Tuesday 26 November 2024 12:04 PM IST

ജോലിക്കിടെ കണ്ടന്റ് ക്രിയേഷനിലേക്ക്, ഒടുവിൽ സ്വപ്നം കണ്ട ഇടത്ത്: ജുനൈസിനെ തേടിവന്ന ഭാഗ്യം

Anjaly Anilkumar

Content Editor, Vanitha

junaiz-14

സ്വകാര്യസ്ഥാപനത്തിൽ ജോലിക്കിടെ കണ്ടന്റ് ക്രിയേഷനിലേക്ക്, ഒടുവിൽ സ്വപ്നം കണ്ട ഇടത്ത്: ജുനൈസിനെ തേടിവന്ന ഭാഗ്യം

‘പണി’യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

ചിരിപ്പിക്കലായിരുന്നു ആദ്യ പണി

പണി സിനിമയാണ് പുതിയ വിശേഷം. എന്റെ ആദ്യ സിനിമ. ജോജു ചേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ വില്ലനായാണ് തുടക്കം. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ആയാണ് അതിനു മുൻപ് പലർക്കും എന്നെ പരിചയം.

കോമഡി കണ്ടന്റ് കൂടുതലായി ചെയ്യുന്നതു കൊണ്ട് വളരെ ഫൺ ടൈപ് വ്യക്തിയെന്ന ധാരണയാണ് എന്നെക്കുറിച്ച് പലർക്കുമുള്ളതെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതിൽ നിന്നു വ്യത്യസ്തമാണ് ‘പണി’യിലെ എന്റെ കഥാപാത്രമായ സിജു എന്ന സിജൂട്ടൻ. എന്റെ സ്വഭാവവും ലുക്കും ഒന്നുമായി സിജുവിന് യാതൊരു സാമ്യവുമില്ല. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രം തന്നെ ആദ്യ അവസരത്തിൽ ലഭിച്ചത് ഭാഗ്യമല്ലേ.

പ്രേക്ഷകർ ആ വില്ലനെ സ്വീകരിച്ചു. വില്ലന്മാരെ കയ്യിൽ കിട്ടിയാൽ അടിച്ചേനെ എന്നാണ് മിക്ക പ്രേക്ഷകരും പ്രതികരിച്ചത്. അതു തീർച്ചയായും കഥാപാത്രങ്ങളുടെ വിജയമാണെന്നു ഞാൻ വിശ്വസിക്കുന്നു.

തേടി വന്ന ഭാഗ്യം

അഭിനയിക്കണം എന്ന മോഹം എല്ലായ്പ്പോഴും ഉള്ളിലുണ്ടായിരുന്നു. പക്ഷേ, അതിനുവേണ്ടി അത്രത്തോളം പ്രയത്നിച്ചിട്ടില്ല എന്നതാണു സത്യം. അഭിനയിക്കാൻ പറ്റുമോ, ഓഡിഷനുകളില്‍ വിജയിക്കുമോ തുടങ്ങി പലതരം ചിന്തകൾ എന്നെ പിന്നോട്ടു വലിച്ചു.

സിനിമയിലെത്താനും ഇവിടെ നിലനിൽക്കാനും പാടുപെടുന്ന ഒരുപാടുപേരുണ്ട്. ഒരു ഡയലോഗ് പറയാൻ വർഷങ്ങൾ കാത്തിരുന്ന അനുഭവമുണ്ട് ജോജുചേട്ടന്. അതൊക്കെ വച്ചു നോക്കുമ്പോൾ ഇതെന്നെ തേടി വന്ന ഭാഗ്യമാണ്. പണി ശ്രദ്ധിക്കപ്പെട്ടതോടെ എന്റെ മനസ്സു മാറി. ഇപ്പോൾ അഭിനയം പണിയാക്കിയാലോ എന്നു തോന്നുന്ന തരത്തിലെത്തി ആത്മവിശ്വാസം. അഭിനയം ഇനിയും കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹം.

മനസ്സിലേക്കെടുത്തു തൃശൂർ

നൂറിലധികം പുതുമുഖങ്ങളുണ്ട് പണി സിനിമയിൽ. ഒരു ടിവി ഷോയിലൂടെയാണ് എന്നെ ജോജു ചേട്ടൻ ശ്രദ്ധിക്കുന്നത്. ആദ്യം നേരിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, ‘‘ഡാ, എന്റെ സിനിമയിൽ രണ്ട് വില്ലന്മാരുണ്ട്. അതിലൊരാള്‍ നീയാണ്’’ എന്നാണ്. ഞാൻ അതിശയിച്ചു പോയി. ‘ങേ, എന്റെ മുഖം കണ്ടാൽ വില്ലനാണെന്നു തോന്നുമോ’ എന്ന്.

സിനിമയിൽ അഡ്മിഷൻ കിട്ടി നാലു മാസം തൃശൂര് തന്നെയായിരുന്നു. രാവിലെ നാലു മണിക്കൊക്കെ മാ‌ർക്കറ്റിൽ പറഞ്ഞു വിടും, അവിടുത്തെ വൈബ് പിടിക്കാൻ. എന്റെ നാട് കണ്ണൂർ ഇരിട്ടിയാണ്. കണ്ടും കേട്ടും തൃശൂർ ഭാഷയുടെ താളം മനസ്സിലേക്കെടുത്തു. മുടി മുറിച്ച് ലുക്ക് മാറ്റി. റിലീസിന് മുൻപ് സിനിമ കണ്ടിട്ടില്ല. ആദ്യം തിയറ്ററിൽ കാണുമ്പോഴുള്ള ഫീൽ കളയേണ്ട എന്നു ജോജു ചേട്ടൻ പറഞ്ഞു. എനിക്കു കിട്ടുന്ന അംഗീകാരങ്ങളുടെ പ്രധാന ഓഹരിയുടമ ജോജു ചേട്ടനാണ്.

ഒരു ഫോണും ക്രിയേറ്റിവിറ്റിയും

ഒരു ഫോണും ക്രിയേറ്റിവിറ്റിയുമുണ്ടെങ്കിൽ ആർക്കും കണ്ടന്റ് ക്രിയേറ്ററാകാം. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കുന്നത്. എന്റെ വിഡിയോകൾ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയതും സബ്സ്ക്രൈബേഴ്സ് കൂടിയതും കോവിഡ് ലോക്‌ഡൗൺ സമയത്താണ്. വീട്ടിൽ കുടുങ്ങിപ്പോയ സന്തോഷ് ജോർജ് കുളങ്ങര അ ദ്ദേഹത്തിന്റെ ഹോം ടൂർ വിഡിയോ ചെയ്യുന്നത് അവതരിപ്പിച്ച കണ്ടന്റ് ‍ട്രെൻഡിങ് ആയി. താത്ത കണ്ടന്റുകളും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. നമ്മൾ അപ്ഡേറ്റ‍‍ഡ് ആകുന്നതിനൊപ്പം നമ്മുടെ കണ്ടന്റ് ഔട്ട് ഡേറ്റഡ് ആകുമല്ലോ. എങ്കിലും എനിക്ക് അന്ന് ചെയ്ത വിഡിയോകളെല്ലാം പ്രിയപ്പെട്ടതാണ്.