Saturday 12 October 2019 12:26 PM IST : By സ്വന്തം ലേഖകൻ

തമിഴ്മക്കളുടെയെല്ലാം ഉള്ളില്‍ ഒരു ചോദ്യം കൂടിയുണ്ട്, ‘എന്നാണ് തലൈവി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്?’

1O5A7317final.-final-1

നയൻതാരയെ ലേഡി സൂപ്പർസ്റ്റാര്‍ എന്ന് വിളിക്കരുത്.’ പറഞ്ഞതു ചില്ലറക്കാരന്‍ ഒന്നുമല്ല. തമിഴിലെ മുതിർന്ന നടന്‍ രാധാരവി. നയൻതാര കേന്ദ്രകഥാപാത്രമായെത്തിയ ‘കൊലൈയുതിർകാല’ത്തിന്‍റെ ട്രെയിലർ ലോഞ്ചിങ് വേദിയിലായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ച ഈ ആഹ്വാനം.

നയൻതാരയെ സംബന്ധിക്കുന്ന നിരവധി പൈങ്കിളി വാർത്തകൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ടെന്നും അതെല്ലാം തമിഴ്നാട്ടിലെ ആളുകൾ പെട്ടെന്നു മറന്നു കളഞ്ഞെന്നും രാധാരവി പറഞ്ഞതോെട സംഭവം ആളിക്കത്തി. ചര്‍ച്ചകളും വിവാദങ്ങളും െപാടിെപാടിച്ചു. തമിഴ് സിനിമാലോകം ഒന്നടങ്കം രാധാരവിക്കെതിരെ എതിർപ്പുമായി മുന്നോട്ടു വന്നു. അഭിപ്രായം പിൻവലിച്ച് അദ്ദേഹം മാപ്പു പറയണമെന്നായിരുന്നു ഡിമാന്‍റ്.

ആരാധകര്‍ പ്രതിഷേധപ്രകടനങ്ങളുമായി തെരുവിലിറങ്ങിയതോെട മാപ്പു പറയാൻ രാധാ രവി തയാറായി. പക്ഷേ, അതുകൊണ്ടും പ്രശ്നം അവസാനിച്ചില്ല. പ്രതിഷേധം വീണ്ടും ശക്തമായി. സിനിമാ സംഘടനകൾ നടപടിയെടുക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഡി.എം.കെ പാർട്ടി അംഗമായിരുന്ന രാധാരവിയെ പുറത്താക്കിയതായി പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ അറിയിച്ചു.

ഏറ്റവുമൊടുവിൽ മൗനം വെടിഞ്ഞ് നയൻതാര പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ‘ഒരു സ്ത്രീയായ എന്നെ അപമാനിച്ച അദ്ദേഹവും പിറന്നത് ഒരു സ്ത്രീയുടെ വയറ്റിൽനിന്നാണ്. അത് അദ്ദേഹം മറക്കാൻ പാടില്ല. രാധാ രവിയ്ക്കെതിരെ ശക്തമായ നടപടികൾ വേണം. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.’ ഇത് താന്‍ ഡാ നയകന്‍താര. തമിഴകത്തിന്‍റെ ഒരേെയാരു ലേഡി സൂപ്പർസ്റ്റാര്‍.

നമ്മുടെ നയൻസ്, അവരുടെ തലൈവി

കഴിഞ്ഞ 16 വർഷങ്ങളായി തെന്നിന്ത്യൻ സിനിമയുടെ താരറാണിയാണ് നയൻതാര.  തമിഴ്മക്കൾ ഒന്നടങ്കം ആരാധനയോടെ ‘തലൈവി’ എന്ന് വിളിക്കുമ്പോൾ മലയാളികൾക്കും അഭിമാനം.

‘‘സിനിമയില്‍ വരുമെന്നോ െതന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുെടയെല്ലാം നായികയാകുമെന്നോ ഒന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. നാളെ എന്താകുമെന്ന് ഞാന്‍ ഒാര്‍ക്കാറുമില്ല....’’ നയന്‍താര പറയുന്നു. 2003ൽ സത്യന്‍ അന്തിക്കാടിന്‍റെ ‘മനസ്സിനക്കരെ’യിലെ ഗൗരിയായി സിനിമാലോകത്തെത്തിയ തിരുവല്ലക്കാരി ഡയാന കുര്യൻ ഇന്നത്തെ നയൻതാരയിലേക്കു വളർന്ന കഥയുടെ തുടക്കവും ‘വനിത’യിലൂടെയാണ്.

2005ല്‍ ‘അയ്യാ’ എന്ന സിനിമയിൽ ശരത്കുമാറിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയിച്ച നായികാപ്രാധാന്യമുള്ള ചിത്രങ്ങളെല്ലാം ബോക്സ് ഓഫിസ് ഹിറ്റുകൾ. രജനികാന്ത്, അജിത്, വിജയ്, സൂര്യ, വിക്രം, ധനുഷ്, എന്നിങ്ങനെ മുൻനിര താരങ്ങളുടെയെല്ലാം ഒന്നിലധികം സിനിമകളിൽ നായിക.

ആദ്യം വിളിച്ചു, അണ്ണി

nayanss1

‘മനസ്സിനക്കരെ’ സിനിമ കണ്ട തമിഴ് സംവിധായകൻ പി വാസുവിന്റെ ഭാര്യ ശാന്തിയാണ് രജനിയുെട ‘ചന്ദ്രമുഖി’യിലെ നായികാവേഷത്തിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത്. സിനിമ കണ്ടിറങ്ങിയ തമിഴ് പ്രേക്ഷകര്‍ തങ്ങളുടെ അണ്ണന്റെ നായികയെ സ്നേഹത്തോടെ ‘അണ്ണി’ എന്നു വിളിച്ചു. ആരാധന മൂത്ത് ‘അണ്ണി’യെ ഒരുവട്ടം കാണാൻ തമിഴ്നാട്ടില്‍ നിന്നു തിരുവല്ലയിലെ  നയന്‍താരയുെട വീട്ടിലേക്കു വണ്ടി കയറിയവരുമുണ്ട്. പിന്നീട് ശങ്കർ സംവിധാനം ചെയ്ത ശിവാജിയിൽ രജനികാന്തിനൊപ്പം ഗാനരംഗത്തിൽ ചുവടു വയ്ക്കാനും നയൻതാരയെത്തി. പാട്ടും സൂപ്പർഹിറ്റ്. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുെട റീമേക്കായ ‘കുശേലനി’ൽ സ്‌റ്റൈൽമന്നന്റെ നായികയാകാൻ വീണ്ടും നയൻ താരയ്ക്കു നറുക്കു വീണു.

‘‘ഇതു പോലെ നന്മയും എളിമയും ഉള്ള നടനെ കണ്ടിട്ടില്ല...’’ നയന്‍താര പറയുന്നു. ‘‘ഷൂട്ടിങ്ങിനിടയില്‍ സ്ത്രീകള്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ വരും. അദ്ദേഹത്തിനു േവണമെങ്കില്‍ കസേരയില്‍ ഇരുന്നു െകാണ്ട് തന്നെ ഒന്നു ചിരിച്ചെന്നു വരുത്തി അവരെ മടക്കി അയയ്ക്കാം. പക്ഷേ, അദ്ദേഹം വളരെ ഭവ്യതയോെട എഴുന്നേറ്റു നിന്നാണ് അവരോടു സംസാരിക്കുന്നത്.’’

എത്ര തിരക്കിലും മലയാളത്തിനു േവണ്ടി നയന്‍താര സമയം കണ്ടെത്താറുമുണ്ട്. താരസംഘടന നിര്‍മിച്ച ‘ട്വന്റി ട്വന്റി’യിലെ ഒരു നൃത്തരംഗത്തു മാത്രം പ്രത്യക്ഷപ്പെടാന്‍ േപാലും െറഡിയായി. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികാവേഷങ്ങളിൽ അഭിനയിച്ച് താരറാണിയായി തിളങ്ങുന്ന സമയമായിട്ടു േപാലും മലയാളത്തില്‍ നിന്നു ക്ഷണം വന്നപ്പോള്‍ നയന്‍താര ‘നോ’ പറഞ്ഞില്ല.

ആ അനുഭവത്തെക്കുറിച്ച് നയൻ ഒരിക്കല്‍ വനിതയോട് പറഞ്ഞു, ‘ഞാൻ ആദ്യമായി അംഗമായ സംഘടനയാണ് അമ്മ. അമ്മ നിർമിക്കുന്ന സിനിമയിൽ പങ്കെടുക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. നമ്മൾ എത്ര വളർന്നു കഴിഞ്ഞാലും അമ്മയെ മറക്കാൻ പാടില്ലല്ലോ. വളരെ തിരക്കുണ്ടായിരുന്നു, എന്നിട്ടും അഞ്ചു ദിവസം ആ നൃത്തരംഗത്തിനു േവണ്ടി മാറ്റിവച്ചു.’ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് നയൻതാര ട്വന്റി ട്വന്റിയിൽ അഭിനയിച്ചത് എന്നത് മറ്റൊരു ഹൈലൈറ്റ്.

രാപ്പകല്‍, ബോഡിഗാര്‍ഡ്, ഇലക്ട്ര, ഭാസ്കര്‍ ദ റാസ്കല്‍, പുതിയ നിയമം, ഒാണത്തിനു പ്രദര്‍ശനത്തിെനത്തുന്ന ‘ലൗ ആക്‌ഷന്‍ ഡ്രാമ’  എന്നിവയാണ് നയന്‍താരയുെട മറ്റ് മലയാള സിനിമകള്‍.

കൂട്ടിന് വിവാദങ്ങളും

ചിലമ്പരസനൊപ്പം അഭിനയിച്ച ‘വല്ലവൻ’ എന്ന സിനിമ ഇറങ്ങിയതോടെ നയൻതാര ആദ്യമായി ഗോസിപ്പുകളിലും വിവാദങ്ങളിലും നിറഞ്ഞു. സിനിമയുടെ പോസ്റ്ററിലെ ലിപ്‌ലോക്കും ഗാനരംഗങ്ങളിലെ ഗ്ലാമർ പ്രദർശനവും വലിയ ചർച്ചയായി. നയൻ താരയും ചിമ്പുവും തമ്മിൽ പ്രണയത്തിലാണെന്നും വാർത്തകൾ പരന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നപ്പോഴും താരം പ്രതികരിക്കാൻ തയാറായില്ല.

2010 ല്‍ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നടനും സംവിധായകനുമായ പ്രഭുദേവയെ തനിക്ക് ഇഷ്ടമാണെന്ന് നയൻതാര വെളിപ്പെടുത്തി. അന്ന് കയ്യിൽ പ്രഭുദേവയുടെ പേര് പച്ച കുത്തിയിട്ടുമുണ്ടായിരുന്നു.

നയൻതാര ഹിന്ദുമതം സ്വീകരിച്ചതാണ് പിന്നീടുണ്ടായ േകാളിളക്കം. ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിൽ വച്ച് ശുദ്ധികർമം നടത്തിയാണ് മതം മാറിയത്. അതോെട ഡയാന എന്ന പേര് ഉപേക്ഷിക്കുകയും നയൻതാര എന്ന വെള്ളിത്തിരയിലെ പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.

വനിതയുടെ ഫോട്ടോ ക്വീൻ

nayan3

2002 െസപ്റ്റംബര്‍ ഒന്നാംലക്കം ‘വനിത’യുടെ ഫോട്ടോക്വീൻ പംക്തിയില്‍ ഒരു സുന്ദരിക്കുട്ടിയുെട േഫാട്ടോ വന്നു. േപര് ഡയാന മറിയം കുര്യന്‍. തിരുവല്ല െകാടിയാട്ട് റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഒാഫീസര്‍ കുര്യന്‍ െകാടിയാട്ടിന്‍റെയും ഒാമന കുര്യന്‍റെയും മകള്‍.

തുടർന്ന് വനിതയുടെ ഫാഷൻ പേജിലും കവറിലും ആ സുന്ദരി മോഡലായി. പിന്നാലെ, ഒരു ജ്വല്ലറിയുടെ പരസ്യത്തിലും അഭിനയിച്ചു. ഇതൊക്കെ കണ്ടാണ് സംവിധായകൻ സത്യൻ അന്തിക്കാട് ‘മനസ്സിനക്കരെ’ എന്ന സിനിമയിൽ ജയറാമിന്റെ നായികയാകാൻ ആ തിരുവല്ലക്കാരിയെ ക്ഷണിക്കുന്നത്. നയൻതാര എന്നു പേരുമാറ്റിയതും സത്യന്‍ അന്തിക്കാട് തന്നെ. സ്വപ്നസമാനമായ തുടക്കമാണ് സിനിമയിൽ നയൻതാരയ്ക്കു ലഭിച്ചത്. രണ്ടാമത്തെ സിനിമയായ  ‘വിസ്മയത്തുമ്പത്തി’ല്‍ നായകനായത് മോഹൻലാല്‍. തമിഴിലെ രണ്ടാമത്തെ സിനിമയായ ‘ചന്ദ്രമുഖി’യില്‍ നായകൻ സാക്ഷാല്‍ രജനീകാന്ത്.

വിഘ്നേശ് കാത്തിരിക്കുന്നു

2018ൽ സംവിധായകൻ വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചു. നയൻസിനൊപ്പം ക്യാപ് കൊണ്ട് മുഖം മറച്ചു നിൽക്കുന്ന ചിത്രം. ‘എനിക്ക് കല്യാണപ്രായം ആയി, കാത്തിരിക്കണോ’ എന്നൊരു കുസൃതിച്ചോദ്യത്തോടൊപ്പം ഈ ചിത്രം കണ്ടതോടെ ആരാധകർ ഇളകിമറിഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരം രണ്ടു ദിവസത്തിനുള്ളിൽ തന്നെ മുഖം മറയ്ക്കാതെ രണ്ടുപേരും ഒരുമിച്ചു നിൽക്കുന്ന ചിത്രം വിഘ്നേശ് തന്നെ പോസ്റ്റ് ചെയ്തു.

വിജയ് സേതുപതിയും നയൻതാരയും ഒരുമിച്ച ‘നാനും റൗഡി താൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയത് യുവ സംവിധായകൻ വിഘ്നേശ് ശിവൻ ആയിരുന്നു. സിനിമ റിലീസായ നാൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന വാ ർത്ത പരന്നിരുന്നു. പക്ഷേ, അതിനെക്കുറിച്ച് നയൻതാരയോ വിഘ്നേശോ ഒരക്ഷരം പോലും പറഞ്ഞതുമില്ല.

നയൻതാര തന്നെ ചുംബിക്കുന്ന ചിത്രമാണ് പ്രണയദിനാശംസകളുമായി വിഘ്നേശ് പോസ്റ്റ് ചെയ്തത്. നയൻതാരയ്ക്കൊപ്പം ജീവിത നിമിഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ കാണാൻ ഇപ്പോൾ എല്ലാവരും വിഘ്നേശിന്റെ ചിത്രങ്ങളെ വിടാതെ പിന്തുടരുകയാണ്.

 വിഘ്നേശിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം  നയൻസ് ഇരിക്കുന്ന ചിത്രവും ആരാധകർ നെഞ്ചിലേറ്റി.   ഏറ്റവുമൊടുവിൽ ഗ്രീസിൽ ഇരുവരുമൊന്നിച്ച് വെക്കേഷ ൻ ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇനി എല്ലാവർക്കും ഒരു കാര്യം അറിഞ്ഞാൽ മതി. ‘എന്നാണ് കല്യാണം?’

പ്രഭുദേവയുമായുള്ള പ്രണയം ഉണ്ടാക്കിയ െപാല്ലാപ്പുകള്‍ ചില്ലറയല്ല. പക്ഷേ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ ബന്ധം അവസാനിച്ചതായി 2012ൽ നയന്‍താര തന്നെ വെളിപ്പെടുത്തി.

vignesh-and-nayanthara

വീഴ്ചകളിൽ തളരാതെ

ഒരു പക്ഷേ, നയൻതാരയുടെ കരിയറിലെ ഏറ്റവും മോശമെന്ന് കരുതാവുന്ന സമയമായിരിക്കാം 2011–2012 കാലഘട്ടം. തമിഴിൽ കൈ നിറയെ സിനിമകളുമായി തിളങ്ങിയ താരം ആ വർഷം തിളക്കം മങ്ങി നേർത്തു പോയിരുന്നു. രണ്ടു തെലുങ്ക്  സിനിമകളിൽ മാത്രമാണ് ആ വർഷം അഭിനയിച്ചത്. പക്ഷേ, നയൻസിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കരുതിയവർക്ക് തെറ്റി. 2013ൽ ആറ്റ്ലി സംവിധാനം ചെയ്ത ‘രാജാറാണി’യി ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി നയൻതാര വരവറിയിച്ചു.

നായകൻമാരുടെ സഹായമില്ലാതെ സൂപ്പർഹിറ്റുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് നയൻതാര തെളിയിച്ചത് 2015ൽ ആണ്. തമിഴ് സിനിമാരംഗത്ത് ഏതാനും നായികമാർക്കു മാത്രം സാധിച്ചിട്ടുള്ളൂ സൂപ്പർ ഹീറോയിൻ എന്ന ടൈറ്റിൽ സ്വന്തമാക്കാൻ. ‘മായ’ എന്ന ഹൊറർ സിനിമയ്ക്കു ശേഷം എല്ലാവരും പറഞ്ഞു, ഇതാ, തെന്നിന്ത്യയുടെ സൂപ്പർ ഹിറോയിൻ.

വീണ്ടും മലയാളത്തിൽ

‘ലൗ ആക്‌ഷൻ ഡ്രാമ’യിൽ നിവിൻ പോളിയുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ മലയാളത്തിൽ വീണ്ടും എത്തിയ കഥ നിർമാതാവു കൂടിയായ നടൻ അജു വർഗീസ് പറയുന്നു. ‘‘സിനിമയുടെ കഥ കേട്ട് വിനീത് ശ്രീനിവാസനാണ് പറയുന്നത്, ഈ റോളിൽ  നയൻതാര സൂപ്പർ ആയിരിക്കും എന്ന്. അങ്ങനെ ഞങ്ങൾ ഫിക്സ് ചെയ്തു, മതി, നയൻതാര മതി. പക്ഷേ, അതൊരു ബിഗ് ചാൻസ് ആണ്.

നേരിട്ടു കണ്ട് കഥ പറയാൻ പോയത് ധ്യാൻ ആയിരുന്നു. വൈകുന്നേരം നാലു മണിക്കായിരുന്നു അപ്പോയിൻമെന്റ്. ആശാൻ അവിടെ എത്തിയപ്പോൾ അഞ്ചു മണി. ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അപ്പോഴേ ഉറപ്പിച്ചു. പക്ഷേ, രാത്രി ഏട്ടര ആയപ്പോൾ ധ്യാൻ വിളിച്ചു പറഞ്ഞു,  ‘മാഡത്തിന് കഥ ഇഷ്ടപ്പെട്ടു, ഡേറ്റ് തന്നു.’ അതോടെ ഞങ്ങളുടെ ശോഭയായി നയൻസ് വരുമെന്ന് ഉറപ്പായി.’’

‘ലൗ ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം തമിഴകത്തിന്റെ ഇളയ ദളപതി വിജയ്ക്കൊപ്പം ‘ബിഗിൽ’, തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ നായികയായി ‘സൈറാ നരസിംഹ റെഡ്ഢി’ എന്നിവയാണ് വരാനുള്ള ചിത്രങ്ങൾ. പക്ഷേ, ഇതു രണ്ടുമല്ല, രജനികാന്തിനൊപ്പം അഭിനയിക്കുന്ന ‘ദർബാ ർ’ ആണ് ഇപ്പോൾ സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. പതിെനാന്നു വര്‍ഷത്തിനു േശഷമാണ് സ്റ്റൈൽ മന്നനും ലേഡി സൂപ്പർ സ്റ്റാറും ഒരുമിക്കുന്നത്. ‘ദര്‍ബാറി’െന്‍റ ഷൂട്ടിങ് തുടങ്ങിയതു മുതല്‍ ഒാരോ ദിവസവും ലഡ്ഡു വിതരണം നടത്തി ആഘോഷിക്കുകയാണ് ആരാധകര്‍.

‘അരം’ എന്ന സിനിമയിൽ ജില്ലാ കലക്ടറുടെ വേഷത്തിലെത്തി അനീതിക്കെതിരെ പോരാടിയതോെട നയന്‍താരയ്ക്ക് പുതിയൊരു പേരും വീണിട്ടുണ്ട്. ‘തലൈവി.’ ഇപ്പോള്‍ തമിഴ്മക്കളുടെയെല്ലാം ഉള്ളില്‍ ഒരു ചോദ്യം കൂടിയുണ്ട്, ‘എന്നാണ് തലൈവി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്...?’           

nayanddss
Tags:
  • Celebrity Interview
  • Movies