Saturday 11 April 2020 04:22 PM IST

‘ഞാൻ യങ് അറ്റ് ഹാർട്ട് ആണ്, റൊമാന്റിക് ആണ്; ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ് എന്റെ പ്രണയകഥകൾ’ ; ചെറുപ്പക്കാരുടെ ഹൃദയം കവര്‍ന്ന ഗൗതം മേനോൻ പറയുന്നു..

Sreerekha

Senior Sub Editor

_REE1620 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചെന്നൈയിലെ തിയറ്ററുകളിൽ കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക്  ‘വിണ്ണൈ താണ്ടി വരുവായാ’ വീണ്ടും റിലീസ് ചെയ്തു. കാർത്തിക്കിന്റെയും ജെസ്സിയുെടയും പ്രണയം പിന്നെയും  ചെറുപ്പക്കാരുടെ ഹൃദയങ്ങളെ ഏതോ മാജിക് പോലെ തൊട്ടുണർത്തി. ‘ഗൗതം വാസുദേവ് മേനോൻ’ എന്ന പേര് സംവിധായകന്റെ ടൈറ്റിലിൽ തെളിഞ്ഞപ്പോൾ പ്രേക്ഷകർ ആർത്തു കൈയടിച്ചുകൊണ്ടിരുന്നു.

കേരളത്തിലെ തിയറ്ററുകളിൽ ആ സമയത്ത് മറ്റൊരു റോളിൽ കൈയടികൾ നേടുകയായിരുന്നു ഗൗതം മേനോൻ. ‘ട്രാൻസ്’ എന്ന സിനിമയില്‍ സ്റ്റൈലിഷ് ലുക്കുള്ള അതിഗംഭീര വില്ലനായി. ചെന്നൈ ആൽവാർപെട്ടിലെ ഒാഫിസ് മുറിയിൽ വച്ചു കാണുമ്പോൾ ഗൗതം മേനോൻ അതേ സ്റ്റൈലിഷ് ലുക്കിൽ തന്നെ. ആദ്യം ചോദിക്കാനുണ്ടായിരുന്നതും ആ ചോദ്യമാണ്. റൊമാന്റിക് സിനിമകളുെട സംവിധായകൻ എങ്ങനെ നെഗറ്റീവ് കഥാപാത്രമായി എന്ന്. 

‘‘സത്യത്തിൽ എനിക്ക് അഭിനയത്തോടു വലിയ താൽപര്യം ഇല്ല. എന്റെ സിനിമകളിൽ ചെറിയ സെലിബ്രേഷൻ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്, അത്രയേയുള്ളൂ.’’ ഗൗതം മേനോൻ പറയുന്നു. ‘‘അടുത്തകാലത്ത് തിരക്കിനൊപ്പം മറ്റു ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ചില പടങ്ങൾ മുടങ്ങി, പോരാതെ സാമ്പത്തികം, പ്രൊഡക്‌ഷൻ അങ്ങനെ കുറേ കാര്യങ്ങള്‍. ഇതിനെല്ലാം നടുവിലും ചില വാതിലുകൾ എന്റെ മുന്നിൽ തുറക്കുന്നു... അത് എന്തിനാണെന്ന് എനിക്കു നോക്കണമെന്നുണ്ടായിരുന്നു. ട്രാന്‍സിന്‍റെ സംവിധായകന്‍ അൻവർ റഷീദ് എന്നോടു പറഞ്ഞത്, ഞാൻ ഇന്റർവ്യൂസിൽ സംസാരിക്കുന്ന സ്റ്റൈൽ ഏറെ ഇഷ്ടമാണ്; ആ സ്റ്റൈൽ തന്റെ സിനിമയിൽ വേണമെന്നാണ്. നെഗറ്റീവ് ക്യാരക്ടറായിട്ടും എനിക്ക് ഇഷ്ടമായി. അവസാനം വരുന്ന മരണരംഗം ഒഴികെയെല്ലാം ഞാൻ ആസ്വദിച്ചാണഭിനയിച്ചത്. പ്രധാനമായും ആ ടീമിനൊപ്പം വർക് ചെയ്യുക എന്നതു കൊണ്ടും കൂടിയാണ് അഭിനയിക്കാം എന്നു സമ്മതിച്ചത്. അൻവർ, അമൽ, ഫഹദ്. അതു വളരെ ബ്യൂട്ടിഫുൾ ടീമാണ്. ‘കണ്ണും കണ്ണും’ സിനിമയിലെ റോൾ നിര്‍മാതാവ് ആന്റോ ജോസഫ് വഴി വന്നതാണ്. അതും വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്.  

ആദ്യ സിനിമ ‘മിന്നലെ’ ഇറങ്ങിയിട്ട് 20 വർ ഷം. ഇന്നും എങ്ങനെയാണ് യൂത്തിന്റെ പ്രിയ സംവിധായകനായിരിക്കുന്നത്?    

അതെനിക്കറിയില്ല. എന്തായാലും ഞാൻ യങ് അറ്റ് ഹാർട്ട് ആണ്; റൊമാന്റിക് ആണ്. പ്രണയകഥകൾ എന്റെ മനസ്സിലേക്ക് എളുപ്പം വരുന്നു. ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ് ഞാൻ സിനിമയിൽ പകർത്താനാഗ്രഹിക്കുന്നതും. എന്റെ ചുറ്റുമുള്ള ഒരുപാട് കാര്യങ്ങൾ  എനിക്കു പ്രചോദനം പകരുന്നുണ്ട്.     

റൊമാന്റിക് സിനിമ, ആക്‌ഷൻ സിനിമ. ഏതാണ് കൂടുതൽ തൃപ്തി തരുന്നത്?

റൊമാൻസിലാണ് കൂടുതൽ സംതൃപ്തി. ഞാൻ ചെയ്തതിലെ ഏറ്റവും പ്രിയ സിനിമ ‘വിണ്ണൈ താണ്ടി വരുവായാ’ തന്നെ ആണ്. വളരെ കാൻഡിഡ് ആയി, റിയലായി ഷൂട്ട് ചെയ്ത ഫിലിം ആണത്. അതിൽ ത‍ൃഷ നടന്നു വരുന്ന സീനിൽ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാചുറലായി വന്നതാണ്. അതിൽ പകുതി രംഗങ്ങളിലും താരങ്ങൾ അഭിനയിക്കുമ്പോൾ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. കാരണം, റിഹേഴ്സൽ ചെയ്ത സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു കുറേ സീനുകൾ. നമ്മൾ നായകന്മാരോടു കഥ പറയുമ്പോൾ അവർ റൊമാൻസ് മാത്രം പോരാ, ആക്‌ഷനും വേണം എന്നു പറയുന്നതിനാൽ ആക്‌ഷനിലേക്കു പോകുന്നതാണ്. യഥാർഥത്തിൽ ഞാനിഷ്ടപ്പെടുന്നത് റൊമാന്റിക് മൂവീസ് ചെയ്യാനാണ്.  

‘ക്വീൻ’ വെബ് സീരീസ് ശ്രദ്ധേയമായല്ലോ?   

ഒരു െവബ്സീരീസ് െചയ്യാനുള്ള ഒാഫർ വന്നപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് എഴുതാൻ സമയമില്ല; ഡയറക്ട് ചെയ്യാമെന്ന്. അങ്ങനെ എന്‍റെ വർക് പാര്‍ട്ണര്‍ രേഷ്മ ഈ സബ്ജക്റ്റ് ഗവേഷണം നടത്തി എഴുതി. ബ്യൂട്ടിഫുൾ സ്ക്രിപ്റ്റ് ആയിരുന്നു. പ്രസാദ് മുരുകേശൻ എന്ന മറ്റൊരു ഡയറക്ടറും ഒന്നിച്ചുള്ള ടീം വർക് ആയിരുന്നു. സെക്കൻഡ് പാർട്ട് മെയ് മാസം തുടങ്ങുകയാണ്. ഇങ്ങനെ ഒന്നിച്ചു േചര്‍ന്നുള്ള വർക്കുകള്‍ ചെയ്യാനാണ് ഞാൻ ഇനി ആഗ്രഹിക്കുന്നത്.

‘വിണ്ണൈ താണ്ടി വരുവായാ’ രണ്ടാം ഭാഗം ചെയ്യാനാഗ്രഹിക്കുന്നെന്നു കേട്ടു?

അതെ. പത്തു വർഷത്തിനു ശേഷമുള്ള കാർത്തിക്കിന്റെ ജീവിതം. കുറേയുണ്ട് ആ ക്യാരക്റ്ററൈസേഷൻ. കുറേ ഞാൻ എഴുതിയിട്ടുണ്ട്. അതുപോലെ ‘വേട്ടയാട് വിളയാട്’ സിനിമയുടെ  രണ്ടാം ഭാഗവും മനസ്സിലുണ്ട്.

‘വിണ്ണൈ താണ്ടി വരുവായാ’യിൽ സ്വന്തം ജീവിതം ഏറെ ഉള്ളതു െകാണ്ടാണോ ഇത്രയ്ക്കിഷ്ടം?

‘വിണ്ണൈ താണ്ടി വരുവായാ’ മുഴുവനും എന്റെ ജീവിതം അല്ല.  ഫിലിം മേക്കർ ആകാൻ സ്വപ്നം കാണുന്ന ആ ചെറുപ്പക്കാരൻ, അവന്റെ മനസ്സിലെ വികാരങ്ങള്‍, ജെസ്സി അവന്റെ ജീവിതം വിട്ടു പോയപ്പോഴുള്ള മാനസികാവസ്ഥ അവൻ സിനിമയിൽ പകർത്തുന്നത്... അതെല്ലാം ഞാൻ തന്നെയാണ്.

എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസ്സി. എന്നെക്കാൾ അൽപം പ്രായം കൂടിയൊരു പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്റെ മുകൾ നിലയിലാണ് അവള്‍ താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേതു േപാെല തന്നെ. കൗമാരത്തിൽ മനസ്സിലുണ്ടായ പ്രണയം റിക്രിയേറ്റ് ചെയ്യുകയായിരുന്നു. അന്ന് താമസിച്ചിരുന്നതു പോലെ ഒരു വീട് ഷൂട്ടിങ്ങിനായി തേടി കണ്ടു പിടിച്ചു. സിനിമയിലെ ജെസ്സി എങ്ങനെ ഈ സിനിമയിൽ കാർത്തിക്കിന്റെ കൂടെ ഈ പടം കണ്ടോ അതേ പോലെ ‘യഥാർഥ ജീവിതത്തിലെ ജെസ്സി’ ചെന്നൈയിൽ വച്ച് എന്റെ കൂടെയിരുന്ന് ഈ പടം കണ്ടു.  

പൊലീസ് സ്റ്റോറികളോട് ഇഷ്ടക്കൂടുതലിനു കാരണം?

പൊലീസ് സ്റ്റോറിയോട് ആകർഷണമുണ്ട്. പൊലീസ് എന്ന് വിചാരിക്കുമ്പോൾ സാധാരണ മനസ്സിലൊരു  പേടിയുണ്ട്. അ വർ അഴിമതിക്കാരാണെന്ന തോന്നലുണ്ട്.  ആ ധാരണ തിരുത്തണമെന്നുണ്ടായിരുന്നു.  പൊലീസ് കഥകളിൽ വരുന്ന നായകർ, അവരുെട ക്വാളിറ്റി, ജീവിതം...അതു കൊണ്ടുവരാനായിരുന്നു എന്‍റെ ശ്രമം. ഒരുപാട് പൊലീസ് ഒാഫിസേഴ്സ് എന്നെ കാണുമ്പോൾ പറയാറുണ്ട്, ഞങ്ങൾ ‘കാക്ക കാക്ക’ കണ്ടിട്ടാണ് െഎ പി എസ് എഴുതിയതെന്ന്.  ഇപ്പോൾ കാണുമ്പോൾ തോന്നും ജ്യോതികയുടെ കഥാപാത്രം അവസാനം മരിക്കേണ്ടിയിരുന്നില്ല, അവൾ ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്ന്. പക്ഷേ, അന്ന് ആ കഥ അങ്ങനെയെഴുതാനാണു തോന്നിയത്.

chimbpo

‘വാരണം ആയിര’ത്തിൽ അല്ലേ സ്വന്തം ജീവിതം ഏറ്റവും അധികം വന്നത്?

അത് അച്ഛന്റെ ഒാർമയ്ക്ക് ട്രിബ്യൂട്ട് ആയി ചെയ്ത പടം ആണ്. അച്ഛൻ മരിച്ചപ്പോൾ ഞാനൊരു യാത്രയിലായിരുന്നു. അച്ഛന് അസുഖമായിരുന്നു. ഇനി ഒരു വർഷം കൂടിയേ ഉണ്ടാകൂ എന്നു ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ, മൂന്നു മാസത്തേക്കു കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും പറഞ്ഞു. ആ സമയത്താണ് ‘വാരണം ആയിര’ത്തിന്റെ തിരക്കഥ എഴുതാൻ ഞാൻ അേമരിക്കയിലേക്കു പോയത്. അവിടെ െചന്നു കഴിഞ്ഞാണ് ഫോൺ  വരുന്നത്, അച്ഛൻ മരിച്ചു എന്ന്. മടക്കയാത്രയില്‍ അച്ഛനെപ്പറ്റിയുള്ള എന്റെ ആദ്യ ഒാർമ തൊട്ട്  അവസാന ദിവസം വരെയുള്ള ഒാർമകള്‍ ലാപ്ടോപ്പിൽ എഴുതി. അതായിരുന്നു ‘വാരണം ആയിരം’. അച്ഛന്റേത് വളരെ ഫ്രീ സ്പിരിറ്റഡ്  ജീവിതമായിരുന്നു. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ പ്രണയങ്ങളിലൊന്ന് അച്ഛന്റെയും അമ്മയുടെയും പ്രണയമാണ്. അമ്മ തമിഴ്നാട്ടുകാരിയാണ്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുമ്പോഴാണ് അവർ തമ്മിൽ കണ്ടുമുട്ടിയത്. ഇപ്പോഴും ഒറ്റപ്പാലത്തെ അച്ഛന്റ തറവാട്ടിൽ ഞാനിടയ്ക്കു പോകും.

എങ്ങനെയാണ് ഗൗതം മേനോൻ എന്ന അച്ഛൻ?

മൂന്ന് ആൺകുട്ടികളാണെനിക്ക്. ആര്യ, ധ്രുവ, ആദ്യ. എന്റെ അച്ഛൻ എന്നോട് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഞാൻ എന്റെ മക്കളോടും. അച്ഛനമ്മമാരിൽ ഒരാൾ കുറച്ച് സ്ട്രിക്റ്റ് ആവണം എന്നാണെന്റെ പക്ഷം. എന്റെ ഭാര്യ പ്രീതിയാണ് ആ സ്ട്രിക്റ്റ് റോളിൽ. ഞാൻ ഫ്രണ്ട്‌ലി അച്ഛന്റെ റോളിലും. മക്കൾ  മൂന്നു പേരും ക്രിക്കറ്റേഴ്സ് ആണ്. സിനിമാകാര്യങ്ങളിലൊന്നും അത്ര താൽപര്യമില്ല. എന്റെ സിനിമയിലെ മ്യൂസിക്കും സോങ്സും അവർക്കാണ് ഞാൻ ആദ്യം കാണിച്ചു െകാടുക്കുന്നത്. ഇപ്പോൾ ഷൂട്ടിങ്ങിനു വരണമെന്നു പറഞ്ഞിട്ട് എന്റെ പുതിയ സിനിമ ‘ജോഷ്വാ’യുടെ സെറ്റിൽ വന്ന് ആക്‌ഷൻ സീൻസ് കണ്ടിരുന്നു.

ക്രിയേറ്റിവ് ജീവിതത്തിൽ ഭാര്യയുടെ സപ്പോർട്ട്?

പ്രീതിയുടെ സപ്പോർട്ട് നൂറു ശതമാനം ഉണ്ട്. പക്ഷേ, ഞാൻ അവരെക്കുറിച്ച് ഇന്റർവ്യൂവിൽ സംസാരിക്കുന്നതൊന്നും ഇ ഷ്ടമല്ല. കഴിഞ്ഞ് 20 വർഷമായി എന്റെ ഒരു അഭിമുഖത്തിലും അവരുെട ഫോട്ടോ വരാറില്ല. ഇത് പ്രീതിയുടെ നിർദേശമാണ്. ഒരിക്കൽ ‘ആനന്ദവികടന്‍’ മാസികയില്‍ നിന്ന് എന്‍റെ അഭിമുഖം എടുക്കാന്‍ വന്നു. അവര്‍ എടുത്ത ഫോട്ടോയുെട ബാക്ഗ്രൗണ്ടില്‍ പ്രീതി ഉണ്ടായിരുന്നു. അവര്‍ അതു സൂം െചയ്ത് അച്ചടിച്ചു. ഇതുകാരണം പ്രീതി പത്തു ദിവസം എന്നോടു പിണങ്ങി മിണ്ടാതെ നടന്നു. അത്രയേറെ അവർ സ്വകാര്യത ആഗ്രഹിക്കുന്നു. കുട്ടികളുെട കാര്യത്തിലും അതേ.

എങ്ങനെയായിരുന്നു പ്രണയം?

കുട്ടിക്കാലത്തെ സൗഹൃദമായിരുന്നു. ‘വാരണം ആയിര’ത്തിൽ കാണുന്ന അതേ സ്റ്റോറി. സിസ്റ്ററിന്റെ ക്ലാസ്മേറ്റ് ആയിരുന്നു പ്രീതി. ഒരു സ്റ്റേജിൽ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞാണു ഞാൻ യെസ്  പറഞ്ഞത്. വളരെ ആഴത്തിലുള്ള ഒരു കണക്ട് ഉണ്ട്, പ്രീതിക്കും എന്റെ അച്ഛനമ്മമാർക്കും തമ്മിൽ. ആ കാര്യത്തിൽ ഞാൻ  ഭാഗ്യവാനാണ്.

ലവ് അറ്റ് അറ്റ് ഫസ്റ്റ് സൈറ്റും സൗഹൃദം പ്രണയമാകുന്നതും – ഏതിലാണ് കൂടുതൽ വിശ്വസിക്കുന്നത്?

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ പോലെ ‘വാരണം ആയിര’ത്തിൽ കാണിക്കുന്നത്, മുഖത്തിന്റെയോ ശാരീരികഭംഗിയുടെയോ സൗന്ദര്യത്തിന്റെയോ ഒന്നും അല്ല, അത് ആ നിമിഷത്തിന്റെ ഫീൽ ആണ്. അതു വെറും ശാരീരികം അല്ല. രണ്ടു വ്യക്തികൾ തമ്മിൽ ആ നിമിഷത്തിന്റെ മാജിക് കൊണ്ട് സംഭവിക്കുന്ന കണക്‌ഷൻ ആണ്. ആ നിമിഷം ആണ് ഞാൻ ഉള്‍ക്കൊണ്ടു പകര്‍ത്തിയിരിക്കുന്നത്. മഴ, തീവണ്ടി, രാത്രി, മറ്റാരും ഇല്ലാതെ അ വർ രണ്ടും തനിയെ ആയിരിക്കുന്നത്.... ആ നിമിഷം കാരണമാണ് സൂര്യക്ക് അവളോട് ആകർഷണം തോന്നുന്നത്.

എന്റെ ജീവിതത്തിൽ പല ഘട്ടത്തിലും എനിക്കതനുഭവപ്പെട്ടിട്ടുണ്ട്. സ്ത്രീപുരുഷബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ല. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരോടും സംഗീത സംവിധായകരോടും ഉള്ള സൗഹൃദങ്ങളും അത്തരം നിമിഷങ്ങളില്‍ ഉടലെടുക്കുന്ന ബന്ധങ്ങളാണ്.

ട്രിച്ചിയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിലുള്ള ഒരു കോളജിലാണ് ഞാന്‍ എൻജിനീയറിങ്ങിനു ചേര്‍ന്നത്. ആദ്യ ദിവസം ഫോം ഒക്കെ പൂരിപ്പിച്ച് െെലനില്‍ നില്‍ക്കുകയാണ്. തിരിഞ്ഞു നോക്കിയ ഒരു നിമിഷം  മൂന്നാല് പയ്യൻമാർ ഹായ് പറഞ്ഞ് എന്നെ നോക്കി. അവരാണ് ഇന്നേ വരെ എന്റെ ലൈഫിലെ ബെസ്റ്റ് ഫ്രണ്ട്സ്. അത് ആ നിമിഷത്തിന്റെ ഏതോ മാജിക്കിൽ ഉണ്ടായ സൗഹൃദമാണ്. ‘നീ താനേ എൻ പൊൻ വസന്ത’ത്തിൽ ഒരു ഷോട്ടിൽ ഞാനിതു പകർത്തിയിട്ടുണ്ട്.

എന്റെ സിനിമയിലെ പാട്ടുകൾ പിറക്കുന്ന നിമിഷങ്ങളും അങ്ങനെ ഉണ്ടായിട്ടുള്ളതാണ്. ഞാൻ സംഗീത സംവിധായകരോട് കഥയും സന്ദര്‍ഭവും എനിക്കു വേണ്ട മൂഡും എല്ലാം വളരെ വിശദീകരിച്ചു പറഞ്ഞു കൊടുക്കും. അവർ കംപോസ് ചെയ്യാൻ തുടങ്ങും. ഇതുവരെയുള്ള എന്‍റെ സിനിമകളിലെ എല്ലാ ഗാനങ്ങളുെടയും ഈണം അതിന് ആദ്യം െകാടുത്ത ഈണം തന്നെയാണ്. ഇന്നേ വരെ മറ്റൊരു ഈണം േവണം എന്നു പറഞ്ഞിട്ടില്ല. അത് ആ നിമിഷത്തിന്‍റെ മാജിക് ആണെന്നു ഞാൻ വിശ്വസിക്കുന്നു. സിനിമറ്റോഗ്രഫേഴ്സിനോടും അങ്ങനെ തന്നെ.  എന്റെ മനസ്സിലുള്ള അതേ ഫ്രെയിം ആകും അവർ പകർത്തുന്നത്. ഇതെല്ലാം രണ്ടു പേർ തമ്മിലുള്ള കണക്ട് ആണ്. ആ ബന്ധം തോന്നിയില്ലെങ്കിൽ അവരുെട കൂടെ പത്തു മിനിറ്റ് പോലും ഞാൻ ചെലവിടില്ല.

സിനിമയിൽ പകർത്തിയ അത്രയും റൊമാൻസ് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ?

നേരേ മറിച്ചാണ്. ഞാൻ ജീവിതത്തിൽ അനുഭവിച്ച റൊമാൻസിന്റെ കുറച്ചു ഭാഗം മാത്രമാണ് സിനിമയിൽ പകർത്തിയത്. സിനിമയിൽ പരിമിതികളുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള ആത്മാവിന്‍റെ ആ ബന്ധം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ആര്‍ക്കും അതിൽ നിന്നു മുഖം തിരിച്ച് നിൽക്കാ‍ൻ പറ്റില്ല.  പ്രണയത്തിൽ  നമ്മൾ  ഒരു വര വരയ്ക്കണം, ആ വര വരെ പോകാം. അതിനപ്പുറം പോകരുത്. അങ്ങനെയാകുമ്പോ ആ പ്രണയം പ്രചോദനമായും സൗന്ദര്യത്തോടെയും നിൽക്കും.

എന്താണ് മനസ്സിലെ റൊമാന്റിക് സങ്കൽപം?

ഞാനൊരു റൊമാന്റിക് പഴ്സൺ ആണ്. മഴ എനിക്കിഷ്ടമാണ്. പ്രത്യേകിച്ചു കേരളത്തിലെ മഴ. പ്രണയത്തെ കുറിച്ചുള്ള എന്റെ റൊമാന്റിക് സങ്കൽപം, മഴ പെയ്യുന്ന ജനാലയ്ക്കരികെ കൈയിൽ ഒരു കപ്പ് ഹോട്ട് ചോക്കലേറ്റുമായി ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കൈ പിടിച്ചിരിക്കുന്നതാണ്.

അടുത്ത കാലത്തെ പ്രശ്നങ്ങൾ ക്രിയേറ്റിവ് ജീവിതത്തെ ബാധിച്ചിട്ടുണ്ടോ?  

തീർച്ചയായും. ഞാൻ തനിയെ, ചില ശ്രമങ്ങളിലൂടെ അവയെ മറികടക്കാൻ ശ്രമിക്കുകയാണ്. ‘എന്നെ നോക്കി പായും തോട്ട’  എന്ന സിനിമയില്‍ ഞാൻ സംവിധായകനാണ്. നിര്‍മാതാവല്ല. എങ്കിലും റിലീസ് ചെയ്യാൻ എന്റേതായ എല്ലാ ശ്രമവും എടുത്തിരുന്നു. എനിക്ക് എഴുതാൻ സാധിക്കും. നായകന്മാരുമായി നല്ല ബന്ധം ഉണ്ട്. മൂന്ന്– നാല്  സിനിമകൾ ചെയ്താൽ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവും.

ജീവിതത്തിലെ മിറക്കിൾ

‘കാക്ക കാക്ക’ എന്ന സിനിമയുെട തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയം. കൊളംബോയിലായിരുന്നു ഷൂട്ടിങ്. ക്ലൈമാക്സില്‍ കാണിക്കുന്ന തടാകവും  വുഡ്ഹൗസും അവിടെയായിരുന്നു.  അറുപതടി താഴ്ചയുണ്ട് തടാകത്തിന്. അതിന്‍റെ അറ്റം വരെ പോകാന്‍ ഒരു േബാട്ട് ഉണ്ടാക്കിയിരുന്നു. ആദ്യ ദിവസം ബോട്ടിൽ കയറുമ്പോൾ തന്നെ എനിക്കൊരു ഗട്ട് ഫീലിങ് തോന്നി. ലൈഫ് ജാക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ േബാട്ടില്‍ െവള്ളം കയറാന്‍ തുടങ്ങി. ബോട്ട് തകർന്ന് എല്ലാവരും വെള്ളത്തിൽ. എനിക്കൊഴിച്ച് മിക്കവർക്കും നീന്തലറിയാം. ഞാൻ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി. അങ്ങനെ താഴ്ന്നു പോകുമ്പോൾ ജീവിതത്തില്‍ അതുവരെ നടന്ന എല്ലാ നിമിഷങ്ങളും മനസ്സിൽ മിന്നിത്തെളിഞ്ഞു. ഒരാഴ്ച മുമ്പായിരുന്നു നടി സൗന്ദര്യ അപകടത്തിൽ മരിച്ചത്. എന്തിനെന്നറിയില്ല, സൗന്ദര്യയുടെ മുഖവും എന്റെ മനസിൽ വന്നു. മരണത്തെ തൊട്ടു മുന്നില്‍ കാണും പോെല...

താഴ്ന്നു പോയിട്ട് ആരായാലും ഒന്നു െപാങ്ങി മുകളിൽ വരും. അങ്ങനെ ഞാൻ മേലെ വന്നതൊരു പത്തു സെക്കന്റാണ്. ആ സമയം നടി അസിന്റെ അച്ഛനെ മുകളിൽ കണ്ടു. ഞാൻ പതുക്കെ പറഞ്ഞു:  ‘അങ്കിൾ, െഎ കാണ്ട് സ്വിം..’ പെട്ടെന്ന്  അദ്ദേഹം എന്നെ കൈ പിടിച്ചു കയറ്റി. അത് എന്റെ  ജീവിതം മാറ്റിയ നിമിഷമായിരുന്നു. ‘ശ്രീലങ്കയ്ക്ക് മുന്‍പും േശഷവും’ എന്ന് എന്റെ  ജീവിതത്തെ തിരിക്കാം. നമുക്കെല്ലാം അതീതമായ ഒരു പ്രപഞ്ചശക്തിയുടെ പവറിൽ ഞാൻ വിശ്വസിക്കുന്നു. ആ ശക്തിയോട് ഞാൻ മനസ്സിൽ സംസാരിക്കാറുണ്ട്.  

_REE1678
Tags:
  • Celebrity Interview
  • Movies