Wednesday 25 March 2020 04:19 PM IST

അങ്ങനെയൊരു തെറ്റ് മാത്രമേ ഉണ്ണി മുകുന്ദൻ ചെയ്തുള്ളൂ! സ്വാസിക സീരിയല്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യം

V.G. Nakul

Sub- Editor

Swasika_1

സീത എന്ന പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രം സ്വാസികയ്ക്ക് നല്‍കിയ പ്രശസ്തിയും ആരാധക പിന്തുണയും പരിധികളില്ലാത്തതാണ്. എന്നാൽ സീതയ്ക്കു ശേഷം മിനിസ്ക്രീനിൽ നിന്ന് സ്വാസിക അപ്രത്യക്ഷമായ മട്ടാണ്. അതിനിടെയാണ് നടൻ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കുന്നത്. ഇതു തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ സ്വാസിക ‘വനിത ഓൺലൈനോട്’ പറഞ്ഞത് ഇങ്ങനെ– ഇപ്പോള്‍ സിനിമയില്‍ കൈനിറയെ അവസരങ്ങളുണ്ട്. നല്ല വേഷങ്ങളും ഹിറ്റുകളും കിട്ടുന്നു. അപ്പോള്‍ സീരിയല്‍ ഏറ്റെടുത്താല്‍ ഡേറ്റ് ക്ലാഷാകും. സീരിയല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. അതിനിടെ സിനിമ കൂടി ഒപ്പം കൊണ്ടു പോകുക പ്രയാസമാണ്. സിനിമയെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന നിലയില്‍ ഇപ്പോള്‍ സിനിമയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. എന്നു കരുതി സീരിയല്‍ വിട്ടിട്ടില്ല. സീത പോലെ മികച്ച അവസരങ്ങള്‍ വന്നാല്‍ ഇനിയും സീരിയല്‍ ചെയ്യും. കേശു ഈ വീടിന്റെ നാഥനാണ് ഇപ്പോൾ ചെയ്യുന്നത്. അതുകഴിഞ്ഞ് എം. പത്മകുമാര്‍ സാറിന്റെ സിനിമയാണ്. ഇപ്പോഴത്തെ ബ്രേക്ക് കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ടിങ് തുടങ്ങും. വലിയ സ്ക്രീനിൽ തിരക്കു കൂടുന്നതിന്റെ സന്തോഷം സ്വാസികയുടെ വാക്കുകളിൽ.

Swasika_4

ദിലീപിന്റെ പെങ്ങള്‍

കേശു ഈ വീടിന്റെ നാഥനാണ് ഷൂട്ട് നടന്നു കൊണ്ടിരുന്ന ചിത്രം. കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ബ്രേക്ക് ആണ്. ദിലീപേട്ടന്റെ സഹോദരിയുടെ വേഷമാണ്. ത്രൂ ഔട്ട് ക്യാരക്ടര്‍. ഇതിനു മുമ്പ് വന്നത് പൊറിഞ്ചു മറിയം ജോസും ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുമാണ്. സീത കഴിഞ്ഞ ഓഗസ്റ്റില്‍ തീര്‍ന്നു. അതിനു ശേഷം അത്ര നല്ല കഥാപാത്രങ്ങളൊന്നും തേടി വരാത്തതു കൊണ്ടും സിനിമയുടെ തിരക്കുള്ളതിനാലും തല്‍ക്കാലം സീരിയലില്‍ നിന്നു മാറി നില്‍ക്കുന്നു എന്നേയുള്ളൂ.

നിരാശ ഇല്ലേയില്ല

ആദ്യ കാലത്ത് സിനിമയില്‍ നല്ല അവസരങ്ങള്‍ വരാത്തതില്‍ നിരാശ തോന്നിയിരുന്നു. പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്നപ്പോള്‍ ആ നിരാശ ഞാന്‍ മാറ്റി വച്ചു. വരുന്നത് എന്താണോ അത് സ്വീകരിക്കാം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. സിനിമയെങ്കില്‍ സിനിമ സീരിയല്‍ എങ്കില്‍ സീരിയല്‍ എന്ന രീതിയില്ലേക്ക് മാറി. സീത പ്രേക്ഷകര്‍ ഏറ്റെടുത്തതിനൊപ്പം സിനിമയിലും നല്ല അവസരങ്ങള്‍ വന്നു. സീരിയല്‍ രംഗത്തു നിന്നുള്ള അധികം ആര്‍ക്കും അങ്ങനെയൊരു ഭാഗ്യം കിട്ടാത്തതാണ്. സീരിയല്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ വലിയ ടീമിനൊപ്പം സിനിമകള്‍ ചെയ്യാനായി. രണ്ടും കൂടി ഒന്നിച്ചു കൊണ്ടു പോകാന്‍ പറ്റി. ഇപ്പോള്‍ നിരാശയൊന്നുമില്ലാതെ, പോസിറ്റീവും ഹാപ്പിയുമായി മുന്നോട്ടു പോകുന്നു.

Swasika_3

ഇനി നായിക

സിനിമയിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വന്നത്. അക്കാലത്ത് നായികയായി അവസരങ്ങള്‍ വന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതൊന്നു ചിന്തിക്കാറില്ല. നല്ല സിനിമകള്‍ ചെയ്യണം, നല്ല കഥാപാത്രങ്ങള്‍ കിട്ടണം എന്നതാണ് പ്രധാനം. ഇപ്പോള്‍ വാസന്തി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. സിജു വില്‍സനാണ് നായകന്‍. സമാന്തര ചിത്രമാണ്. പാട്ട് റിലീസായി. നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നു. ചലഞ്ചിങ് ആയ പെര്‍ഫോമന്‍സ് ഓറിയന്റഡായ കഥാപാത്രമാണ് വാസന്തി.

ഉണ്ണി ചെയ്ത തെറ്റ്

ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ല എന്നു മാത്രം.

ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.

Swasika_2

കല്യാണം

വീട്ടില്‍ കാര്യമായി കല്യാണം നോക്കുന്നുണ്ട്. തല്‍ക്കാലം ഈ വര്‍ഷം വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധിച്ചിട്ട് പിന്നീട് നോക്കാം എന്നാണ് തീരുമാനം. ആലോചനകള്‍ നടക്കട്ടെ എന്ന രീതിയിലാണ് വീട്ടുകാര്‍ മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി രണ്ടാഴ്ചയായി വീട്ടില്‍ തന്നെയാണ്. മുടങ്ങിക്കിടന്ന ഡാന്‍സ് പ്രാക്ടീസ് തുടങ്ങി. സിനിമകള്‍ കാണുന്നു. ഒപ്പം സ്വന്തമായ ചില സൗന്ദര്യ പരീക്ഷണങ്ങളും. എല്ലാവരും വീട്ടിലിരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. ചുമരുണ്ടെങ്കിൽ അല്ലേ ചിത്രമെഴുതാൻ സാധിക്കൂ.