Thursday 24 December 2020 02:48 PM IST

‘സാന്റായെന്നും സാറെന്നും വിളിക്കേണ്ട, എല്ലാവരും എന്നെ ചേട്ടാന്നു വിളിച്ചോളൂ...’; കളിചിരിയും ബഹളവുമായി ഗിന്നസ് പാപ്പയ്ക്കൊപ്പം കുട്ടിത്താരങ്ങൾ

Lakshmi Premkumar

Sub Editor

_REE9232 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കളിയും ചിരിയും ബഹളവുമായി ഗിന്നസ് പാപ്പയ്ക്കൊപ്പം മലയാള സിനിമയിലെ ഇളം തലമുറയുടെ ക്രിസ്മസ് ആഘോഷം... 

‘‘പാപ്പയോട് എന്തു സമ്മാനം ചോദിച്ചാലും തരും.’’ കൂട്ടത്തിലെ അഞ്ചു വയസ്സുകാരി വൃദ്ധി വിശാലിനെ  നോക്കി കുറുമ്പന്‍ ആദിഷ് പറഞ്ഞു. ഇതുകേട്ട് കുഞ്ഞിക്കണ്ണുകൾ വിടർത്തി വൃദ്ധി ചോദിച്ചു. ‘‘ ശരിക്കും ?’’

‘‘ആ... പിന്നല്ലാതെ, പ്രത്യേകിച്ചും കുഞ്ഞുങ്ങൾ ചോദിക്കുമ്പോൾ പാപ്പ ഉറപ്പായും തരും.’’ കൂട്ടത്തിലെ മുതിർന്നവരായ അച്യുതും അബനിയും അരുണാംശും ആദിഷിന്റെ കണ്ടുപിടുത്തം ശരിവച്ച് കൂടെ കൂടി.

 ‘‘എന്നാൽ ഞാനൊരു കേക്ക് ചോദിക്കും.’’ വൃദ്ധി ഉഷാറായി. ‘‘പിന്നെയൊരു ചോക്‌ലെറ്റ് ചോദിക്കും, പിന്നെ...’’

‘‘ആ മതി... മതി... ഇതു കേട്ടാൽ തോന്നും പാപ്പയുടെ സ ഞ്ചിയിലെ സമ്മാനങ്ങൾ മുഴുവൻ നിനക്കുള്ളതാണെന്ന്.’’ ആ ദിഷ് സീരിയസായി.

തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും ഇനി ക്രിസ്മസ് പാപ്പ ശരിക്കും വല്ല സമ്മാനവും തന്നാലോ? ആദിഷിന്റെ ആത്മഗതം ഉറക്കെയായിരുന്നു.

ആദിഷ് ചോദിക്കാൻ പോകുന്നത് പാപ്പയുടെ സമ്മാനപൊതികൾ നിറഞ്ഞ ആ ചുവന്ന ബാഗാണ്. അതാകുമ്പോൾ വീട്ടിൽ കൊണ്ടു പോയി സമാധാനത്തോടെ സമ്മാനങ്ങൾ എടുക്കാല്ലോ... പറഞ്ഞു തീരും മുൻപേ ചിരിയുടെ മഴ തുടങ്ങി. ആ പെയ്ത്തിലേക്ക് കുഞ്ഞു പാപ്പ കയറിവന്നു.

വൃദ്ധി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ‘‘അയ്യോ, ദേ പാപ്പ. എന്റെ ചക്കര ക്രിസ്മസ് പാപ്പ...’’ കുഞ്ഞുങ്ങളുടെ ചിരികളികളിൽ അതിലും കുഞ്ഞു മനസ്സുമായി ഗിന്നസ് പക്രവും ചേർന്നു. പിന്നെ, സംശയങ്ങളും ഉത്തരങ്ങളും കൊഞ്ചലും കലപിലകളും...

‘‘സാന്റായെന്നും സാറെന്നും വിളിക്കേണ്ട. എല്ലാവരും എന്നെ ചേട്ടാന്നു വിളിച്ചോളൂ...’’ കുട്ടികളുടെ ചോദ്യശരങ്ങൾക്ക് നടുവിലേക്ക് ഗിന്നസ് പക്രുവിന്റെ മാസ് എൻട്രി. കേട്ട പാതി കേൾക്കാത്ത പാതി കത്തിച്ച പൂത്തിരി പോലെ ആദ്യത്തെ ചോദ്യമെറിഞ്ഞു അരുണാംശു ദേവ്.

അരുണാംശു ദേവ് : ഈ ക്രിസ്മസിന് ചേട്ടന്റെ വീട്ടിൽ ക്രിസ്മസ് പാപ്പ വരുമ്പോൾ എന്ത് സമ്മാനമാണ് ചോദിക്കുക?

ഗിന്നസ് പക്രു : സംശയമെന്താ ഈ കൊറോണയൊന്ന് മാറ്റിത്തരണേ എന്റെ പൊന്നു പാപ്പായേ എന്നു തന്നെ. നമ്മുടെയെല്ലാം ഒരു വർഷം കൊറോണ കൊണ്ടു പോയി അല്ലേ. നിങ്ങൾക്കും സ്കൂളും ക്രിസ്മസ് ആഘോഷങ്ങളും എല്ലാം മിസ് ചെയ്യുന്നില്ലേ.

ഞാൻ പ്രാർഥിക്കുന്നത് കൊറോണയ്ക്കുള്ള മരുന്ന് നമ്മൾ ഇന്ത്യക്കാർ തന്നെ കണ്ടുപിടിക്കണേ എന്നാണ്. അതാകുമ്പോൾ എല്ലാ രാജ്യങ്ങളും നമ്മുടെ അടുത്ത് നിന്നു മരുന്നു വാങ്ങും, എല്ലാവരും നമ്മളെ ബഹുമാനത്തോടെ നോക്കും. എല്ലാം പഴയത് പോലെയാകാൻ നിങ്ങൾ എല്ലാവരും പ്രാർഥിക്കണം കേട്ടോ. കുഞ്ഞുങ്ങൾ പ്രാർഥിച്ചാൽ ദൈവം പെട്ടെന്ന് കേൾക്കും. ആദിഷിന് സ്കൂളിൽ പോകാനൊക്കെ ഇഷ്ടമല്ലേ ?

ആദിഷ് : പിന്നേ, ഇപ്പോഴാണ് സ്കൂൾ ശരിക്കും മിസ് ചെയ്യുന്നത്. ‍ഞങ്ങൾ ക്ലാസിൽ അടിച്ചുപൊളിച്ചാണ് ക്രിസ്മസ് ആഘോഷിക്കാറ്. കേക്ക് മുറിക്കും, പാട്ട് പാടും. എല്ലാം പോയില്ലേ...  

ശരിയാണെന്ന് അബനിയും തലയാട്ടി. വൃദ്ധിക്ക് മാത്രം ഓൺലൈൻ ക്ലാസിനോടാണ് ഇഷ്ടം കൂടുതൽ. ഫോൺ തരാത്ത അമ്മ, ക്ലാസിനായി ഫോൺ തരാനും തുടങ്ങി. ക്രിസ്മസിന് പാടാനുള്ള പാട്ടൊക്കെ വൃദ്ധി പഠിച്ചു വച്ചിട്ടുമുണ്ട്. അപ്പോഴാണ് പാപ്പായുടെ കയ്യിലൊരു വടി കണ്ടത്. അതു കൈക്കലാക്കി  വൃദ്ധിയുടെ അടുത്ത ചോദ്യം.

pakrup-

വൃദ്ധി: ചേട്ടൻ കാരളിന് പോയിട്ടുണ്ടോ? ഡാൻസ് കളിക്കുമോ?  

ഗിന്നസ് പക്രു : പോയിട്ടുണ്ടോന്നോ... ഞങ്ങളുടെ കുട്ടിക്കാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും തന്നെയാണ് കാരളിന്റെ സൂത്രധാരർ. സാന്റായുടെ വേഷം കെട്ടി മുഖംമൂടിയൊക്കെ വച്ച് വലിയ ആവേശത്തിൽ പോകും. എന്റെ വീട്ടിൽ നിന്നാണ് തുടക്കം. ഫുൾ എനർജിയിൽ ഡാൻസ് തുടങ്ങും. കാണുന്നവർക്കൊക്കെ ഭയങ്കര കൗതുകം. ക്രമേണ ഓരോ വീടും കഴിയുന്നതിന് അനുസരിച്ച് ക്രിസ്മസ് പാപ്പായ്ക്ക് ക്ഷീണം തുടങ്ങും.

ഡാൻസിന്റെ എനർജി കുറയും. പിന്നെ, ആരെങ്കി‌ലും എടുത്തു കൊണ്ട് വേണം അവസാനത്തെ വീടുകളിലൊക്കെ പോകാൻ. വീട്ടുകാർ‌ നോക്കുമ്പോൾ പാപ്പ  അതാ,  തോളത്തിരുന്നു വരുന്നു.

അരുണാംശു ദേവ് : കാരളിനിടയിൽ ഉണ്ടായ രസകരമായ ഒരു സംഭവം പറയാമോ ?

ഗിന്നസ് പക്രു : പേടിച്ചു പോയ സംഭവങ്ങളുണ്ട്. ചില വീടുകളിൽ പട്ടികൾ ഉണ്ടാകും. നമ്മൾ ഗേറ്റ് തുറന്ന് അകത്തു കയറുന്നതു വരെ മിണ്ടാതെയിരിക്കും. പിന്നെ, ഒറ്റ കുരയാ. ചിലപ്പോൾ കാരൾ സംഘം ജീവനും കൊണ്ടോടും. ഈ സമയത്ത് ഏറ്റവും പ്രതിസന്ധിയിലായിപ്പോകുന്നത് എന്നെപ്പോലത്തെ കുഞ്ഞു പാപ്പാമാരാണ്. ഒന്നാമത് നീളമുള്ള ചുവന്ന ഉടുപ്പ്. പിന്നെ, വെപ്രാളപ്പെട്ട് ഓടുമ്പോൾ നേരെ ചെല്ലുന്നത് പട്ടിയുടെ മുന്നിലേക്ക് തന്നെയായിരിക്കും. അങ്ങനെയൊന്ന് രണ്ട് അനുഭവമൊക്കെ ഉണ്ടായതോടെ നമ്മള് കളക്‌ഷൻ സൈഡ് മാത്രം നോക്കാൻ തുടങ്ങി.

അബനി: അജയകുമാർ എന്ന പേര് മാറി പക്രു ആയതെപ്പോഴാ ?

വളരെ സീരിയസായിട്ടാണ് അബനിയുടെ ചോദ്യം.

ഗിന്നസ് പക്രു: എനിക്ക് ‘അമ്പിളിയമ്മാവൻ’ സമ്മാനിച്ച പേരാണ് പക്രു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ... 

Tags:
  • Celebrity Interview
  • Movies