സൂപ്പർതാരങ്ങൾ തകർത്തഭിനയിച്ച ‘കൽക്കി 2898 എഡി’യിൽ റയയായി എത്തിയ കേയ നായർ
കൽക്കിയിലേക്ക്...
2021 ജനുവരിയിലാണ് ഈ സിനിമയുടെ ഓഡിഷനെക്കുറിച്ച് അമ്മയുടെ സുഹൃത്ത് പറഞ്ഞറിയുന്നത്. ‘കഥാപാത്രത്തിനു യോജിച്ച ആളെ കിട്ടിയിട്ടില്ല, ഒന്നു ശ്രമിച്ചു നോക്കൂ’ എന്നു പറഞ്ഞു. ഞാനും ഇരട്ട സഹോദരി താരയും കൂടിയാണ് ഓഡിഷനു പോകുന്നത്. അന്നേ അറിയാമായിരുന്നു ഒരാൾക്കേ അവസരം ഉണ്ടാകൂ എന്ന്.
ഒരു മാസത്തിനുശേഷം ലുക് ടെസ്റ്റിനുവേണ്ടി എന്നെ വിളിച്ചു. വൈകുന്നേരം പറഞ്ഞു, ‘യു ആര്‍ ഓൺ ബോർഡ്’. ഫ്യൂച്ചറിസ്റ്റിക് തീം കൈകാര്യം ചെയ്യുന്ന, ലോകം മുഴുവൻ ഉറ്റുനോക്കുന്ന മൾട്ടിസൂപ്പർസ്റ്റാർ സിനിമയാണെന്നും ഷൂട്ടിങ് തുടങ്ങിയശേഷമാണു മനസ്സിലായത്.
തിയറ്ററിനോടു വലിയ ഇഷ്ടമാണ്. പാട്ടും വരയും ഗിറ്റാർ വായനയും ഒക്കെ കൂടെയുണ്ട്. പക്ഷേ, സിനിമയിൽ അഭിനയിക്കുമെന്നു കരുതിയിട്ടേയില്ല.
തോൽപ്പിക്കാനാകില്ല
ശരീരഭാരം ക്രമാതീതമായി കുറയുന്നുണ്ടെന്നു സഹപ്രവർത്തകർ പറഞ്ഞെങ്കിലും അത് ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകുമെന്നു ചിന്തിച്ചില്ല. ഒരു ദിവസം വല്ലാത്ത ക്ഷീണം. മൂന്നു രാത്രിയായുള്ള തുടർച്ചയായ ഷൂട്ട് കാരണമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, തളർന്നുവീണ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ടൈപ് വൺ ഡയബറ്റിസ് ആണെന്നു സ്ഥിരീകരിക്കുന്നത്. ജീവിതത്തിലെ ഒട്ടും പ്രതീക്ഷിക്കാത്ത സീൻ.
ഒരാഴ്ച ഐസിയുവിൽ ആയിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തി അടുത്ത ആഴ്ച പ ത്താം ക്ലാസ് ബോർഡ് എക്സാം.
ഒരാഴ്ച കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തു ഷൂട്ടിനു പോയി. സെറ്റിലെത്തിയപ്പോഴാണ് എന്റെ രോഗവിവരം ബച്ചൻ സർ അറിയുന്നത്. ആ ദിവസം അ ദ്ദേഹം എന്നെക്കുറിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പ്രഷ്യസ് മെമ്മറി ആണത്.
കലക്കൻ സന്തോഷങ്ങൾ
2021 ജൂലൈയിലാണു സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് സീന്‍ അമിതാഭ് ബച്ചൻ സാറും ഞാനും കൂടിയുള്ളതായിരുന്നു. മൂന്നര വർഷം നീണ്ടു നിന്ന സിനിമാഷൂട്ടിൽ 45 ദിവസത്തോളമായിരുന്നു എനിക്കു ഷൂട്ട് ഉണ്ടായിരുന്നത്. അതില്‍ ഏറിയ പങ്കും ബച്ചൻ സാറിനൊപ്പമുള്ള രംഗങ്ങളായിരുന്നു.
സിനിമയിലെ പല ആക്‌ഷൻ രംഗങ്ങളും അദ്ദേഹം ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതു കണ്ടപ്പോൾ ആരാധന പീക്കിലെത്തി. മുത്തച്ഛന്റെ സ്നേഹവാത്സല്യത്തോടെ കരുതലേകാനും അദ്ദേഹം മടിച്ചിട്ടില്ല. ഓരോ സീനും ഷൂട്ട് ചെയ്ത് തീരുമ്പോൾ അദ്ദേഹം അടുത്തുവന്ന് എന്റെ തലമുടിയിൽ ക യ്യോടിച്ചു പോകുമായിരുന്നു.
പരിപ്പും നത്തോലിയും
ഹൈദരാബാദ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഞാൻ. ജനിച്ചതും വളർന്നതുമെല്ലാം ഹൈദരാബാദിലാണ്. അമ്മ മനീഷയുടെ നാട് തിരുവനന്തപുരത്താണെങ്കിലും 22 വർഷമായി ഇവിടെ സെറ്റിൽഡ് ആണ്. അച്ഛൻ ആൻഡ്രൂവിന്റെ നാട് ഓസ്ട്രേലിയയാണ്. ചേട്ടൻ ഉദയ് സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.
ഞാന്‍ അഞ്ചാം ക്ലാസ് പഠിച്ചതു തിരുവനന്തപുരത്ത് അപ്പൂപ്പൻ മോഹൻചന്ദിന്റെയും അമ്മൂമ്മ മാലുവിന്റെയും കൂടെനിന്നാണ്. ആ ഒരു വർഷം കേരളത്തിൽ താമസിക്കാനായി. കേരളം എനിക്ക് രണ്ടാമത്തെ വീടാണ്. നാടിന്റെ ഭംഗി ഒത്തിരി ഇഷ്ടമാണെങ്കിലും കേരളാ ഫൂഡ് ആണ് വീക്‌നെസ്സ്. ചോറും തോരനും പരിപ്പുകറിയും നത്തോലി ഫ്രൈയും മാങ്ങാചമ്മന്തിയും ആഹാ... ദോശയും ഇടിച്ചമ്മന്തിയും ആഹഹാ...
ഇനി അങ്ങോട്ട്...
തെലുങ്കും മലയാളവും എനിക്ക് അറിയില്ല. ഹിന്ദിയും ഇംഗ്ലിഷുമാണ് വശം. സിനിമയുടെ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ശബ്ദം കൊടുത്തത് ഞാൻ തന്നെയാണ്. മലയാളത്തിൽ ട്രെയിലറിൽ ഡബ് ചെയ്തിട്ടുണ്ട്.
കൽക്കിയുടെ രണ്ടാം പതിപ്പിലുമുണ്ടാകുമെന്നാണു പ്രതീക്ഷ. മറ്റു സിനിമകളൊന്നും ഇതുവരെ കമിറ്റ് ചെയ്തിട്ടില്ല. നല്ല ടീമിനൊപ്പം സിനിമകൾ വന്നാൽ അഭിനയിക്കണമെന്നാണു തീരുമാനം.
ഫൈൻ ആർട്‌സും ഡിസൈനിങ്ങുമാണ് ഏറ്റവും ഇഷ്ടം. ഇതിലേതെങ്കിലും വിഷയങ്ങളിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹവും.
അമ്മു ജൊവാസ്