസാരിക്കുന്നതൊക്കെ ഒാർമയുണ്ട്.
ബിജു മേനോൻ– സംയുക്ത അന്ന് എന്നെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാടയാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ചന്ദ്രനുദിക്കുന്നദിക്കിൽ കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കർ സാർ ചോദിച്ചു, ‘‘ സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്, നല്ല കുട്ടിയാണോ?’’
‘‘അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണ്. ’’ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.
ലാൽ ജോസ്– ചന്ദ്രനുദിക്കുന്നദിക്കിൽ അഭിനയിക്കാനെത്തുമ്പോഴേ സംയുക്ത താരമായി കഴിഞ്ഞിരുന്നു. പക്ഷേ ആ സിനിമയിൽ ചെറിയ റോളേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു പാട്ടുണ്ടായിരുന്നെങ്കിലും എല്ലാത്തിലും കാവ്യയായിരുന്നു സംയുക്തയ്ക്ക് അത് ചെറിയ വിഷമമുണ്ടാക്കിയെന്ന് തോന്നിയിരുന്നു. സംയുക്തയും എന്റെ ഭാര്യ ലീനയും നല്ല സുഹൃത്തുക്കളാണ്. മൂത്തമകൾ െഎറിന്റെ വിവാഹം കഴിഞ്ഞു. അവരിപ്പോൾ ചെന്നൈയിലാണ്. കാതറിൻ എംബിബിഎസ് ചെയ്യുന്നു.