Saturday 14 March 2020 04:41 PM IST

‘പ്രണയിച്ചാകും ഞാൻ വിവാഹം കഴിക്കുക; അക്കാര്യത്തിൽ സിനിമാറ്റിക്കാണ്'; മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ

Sujith P Nair

Sub Editor

kalyanihgugg8765
ഫോട്ടോ: കിരാൻസ

രണ്ടു വര്‍ഷം മുന്‍പ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കല്യാണി ‘വനിത’യോടു പറഞ്ഞിരുന്നു, മലയാള സിനിമ ചെയ്യാൻ കാത്തു കാത്തിരിക്കുകയാണെന്ന്. പുതിയ ചിത്രത്തിന്റെ സന്തോഷത്തിലിരിക്കെ വീണ്ടും കണ്ടപ്പോൾ ആദ്യം ചോദിച്ചതും സ്വപ്‌നസമാനമായ ആ തുടക്കത്തെ കുറിച്ചായിരുന്നു. ‘‘സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ ഞാന്‍ മലയാളത്തില്‍ എത്തണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. പക്ഷേ,സത്യൻ അങ്കിളിന് ഇതൊന്നും അറിയുകയേ ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം സത്യനങ്കിളിന്റെ മകൻ അനൂപേട്ടന്റെ കോൾ, എന്നോടു ചോദിക്കും  മുന്‍പേ അച്ഛനോടും അമ്മയോടുമാണ് ചേട്ടൻ  ഇക്കാര്യം പറഞ്ഞത്. അങ്ങനെ അനുപേട്ടന്റെ സിനിമയിലൂടെ മലയാളത്തിൽ ആദ്യമായി നായികയായി.

മലയാളത്തിൽ കൈനിറയെ ചിത്രങ്ങളായി ?

പ്രണവിനൊപ്പമുള്ള ‘ഹൃദയ’മാണ് അടുത്തത്. വിനീതേട്ടനാണ് (വിനീത് ശ്രീനിവാസൻ) സംവിധായകൻ. ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല. സംസാരിക്കുമ്പോൾ പോലും എത്ര ശാന്തനാണെന്നോ. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ‘ഹൃദയം.’ അതുകൊണ്ടാകും ഭയങ്കര റിലാക്സ്ഡാണ്. ഇത്രയും നാൾ കണ്ടിട്ടുള്ള രീതികളേ അല്ല. ചിത്രത്തിന്റെ സ്റ്റിൽ ഷൂട്ടിങ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയിൽ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്കു പോയത്. വിനീതേട്ടനും അപ്പുവുമടക്കം (പ്രണവ് മോഹൻലാൽ) പത്തിരുപതു പേർ. അവിടെ ടെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം. 

സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ പ്ലാൻ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിങ് തുടങ്ങി. നാലഞ്ചു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കിൽ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവർ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോൾ ആ ക്ഷീണമെല്ലാം പമ്പ കടന്നു കേട്ടോ. 

സിനിമയാണ് വഴിയെന്ന് ഉറപ്പിച്ചു ?

EGP08649

എനിക്കു പണ്ടേ അറിയാമായിരുന്നു സിനിമ തന്നെയാണ് എന്റെ പ്രഫഷൻ എന്ന്. ഏതു റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം  ആകാതിരുന്നുള്ളൂ. ഡ്രസിങ്ങിലും മേക്കപ്പിലുമൊന്നും പണ്ടുമുതലേ അത്ര ശ്രദ്ധിക്കുന്ന ആളല്ല ഞാൻ. ‘ഒന്ന് ഒരുങ്ങി നടക്ക് അമ്മൂ...’ എന്ന് അമ്മ എപ്പോഴും ശാസിക്കും.  ഇപ്പോൾ പഴ്സനൽ മേക്കപ് ആർട്ടിസ്റ്റ് ഒക്കെയുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമില്ല. 

ജീൻസോ കുർത്തയോ കിട്ടിയാൽ അഞ്ചു മിനിറ്റിൽ ഞാൻ റെഡിയായി ഇറങ്ങും. ഭാഗ്യത്തിന് ഇപ്പോഴത്തെ സിനിമകളിലും വലിയ മേക്കപ് ഒന്നും ആവശ്യമില്ല. സിനിമയിലേക്ക്, പ്രത്യേകിച്ച് അഭിനയത്തിലേക്ക് വരാനുള്ള എന്റെ പ്രചോദനം നസ്രിയയാണ്. നസ്രിയയുടെ അഭിനയം കണ്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്നു തന്നെ പറയാം. ഒന്നു നേരിൽ കാണാനും സംസാരിക്കാനും വളരെ ആഗ്രഹമുണ്ട്. ഫഹദ് എന്റെ പ്രിയപ്പെട്ട ആക്ടറുമാണ്. 

‘വരനെ ആവശ്യമുണ്ട്’ എന്ന് വീട്ടുകാർ പത്രത്തിൽ പരസ്യം ചെയ്യാറായോ?

ഒരിക്കലുമില്ല. പ്രണയിച്ചാകും ഞാൻ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ചിലപ്പോൾ രക്ഷപ്പെട്ടേനേ എന്ന്...

Tags:
  • Celebrity Interview
  • Movies