Thursday 25 June 2020 01:18 PM IST

‘എന്റെ പൊന്ന് ബ്രോസ്... വിവാഹത്തിനു പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ?’; മനസ്സ് തുറന്ന് ചെമ്പൻ വിനോദ്

Rakhy Raz

Sub Editor

_BAP0064 ഫോട്ടോ: ബേസിൽ പൗലോ

വിമർശനങ്ങൾ കുറേ ഏറ്റുവാങ്ങിയാണ് പുതുജീവിതത്തിലേക്ക് കടന്നതെങ്കിലും അതൊന്നും ചെമ്പൻ വിനോദും മറിയവും മൈൻഡ് ചെയ്തിട്ടില്ല. ചെമ്പൻ വിനോദിന് രണ്ടാം വിവാഹം. വധുവിന് പ്രായം ഇരുപത്തിയഞ്ച്.പോരേ സോഷ്യൽ മീഡിയയിൽ ഒരു ചെറിയ പൂരത്തിന്?

പൊട്ടിച്ചിരി ചിതറി ചെമ്പൻ പറയുന്നു, ‘‘എന്റെ പൊന്ന് ബ്രോസ്... വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ? ഇനി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിൽ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ” ഇനി പ്രായം ഒരു പ്രശ്നം ആണോെയന്ന് മറിയത്തോട് ചോദിച്ചു നോക്കൂ.

‘‘എനിക്ക് അത് ഒരു പ്രശ്നമേ അല്ല. ഒരു വിവാഹ ആഘോഷത്തിൽ വച്ചാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. ഞാൻ പുണെയിൽ നിന്ന് പഠിത്തം കഴിഞ്ഞു കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. നല്ല സൗഹൃദം ഞങ്ങൾ ഏറെക്കാലം തുട ർന്നു. പിന്നെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസ്സുകൊണ്ട് ഒത്തുപോകാൻ കഴിയുന്ന ആളാകണം പങ്കാളി എന്നായിരുന്നു സ്വപ്നം.

പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല.”

ചെമ്പൻ: ചെറിയ ചടങ്ങ് മതി എന്നായിരുന്നു ഞങ്ങളുടെ  തീരുമാനം. റജിസ്റ്റർ ഓഫിസിൽ അപേക്ഷ കൊടുത്തിരുന്നു. മാർച്ച് ഇരുപത്തിയൊന്നാം തീയതി വിവാഹ ഫങ്ഷൻ വയ്ക്കാം എന്നു തീരുമാനിച്ചു. റജിസ്റ്റർ ഓഫിസിൽ നിന്ന് ഈ വിവരം ചോർന്നു കിട്ടിയ മാധ്യമപ്രവർത്തകന്റെ കണ്ണുടക്കിയത് ഞങ്ങളുടെ പ്രായത്തിൽ ആയിരുന്നു. ചെമ്പൻ വിവാഹം കഴിക്കുന്നു എന്നതിന് പകരം അവർ നൽകിയ തലക്കെട്ട് ‘നാൽപത്തിമൂന്നുകാരൻ ചെമ്പന് ഇരുപത്തിമൂന്നുകാരി മറിയം’ എന്നാണ്. ഇതു കാണുമ്പോൾ ‘എടാ ചെമ്പാ, നീ ആള് കൊള്ളാല്ലോടാ’ എന്ന ചിന്തയാണ് പൊതുജനങ്ങളിൽ ഉണ്ടാകുക. അത് അവരുടെ നോട്ടത്തിന്റെ പ്രശ്നം ആണ്.

‘ഇവൻ വീട്ടുകാരും നാട്ടുകാരും അറിയാതെ അടിച്ചോണ്ടു പോകുന്നതാണെങ്കിൽ ഇരിക്കട്ടെ ഒരു പണി’ എന്നോർത്തിട്ടുണ്ടാകും ആ മാധ്യമ പ്രവർത്തകൻ. ആ പണി ഏതായാലും ഞങ്ങളുടെ പണി കുറച്ചു. ഇത് ആളുകൾ എങ്ങനെ എടുക്കും എന്ന വീട്ടുകാരുടെ ടെൻഷൻ പെട്ടെന്ന് തീർന്നു. വിമർശിച്ചവരെക്കാൾ ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. നേരിട്ട് പരിചയം ഇല്ലാത്ത എത്രയോ പേർ വിളിച്ച് ആശംസ അറിയിച്ചു. ആ പണി ചെയ്തുതന്ന പുണ്യാത്മാവിനെ ഈ വേളയിൽ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

_BAP0114

അങ്ങനെ ഞാനും അവളും പെട്ടു

ചെമ്പൻ: ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്ന് എപ്പോഴോ പ്രണയത്തിലേക്ക് വന്നു. എങ്ങനെയൊക്കെയോ പരസ്പരം അറിഞ്ഞു. അത് വിട്ടു പോകില്ല എന്നു തോന്നിയപ്പോൾ വിവാഹിതരാകാം എന്നു തോന്നി. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണ് എന്ന ചോദ്യം ഞങ്ങൾക്കിടയിലേക്ക് വരുന്നത്. അതിനെപ്പറ്റി വലിയ ചർച്ച തന്നെ നടന്നുകൊണ്ടിരിക്കുകയാണ് ഞങ്ങൾ തമ്മിൽ. ഇതൊരു കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു തോന്നിയപ്പോൾ ഞങ്ങൾ ചർച്ച നിർത്തി. ആര് ആദ്യം പ്രണയം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.

മറിയം: ഞങ്ങൾ രണ്ടു പേരും സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റേ ആളിന്റെ സ്പേസിനെ അംഗീകരിക്കാൻ കഴിയുന്നവർ ആണ്. ചെമ്പൻ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ് എന്നും. ചെമ്പൻ മദ്യപിക്കുന്ന ആൾ ആണ്. എ ന്നാൽ മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, ദിവസവും മദ്യം നി ർബന്ധം ഉള്ള ആളൊന്നുമല്ല. ചില അഭിമുഖങ്ങൾ ഉണ്ടാക്കിയ തെറ്റിധാരണ ആണത്. വില്ലത്തരം ഒരൽപം ഉള്ളത് നല്ലതാണ്. അതാവശ്യമുള്ളിടത്തു മാത്രം.

ചെമ്പൻ: കൗതുകകരമായ ഏറെ പ്രത്യേകതകൾ മറിയത്തിന് ഉണ്ട്. എന്റെ മനസ്സിനോട് അടുത്തു നിൽക്കുന്നവ. അത് എന്റെ ജീവിതത്തെ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. എന്നും കൂടെ ഉണ്ടാകേണ്ടത് അങ്ങനെ ഒരാളല്ലേ?

മറിയം:  രണ്ടു വീട്ടുകാരുടെയും പൂർണമായ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ലോക്ക് ഡൗൺ കഴിയട്ടെ എന്നായിരുന്നു താൽപര്യം. അല്ലെങ്കിൽ വീട്ടുകാർക്ക് പങ്കെടുക്കാനാകില്ല. പക്ഷേ, നോട്ടീസ് പിരീഡ് പ്രകാരം മേയ് അഞ്ചിനകം വിവാഹം കഴിച്ചില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകണം. അതുകൊണ്ട് വിവാഹം ഇങ്ങനെയായി.

ചെമ്പൻ:  എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്ന് തീരുമാനം മാറ്റാൻ ശ്രമിച്ചവർ ഉണ്ട്. ‘ഇത്രേം ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശരിയാണോ?’ ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ‘എത്ര കാലം അവൻ ഒറ്റയ്ക്ക് ജീവിക്കും? അവന് ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ’ എന്നാണ്.

ആളുകളെ കൊണ്ട് നല്ലത് പറയിക്കാം എന്നു കരുതിയാലും നമുക്ക് ഒരിക്കലും സമൂഹത്തെ തൃപ്തിപെടുത്തി ജീവിക്കാൻ പറ്റില്ല. പക്ഷേ, ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്തി ജീവിക്കാൻ പറ്റും. സമൂഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ.

ഇവൾ സൈക്കോളജിസ്റ്റ് ആണ്. അഭിനേതാക്കാൾക്ക് ഒരു പ്രായം കഴിയുമ്പോൾ പ്രാന്താകും എന്നൊക്കെ പറയുന്നവർ ഉണ്ട്. ഇനി എങ്ങാൻ അത് സത്യമായാൽ ആ സമയത്ത് എനിക്ക് പൈസ ലാഭിക്കാം. ഇവൾ ചികിത്സിച്ചോളുമല്ലോ...

chemb-jbugu

ഒരു കല്യാണക്കഥ

ചെമ്പൻ: കല്യാണത്തിന്റെയന്ന് പ്രഭാത ഭക്ഷണത്തെക്കുറിച്ചു പറഞ്ഞു വഴക്കുണ്ടാക്കിയിട്ടാണ് ഞങ്ങൾ അങ്കമാലിയിൽ റജിസ്റ്റർ ഓഫിസിൽ എത്തുന്നത്. അവിടെ ലിജോ ജോസ് പെല്ലിശേരി, ആൻസൺ ആന്റണി, ശ്രീജിത്ത്‌ എന്ന എന്റെ സുഹൃത്തുക്കൾ മാസ്‌ക് ഒക്കെ ധരിച്ച് അത്യധികം ഉത്സാഹത്തോടെ നിൽക്കുന്നുണ്ടായിരുന്നു. റജിസ്റ്ററിൽ ഒപ്പു വച്ചശേഷം ഞങ്ങൾ അവിടെ നിന്ന് ഇ റങ്ങി നേരെ എന്റെ വീട്ടിൽ എത്തി, ‘തികഞ്ഞ മദ്യപാനി’ ആയതു കൊണ്ട് നേരത്തേ സ്റ്റോക്ക് ചെയ്തു വച്ചിരുന്ന കുപ്പി പൊട്ടിച്ചു ഞങ്ങൾ കൂട്ടുകാർ പങ്കിട്ടു കഴിച്ചു.അതായിരുന്നു ഞങ്ങളുടെ വിവാഹ ഫങ്ഷൻ.

English Summary: Chemban Vinod and Family Exclusive Interview After Marriage

Tags:
  • Celebrity Interview
  • Movies