ബിഗ് സ്ക്രീനിലേക്കുള്ള പടി
പതിനെട്ടാം പടിയിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. അച്ഛന്റെ സുഹൃത്താണ് ഓഗസ്റ്റ് സിനിമാസിലെ ഷാജി നടേശൻ. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഓഡിഷനിൽ പങ്കെടുക്കുന്നതും അവസരം വരുന്നതും. രണ്ടാമത്തെ ചിത്രമായ ‘ഗൗതമന്റെ രഥ’ത്തിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിക്കുന്നത്.
ബിഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വിഡിയോ പ്രൊഡക്ഷന്‍ ആണു പഠിച്ചത്. പഠനം കഴിഞ്ഞതും സിനിമയിൽ അവസരം തേടിയിറങ്ങി. ഒരുപാടു വാതിലുകളും മുട്ടിയിട്ടുണ്ട്. ആ കാലത്തു പോക്കറ്റ് മണിക്കുവേണ്ടി കേറ്ററിങ് ഉൾപ്പെടെ പല ജോലികളും ചെയ്തു. പിന്നീടു കോവിഡും ലോക്‌ഡൗണും വന്നു. പക്ഷേ, സ്വപ്നങ്ങൾക്ക് ലോക്കിടാനാകില്ലല്ലോ... ഒപ്പം നി ൽക്കുന്ന കുറച്ചു സുഹൃത്തുക്കളെ കിട്ടിയതോടെ സ്പൂഫ്, കണ്ടന്റ് റീൽസ് എന്നിങ്ങനെ വിഡിയോസ് ചെയ്തു തുടങ്ങി. ദിവസം കുറഞ്ഞതു രണ്ടു കണ്ടന്റെങ്കിലും ചെയ്യുമായിരുന്നു.
സോഷ്യൽ മീഡിയ തുറന്ന വഴി
കോവിഡ് കാലത്ത് ഒരുക്കിയ നരസിംഹം, ബിഗ് ബി സിനിമകളുടെ സ്പൂഫുകൾക്ക് നല്ല പ്രതികരണമാണ് കിട്ടിയത്. അഭിനയത്തിനു പുറമേ, ഈ സ്പൂഫുകളുടെ സംഭാഷണം എഴുതിയതും ഞാനാണ്. തിരുവനന്തപുരം മുരുക്കുംപുഴയാണ് എന്റെ നാട്. അവിടുത്തെ നാടൻ ശൈലിയിൽ പറഞ്ഞ ഡയലോഗുകൾ വൈറലായി. ഇതു കണ്ടിട്ടാണ് ജൂഡ് ആന്തണി ‘സാറാസി’ല്‍ അവസരം തരുന്നത്. രോമാഞ്ചത്തിലെ ഡിജെ ബാബുവാകാൻ ജിത്തു മാധവൻ വിളിക്കുന്നുതും സോഷ്യൽ മീഡിയ കണ്ടന്റ് കണ്ടിട്ടാണ്. കരിയർ ബ്രേക് മൂവിയായിരുന്നു രോമാഞ്ചം. ഗുരുവായൂരമ്പലനടയിലെ ‘ഡോ. ജോർജ് അഥവാ പക്ഷിരാജനെ’യും പ്രേക്ഷർ നെഞ്ചേറ്റി.’’
പിക്കപ്പ് ലൈനും ജെംസ് കച്ചവടവും
‘ഫ്ലാറ്റാക്കിയ പെണ്ണേ, ഫ്ലാറ്റുണ്ട് പോവാം വാ’... ‘നീ എന്റെ കൂടെ വായോ... നമുക്കെടുക്കാം ഓയോ’... ഗുരുവായൂരമ്പലനടയിൽ സിനിമയിൽ എന്റെ കഥാപാത്രം പറയുന്ന പിക്കപ്പ് ലൈനുകളെല്ലാം സംവിധായകൻ വിപിൻ ചേട്ടനും തിരക്കഥാകൃത്ത് ദീപു ചേട്ടനും ചേർന്നുണ്ടാക്കിയതാണ്. അവരെഴുതിയത് എന്റെ ശൈലിയിൽ പറഞ്ഞുവെന്നുമാത്രം.
‘അമ്പലനടയിലാണോ നിന്റെ ജെംസ് കച്ചവടം’ എന്ന ഡയലോഗിൽ തിയറ്റർ ഇളകിമറിഞ്ഞതിന്റെ സന്തോഷമധുരം എനിക്കിത്തിരി കൂടുതലാണ്. കാരണം, ഡബ്ബിങ്ങിനിടെ എന്റെ നാവിൽ വന്നുവീണതാണ് ആ ‘ജെംസ് മിഠായി’. ശ്രദ്ധിച്ചുനോക്കിയാൽ അറിയാം ഡയലോഗ് പറയുമ്പോ ൾ എന്റെ ചുണ്ടനങ്ങുന്നില്ല. സിനിമ ഒടിടിയിൽ റിലീസായതോടെ പിക്കപ്പ് ലൈനുകൾക്കൊപ്പം ത ന്നെ ഹിറ്റാണ് ജെംസ് കച്ചവടവും.
റീലുകളിൽ നിറയുന്ന മറ്റൊരു സന്തോഷമാണ് ഈയടുത്ത് തരംഗമാകുന്ന ‘വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട്...’ എന്ന ഗാനം. രണ്ടു വർഷം മുൻപ് ഞാൻ അഭിനയിച്ച പാട്ടാണത്.
സിനിമ മാത്രമായിരുന്നു സ്വപ്നം
കുട്ടിക്കാലം മുതൽ എനിക്ക് ഒരു മോഹമേയുള്ളൂ. സിനിമയിൽ അഭിനയിക്കണം. അതല്ലാതെ മറ്റൊരു സ്വപ്നവും കണ്ടിട്ടില്ല. പക്ഷേ, ആരെങ്കിലും കളിയാക്കുമോ എന്നു പേടിച്ചു പുറത്തു പ റയാൻ മടിയായിരുന്നു.
ആ ഞാനിപ്പോൾ പതിമൂന്നാമത്തെ സിനിമയിൽ അഭിനയിക്കുകയാണ്. ലീഡ് റോളിലെത്തുന്ന വാഴയാണ് വരാനിരിക്കുന്ന വലിയ സ ന്തോഷം. ബസൂക്കയിൽ മമ്മൂക്കയ്ക്കൊപ്പം സീൻ ഉള്ളതിന്റെ ത്രിൽ പറഞ്ഞറിയാക്കാവുന്നതിലും അപ്പുറമാണെന്നു പറയേണ്ടതില്ലല്ലോ.
അച്ഛനും സിനിമ മോഹിച്ചിരുന്നു
വളരെ സാധാരണ കുടുംബമാണ് എന്റേത്. അച്ഛൻ ജ്യോതിർ ടാക്സി ഡ്രൈവറായിരുന്നു. അമ്മ അജിത വീട്ടമ്മ. ഒരനിയത്തിയുണ്ട്, ജ്യോതിഷ. വിവാഹിതയാണ്. അളിയൻ അനു. ഇവരാണ് എന്റെ ധൈര്യവും പിന്തുണയും.
അച്ഛന് അഭിനയത്തോടു വലിയ താൽപര്യമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്ക് അഞ്ചു വയസ്സാകും വരെ സിനിമകളിൽ അവസരം തേടി അച്ഛൻ നടന്നിട്ടുമുണ്ട്. പിന്നീട് കുടുംബം നോക്കാൻ മറ്റു ജോലികൾ ചെയ്തുതുടങ്ങി. സിനിമ യിലേക്ക് അച്ഛൻ ഇനിയൊരു വരവു വരുമോ എ ന്നും ഞാൻ ചിന്തിക്കാറുണ്ട്.