Monday 08 July 2019 03:35 PM IST

‘നിങ്ങൾക്ക് തള്ളലിൽ ആണോ എംബിഎ കിട്ടിയതെന്ന് എനിക്ക് സംശയമുണ്ട്’; കളിചിരിയും കഥകളുമായി ജിത്തുവും റെനിഷയും!

Unni Balachandran

Sub Editor

seethagfdsd ഫോട്ടോ: ബേസിൽ പൗലോ

സെറ്റിലെത്തിയാൽ ബുക്കും തുറന്ന് ഒറ്റയിരിപ്പാ. ‘സീതാകല്യാണം’ സീരിയലിൽ സ്വാതിയായി അഭിനയിക്കുന്ന നടി റെനിഷ ഡയലോഗിലും കൂടുതൽ വായിച്ചു നോക്കുന്നത് പഠിക്കാനുള്ള ടെക്സ്റ്റ്ബുക്കാണ്. പരീക്ഷയെക്കാളും പേടി സീരിയലിൽ അജയ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിത്തുവിന്റെ മുന്നിലെത്തുമ്പോഴും. സീരിയലിലെ നായകന് ട്യൂഷൻ മാസ്റ്ററുടെ റോൾ കൂടിയുണ്ട് ഇവിടെ. മേക്കപ് ചെയ്യുമ്പോഴും ബ്രേക് ടൈമിലുമെല്ലാം ജിത്തു എംബിഎ ചോദ്യങ്ങളുമായി ഇറങ്ങും.

ജിത്തു : എന്താണ് മൊണൊപോളി?

റെനിഷ : അത് ഇന്നത്തെ റിവിഷനിൽ ഇല്ലല്ലോ മാഷേ?

ജിത്തു : റിവിഷനൊക്കെ ഔട്ട് ഓഫ് ഫാഷനാണ്. എപ്പോൾ ചോദിച്ചാലും ഉത്തരങ്ങൾ പറയണം.

റെനിഷ :  ഒരിക്കൽ എന്റെ കയ്യബദ്ധത്തിന് എംബിഎക്കാരനായ നിങ്ങളോട് എന്നെ പഠിപ്പിക്കാമോയെന്നു ചോദിച്ചു, ശരിയാണ്. അതിനെന്തിനാ എന്നെ എപ്പോഴും ഉപദ്രവിക്കുന്നത്. ഇ ത്ര വല്യ പഠിപ്പിസ്റ്റായ നിങ്ങളെന്നിട്ട് എംബിഎ ജോലിയൊന്നും നോക്കുവല്ലല്ലോ?

ജിത്തു : എംബിഎ  ചെയ്ത ശേഷം ജോലിക്കു പോകണം എന്ന് തന്നെ ആയിരുന്നു വീട്ടുകാരുടെ ആഗ്രഹം. പക്ഷേ, ഇത്രയും കഴിവുള്ള നടനെ അഭിനയലോകത്തിനു നഷ്ടമാകാതിരിക്കാൻ ഞാനാ റിസ്ക് ഏറ്റെടുത്തത്.

റെനിഷ : നിങ്ങൾക്ക് തള്ളലിൽ ആണോ എംബിഎ  കിട്ടിയതെന്ന് എനിക്ക് ബലമായ സംശയമുണ്ട്.

ജിത്തു : അയ്യോ, ഭവതിയോടു തർക്കിക്കാൻ ഞാൻ ഇല്ലേ. സീരിയസ്സായി എന്തെങ്കിലും സംസാരിക്കാം.

റെനിഷ : പിന്നെ, ആക്‌ഷൻ പറയുമ്പോൾ പോലും സീരിയസ് ആകാത്ത ആളാ. എന്നിട്ട്, എ   ന്നോട് പറയുന്നു. ഹും....

ജിത്തു : അതെ, നിന്റെ അഭിനയം ഞാനാ ഹോസ്പിറ്റൽ സീനിൽ കണ്ടായിരുന്നു. ആശുപത്രിയിൽ സീരിയസ്സായി കിടക്കുന്ന എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ബുള്ളറ്റിൽ ഹിമാലയത്തിലോട്ട് റൈഡ് പോകാമെന്നാണോടി പറയുന്നത്?

റെനിഷ : ഡയറക്ടർ പറഞ്ഞു ഫീൽ ചെയ്ത് അഭിനയിക്കണം, ഡയലോഗ് എന്തു വേണമെങ്കിലും പറഞ്ഞോ ടെലികാസ്റ്റ് ചെയ്യുമ്പോ ബാക്ഗ്രൗണ്ടിൽ മ്യൂസിക്കായിരിക്കുമെന്ന്.

ജിത്തു : ഈശ്വരാ, ഫീൽ ചെയ്യാൻ ഹിമാലയത്തിലേക്ക് റൈഡ് പോകാമെന്നാണോ പറയേണ്ടത്. അതിനേക്കാളും കോമഡി വീണു കിടക്കുന്ന എന്നെ എഴുന്നേൽപിക്കാൻ നേരത്ത് പാടിയ പാട്ടാണ്.

റെനിഷ : കൊച്ചുകള്ളൻ എല്ലാം ഒാർമിച്ചു വച്ചിരിക്കുകയാ ണല്ലേ. എന്നോട് നീ ഇരുന്താൽ... എന്ന ‘ഐ’ സിനിമയിലെ പാട്ട് എനിക്ക് വലിയ ഇഷ്ടമാ...

ജിത്തു : പാട്ട് പാടി എന്നെ എഴുന്നേൽപിക്കാൻ ഇയാളാര് ‘ചന്ദ്രലേഖ’ സിനിമയിലെ ലാലേട്ടനോ...

റെനിഷ : അയ്യോ, ചുമ്മാ വെറുപ്പിക്കല്ലേ, വല്ലാതെ ബോറടിക്കുന്നു.

ജിത്തു : എന്നാൽ കാതിന് ഇമ്പമുള്ളത് എന്തെങ്കിലും ഭവതി തന്നെ പറയൂ.

റെനിഷ : എന്റെയൊരു കുക്കിങ് പരീക്ഷണത്തെ പറ്റി ഞാൻ രണ്ടു ‘കവിൾ’ സംസാരിക്കാം.

ജിത്തു : അതിന് കുക്ക് ചെയ്യാൻ തനിക്ക് അറിയില്ലല്ലോ?

റെനിഷ : നോട്ട് ദ് പോയന്റ്. ‘പരീക്ഷണം’ എന്നാണ് ഞാൻ പറഞ്ഞത്.

ജിത്തു : എന്നിട്ട് പരീക്ഷണം വിജയിച്ച് നീ പാചകക്കാരികളുടെ എലൈറ്റ് ക്ലബ്ബിൽ അംഗമായോ?

റെനിഷ : ‘‘കുക്കിങ് എളുപ്പമുള്ളതായി തോന്നിയത് അമ്മ ചെയ്യുമ്പോഴും, അതേറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നിയത്   ഞാൻ ചെയ്യുമ്പോഴുമാണ്’’. എനിക്ക് കുക്കിങ്ങിനോട് വലിയ താൽപര്യമൊന്നുമില്ല. ചേട്ടനാണ് എപ്പോഴും കുക്ക് ചെയ്യണമെന്ന് നിർബന്ധിക്കുന്നത്. വീട്ടിലും പറയും എത്ര നന്നായി പഠിച്ചാലും ജോലി കിട്ടിയാലും ചെന്നു കേറുന്ന വീട്ടിലുള്ളവരെ ഇംപ്രസ് ചെയ്യണമെങ്കിൽ ഭക്ഷണമുണ്ടാക്കാൻ പഠിക്കണമെന്ന്.  ‌

seethakk65443

ജിത്തു : ഓഹോ, എന്നിട്ട് വല്ലതും പഠിച്ചോ?

റെനിഷ : പിന്നെ, ‘പൊട്ടേറ്റൊ സ്‌റ്റഫ്ഡ് ബോൾ’ ഒരു ദിവസം ഉണ്ടാക്കാൻ നോക്കി. റമസാൻ മാസമായിരുന്നു എന്റെ ആ ധീരകൃത്യം നടന്നത്. ആ സമയത്ത് എന്റെ ചേട്ടനും അമ്മാവനും വേറെ കുറച്ച് ബന്ധുക്കളും അവധി കിട്ടി വീട്ടിലെത്തിയ ഗെറ്റ് ടുഗെതർ’ സമയമായിരുന്നു. എല്ലാ വട്ടവും പെണ്ണുങ്ങൾ അടുക്കളയിൽ കേറുന്നതുകൊണ്ട് ഒരു ചെയ്ഞ്ചിന് ആണുങ്ങൾ അടുക്കളയിൽ കേറാൻ പോകുവാണെന്നു പറഞ്ഞു.

ജിത്തു : അപ്പോൾ നീ രക്ഷപ്പെട്ടല്ലേ?

റെനിഷ : ഇല്ലില്ല... ഭക്ഷണമുണ്ടാക്കാത്തവര്‍ അടുക്കളയിൽ കേറുന്ന ദിവസമായതുകൊണ്ട് ഞാനും ആ ലിസ്റ്റിൽ പെട്ടുപോയി. പക്ഷേ, ഞാൻ ഭയങ്കര കോൺഫിഡന്റായിരുന്നു.
ഏതോ ഒരു ചാനലിൽ ‘പൊട്ടേറ്റൊ സ്‌റ്റഫ്ഡ് ബോളി’ന്റെ റെസിപ്പി നോക്കി വച്ചിട്ടുണ്ടായിരുന്നു. അപ്പോൾ വളരെ ആധികാരികതയോടെ പെണ്ണുങ്ങളെയൊക്കെ പുറത്താക്കി. ടൈം ആകുമ്പോൾ ഞങ്ങളെല്ലാം ടേബിളിൽ എത്തിച്ചോളാം എന്നും ഞാൻ പറഞ്ഞു. ‌

ജിത്തു : ആത്മവിശ്വാസം അതല്ലേ, എല്ലാം.

റെനിഷ : അവിടെ ഓരോരുത്തർക്കും ഓരോ ഡിപാർട്മെന്റ്...നോമ്പു തുറക്കുന്നതിനുള്ള തരികഞ്ഞി ഏറ്റെടുത്തത് ചാച്ചനായിരുന്നു, ഫ്രൂട്സ് ഐറ്റംസ് ഉണ്ടാക്കുന്നത് ചേട്ടൻ, ചിക്ക   ൻ കറി മാമൻ... അങ്ങനെയായപ്പോഴാണ് ഞാനെന്റെ പൊട്ടേറ്റൊ ഐറ്റം ഉണ്ടാക്കാമെന്നൊരു ഐഡിയ പുറത്തിട്ടത്. ക്രെഡിറ്റാരും ഷെയർ ചെയ്യാതിരിക്കാൻ ആരുമെന്നെ സഹായിക്കാൻ വരരുതെന്നും മൂൻകൂട്ടി പറഞ്ഞു.

ജിത്തു : അടിപൊളി

റെനിഷ : എന്നിട്ടു ഒറ്റയ്ക്ക് ഗോദയിലേക്ക് ഇറങ്ങി. പക്ഷേ, എനിക്കയാൾടെ ചതി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല?

ജിത്തു : ആരുടെ ചതി?

റെനിഷ: പ്രഷർ കുക്കർ... അവനെന്നെ ചതിച്ചു. അന്നാദ്യമായാണ് ഞാൻ കുക്കർ ഉപയോഗിക്കുന്നത്. കുറേ കിഴങ്ങ്  കട്ട് ചെയ്ത് അതിലേക്കു കുറേ വെള്ളവും മഞ്ഞൾപ്പൊടിയുമെെല്ലാം ചേർത്തു. തിളച്ചെന്നു തോന്നിയപ്പോൾ, ഇടം വലം നോക്കാതെ ഞാന്‍ ചെന്ന് അടപ്പു തുറന്നു. അതൊരു മണ്ടൻ തീരുമാനമായിരുന്നു. ഞാൻ തുറന്നതും കുക്കറിന്റെ അടപ്പ് പൊങ്ങിപ്പോയി റൂഫിൽ ഇടിച്ച്  തിരിച്ച് ചളുങ്ങി റെഡിയായി താഴെ വന്നു വീണു. ഇതൊന്നും പോരാഞ്ഞ് എല്ലാവരുടെയും ദേഹത്ത് തിളച്ച വെള്ളവും പേസ്റ്റ് രൂപത്തിലുള്ള കിഴങ്ങും വീണു. നല്ല കിടിലൻ ശബ്ദമായിരുന്നു. പെണ്ണുങ്ങളൊക്കെ ഓടിവന്നപ്പോൾ ഞങ്ങൾ കുക്കിങ് ടീംസ് ഒറ്റക്കെട്ടായി അവരെ നേരിട്ടു. ‘കുക്കറിനെന്തോ പ്രശ്നമുണ്ട്. അടുക്കളയിൽ സ്ഥിരമായി ഇതൊക്കെ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടതല്ലേ’ എന്ന് തട്ടി വിടുകയും ചെയ്തു. യുദ്ധസ്മാരകം പോലെ ആ പൊട്ടിത്തെറിച്ച കുക്കർ  ഇന്നും എന്റെ വീട്ടിൽ ഇരിപ്പുണ്ട്. അതിനുശേഷം എന്നെ ആരും കുക്ക് ചെയ്യാൻ നിർബന്ധിച്ചിട്ടില്ല...

ജിത്തു : മനുഷ്യനല്ലേ? ജീവനിൽ കൊതിയില്ലാതിരിക്കുമോ?

റെനിഷ : ചേട്ടന് ഫ്രീ ടൈമിൽ എന്താ പരിപാടി?

seethakk65443

ജിത്തു: ഫ്രീ ടൈം എന്നു പറഞ്ഞാൽ തന്നെ ‘ഫ്രീ. ആയി ഇ  രിക്കാനുള്ള ടൈം’ എന്നല്ലേ, അപ്പോൾ മീൻ പിടിക്കാൻ പോകരുതെന്നാണ് ജീവിതം എന്നെ പഠിപ്പിച്ച പാഠം.

റെനിഷ : സംഭവബഹുലമാക്കാതെ നടന്നത് മാത്രം പറയൂ...

ജിത്തു :  എന്റെ അമ്മാവൻ സന്തോഷിന് മീൻ പിടിത്തം വലിയ ഇഷ്ടമാണ്. ‘നല്ല മീൻ വരവുണ്ട്. എന്റെ കൂടെ വാ...’ മാമന്റെ കൂട്ടുകാരൻ ജോസുണ്ടായിരുന്നു കൂടെ. ഞങ്ങൾ പോകാനുദ്ദേശിച്ച സ്ഥലത്ത് നിന്ന് ആർക്കോ 70 കിലോ മീൻ കിട്ടിയെന്ന് കേട്ടിരുന്നു.

റെനിഷ : ക്ലൈമാക്സിൽ നിങ്ങൾ കൊടും ഹീറോയാകുന്ന കഥയ്ക്കുള്ള ബിൽഡ് അപ് അല്ലേ ഇത്.

ജിത്തു : ഈ കഥയിലെ ഹീറോ, ഞാനല്ല മോളെ. എന്റെ മാമനാ.

റെനിഷ : തള്ള് ഒഴിവാക്കിയാൽ ഒരു വരിയിൽ തീർക്കാമായിരുന്ന കഥ ആണെന്ന് തോന്നുന്നു.

ജിത്തു :  പ്ലീസ്, തോക്കിൽ കേറി നിന്ന് വെടി വയ്ക്കരുത്. മാമ ൻ രസിച്ച് മീൻ പിടിക്കുന്നതിനിടെ ഒരു വലിയ പാമ്പ് കാലിനടുത്തേക്ക് ഇഴഞ്ഞു വന്നു.

റെനിഷ : ഏത് പാമ്പായിരുന്നു?

ജിത്തു :  നല്ല തിരക്കിൽ ഇഴഞ്ഞുപോയതുകൊണ്ട് പേര് ചോദിക്കാൻ പറ്റിയില്ല

റെനിഷ : ഓഹ്...

ജിത്തു : പാമ്പ് മാമന്റെ കാലിന്റെ അടുത്തെത്തി. ഞാൻ പേടിച്ച് ജോസേട്ടന്റെ മുഖത്തേക്കു നോക്കി. ആ മുഖത്തെ ഭയം കണ്ടപ്പോൾ പാമ്പിനെ തന്നെ നോക്കുന്നതാണ് നല്ലതെന്ന് തോന്നി. കനത്ത നിശബ്ദത. ഒടുവിൽ ഞാൻ തന്നെ പറഞ്ഞു. ‘മാമാ, പാമ്പ്.’ മാമൻ ചൂണ്ടയിൽ കൊത്ത് കിട്ടുന്നതിന്റെ ശ്രദ്ധയിൽ ആണ്. ‘ആഹ്, കാടുള്ള സ്ഥലമല്ലേ, പാമ്പ് ഒക്കെ കാണും. മൈൻഡ് ചെയ്യേണ്ട. അപ്പോഴേക്കും പാമ്പ് മാമന്റെ കാലിന് തൊട്ടരുകിലെത്തി.

റെനിഷ : അയ്യോ...

ജിത്തു :  അതുവരെ ഫ്രീസായി നിന്ന ജോസേട്ടൻ നിന്റെ കുക്കറ് പൊട്ടിത്തെറിച്ച പോലെ അലറി. ‘എടാ, സന്തോഷേ... നിന്റെ കാലിനടീല് പാമ്പ്...’ അപ്പോൾ മാമന്റെ മുഖം കാണണമായിരുന്നു. എഴുന്നേറ്റ്  ഒാടണമെന്ന് മാമന് നല്ല ആഗ്രഹമുണ്ട്. പക്ഷേ, കാലനക്കിയാൽ പാമ്പ് എന്തു ചെയ്യുമെന്ന് അറിയില്ല. മാമൻ പേടിച്ച് പൊങ്ങിച്ചാടി.

റെനിഷ : അയ്യോ, ഉടനെ ആശുപത്രിയിൽ കൊണ്ടുപോയോ?

ജിത്തു : എന്തിന്? ദൂരേക്ക് ചാടാനാണ് മാമൻ ഉദ്ദേശിച്ചതെങ്കിലും വെപ്രാളം കാരണം നിന്നിടത്ത് തന്നെയാണ് പൊങ്ങിചാടിയത്. ‘ചാട്ടം’ ലാൻഡ് ചെയ്തത് കൃത്യം പാമ്പിന്റെ തലയിൽ. പിന്നെ, അവിടെ സ്റ്റാച്യൂ പോലെ നിന്നു. ജോസേട്ടൻ പാമ്പ് ചത്തു എന്നു പറഞ്ഞപ്പോഴാണ് മാമൻ അവിടെ നിന്ന് അനങ്ങിയത്.

റെനിഷ : ഹൊ, ഒരു പൊടിക്ക് അങ്ങോട്ടോ, ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ. എ ന്താല്ലേ? ഇത്രയും ‘കൊടുംഭീകര’ ന്മാരുള്ള വീട്ടിൽ നിന്നാണ് ജിത്തു ചേട്ടൻ വരുന്നതെന്ന് ഞാൻ വിചാരിച്ചില്ല. ഇതുപോലെ മ‍ൃഗങ്ങൾ ഭയപ്പെടുത്തിയ അനുഭവം എനിക്കുമുണ്ട്.

ജിത്തു:  മൃഗമോ?

റെനിഷ : എന്തേലും ആകട്ടെ, പാമ്പ് ഒരു ജീവിയല്ലേ. അതാ, മൃഗം എന്ന് പറഞ്ഞത്.

mnnaadf1

ജിത്തു :  ശരി ശരി... കാര്യത്തിലേക്കു വരൂ.

റെനിഷ :  ഫ്രണ്ട്സുമായി കൊടൈക്കനാൽ  ടൂർ പോയപ്പോൾ കിട്ടിയ പണിയാണ്, ഹോഴ്സ് റൈഡിങ്ങിന്റെ രൂപത്തിൽ. കൂട്ടുകാർ പറഞ്ഞു ഒരുപാട് കുതിരയുണ്ടെങ്കിലും  അതിലൊരെണ്ണം മാത്രം സ്പെഷൽ ട്രെയിനിങ്  ഉള്ളതാണെന്ന്?

ജിത്തു : എന്ത് ട്രെയ്നിങ്?

റെനിഷ : സിനിമയിൽ രജനീകാന്തൊക്കെ ചെയ്യുന്നതു പോ ലെ ആ കുതിരയെ ചാടിക്കാൻ പറ്റുമെന്ന്?

ജിത്തു : അത് കൊള്ളാല്ലോ, ഓട് കുതിരേ, ചാട് കുതിരേ എ ന്ന് പറഞ്ഞാൽ മതിയോ?

ngfddd332

റെനിഷ : എന്തുപറഞ്ഞാലും ഇങ്ങനെ കളിയാക്കിയാൽ മതിയല്ലോ. ഫ്രണ്ട്സ്  എല്ലാം മുൻപ് ആ കുതിരപ്പുറത്ത് കയറിയിട്ടുണ്ടെന്നും പറഞ്ഞു. നൂറു രൂപ എക്സ്ട്രാ കൊടുക്കേണ്ടി വരും. എന്നാലും ഞാൻ സമ്മതിച്ചു. ഞാൻ കുതിരപ്പുറത്ത് കേറും എന്ന് പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട് ജസ്നയ്ക്കും ആവേശം. അവളും കൂടെ കയറി.  

‘കുതിരയുടെ ഡ്രൈവർ’  സെ ൽവൻ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ രജനീകാന്തിനെയും പ്രഭാസിനെയും മനസ്സിൽ ധ്യാനിച്ച് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു. കുതിരയുടെ നടത്തം വേഗത്തിലായി. ഇത് എന്താ കുതിര  ചാടാത്തത് എന്ന് ചോദിച്ചപ്പോൾ എന്നെ പറ്റിച്ചോണ്ടിരിക്കുന്ന ഫ്രണ്ട്സ് പറഞ്ഞു അതിന്റെ കഴുത്തിലുള്ള കയറിൽ രണ്ട് പേരും കൂടെ ആഞ്ഞു വലിച്ചാൽ മതിയെന്ന്, അത് കേട്ടതും ഞങ്ങൾ ഒറ്റവലി. കുതിര കലിപ്പായി. ആകെ ബഹളം.

സെൽവൻ പെട്ടെന്ന് തന്നെ ഞങ്ങളെ കുതിരപ്പുറത്ത് നിന്ന് അൺലോഡ് ചെയ്തു. അതിനിടെ അയാൾ ദേഷ്യത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു. വാക്കുകൾ ഒക്കെ എവിടെയോ കേട്ട പോലെ. മലയാളം ആണോ, തമിഴാണോ എന്ന് മനസ്സിലായില്ല. ഭാഷ മനസ്സിലായില്ലെങ്കിലും പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് സ്കൂട്ടായി.

ജിത്തു:  ഇത്രയും ബുദ്ധിയുള്ള നിന്നെയാണല്ലോ ഞാൻ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്  ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വിഷമം തോന്നുന്നു.

റെനിഷ :  വിഷമിക്കണ്ട... എല്ലാം ശരിയാകും. ഞാൻ പതിയെനന്നായിക്കോളാം.

ജിത്തു :   എങ്കിൽ സമാധാനം