Wednesday 22 May 2024 09:46 AM IST

‘പുലിയുള്ള കാടാണ്, ആന പോകുന്ന വഴിയാണ്, സൂക്ഷിക്കണം’: ഷൂട്ടിങ് കാണാൻ വന്ന സ്ത്രീ ദേവുവിനെ പേടിപ്പിച്ചു: കുറുമ്പോടെ കുട്ടിത്താരം

Roopa Thayabji

Sub Editor

malikappuram-devu

മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും...

നാലാം ക്ലാസ്സിലെ കലപിലയാണു മുന്നിൽ. ഏതോ എൽപി സ്കൂളാണെന്നു കരുതല്ലേ. വനിതയുടെ കൊച്ചി സ്റ്റുഡിയോയാണു രംഗം. മുന്നിലുള്ളതു മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായ ‘തഗ്ഗ്’ ശ്രീപതും ‘ക്യൂട്ട് ബേബി’ ദേവനന്ദയും. കുസൃതി കാട്ടിയും പരസ്പരം കൗണ്ടറുകളെറിഞ്ഞും ക്യാമറയ്ക്കു മുന്നിൽ കുറുമ്പു നിറച്ച ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ ‘പ്രസന്റ് ടീച്ചർ...’ പറഞ്ഞു വന്നോളൂ.

അറ്റൻഡൻസ് പ്ലീസ്

ശ്രീ: കണ്ണൂർ ആണ് എന്റെ സ്വന്തം നാട്. പയ്യന്നൂർ ജിഎൽപിഎസ്, മാതമംഗലത്തിൽ നാലാം ക്ലാസ്സിലാണു പഠിക്കുന്നത്. ഈ സിനിമ റിലീസായപ്പോൾ മുതൽ പ്രമോഷനും തിയറ്റർ വിസിറ്റുമൊക്കെയായി കൊച്ചിയിൽ തന്നെയുണ്ട്. കൃത്യമായി പറഞ്ഞാൽ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്കു പോയിട്ടേയില്ല.

ദേവു: കൊച്ചിക്കാരിയാണു ഞാൻ. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഇതെന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്.

പാഠം 1 : ആദ്യ ചാൻസ്

ശ്രീ: അച്ഛന് അഭിനയിക്കാനൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ചെയ്ത ഒരു ടിക്ടോക് വിഡിയോ അച്ഛൻ സോഷ്യൽമീഡിയയിലിട്ടു. അതിനു നല്ല അഭിപ്രായം കിട്ടി. അങ്ങനെ‘ബ്ലൂടൂത്ത്’ എന്ന മ്യൂസിക് ആൽബത്തിൽ അവസരം കിട്ടി.

അതിനു ശേഷമാണ് ‘ത തവളയുടെ ത’ ഓഡിഷനു പോയത്. കുട്ടികളുടെ സിനിമയാണത്, പ്രധാനവേഷം ചെയ്യുന്ന മൂന്നുനാലു പേരിൽ ഒരാളായി അഭിനയിച്ചു. പിന്നെയാണു ‘കുമാരി.’ അതിലെ ചൊക്കൻ എന്ന കഥാപാത്രത്തിനു നല്ല റീച്ച് കിട്ടി.

ദേവു: അപ്പോൾ ചാത്തനെ പേടിയില്ലേ ?

ശ്രീ: ‘മൈ ഡിയർ കുട്ടിച്ചാത്ത’നൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയതു ചാത്തൻ കൂട്ടുകൂടുന്ന കുട്ടിയാണെന്നാ. പിന്നെ, ‘കുമാരി’ റിലീസായപ്പോഴാണ് ആളു ഡെയ്ഞ്ചറാണെന്നു മനസ്സിലായത്. പക്ഷേ, ചാത്തനെ പേടിയില്ല, സത്യം.

ദേവു: അച്ഛന്റെ ഫെയ്സ്ബുക്കിൽ, ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോ കണ്ടിട്ടാണ് ആദ്യത്തെ ഷോർട് ഫിലിമിൽ അവസരം കിട്ടിയത്. അതിനു പിന്നാലെ കുട്ടികളുടെ ഫാഷൻ ഷോയിൽ മത്സരിച്ചു വിജയിച്ചു. ആ പോസ്റ്ററുകളിൽ കണ്ടാണു‘തൊട്ടപ്പ’ന്റെ സംവിധായകൻ വിളിച്ചത്. അതിൽ നായികയുടെ കുട്ടിക്കാലം അഭിനയിക്കാൻ.

പിന്നെയാണു 2018. ആ സിനിമ കോവിഡും ലോ ക് ഡൗണുമൊക്കെയായി കുറേക്കാലം നീണ്ടു. ഇതിനിടയിൽ അഭിനയിച്ച മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, ടീച്ചർ ഒക്കെ റിലീസായി. ഇനി വ രാനുള്ളത് ‘നെയ്മറും’ ‘സോമന്റെ കൃതാവു’മാണ്.

പാഠം 2 : സ്റ്റാർട്ട്... ആക്‌ഷൻ

ശ്രീ: ‘കുമാരി’യിൽ വെള്ളത്തിൽ വീഴുന്ന സീൻ ഉ ണ്ടെന്നു കേട്ടപ്പോൾ അച്ഛനും അച്ചച്ചനും കൂടി നാട്ടിലെ ഒരു കുളത്തിൽ നീന്തൽ പഠിപ്പിച്ചു. അതുകൊണ്ട് ആ സീനൊക്കെ ഈസിയായി ചെയ്തു.

പക്ഷേ, അബദ്ധം പറ്റിയതു തിയറ്ററിൽ സിനിമ കണ്ടപ്പോഴാണ്. ‘എന്റെ ഏട്ടനെ കൊല്ലുന്നേ’ എന്നു പറഞ്ഞ് അനിയത്തിവാവ അലറിക്കരഞ്ഞു. അതോടെ ഇറങ്ങി പോരേണ്ടി വന്നു.

ദേവു: അപ്പോൾ പിന്നെ സിനിമ കണ്ടില്ലേ ?

ശ്രീ: പിന്നില്ലാതെ. അവളെ കൂട്ടാതെ പോയി നാലുവട്ടം കണ്ടു. ഹി, ഹി. ‘മാളികപ്പുറം’ അവൾക്കൊപ്പമാണു കാണാൻ പോയത്. അതിൽ കൂട്ടുകാരിയെ പിടിച്ച് ഓടുന്ന സീൻ അവൾക്കു വലിയ ഇഷ്ടമായി. അത് എത്ര ടേക്കെടുത്തിട്ടാണ് ഓക്കെയാക്കിയത് എന്നു നമുക്കല്ലേ അറിയൂ.

ദേവു: കൂടുതൽ ടേക്കെടുത്ത കാര്യം പറഞ്ഞാൽ ഓർമ വരുന്നത് ‘മൈ സാന്റ’യാണ്. അതിലെ ക്ലാസ്മുറിയിൽ വീഴുന്ന സീനിൽ ആദ്യം വീണപ്പോൾ തന്നെ ശരിക്കും വേദനിച്ചു. അതോടെ പേടിയായി. എട്ടാമത്തെ വീഴ്ചയ്ക്കു മുൻപു സംവിധായകൻ ഒരു ഓഫർ വ ച്ചു, നന്നായി വീഴുകയാണെങ്കിൽ എല്ലാവരും കയ്യടിക്കും. ആ ക്ലാപ്സ് പ്രതീക്ഷിച്ചുള്ള അടുത്ത ടേക് ഓക്കെ. ആ ഐഡിയ നേരത്തേ തോന്നിയില്ലല്ലോ.

ശ്രീ: എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ...

പാഠം 3 : മാളികപ്പുറം

ശ്രീ: ശബരിമലയിൽ പോണമെന്ന ആഗ്രഹം അച്ഛനോടു പറഞ്ഞതിന്റെ പിറ്റേന്നാണു കോൾ വന്നത്, ഈ സിനിമയിലേക്കുള്ള ഓഫർ. കഴിഞ്ഞ സെപ്റ്റംബറിലാണു ഷൂട്ടിങ് തുടങ്ങിയത്. ആ 50 ദിവസവും വ്രതമെടുത്തു.

ഷൂട്ടിങ്ങിനിടെ കന്നിമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ഞങ്ങൾ രണ്ടും മല ചവിട്ടി. പിന്നെ, തുലാമാസത്തിലും അയ്യപ്പസ്വാമിയെ കണ്ടു.

ദേവു: സീസൺ അല്ലെങ്കിലും എന്തൊരു തിരക്കാണെന്നോ ശബരിമലയിൽ. നെയ്യഭിഷേകത്തിന്റെ സമയത്താണു ഞങ്ങൾ ചെല്ലുന്നത്. ഞങ്ങളെ രണ്ടുപേരെയും നേരേ മുന്നിൽ കൊണ്ടു നിർത്തി. കുറേ സമയം തൊഴുതു.

ശ്രീ: കല്ലേലി ഫോറസ്റ്റിലാണ് ഫൈറ്റ് സീൻ എടുത്തത്. പത്തനംതിട്ടയിൽ എവിടെ പാമ്പിനെ പിടിച്ചാലും കൊണ്ടു വിടുന്നത് അവിടെയാണ്. പക്ഷേ, ഷൂട്ടിങ്ങിനിടെ ഒറ്റ പാ മ്പിനെ പോലും കണ്ടില്ല.

ഒരു ദിവസം ഷൂട്ടിങ് കാണാൻ വന്ന സ്ത്രീ പേടിപ്പിച്ചു, പുലിയുള്ള കാടാണ്, ആന പോകുന്ന വഴിയുമാണ്, സൂക്ഷിക്കണം. അവസാന ദിവസം ഷൂട്ട് കഴിഞ്ഞ് എല്ലാവരും തിരിച്ചിറങ്ങിയതിനു പിന്നാലെ ആന വന്നു, ഭക്ഷണപാത്രങ്ങളും ഷീറ്റുമൊക്കെ തട്ടി തെറിപ്പിച്ചു.

ദേവു: സിനിമ റിലീസായ പിറകേ പന്തളം കൊട്ടാരത്തിൽ  വച്ചു സ്വീകരണം കിട്ടി. പൂജാമുറിയിലെ അയ്യപ്പവിഗ്രഹവും തിരുവാഭരണങ്ങളുമൊക്കെ കാണിച്ചു തന്നു.

malikappuram 1

പാഠം 4 : അഭിനയം

ദേവു: അഭിനയിക്കുമ്പോൾ ജീവിതത്തിൽ സംഭവിച്ച അതുപോലുള്ള കാര്യം ഓർക്കാൻ സംവിധായകൻ പറയും. പക്ഷേ, കാലിൽ മുള്ളു കുത്തുന്ന സീനൊന്നും അഭിനയിക്കേണ്ടി വന്നില്ല, നൂറു വട്ടമെങ്കിലും ഷൂട്ടിങ്ങിനിടെ കാലിൽ മുള്ളു കൊണ്ടിട്ടുണ്ട്. കുറേ പ്രാവശ്യം അട്ടയും കടിച്ചു.

ക്ലൈമാക്സിന്റെ തലേന്ന് ഉണ്ണി അങ്കിൾ റൂമിലേക്കു വിളിപ്പിച്ചു. ‘ചുമ്മാ അഭിനയിച്ചാൽ പോരാ, വളരെ ഭക്തി നിറഞ്ഞ രംഗമാണ്. പിന്നെ അച്ഛൻ മരിച്ചതും, മാല ഊരേണ്ടി വന്നതും, വീടു വിട്ടതും ഒക്കെ ഓർത്തു സങ്കടപ്പെടുകയും വേണം’ എന്നു പറഞ്ഞു. അപ്പോൾ ടെൻഷനായി.

ശ്രീ: കരയാൻ ഈസിയല്ലേ, ഗ്ലിസറിനിട്ടു ചുമ്മാ നിന്നാൽ കണ്ണു നീറി കരയാമല്ലോ.

ദേവു : ഗ്ലിസറിൻ ഇട്ടു ചുമ്മാ നിന്നാൽ പോരാ... ആക്‌ഷൻ പറയുമ്പോൾ മുഖത്തു സങ്കടം വരണം. ആ സീനൊക്കെ എടുക്കാനായി ഞാൻ കരഞ്ഞു തകർക്കുമ്പോൾ ഇവൻ നല്ല ഉറക്കമാ. അപ്പോഴാ ശരിക്കും സങ്കടം വന്നത്.

ശ്രീ: പക്ഷേ, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി നീ തന്ന സർപ്രൈസ് ശരിക്കും ഞെട്ടിച്ചു. ഷൂട്ടിങ്ങിനിടയിലാണ്  എന്റെ ബർത്‌ഡേ. ഉറക്കം തൂങ്ങുന്നതിനിടെ ‘പീയൂഷേ...’ എന്ന വിളികേട്ട് ഞെട്ടിയുണർന്നു. സിനിമയിലെ പേരാണത്. പതിനെട്ടാം പടിയിൽ നിന്നിറങ്ങുന്ന സീൻ എടുക്കണമെന്നു കേട്ടപാടേ ഓടിച്ചെന്നു. ആക്‌ഷൻ കേട്ടു താഴേക്കു കാൽവച്ചപ്പോൾ മൈക്കിലൂടെ ദേവുവിന്റെ നേതൃത്വത്തിൽ എല്ലാവരും കൂടി ‘ഹാപ്പി ബർത്ഡേ ടു യൂ’ പാടുന്നു. സന്തോഷം കൊണ്ടു ഗ്ലിസറിനില്ലാതെ കരഞ്ഞുപോയി.

ജൂലൈയിലാണ് ദേവുവിന്റെ ബർത്ഡേ. അതിനുള്ളസർപ്രൈസ് പ്ലാനിങ്ങിലാണ് കേട്ടോ.

malikappuram 2

പാഠം 5 : കുടുംബം

ദേവു: അച്ഛൻ ജിബിനു ബിസിനസാണ്. അമ്മ പ്രീത സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥ. അമ്മൂമ്മയാണ് എ ന്റെ ബെസ്റ്റ് ഫ്രണ്ട്. ഇപ്പോൾ ചൊവ്വരയിലെ പുതിയ വീടിന്റെ പണി കഴിയാറായി. അവിടേക്കു വാങ്ങാനുള്ള പെറ്റ്സിനെ കുറിച്ചാ ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.

ശ്രീ: അച്ഛൻ രജീഷും അമ്മ രസ്നയും സ്കൂൾ അധ്യാപകരാണ്. അനിയത്തി വാമികയ്ക്കു മൂന്നു വയസ്സായി. ഈ സിനിമ കഴിയാറായപ്പോൾ നിർമാതാവ് ആന്റോ ജോസഫ് അങ്കിൾ ചോദിച്ചു, സിനിമ തീരുമ്പോൾ എന്തു ഗിഫ്റ്റ് വേണമെന്ന്. ബീഗിൾ ഡോഗിനെ വേണമെന്നു പറഞ്ഞിട്ടുണ്ട്. പുതിയ വീടിന്റെ പാലുകാച്ചിനു ഗിഫ്റ്റായി കിട്ടിയ മീനുകളുമുണ്ട് പെറ്റ്സിന്റെ കൂട്ടത്തിൽ.

ദേവു: അച്ഛന്റെ കൂട്ടുകാരന്റെ വീട് കണ്ണൂരിലാ. അവിടെ പോകുമ്പോഴെല്ലാം പറശ്ശിനിക്കടവിൽ കയറും. മുത്തപ്പനോടു പറഞ്ഞ ആഗ്രഹങ്ങളെല്ലാം നടന്നിട്ടുണ്ട്. അടുത്ത തവണ വരുമ്പോൾ ശ്രീയുടെ പുതിയ വീട്ടിൽ വരാം കേട്ടോ.

ശ്രീ: രാത്രി നായയെ സ്വപ്നം കണ്ടാൽ എത്രയും വേഗം മുത്തപ്പന്റെയടുത്തു പോയി പ്രാർഥിക്കണമെന്നാ. ആ വിശ്വാസം ഞങ്ങൾ കണ്ണൂരുകാർ തെറ്റിക്കാറില്ല.

അതു പറഞ്ഞപ്പോഴാ ഓർത്തത്, ലൊക്കേഷനിൽ നിനക്കൊരു ‘വട്ടപ്പേരു’ണ്ടായിരുന്നല്ലോ...

ദേവു: അതു പറഞ്ഞാൽ നിന്റെ പേരും പറയും.

ശ്രീ: അയ്യോ വേണ്ട... കോംപ്രമൈസ്... നമ്മൾ ബെസ്റ്റ് ബഡ്ഡീസ് അല്ലേ.

കടപ്പാട്: വനിത ആർക്കൈവ്സ്

  </p>