ഇമ്പം എന്ന പുതിയ സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുന്ന ദർശന സുദർശൻ
മഴവിൽചേലുള്ള നായിക
2016ൽ വനിത ഫോട്ടോക്വീൻ ആയി തിരഞ്ഞെടുത്തതോടെയാണ് കോൺഫിഡൻസിനു ബൂസ്റ്റർ ഡോസ് കിട്ടിയത്. മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ ഓഡിഷൻ കോൾ വന്നപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ഫോട്ടോ അയയ്ക്കാൻ കഴിഞ്ഞതും ആ ബൂസ്റ്റർ ഡോസിന്റെ ബലം കൊണ്ടാണ്. നഴ്സിങ് പഠനം കഴിഞ്ഞ് ഡൽഹി എയിംസിൽ തന്നെ ജോലി ചെയ്യുന്ന സമയമാണ്. സിനിമാ പശ്ചാത്തലമില്ലാത്തതു കൊണ്ടും നൃത്തത്തിലോ അഭിനയത്തിലോ മുൻപരിചയമില്ലാത്തതു കൊണ്ടും വീട്ടുകാർക്കു ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും അവരൊപ്പം നിന്നു. എന്നിലർപ്പിച്ച വിശ്വാസത്തിന് ടൈറ്റിൽ വിന്നർ കിരീടമായിരുന്നു എന്റെ സമ്മാനം.
നാലു വർഷത്തെ കാത്തിരിപ്പ്
നായികാനായകൻ കഴിഞ്ഞപ്പോൾ രണ്ടു വർഷം മറ്റു സിനിമകൾ കമിറ്റ് ചെയ്യരുതെന്ന് കോൺട്രാക്ട് ഉണ്ടായിരുന്നു. പിന്നീടു രണ്ടു വർഷം വന്ന സിനിമാ ഓഫറുകളും വേണ്ടെന്നു വച്ചു. കണ്ണാടിക്കു മുൻപിൽ കാവ്യ മാധവനും സംവൃതാ സുനിലും ഒക്കെയായി അഭിനയിച്ചു മോഹിച്ച പെണ്‍കുട്ടിക്കു ലാൽ ജോസിന്റെ നായിക എന്ന ടൈറ്റിലിനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ടാകുമല്ലോ. ‘സോളമന്റെ തേനീച്ചകൾ’ റിലീസായപ്പോൾ കാത്തിരിപ്പിന്റെ മധുരമാണ് ആസ്വദിച്ചത്.
രണ്ടാമതായി അഭിനയിക്കുന്ന സിനിമയാണ് ഇമ്പം. ആദ്യ സിനിമയുടെ ക്രൂവിന്റെ സജഷനിലാണ് ‘ഇമ്പ’ത്തിലേക്ക് എത്തുന്നത്. ഈയിടെ റിലീസായ പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയ്ക്കും നല്ല അഭിപ്രായം കിട്ടിയിരുന്നു.‘അയൽ’ ആണ് വരാനിരിക്കുന്ന സിനിമ. ഓരോ സിനിമകൾ കഴിയുമ്പോഴും എന്നേക്കാളേറെ സന്തോഷിക്കുന്നതു കുടുംബമാണ്. പാലായാണു നാട്. അച്ഛൻ സുദർശൻ പാലാ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരനായിരുന്നു. അമ്മ ലത. രണ്ട് അനിയത്തിമാരുണ്ട്. അർച്ചന, അഞ്ജന.
സൗഹൃദത്തിനു മാറ്റമില്ല
എട്ടു സിനിമകളിൽ അഭിനയിച്ച ശേഷമാണ് ‘സോ ളമന്റെ തേനീച്ചകളി’ലേക്കു വിൻസി അലോഷ്യസ് എത്തുന്നത്. അവളുടെ എക്സ്പീരിയൻസ് എന്നെ അഭിനയത്തിൽ വളരെ സഹായിച്ചിട്ടുണ്ട്. ‘രേഖ’യുടെ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുമ്പോഴായിരുന്നു സോളമന്റെ പ്രമോഷൻ. ‘രേഖ’ വിൻസിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്തേക്കുമെന്ന് അന്നേ തോന്നിയിരുന്നു.
അവാർഡ് നേടിയശേഷം ഞങ്ങൾ നായികാനായകൻ ടീമിന് അവളൊരു ഗെറ്റ് ടുഗെദർ ഒരുക്കി. അന്നു മനസ്സു വീണ്ടും പറഞ്ഞു, വർഷം അഞ്ചു കഴിഞ്ഞിട്ടും വെള്ളിത്തിരയിൽ സ്വന്തം പേരു നേടിയിട്ടും ആർക്കും ഒരു മാറ്റവും വന്നിട്ടില്ല എന്ന്. ഒരു ഫോൺ കോള്‍ അകലെ സുഹൃത്തുക്കളുണ്ട് എന്നതു വലിയ ശക്തിയാണ്.
എന്റെ ‘എയിംസ് ’
മെഡിക്കൽ എൻട്രൻസിനു പ്രതീക്ഷിച്ച റാങ്ക് കിട്ടാതായതോടെ എംബിബിഎസ് മോഹം വേണ്ടെന്നു വയ്ക്കേണ്ടി വന്നു. താങ്ങാനാകുന്നതിനപ്പുറം സങ്കടവുമായാണ് നഴ്‍സിങ് പഠിക്കാനായി ഡൽഹി എയിംസിലെത്തുന്നത്. പക്ഷേ, ആ ക്യാംപസ് സന്തോഷത്തിന്റെ എൻട്രസ് ടെസ്റ്റിന്റെ വിജയം നമ്മുടെ കയ്യിലാണെന്നു പഠിപ്പിച്ചു.
കുട്ടിക്കാലം മുതലേ എന്റെ എയിം സിനിമയായിരുന്നു. അന്നുപക്ഷേ, ആ ലക്ഷ്യം എങ്ങനെ എത്തിപ്പിടിക്കണമെന്ന് അറിയില്ലായിരുന്നെന്നു മാത്രം.
സിനിമയിൽ തുടരണോ എന്ന ചോദ്യം കുറച്ചുനാൾ മുൻപുവരെ ഉള്ളിലുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമറിയാം. സിനിമ എന്റെ സന്തോഷമാണ്. ഇവിടെ മുന്നേറണമെന്ന ആഗ്രഹവും അതിനുള്ള ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടു സിനിമയിൽ തുടരാനാണ് തീരുമാനം.
അമ്മു ജൊവാസ്
ഫോട്ടോ: നിതിൻ കോസ്മോസ്