Wednesday 19 December 2018 10:58 AM IST

‘സിനിമ എന്റെ പ്രണയമായിരുന്നു, പ്രാണന്‍ നൃത്തമാണ്...’; ഡോ. ശ്രീധർ ശ്രീറാം എന്ന രാമനാഥന്റെ വിശേഷങ്ങൾ

Sujith P Nair

Sub Editor

ramanadhan-v6 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും. വീടിനു മുന്നിൽ ‘വരുവാനില്ലാത്ത ആരെയോ കാത്ത്’ എന്ന പോലെ രാമനാഥൻ. പ്രണയം ഒളിപ്പിച്ച കണ്ണുകൾ കൊണ്ട് നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് ആകർഷിച്ചു കൊണ്ടുവന്ന ആ നർത്തകൻ. ‘മണിച്ചിത്രത്താഴ്’ റിലീസായി 25 വർഷം കഴിഞ്ഞെങ്കിലും മലയാളി സ്നേഹിച്ച ആ രാമനാഥന്റെ മിഴികളിലെ തി ളക്കത്തിനും ചുവടുകളിലെ വഴക്കത്തിനും ഒട്ടും കുറവില്ല.

സിനിമയിൽ തിരക്കിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ പ്രണനോളം പ്രിയപ്പെട്ട നൃത്തം വിളിച്ച വഴിയേ, അനുസരണയോടെ അനുഗമിച്ചു ഡോ. ശ്രീധർ ശ്രീറാം എന്ന രാമനാഥൻ. ബെംഗളൂരുവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ് ഇദ്ദേഹമിന്ന്. ഇന്ത്യയിലും വിദേശത്തുമായി വർഷത്തിലേറെ ദിവസവും ഒട്ടനവധി നൃത്ത വേദികളിൽ നിറഞ്ഞാടുന്നു. ഭാര്യ അനുശ്രീയെയും മകൾ അനഘയെയും ശിഷ്യരെയും ചേർത്തു 101 മക്കളെന്ന് രസികൻ തമാശ പറഞ്ഞാണ് ശ്രീധർ സംസാരിച്ചു തുടങ്ങിയത്. ‘‘മണിച്ചിത്രത്താഴിനു ശേഷം എല്ലാവരും തേടുമ്പോഴും സിനിമയിൽ നിന്നു മാറി നൃത്തത്തിന്റെ ലോകത്തിലേക്ക് ഒതുങ്ങിയിരുന്നു. ‘അവൻ അനന്തപത്മനാഭൻ’ എന്ന ഒരു ചിത്രത്തിൽക്കൂടി അഭിനയിച്ചു. സുധാ ചന്ദ്രൻ ആയിരുന്നു നായിക. പിന്നീട് മലയാളത്തിൽ നിന്ന് വിളിയൊന്നും വന്നില്ല. ഫാസിൽ സാറിനെ പിന്നീട് കണ്ടിട്ടു കൂടിയില്ല. സിനിമ എന്റെ പ്രണയമായിരുന്നു, പ്രാണന്‍ നൃത്തമാണ്. ’’

25 വർഷം കഴിഞ്ഞും കഥാപാത്രത്തിന്റെ പേരിൽ ഓർക്കുന്നത് അപൂർവമാണ്?

‘മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ്. നാലും അഞ്ചും വർഷമൊക്കെ ചില സിനിമകൾ ഓർമയിൽ നിൽക്കും. ഇത് പക്ഷേ, അങ്ങനെയല്ല. എല്ലാ മാസവും ഏതെങ്കിലും ചാനലി ൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇ ന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്.

അടുത്തിടെ സൂര്യ കൃഷ്ണമൂർത്തി സാറ് സംഘടിപ്പിച്ച ഒ രു കേരള പര്യടനമുണ്ടായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ ഞ ങ്ങൾ നൃത്ത പരിപാടി അവതരിപ്പിച്ചു. യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ‘മണിച്ചിത്രത്താഴ്’ ചിത്രീകരിച്ച പത്മനാ ഭപുരം കൊട്ടാരം സന്ദർശിക്കാൻ പോയി. ഭാര്യയ്ക്കും മോൾക്കുമൊപ്പം പഴയ ഓർമകൾ പങ്കിട്ടു നടക്കുകയാണ്. പെട്ടെ  ന്നാണ് മറ്റൊരു സംഘം മുന്നിലെത്തി ചോദിച്ചത്, ‘നാഗവല്ലിയുടെ രാമനാഥനല്ലേ?’ അദ്ഭുതപ്പെട്ടുപ്പോയി. ‘ഒരു മുറൈ വ ന്തു പാർത്തായാ...’ പാടി ചുവടു വയ്പ്പിച്ച ശേഷമാണ് അവ ർ പോകാൻ അനുവദിച്ചത്.

മറ്റൊരിക്കൽ സ്വിറ്റ്സർലൻഡിലെ വേദിയിൽ നൃത്തം അ വതരിപ്പിച്ച് വിശ്രമിക്കുമ്പോൾ ഒരു മലയാളി കുടുംബം കാണാൻ വന്നു. രാമനാഥനെ പരിചയപ്പെടാനാണ് അവർ വന്നത്. ഒപ്പമുണ്ടായിരുന്നവരോട് ‘മണിച്ചിത്രത്താഴി’നെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നതു കേട്ടപ്പോൾ അഭിമാനം തോന്നി. അക്കാലത്ത് വിദേശ ഷോകളിെലാക്കെ  ‘ഒരു മുറൈ വന്ത് പാർത്തായാ’ നൃത്തരംഗം മസ്റ്റ് ആയിരുന്നു. ഗൾഫിലൊക്കെ എത്ര സ്‌റ്റേജിൽ ഇതു ചെയ്തു എന്നതിന് കണക്കില്ല. ഏത് അവാർഡിനേക്കാളും വലുതാണ് ലഭിക്കുന്ന ഈ സ്നേഹം.

ramanadhan-v2

കന്നഡയിൽ നായകനായി തിളങ്ങി നിൽക്കുമ്പോഴാണ് രാമനാഥനാകുന്നത്?

കന്നഡയിലെ തിരക്കിനിടയിലാണ് കെ. ബാലചന്ദർ സാറി   ന്റെ ‘മനതിൽ ഉറുതി വേണ്ടും’ എന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തു. ശോഭനയുടെ ഗുരു ചിത്രാ വിശ്വേശ്വരന് എന്നെ വളരെയിഷ്ടമായിരുന്നു. രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത്.

‘മണിച്ചിത്രത്താഴി’ല്‍ നൃത്തസംവിധാനവും ചെയ്തു?

വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്. ‘ഒരു മുറൈ വന്ത് പാർത്തായാ’ക്ക് ക്ലാസിക്കൽ നൃത്തമാണ് വേണ്ടത്. ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്‌റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്.

ഒടുവിൽ ശോഭനയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഫാന്റസിയിൽ നിന്നു റിയാലിറ്റിയിലേക്ക് വരേണ്ടത് അവിടെയാണ്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ്. നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. രാമനാഥന്റെ അനുരാഗത്തിൽ മയങ്ങിയ നാഗവല്ലിയെ അയാൾ നൃത്തത്തിലൂടെ തന്നിലേക്ക് പിടിച്ച് അടുപ്പിക്കുന്നു. ആ നിമിഷത്തിൽ ഫാന്റസി കട്ട് ചെയ്തു നൃത്തത്തിന്റെ തുടർച്ചയെന്നോണം റിയാലിറ്റിയിലേക്ക് പോകും. എന്റെ നിർദേശം ഫാസിൽ സാറിന് ഇഷ്ടമായി.  

പ്രതിഭകൾക്കൊപ്പമായിരുന്നു എന്നും ?

കന്ന‍ഡയിൽ ‘പുട്ടണ കനഗളാ’ണ് എന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത്. തമിഴിൽ കെ. ബാലചന്ദർ. മലയാളത്തിൽ ഫാസിൽ. ഒപ്പം സെക്കൻഡ് യൂണിറ്റിന്റെ ചുമതലക്കാരായി   പ്രിയദർശൻ, സിബി മലയിൽ തുടങ്ങിയരും നായകൻ മോഹ ൻലാലും. അദ്ദേഹം ‘കമലദളം’ ചെയ്ത സമയമാണ്. എന്നോട് ഏറെ സംസാരിക്കുന്നത് നൃത്തത്തെക്കുറിച്ചാണ്. നൃത്തം അറിയാതെ അതു ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടൊക്കെ. സുരേഷ് ഗോപിയുമായി ഏറെക്കാലം ബന്ധം സൂക്ഷിച്ചിരുന്നു. നെടുമുടി വേണു വളരെ സീരിയസാണ്, എങ്കിലും കൈകൾ എപ്പോഴും താളം പിടിച്ചു കൊണ്ടിരിക്കും. ഞാൻ ചില മലയാളം വാക്കുകൾ ഒക്കെ പഠിച്ചു പ്രയോഗിക്കുമ്പോൾ പലപ്പോഴും വലിയ അബദ്ധത്തിലാകും ചെന്നെത്തുക. അപ്പോൾ എല്ലാവരും കൂടി പൊട്ടിച്ചിരിക്കും.

സിനിമയേക്കാൾ മുൻപ് തന്നെ സാഹിത്യം കൂടെയുണ്ടായിരുന്നു?

സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തു തന്നെ ഞാൻ ദൂരദർശനു വേണ്ടി ഒരു ഹിന്ദി സീരിയലിൽ അഭിനയിച്ചു, 1988ൽ. തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയർ’ എം.എസ്. സത്യു ഹിന്ദിയിൽ ദൂർദർശനു വേണ്ടി ചെയ്തപ്പോൾ കൊച്ചുപിള്ളയുടെയും കേശവന്റെയും കഥാപാത്രങ്ങൾ ഞാനാണ് ചെയ്തത്. അമ്പലപ്പുഴയിലാണ് ഷൂട്ടിങ്. അന്ന് ഞാൻ എന്നും ക്ഷേത്രത്തിൽ പോകും, തിരുനടയിൽ നൃത്തം ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം സത്യു സാർ പറഞ്ഞു, തകഴി ലൊക്കേഷനിൽ വന്നിട്ടുണ്ടെന്ന്. കസവു മുണ്ടും ജുബ്ബയും വേഷ്ടിയും അണിഞ്ഞ ഒരാളെയാണ് ഞാൻ പ്രതീക്ഷിച്ചത്. അപ്പോഴാണ് ഷൂട്ടിങ് കാണാൻ എത്തിയ ഗ്രാമീണരുടെ ഇടയിൽ ഒറ്റ മുണ്ടും തോർത്തും ധരിച്ച് മുറുക്കി ചുവപ്പിച്ചു നിൽക്കുന്ന ആ മഹാസാഹിത്യകാരനെ സത്യു കാണിച്ചു തരുന്നത്. ആ ലാളിത്യം എന്നെ അദ്ഭുതപ്പെടുത്തി.

ഒരിക്കൽ ഞങ്ങള്‍ തോട്ടത്തിൽ വച്ചു ചിത്രീകരിക്കാൻ തുടങ്ങുകയാണ്, അപ്പോഴാണ് തകഴിയുടെ ശബ്ദം ഉയർന്നത്. ആ രംഗം തോട്ടത്തിൽ വച്ചല്ല സമീപത്തെ ചന്തയിൽ വച്ചാണ് നടന്നതെന്നു പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായി. വളരെ ബുദ്ധിമുട്ടിയാണ് സത്യു പ്രായോഗിക ബുദ്ധിമുട്ട് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയത്. ആ ലൊക്കേഷനില്‍ വച്ചാണ് എം.ടി. വാസുദേവന്‍ നായര്‍ സാറിനെയും പരിചയപ്പെട്ടത്. എം.ടി കഥകളുടെയും കന്നഡ തര്‍ജമ ഞാന്‍ വായിച്ചിട്ടുണ്ട്. പിന്നീടൊരിക്കൽ അദ്ദേഹം എന്നെയും അനുരാധയെയും തിരൂർ തുഞ്ചൻ സ്മാരകത്തിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചു. അവിടെ ചെന്നപ്പോഴാണ് വിജയദശമി നാളില്‍ വിദ്യാരംഭത്തിനായി അവിടെ ഒരുപാട് ആളുകളെത്തും എന്നറിഞ്ഞത്. അന്നു മകൾ അനഘയ്ക്ക് മൂന്നു വയസ്സാണ്. പിറ്റേന്ന് പൂജയില്‍ പങ്കെടുത്ത് മകളെ ഹരിശ്രീ കുറിപ്പിച്ചത് കേരളവുമായുള്ള മറ്റൊരു മധുരമുള്ള ബന്ധമാണ്.

‘മണിച്ചിത്രത്താഴി’നു ശേഷം നൃത്തത്തിൽ സജീവമായതോടെ കേരളവുമായുള്ള ബന്ധവും ഊഷ്മളമായി. സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വേദി തന്നു. പിന്നെ കണ്ടോ, എന്റെ വീടും കേരളീയ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്.

ramanadhan-v3

കുട്ടിക്കാലത്തു തന്നെ നൃത്തം തുടങ്ങി?

കലാരംഗത്തോട് കുടുംബത്തിൽ ആർക്കും ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ, മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ഞാൻ നൃത്തം തുടങ്ങി. അന്നത്തെ മിക്ക സിനിമകളിലും ക്ലാസിക്കൽ ഡാൻസുണ്ടാകും. ഇതു കാണാൻ വേണ്ടിയാണ് സിനിമ കാണുന്നത്. വീട്ടിലേക്ക് മടങ്ങും വഴിയും സ്കൂളിലേക്കു പോകും വഴിയുമെല്ലാം ക്ഷേത്രത്തിനു മുന്നിലും മറ്റും വച്ച് നൃത്തം ചെയ്യും. ആളുകൾ കാണുന്നുണ്ടെന്നത് പോലും ഓർക്കില്ല. എന്റെ താൽപര്യം കണ്ടിട്ടാകണം നൃത്തം പഠിക്കാൻ വീട്ടിൽ അനു വദിച്ചു. െബംഗളൂരുവിലെ രാധാ ശ്രീധര്‍ ആയിരുന്നു ഗുരു.

എൻജിനീയറിങിന് പഠിക്കുമ്പോള്‍ തന്നെ സിനിമയിൽ നായകനായി േറാള്‍ കിട്ടി. നൃത്തവേദികളിൽ അറിയപ്പെട്ടിരുന്നതുകൊണ്ട് ഓഫറുകൾ വരുന്നുണ്ടായിരുന്നു. എൻജിനീയറിങ് പഠനത്തിനു ശേഷം സിനിമ എന്നായിരുന്നു അച്ഛന്റെ  തീരുമാനം. നൃത്തം പ്രൊഫഷനാക്കുന്നത് എൻജിനീയറായ അച്ഛന് താൽപര്യമായിരുന്നില്ല.  

ഫൈനൽ ഇയർ ക്ലാസ് തുടങ്ങും മുൻപുള്ള അവധിക്കാ യിരുന്നു കന്നഡയിലെ പ്രശസ്ത സംവിധായകന്‍ പുട്ടണ കനഗളാണ് ‘അമൃതഗലിഗേ’ എന്ന സിനിമയിലേക്ക് വിളിച്ചത്. അവധി തീരും മുൻപേ ഷൂട്ടിങ് പൂർത്തിയാക്കുമെന്ന ഉറപ്പിൽ അച്ഛൻ അനുവാദം നൽകി. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് കന്നഡയിലെ തിരക്ക് കാരണം നൃത്തം പ്രാക്ടീസ് ചെയ്യാൻ  പോലും സമയം കിട്ടാതായി. 65 സിനിമകളിൽ അഭിനയിച്ചു. ഒട്ടുമിക്കതിലും നായകനായിരുന്നു. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഞാൻ ഏറെ സ്നേഹിച്ചു. ‘ശബരിമലൈ സ്വാമി അയ്യപ്പ’ എന്ന സിനിമയില്‍ ഭഗവാൻ ശിവനായി. പതിനൊന്നിലധികം തവണ ഞാന്‍ ശി വനായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് പിഎച്ച്ഡിയും നേടി. ‘പുരുഷ നൃത്തത്തിൽ സ്ത്രൈണത’ എന്നതായിരുന്നു ഗവേഷണ വിഷയം.

നർത്തകരിലെ സ്ത്രൈണത എവിടെയും ചര്‍ച്ചയാണ്?

പുരുഷൻ നൃത്തം ചെയ്യുമ്പോൾ ശിവന്റെ താണ്ഡവ ഭാവമാണ് വേണ്ടത്. അതിൽ ലാസ്യം ലവലേശമില്ല. പുരുഷന് ലാസ്യ ഭാവം വരുന്നത് അരോചകമാണ്. പലപ്പോഴും ഒരുപാട്       പെൺകുട്ടികളുടെ ഇടയിലാകും ആൺകുട്ടികൾ നൃത്തം പഠിക്കുന്നത്. അവരെ മാത്രമായി ഗുരുക്കൻമാർ ശ്രദ്ധിക്കില്ല. അതുകൊണ്ടു പെൺകുട്ടികളുടെ ലാസ്യഭാവം പുരുഷൻമാരും അനുകരിക്കും. എന്റെ നൃത്തവിദ്യാലയത്തിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ‘മണിച്ചിത്രത്താഴി’ലെ നൃത്തം ശ്രദ്ധിച്ചാലും ഇതു മനസ്സിലാകും, രാമനാഥന് ലവലേശം ലാസ്യമില്ല.

ramanadhan-v5

നിറമുള്ള ഓർമകൾ സിനിമയിൽ ഇല്ലേ?

‘സന്ത സിശുനാട ഷെരീഫാ’ എന്ന ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കം നിരവധി അവാർഡുകൾ ലഭിച്ചു. സന്യാസ കവിയുടെ 20 മുതല്‍ 90 വയസ്സു വരെയുള്ള ജീവിതം ഞാനാണ് അവതരിപ്പിച്ചത്. ‘ബന്നഡ വേഷ’ എന്ന സിനിമയിലെ കഥാപാത്രവും വളരെയിഷ്ടമാണ്. ‘ബോംബട്ട് ഹെന്‍ഡി’ എന്ന സിനിമയിൽ നായക വേഷത്തിനൊപ്പം നായികാ വേഷവും ഞാൻ തന്നെ ചെയ്തു. കമലഹാസന്റെ ‘അവ്വൈ ഷൺമുഖി’ പോലുള്ള സിനിമയായിരുന്നു അത്. കെ. ബാലചന്ദര്‍ സാറിന്റെ ‘മനതില്‍ ഉറുതി വേണ്ടും’ എന്ന തമിഴ് സിനിമയിലെ ശാസ്ത്രീയ നര്‍ത്തകന്‍, ‘ഭൈരവി’ എന്ന ഹിന്ദി ചിത്രത്തിലെ ആന്റിഹീറോ, ‘സ്വരാഭിഷേകം’ എന്ന തെലുങ്ക് സിനിമ എന്നിവയൊക്കെ എക്കാലവും ഓർമയിൽ സൂക്ഷിക്കാനുള്ളതാണ്.

തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിൽ വരെ അഭി നയിക്കാൻ കഴിഞ്ഞത് നേട്ടമായാണ് കരുതുന്നത്. ഇപ്പോഴും വാരിവലിച്ച് ചിത്രങ്ങൾ  ചെയ്യാൻ ആഗ്രഹിക്കുന്നില്ല. നൃത്തം ദിവസവും പ്രാക്ടീസ് ചെയ്യണം. നാലു മണിക്ക് യോഗയോടെയാണ് ദിവസം തുടങ്ങുന്നത്. രണ്ടു മണിക്കൂർ നൃത്തം പരിശീലിക്കും. നൃത്ത വേദിയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. പണവും പ്രശസ്തിയും മാത്രമല്ലല്ലോ, മനസ്സിന്റെ സംതൃപ്തിയല്ലേ ഏറ്റവും വലുത്. എന്തു നേടിയാലും മനസ്സിന് സംതൃപ്തിയില്ലെങ്കിൽ പിന്നെ, എന്തു കാര്യം?

റിതംബരയിൽ നിന്നിറങ്ങുമ്പോൾ ചിലങ്കകളുടെ ശബ്ദം പിറകേ നടന്നുവരും പോലെ. ശ്രീധറും അനുരാധയും അനഘയും പുതിയ ചുവടുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ്. ഒന്നു കാതോർത്താൽ കേൾക്കാം, ആ ഈരടികള്‍, ‘നാഗവല്ലീ, മനോഹരീ... രാമനാഥൻ തേടും ബാലേ...’

കുടുംബം നിറയും നൃത്തം

‘‘നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്നു അനുരാധ. അവൾക്കന്ന് 12–13 വയസ്സേ പ്രായമുള്ളൂ.’’ ശ്രീധർ ഒാര്‍ക്കുന്നു. ‘‘അന്നുമുതലേ ഞാന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ താൽപര്യത്തോടെ നൃത്തം അഭ്യസിക്കുന്നത്. പിന്നീടു ചെന്നൈ കലാക്ഷേത്രയിലായിരുന്നു അനു പഠിച്ചത്.

‍ഞാൻ സിനിമയിൽ സജീവമായതോടെ ചില നടിമാരുമായി ചേർത്ത് മാഗസിനുകളിൽ ഗോസിപ്പ് വന്നു. വീട്ടുകാർ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അനുവിനെക്കുറിച്ചു പറഞ്ഞത്. അനുവിന്റെ അച്ഛന്‍ മൃദംഗവിദ്വാനായിരുന്നു. അവരുടെ കുടുംബവും സമ്മതം  മൂളിയതോടെ അനുവിന്റെ  കഴുത്തിൽ മിന്നു ചാർത്തി. വിവാഹശേഷം ഞങ്ങളൊരുമിച്ച് വേദികളിലെത്തിത്തുടങ്ങി. നൃത്തത്തില്‍ അഭിനയത്തിനു പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ ചെയ്യുന്നത്.

‘മഹാസാധ്വി മല്ലമ്മ’ എന്ന സിനിമയില്‍ ഞാനും അ നുരാധയും ശിവനും പാർവതിയുമായി വേഷമിട്ടു. മകൾ അനഘ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിനു ശേഷം ഞങ്ങൾക്കൊപ്പം നൃത്ത പരിപാടികളിൽ പങ്കെടുത്തു തുടങ്ങി.

ramanadhan-v1