ഉടലിനോട് ചേർന്നു തിളങ്ങുന്ന ചുവന്ന ഗൗൺ, തിരകളായി ഇളകുന്ന മുടി, ഒതുക്കമുള്ള മ്യൂട്ടഡ് മേക്കപ്, കയ്യിൽ ഇന്ത്യയുടെ പതാക. മുംബൈ വിമാനത്താവളത്തിൽ ഡിസംബർ 15ന് ഹർനാസ് സന്ധു വന്നിറങ്ങിയത് ‘ഇന്ത്യ... ഇന്ത്യ...’ വിളികൾക്കിടയിലേക്കാണ്.
ഇസ്രയേലിലെ എയ്‌ലറ്റിൽ, ഡിസംബർ 13ന് ‘എല്ലാവരുടെയും അഭിമാനം’ എന്നർഥമുള്ള, പേരുള്ള പെൺകുട്ടി ഇന്ത്യക്കാരെയാകെ ആ പേരിന് അർഹരാക്കുകയായിരുന്നു. 21 എന്ന സംഖ്യയുടെ മാജിക് മൊമെന്റ് കൂടിയായി അത്. കാരണം 21 വർഷത്തിനു ശേഷമാണ് 2021ൽ ഇന്ത്യ വീണ്ടും ഈ കിരീടം ചൂടുന്നത്. ഇന്ത്യൻ മണ്ണിലേക്കിത് കൊണ്ടുവന്നതോ ഒരു ഇരുപത്തൊന്നുകാരിയും. അതും 79 ലോക രാജ്യങ്ങളിൽ നിന്നുള്ള സുന്ദര വ്യക്തിത്വങ്ങളെ പിന്നിലാക്കിക്കൊണ്ട്.
തിളക്കമുള്ള വാക്കുകൾ
അവസാന റൗണ്ടിൽ ഹർനാസ് നേരിട്ട ചോദ്യം യുവതലമുറ നേരിടുന്ന വലിയ സമ്മർദം എന്താണ് എന്നതായിരുന്നു. ‘‘അതുല്യരാണ് എന്ന് തിരിച്ചറിയുന്നതാണ് നിങ്ങളുടെ സൗന്ദര്യം. യുവത്വം നേരിടുന്ന വലിയ സമ്മർദം ഇത് വിശ്വസിക്കുക എന്നതാണ്. നിങ്ങളെ താരതമ്യം ചെയ്യേണ്ടതില്ല. പകരം ലോകത്തിന്റെ മറ്റനേകം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കൂ. നിങ്ങൾക്കു വേണ്ടിയും. കാരണം നിങ്ങളുടെ ജീവിതം നയിക്കുന്നത് നിങ്ങളാണ്. ഞാൻ എന്നിൽ അർപ്പിച്ച വിശ്വാസമാണ് എന്നെ ഇവിടെ എത്തിച്ചത്.’’ പ്രസരിപ്പോടെ ഹർനാസ് നൽകിയ ആ മറുപടിക്ക് പകരമായി, 1770 വജ്രം പതിപ്പിച്ച കിരീടം ഹർനാസിന് സ്വന്തമായി.
വീട്ടിലെ സിംഹക്കുട്ടി
ബ്യൂട്ടി പേജന്റിൽ മത്സരിക്കണമെന്ന ആഗ്രഹം അച്ഛൻ പ്രീതം സിങ് സന്ധുവിനോട് പറയാൻ ഹർനാസ് ആദ്യം മടിച്ചു. എന്തായിരിക്കും അച്ഛന്റെ പ്രതികരണം എന്ന ചിന്ത, ‘നോ’ കേൾക്കാനുള്ള മടി അവളെ അൽപം പിന്നിലേക്കു വലിച്ചു. എന്നാൽ ഹർനാസിന്റെ ആഗ്രഹം അറിഞ്ഞ അച്ഛൻ പറഞ്ഞു, ‘അച്ഛന്റെ സിംഹക്കുട്ടി ഒരു സിംഹക്കുട്ടിയെപ്പോലെ തന്നെ മുന്നോട്ടു കുതിക്കണം.’
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് പ്രീതം സിങ് സന്ധു. അമ്മ രവീന്ദർ കൗർ ഗൈനക്കോളജിസ്റ്റ്.
‘‘കുട്ടിയായിരിക്കെ തന്നെ അവൾക്ക് സൗന്ദര്യ മത്സരങ്ങളിലും മോഡലിങ്ങിലും താൽപര്യമുണ്ടായിരുന്നു. ഞ ങ്ങൾ അവളുടെ സ്വപ്നങ്ങളിൽ നിന്ന് അവളെ തടഞ്ഞില്ല. ലക്ഷ്യമിട്ട സ്വപ്നം അവൾ നേടിയെടുത്തിരിക്കുന്നു.’’ ഹർനാസിന്റെ അമ്മയുടെ വാക്കുകൾ.
‘‘മത്സരത്തിന്റെ തലേന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, എ ന്നാൽ അവൾ നേടും. എന്നുറപ്പായിരുന്നു.’’ ഹർനാസിന്റെ ജ്യേഷ്ഠൻ ഹർനൂറിന്റെ വാക്കുകളിലും അഭിമാനം.
ട്രാൻസ് ഡിസൈനറുടെ ഗൗണിൽ
വിശ്വസുന്ദരി മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയില്‍ ഹർനാസ് എത്തിയത് ട്രാൻസ് വുമൺ ഡിസൈനർ സായ്ഷ ഷിൻഡേ രൂപകൽപന ചെയ്ത നക്ഷത്രപ്പൊട്ടുകളാൽ അലങ്കരിച്ചതെന്ന് തോന്നുന്ന, ഗൗൺ അണിഞ്ഞാണ്. തിളക്കമാർന്ന ബെയ്ജ് നിറത്തിലുള്ള നനുത്ത വസ്ത്രം ഹർനാസിനെ മത്സ്യകന്യകയെപ്പോലെ സുന്ദരിയാക്കി.
സസ്റ്റെയിനബിലിറ്റിയിലാണ് ഹർനാസ് വിശ്വസിക്കുന്നത്. പരമ്പരാഗത പഞ്ചാബി ഫുൽക്കാരി പാറ്റേണിന് മോഡേൺ ട്വിസ്റ്റ് നൽകി സ്റ്റോണും സ്വീക്കൻസും കൊണ്ട് എംബലിഷ് ചെയ്താണ് വ സ്ത്രം ഒരുക്കിയത്. ‘‘ഹർനാസ് എന്ന സുവർണ ഹൃദയമുള്ള പെൺകുട്ടിക്ക് വേണ്ടിയാണ് വസ്ത്രം ഒരുക്കിയത് എന്നത് അഭിമാനമേറ്റുന്നു’’ സായ്ഷ.
തെളിമയുള്ള വീക്ഷണം
‘‘സ്ത്രീ ശരീരത്തെക്കുറിച്ച്, ആരോഗ്യത്തെക്കുറിച്ച് പറയാൻ ഇപ്പോഴും മടിയുള്ളവരാണ്പലരും . ഈ നേട്ടം ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ധാരണ സ്ത്രീകളിലേക്ക് എത്തിക്കാനും സ്തനാർബുദം തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദമാക്കാനാകുമെന്ന ആശയം പ്രചരിപ്പിക്കാനും എനിക്ക് അവസരം തരും. മിസ് യൂണിവേഴ്സ് ഏറ്റെടുക്കുന്ന ആഗോള പ്രശ്നങ്ങളെക്കുറിച്ചെല്ലാം ഞാനിനി സംസാരിക്കും.
സ്ത്രീകൾ എങ്ങനെയാകണം എന്ന പരമ്പരാഗത ചിന്തകളെ പൊട്ടിച്ചെറിയാൻ എനിക്ക് കഴിഞ്ഞു. ബ്യൂട്ടി പേജന്റുകളും ഏറെ മാറി.
ഇന്നവ യഥാർഥ സൗന്ദര്യത്തെ തിരിച്ചറിയാൻ ആളുകളെ പ്രേരിപ്പിക്കുന്നു.’’ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് എംഎ വിദ്യാർഥി കൂടിയായ ഹർനാസിന്റെ വാക്കുകൾ അവരുടെ തെളിമയുള്ള വീക്ഷണം വ്യക്തമാക്കുന്നു.
ഐ മിസ് മഖ്ക്കി റോട്ടി
ഭക്ഷണപ്രിയയാണ് ഹർനാസ്. വിജയകിരീടം ചൂടിയ ശേ ഷം ‘എനിക്ക് മഖ്ക്കി റോട്ടി മിസ് ചെയ്യുന്നു’ എന്നവർ പറഞ്ഞിരുന്നു. ‘പൊതുവേ പഞ്ചാബികൾ ധാരാളമായി വെണ്ണ കഴിക്കുന്നവരാണ്. എന്നാൽ ഹർനാസ് കൊഴുപ്പു കലർന്ന ഭക്ഷണം കഴിക്കാറില്ല. ഏറ്റവും ഇഷ്ടം പഞ്ചാബി ആഹാരമായ മഖ്ക്കി ദി റോട്ടിയും സാർസോ കാ സാഗ് എന്ന കറിയും ആണ്’ എന്ന് അച്ഛൻ.
ചോളപ്പൊടി ഉപ്പും പച്ചമുളകും ചേർത്തു കുഴച്ചുണ്ടാക്കി മുകളിൽ വെണ്ണ തൂകുന്നതാണ് മഖ്ക്കി ദി റോട്ടി. ക ടുക് ഇല, പാലക് ചീര എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന കറിയാണ് സർസോ കാ സാഗ്. ആഗോള വിജയത്തിലും നാടിന്റെ സ്പന്ദനങ്ങളെ നെഞ്ചോടു ചേർക്കാൻ മറക്കുന്നില്ല എന്നത് ഹർനാസിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നു
തയാറാക്കിയത്: രാഖി റാസ്