മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച കുപ്പിവളകൾ. ആ രംഗം ഒന്നുകൂടെയൊന്നു പൊലിപ്പിക്കാൻ എന്നപോലെ ‘കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം, കലാകാരൻ’ എന്ന ഗാനം സ്പീക്കറിൽ ഉയർന്നു കേട്ടു.
‘അയാൾ ഞാനല്ല’ എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ ദിവ്യ പറഞ്ഞത് പുതിയ ചിത്രമായ ബസൂക്കയുടെ വിശേഷങ്ങൾ മുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഗോസിപ്പുകളുടെ യാഥാർഥ്യം വരെ.
ദിവ്യയുടെ വിവാഹം, വിവാഹമോചനം, പ്രണയം... ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ടല്ലോ?
മഴയിൽ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണു ഞാനും. ഫേക്ക് ഐഡിയുടെ പിന്നിൽ ഇരുന്ന് ആർക്കും എന്തും പറയാം. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എ ന്റെ സ്വകാര്യതയല്ലേ? എന്തിനാണു മറ്റുള്ളവർ അവിടേക്ക് എത്തി നോക്കുന്നത്. ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ. അതേക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ട് എന്നുപോലും തോന്നുന്നില്ല.
ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകൾ പലതും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോൾ പറയാം. ഞങ്ങൾ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകൾ. അദ്ദേഹം വിദേശി ആയതിനാൽ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഞങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കണ്ടല്ലോ എന്നു കരുതി സ്നേഹത്തോടെ പിരിഞ്ഞു.
നിയമപരമായി വിവാഹിതയാകാത്ത ഞാൻ എങ്ങനെയാണു വിവാഹമോചനം നേടുക? ഇതൊക്കെ നടന്നു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം മറ്റൊരു വിവാഹം ക ഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു.
ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും ഇപ്പോൾ മാവേലിക്കരയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. വിശ്രമജീവിതം ആനന്ദകരമാക്കാൻ കുറച്ചു കൃഷിയുമുണ്ട്. ചേച്ചി പൂജ ഭർത്താവ് അഭിലാഷിനും മകൻ അദ്വൈതിനുമൊപ്പം ചെന്നൈയിലാണു താമസം. എന്നെ ഞാനായി കാണുന്ന, ചേർത്തു പിടിക്കുന്ന ഈ മനുഷ്യരാണ് എ ന്റെ ജീവിതത്തിലെ വലിയ സന്തോഷം, എന്റെ ലോകം.
അഞ്ജലി അനിൽകുമാർ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂലൈ ആദ്യ ലക്കത്തിൽ