ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ്മ അനിൽകുമാർ
കണ്ട് കണ്ട് ഇഷ്ടമായി
വീട്ടിൽ എല്ലാവരും ഭയങ്കര സിനിമാ പ്രേമികളാണ്. റിലീസ് ആകുന്ന സിനിമകൾ തിയറ്ററിൽ പോയി കാണും. അങ്ങനെ കണ്ട്, കണ്ട് സിനിമ ഏറെ ഇഷ്ടമായി. അഭിനയിക്കണം എന്ന മോഹം ഉള്ളിൽ ശക്തമായിരുന്നെങ്കിലും അതു ഞാൻ ആരോടും പറഞ്ഞിരുന്നില്ല.
അച്ഛൻ അനിൽകുമാറും അമ്മ സുമാദേവിയും സർക്കാർ സർവീസിൽ ആയതുകൊണ്ട് ഞാൻ പിഎസ്‍സി ഒക്കെ എഴുതി ആ വഴിക്ക് പോകുമോ എന്നു ചിന്തിച്ചിട്ടുണ്ടാകാം.
സിവിൽ എൻജിനീയറിങ് പഠിച്ച ഞാൻ ആ മേഖലയിലേക്ക് തിരിയും എന്നും ചിലർ കരുതി. ഇതുമായി ബ ന്ധപ്പെട്ട ചർച്ചകൾ വീട്ടിൽ നടക്കുമ്പോഴൊക്കെ ഞാൻ ഉള്ളിൽ പറയും, ‘എനിക്ക് ആർട്ടിസ്റ്റ് ആയാൽ മതി’
47 വർഷത്തെ ഇടവേളയ്ക്കു ശേഷം
തിരുവനന്തപുരത്ത് വീരണകാവാണു സ്വദേശം. ആദ്യം അഭിനയിക്കേണ്ടെന്നു പറഞ്ഞെങ്കിലും ഇപ്പോൾ അച്ഛനും അമ്മയും ഹാപ്പിയാണ്. എതിർപ്പുകൾ പ്രകടിപ്പിച്ച ബ ന്ധുക്കൾ പോലും ‘നീ നന്നായി ചെയ്തല്ലോ’ എന്നു പറയുമ്പോൾ സന്തോഷമുണ്ട്. എന്റെ സിനിമ കാണാനായി നീണ്ട 47 വർഷത്തെ ഇടവേളയ്ക്കുശേഷം അപ്പൂപ്പനും അമ്മൂമ്മയും തിയറ്ററിൽ വന്നു എന്നതും സന്തോഷം.
ഞാൻ പഠിച്ച സ്കൂളുകൾ കലയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നുവെന്നത് ഏറെ സഹായിച്ചിട്ടുണ്ട്. എവിടെയെങ്കിലും പിന്നിലേക്കു മാറി നിൽക്കുന്നുവെന്നു തോന്നിയാൽ അധ്യാപകർ തന്നെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുവന്നിരുന്നു.
വീട്ടുകാർക്കൊരു ഷോക്ക്!
സിനിമയോട് പെരുത്തിഷ്ടമുണ്ടെങ്കിലും മേഖലയുമായി യാതൊരു ബന്ധവുമില്ല. ഓഡിഷനുകളാണ് സിനിമയിലേക്കുള്ള ഏകമാർഗം. കോവിഡ് സമയത്തു ചില കാസ്റ്റിങ് കോളുകൾക്ക് ഞാൻ പ്രൊഫൈൽ അയച്ചു. ആദ്യമായി വിളിക്കുന്നത് ‘പൂവനി’ൽ നിന്നാണ്. കൊച്ചിയിൽ വച്ചാണ് ഓഡിഷന്‍. പേടിച്ച് വിറച്ചു ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒറ്റക്കെട്ടായി പറഞ്ഞത് ‘നോ’.
പിന്നെ, കരഞ്ഞു കാലുപിടിച്ചപ്പോൾ അവരുടെ മനസ്സലിഞ്ഞു. എന്നെ ഓഡിഷനു കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ സൂപ്പർ ശരണ്യയിലെ കാസ്റ്റ് മുഴുവനുണ്ട്. ആദ്യ ഓഡിഷനിൽ കിട്ടിയില്ല. രണ്ടാമത്തെ ഓഡിഷനിലാണ് സെലക്ട് ആകുന്നത്. അതിനിടയിൽ ജോലിയും കിട്ടി. അതു വേണ്ടെന്നു വച്ചാണു സിനിമയിലേക്ക് ഇറങ്ങിയത്. പൂവൻ ആണ് ആദ്യസിനിമ.
ദേഷ്യം, കഠിനം
പൂവനിലെ സിനി ഒരു പാവം, നാട്ടിൻപുറത്തെ കുട്ടിയായിരുന്നു. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ‘ഐ ആം കാതലനി’ലെ ശില്പ. ശില്പ വളരെ ബോൾഡ് ആയ, ഉള്ളിലുള്ളത് മുഖത്തു നോക്കി പറയാൻ ധൈര്യം കാണിക്കുന്ന കുട്ടിയാണ്.
ദേഷ്യപ്പെടാൻ എനിക്കു കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഗിരീഷേട്ടൻ കൃത്യമായ നിർദേശങ്ങൾ തന്നു. അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ‘ദേഷ്യപ്പെട്ടു’ എന്നു തോന്നുന്നു. ഐ ആം കാതലനിൽ എത്തുന്നതും ഓ ഡിഷനിലൂടെയാണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ ’ ഇറങ്ങുമ്പോള്‍ ഞാൻ കോളജിൽ പഠിക്കുകയാണ്. ഈശ്വരാ, ഗിരീഷ് എ.ഡിയുടെ സിനിമയിലൊക്കെ അഭിനയിക്കാൻ സാധിക്കുമോ എന്നു മനസ്സിൽ ചിന്തിച്ചിട്ടുണ്ട്. ഭാഗ്യമാകാം, രണ്ടാമത്തെ സിനിമയിൽ തന്നെ ആ ആഗ്രഹം സാധിച്ചു. നസ്‍ലിനൊപ്പം അഭിനയിച്ചതും രസമുള്ള അനുഭവമാണ്. ആൾ സൂപ്പർ കൂൾ ആണ്.
ഇനി സംഗതി മരണമാസ്
ബേസിൽ ജോസഫ് നായകനായ മരണമാസാണ് പുതിയ സിനിമ. കംപ്ലീറ്റ് കോമഡി മൂഡ് സിനിമയാണ്. ബേസിൽ ചേട്ടൻ വളരെ സപ്പോർട്ടിങ് ആണ്. ഷോട്ട് കഴിയുമ്പോൾ നന്നായി ചെയ്തെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കും.
ഷോട്ട് ശരിയാകുന്നില്ലെങ്കിൽ എങ്ങനെ മെച്ചപ്പെടുത്താം എന്നും പറഞ്ഞു തരും. സിനിമ മാത്രമല്ല ആകെ സെറ്റ് ഭയങ്കര രസമായിരുന്നു. പുതിയ ആളാണ് എന്നൊരു തോന്നൽ അനുഭവപ്പെട്ടതേയില്ല. ഇപ്പോഴും ഓഡിഷൻസ് അറ്റൻഡ് ചെയ്യു ന്നു. മറ്റു ഭാഷകളിൽ നിന്നായാലും നല്ല വേഷങ്ങ ൾ വന്നാൽ അഭിനയിക്കണം എന്നാണ് ആഗ്രഹം.
അഞ്ജലി അനിൽകുമാർ