Wednesday 10 November 2021 02:46 PM IST

‘പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ്...വീട്ടുകാർ ഉറപ്പിച്ച കല്യാണം’: ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷ് ക്രിസ്റ്റിയുടെ ജീവിതപ്പാതി

V.G. Nakul

Sub- Editor

chandra-lakshman

മലയാളത്തിന്റെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. സ്വന്തം സുജാത എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു ബ്രൈഡല്‍ ലുക്കിലാണ് ഇരുവരും.

വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ചന്ദ്ര ലക്ഷ്മൺ മുൻപ് വനിത ഓൺലൈന് നൽകിയ അഭിമുഖം ഇവിടെ വായിക്കാം –

‘‘സ്വന്തം സുജാത’യിൽ ഞങ്ങൾ ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നുണ്ട്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന്‍ ജോയിൻ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും ടോഷേട്ടന്റെ വീട്ടിൽ എന്നെയും വലിയ ഇഷ്ടമാണ്. അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാർ തമ്മില്‍ സംസാരിച്ചതും. അത് അനുയോജ്യമാണെന്ന് തോന്നിയപ്പോൾ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നു’’. – ചന്ദ്ര ലക്ഷ്മണ്‍ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

അറേഞ്ച്ഡ് മാര്യേജ്

പ്രണയവിവാഹമല്ല. അറേഞ്ച്ഡ് മാര്യേജാണ്. പരസ്പരം ഇഷ്ടവും ബഹുമാനവുമുണ്ടായിരുന്നു. എങ്കിലും പ്രണയം എന്നതിനപ്പുറത്തേക്ക് വീട്ടുകാർ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. പരസ്പരം സംസാരിച്ചപ്പോൾ രണ്ടു പേർക്കും ആത്മവിശ്വാസം തോന്നി.

ടോഷേട്ടൻ ഒരു നല്ല മനുഷ്യനാണ്. എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാന്‍‌ കഴിവുള്ള ആൾ. എല്ലാവരെയും ബഹുമാനിക്കും. അതാണ് എന്നെ ആകർഷിച്ചത്. തൃശൂരാണ് ടോഷേട്ടന്റെ വീട്. അച്ഛനും അമ്മയും ചേട്ടനും സഹോദരിയും അവരുടെ കുടുംബവുമാണ് ഉള്ളത്.

മലയാളം ടെലിവിഷൻ ചരിത്രത്തിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നായ ‘സ്വന്ത’ത്തിലെ, സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രം മാത്രം മതി ചന്ദ്രാ ലക്ഷ്മൺ എന്ന അഭിനേത്രിയെ ഓർക്കാൻ. അത്രത്തോളം ആ കഥാപാത്രവും അഭിനയ മികവിലൂടെ ചന്ദ്രയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിൽ ചന്ദ്ര തിളങ്ങി. ‘സ്റ്റോപ്പ് വയലൻസി’ലെ ആഞ്ജലീനയും ‘ചക്ര’ത്തിലെ മാധുരിയും ചന്ദ്രയുടെ പ്രതിഭ അയാളപ്പെടുത്തുന്ന നായികാ കഥാപാത്രങ്ങളായി. ‘കാക്കി’ ഉൾപ്പടെ മൂന്നു ചിത്രങ്ങളില്‍ പൃഥ്വിരാജ് ആയിരുന്നു ചന്ദ്രയുടെ നായകൻ. മലയാളത്തിലും തമിഴിലുമുൾപ്പടെ, സീരിയൽ രംഗത്തും നിരവധി ഹിറ്റുകളിലൂടെ സാന്ദ്ര തന്റെ ഇടമുറപ്പിച്ചത് വളരെപ്പെട്ടെന്നായിരുന്നു.

‘‘അമ്മയുടെ നാട് തിരുവനന്തപുരത്തും അച്ഛന്റെ നാട് കോഴിക്കോടുമാണ്. ഞങ്ങളുടെത് തമിഴ് അയ്യർ കുടുംബമാണ്. ഞാന്‍ മൂന്നാം ക്ലാസ് വരെ പഠിച്ചത് കൊച്ചിയിലാണ്. പീന്നീട് അച്ഛന്റെയും അമ്മയുടെയും ജോലിയുടെ ഭാഗമായി ചെന്നൈയിൽ എത്തി. പിന്നീട് പഠിച്ചതും വളർന്നതും ഇപ്പോഴും താമസിക്കുന്നതും അവിടെയാണ്. അവധിക്ക് തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു. അച്ഛന്‍ ലക്ഷ്മൺ കുമാർ ഹിന്ദുസ്ഥാൻ ലീവറിലായിരുന്നു. അമ്മ മാലതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും. ഞാൻ ഒറ്റമകളാണ്’’.– ചന്ദ്ര പറയുന്നു.

മലയാളി കുടുംബപ്രേക്ഷകർക്ക് ‘മുളമൂട്ടിൽ അടിമ’യാണ് ടോഷ് ക്രിസ്റ്റി. ‘കായംകുളം കൊച്ചുണ്ണി’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ഈ കഥാപാത്രം വൻ ജനപ്രീതിയും ആരാധകപിന്തുണയുമാണ് ടോഷിന് നേടിക്കൊടുത്തത്. തുടർന്ന് സിനിമയിലും സീരിയലുകളിലുമൊക്കെയായി ശ്രദ്ധേയ വേഷങ്ങൾ ടോഷിനെ തേടിയെത്തി. ഇടക്കാലത്ത് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ സീരിയൽ മേഖലയിൽ നിന്ന് കുറച്ചേറെക്കാലം മാറി നിൽക്കുകയും ചെയ്തു. 8 വർഷം നീണ്ട ആ ഇടവേള അവസാനിച്ചത് ഈ വർഷമാണ്. ‘സ്വന്തം സുജാത’ എന്ന പരമ്പരയിലൂടെ ടോഷ് വീണ്ടും മിനിസ്ക്രീനിലേക്കെത്തി.