Tuesday 17 August 2021 05:56 PM IST

‘നഷ്ടപ്പെടുത്തിയ നിമിഷങ്ങളെല്ലാം എന്റെ അച്ഛൻ നികത്തിയിട്ടുമുണ്ട്’: സിനിമ വേണ്ടെന്നു തീരുമാനിച്ച പയ്യൻ: ബിനു പപ്പു പറയുന്നു

Tency Jacob

Sub Editor

binu-pappu

ഒരിക്കലും സിനിമയിലേക്കില്ല എന്നുറപ്പി ച്ചിരുന്ന ആളായിരുന്നു ബിനു പപ്പു. 30 വർഷത്തിലധികം മലയാള സിനിമയിലെ ചിരിയെ ‘ചെറീീീയ സ്ക്രൂഡ്രൈവർ’ കൊണ്ടു അയച്ചുവിട്ടിരുന്ന കുതിരവട്ടം പപ്പുവിന്റെ മകൻ. പക്ഷേ, ഇപ്പോൾ സിനിമ വന്നു വലംവയ്ക്കുകയാണ് ഈ നടനു ചുറ്റും.‘‘ബെംഗളൂരുവിൽ അനിമേറ്റർ ആയി ജോലി ചെയ്തിരുന്ന കാലത്തൊക്കെ എനിക്കു നേരേ വരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ‘സിനിമയിലൊന്നും ട്രൈ ചെയ്തില്ലേ’. ‘അതൊന്നും ശരിയാകില്ല’ എന്നു മറുപടി നൽകി ഞാനതിനെ കുടഞ്ഞെറിയും. മുപ്പതു വയസ്സിൽ സിനിമയിലേക്ക് ഗൗരവമായി കടന്നപ്പോൾ മുതൽ വിധി എന്ന വാക്കിൽ ഞാനും വിശ്വസിച്ചു തുടങ്ങി.’’

‘ഈ ചിരിയിലെവിടെയോ ഒരു പപ്പു ഉണ്ടല്ലോ’ എന്ന് പറയാതിരിക്കാനാകുന്നില്ല...

ചില വാക്കുകൾ പറയുമ്പോൾ എനിക്കു അച്ഛന്റെ ശബ്ദവും രീതിയുമാണെന്നു പലരും പറയാറുണ്ട്. അച്ഛൻ വീട്ടിലേക്കു ‘എടിയേ’ എന്നു വിളിച്ചാണ് കയറി വരിക. ആ ‘എടീ’ എന്റെ പെങ്ങ ൾ ബിന്ദുവാണ്. ചില സമയത്ത് ഞാനങ്ങനെ വിളിച്ചു വരുമ്പോൾ അവൾ പറയും.‘അച്ഛന്റെ ശ ബ്ദം പോലെതന്നെ.’

അച്ഛന്റെ ഭക്ഷണരീതി അതേപടി കിട്ടിയിട്ടുണ്ട്. മീനില്ലാതെ ചോറ് എനിക്ക് ഇറങ്ങില്ല. പിന്നെ, അച്ഛൻ ഒരുപാട് പെറ്റ്സിനെ വീട്ടിൽ വളർത്തിയിരുന്നു. ആ സ്വഭാവം എന്റെ തലയിലും കയറിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും അച്ഛനെപ്പോലെ ഹ്യൂമർ ചെയ്യാൻ ഒരു ഭയം ഉള്ളിലുണ്ടെന്നതാണ് സത്യം. താരതമ്യം വരും എന്നതു തന്നെ. അച്ഛനോടു ആളുകൾക്കുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അത്.

കാക്കിയിട്ട വേഷങ്ങളാണല്ലോ കൂടുതലും?

‘ഗ്യാങ്സ്റ്ററി’ലായിരുന്നു ആദ്യ പൊലീസ് വേഷം.‘ഓപ്പറേഷൻ ജാവ’യിലെ സൈബർ പൊലീസ് വേഷത്തിനു നല്ല ഫീഡ്ബാക്ക് കിട്ടിയിരുന്നു. സിനിമ റിലീസ് ചെയ്തതിനുശേഷം ഞാൻ നിലത്തൊന്നുമായിരുന്നില്ല. എന്തായാലും കിട്ടിയ പൊലീസ് വേഷങ്ങളിൽ പരമാവധി വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിൽ അധികം താമസിയാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് എനിക്കറിയാം.

ഒരു സംവിധായകൻ കഥാപാത്രങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ ‘ഇത് ഇവൻ ചെയ്താൽ ശരിയാകും’ എന്നു നമ്മളെ ഓർക്കുന്നു എന്നതു തന്നെയാണ് ഇപ്പോഴത്തെ വ ലിയ സന്തോഷം. ഇറങ്ങാനിരിക്കുന്ന ‘ഭീമന്റെ വഴി’ എന്ന സിനിമയിൽ ഓട്ടോ ഡ്രൈവർ ആയാണ് അഭിനയിക്കുന്നത്. സല്യൂട്ട്, എന്നിവർ, അന്താക്ഷരി എന്നിവയൊക്കെ ഇറങ്ങാനിരിക്കുന്ന സിനിമകളാണ്.‘ഹിഗ്വിറ്റ’, ‘തല്ലുമാല’ എ ന്നിവയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

അച്ഛനെ കൂടുതൽ മനസ്സിലായത് സിനിമയിലെത്തിയ ശേഷമാണോ?

വീട്ടിൽ വന്നാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനുമായി മാറും. സിനിമയിലെത്തിയപ്പോഴാണ് ഞാൻ കണ്ടിരുന്ന ആളല്ല സിനിമയിലെ കുതിരവട്ടം പപ്പു എന്നു മനസ്സിലാകുന്നത്. ഇത്രത്തോളം അംഗീകാരം അച്ഛനുണ്ട് എന്നു മനസ്സിലായതും.

ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി ‘മുന്നറിയിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പോയത്. മമ്മൂക്കയുടെ അസിസ്റ്റന്റ് ജോർജേട്ടൻ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് എന്നെ ചൂണ്ടി മമ്മൂക്ക, രൺജി പണിക്കരോട് ‘ആളാരാന്നു മനസ്സിലായോ?’ എന്നു ചോദിച്ചു. ‘ഇല്ല’ എ ന്നു പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി. രൺജിയേട്ടൻ എന്നെ ചേർത്തു പിടിച്ചു വിസ്മയത്തോടെ കുറച്ചു സമയം നോക്കിനിന്നു. പിന്നെ, അവിടെയുള്ള എല്ലാവരുടെ അടുത്തേക്കും കൊണ്ടുപോയി.

ഒരുപാടു നാളത്തെ അടുപ്പമുള്ളതു പോലെയായിരുന്നു ആ ഇടപെടൽ. അച്ഛനും രൺജിയേട്ടനുമായി വളരെ അടുത്ത ബന്ധമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അദ്ദേഹം ഉറ്റുനോക്കിയത് അച്ഛനെ നോക്കിയതു പോലെയാണ് എനിക്കു ഫീൽ ചെയ്തത്. ആ സംഭവം ഇപ്പോഴോർക്കുമ്പോഴും എനിക്കു സന്തോഷവും അഭിമാനവും ആണ്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു സിനിമകളിൽ അഭിനയിക്കാനും ഭാഗ്യമുണ്ടായി.

binu-1

അച്ഛന്റെ താരപരിവേഷ തിരക്കിൽ ഒറ്റപ്പെട്ടു പോയൊരു കുട്ടിയുണ്ടോ ഉള്ളിൽ?

അച്ഛൻ എന്ന വ്യക്തി ക്രിസ്മസ് അപ്പൂപ്പനെ പോലെയാണ്. മാസങ്ങളോളം വീട്ടിൽ നിന്നു വിട്ടുനിന്നെന്നു വരും. ഇന്നത്തെപ്പോലെ താരങ്ങളുടെ ഫ്ലൈറ്റ് യാത്രയും വിഡിയോ കോളും അന്ന് ഇല്ലല്ലോ.

ചില പിറന്നാളിന് വിളി മാത്രമാണ് വരിക. ചിലപ്പോൾ ആരുടെയെങ്കിലും കയ്യിൽ സമ്മാനങ്ങൾ കൊടുത്തു വിടും.ചിലപ്പോൾ അമ്മയെ പറഞ്ഞേൽപിച്ചിട്ടുണ്ടാകും. അച്ഛന്റെ സ്ഥാനത്തു അമ്മ വന്നാലും നമ്മുടെ ഉള്ളിലെ കുട്ടിക്കു തൃപ്തിയാകില്ലല്ലോ. പിടിഎ മീറ്റിങ്ങിനൊക്കെ നടനായ അച്ഛൻ വരികയെന്നത് എത്ര അഭിമാനമാണ് കുട്ടികൾക്ക്. പക്ഷേ, അതുപോലെയൊന്നും ഉണ്ടായിട്ടില്ല.നഷ്ടപ്പെടുത്തിയ നിമിഷങ്ങളെല്ലാം അച്ഛൻ നികത്തിയിട്ടുമുണ്ട്. വരുന്ന സമയത്ത് വീട് ഒരു ഉത്സവപറമ്പു പോലെ ഉണരും. അച്ഛന്റെ കൂട്ടുകാരൊക്കെയായി വീട്ടിലാകെ ഒച്ച നിറയും.

അമ്മ പത്മിനിയും ചേട്ടൻ ബിജുവും ഇപ്പോൾ കുതിരവട്ടത്തുള്ള വീട്ടിലുണ്ട്. ചേച്ചി ബിന്ദുവും ഭർത്താവ് ഗോപീകൃഷ്ണനും കുടുംബവും കോഴിക്കോടാണുള്ളത്. ഞാനും ഭാര്യ അഷിത അലക്സും ബെംഗളൂരുവിൽ താമസിക്കുന്നു.അഷിത ആർക്കിടെക്ടാണ്. കോഴിക്കോട്ടുകാരിയാണ്. ഞങ്ങൾക്കു കുറച്ചു പൊതു സുഹൃത്തുക്കളുണ്ട്. അങ്ങനെയാണ് പരിചയപ്പെട്ടത്. പിന്നെ പ്രണയം, കല്യാണം.

നടന്റെ മകനല്ലേ, കഷ്ടപ്പാടുകൾ അറിഞ്ഞിട്ടുണ്ടാകില്ല ?

എല്ലാ തരത്തിലുമുള്ള കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായിപ്പോലും ഇപ്പോഴും നന്നായി സ്ട്രഗിൾ ചെയ്യുന്നു. കാലും നീട്ടി ഇരുന്ന് ‘ഞാൻ സിനിമയിൽ വെൽ സെറ്റിൽഡാണ്’ എന്നു പറയാറൊന്നുമായിട്ടില്ല.പത്തൊൻപതു സിനിമകളെ ചെയ്തിട്ടുള്ളൂ. അതിൽത്തന്നെ മൂന്നു സിനിമകളിലാണ് മുഴുനീള കഥാപാത്രം ചെയ്തത്. നല്ല കുറച്ചു സിനിമകളിൽ സംവിധാന സഹായി ആകാൻ സാധിച്ചു. ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ട്. കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ പറ്റുകയുള്ളൂ.

പൂർണരൂപം വനിത ജൂലൈ രണ്ടാം ലക്കത്തിൽ വായിക്കാം