Thursday 12 August 2021 03:58 PM IST

‘കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി; ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി’: മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

Lakshmi Premkumar

Sub Editor

laksshhmmmm8765ctft ഫോട്ടോ: തമ്മി രാമൻ

ഇരുപത് വർഷം പിന്നിടുന്ന സിനിമാജീവിതത്തിലെ അനുഭവങ്ങളും വിശേഷങ്ങളുമായി നടി ലക്ഷ്മി ഗോപാലസ്വാമി..

വർഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികൾ വലുതാകുമ്പോഴാണെന്ന് പറയാറില്ലേ. ദുൽഖർ സൽമാനൊപ്പം ‘സല്യൂട്ടി’ൽ അഭിനയിക്കാനെത്തിയപ്പോൾ ലക്ഷ്മിഗോപാല സ്വാമിയും അങ്ങനെ ചിന്തിച്ചിരിക്കണം. ഇരുപത് വർഷം മുൻപ്  ലക്ഷ്മിയുടെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. ‘അരയന്നങ്ങളുടെ വീട്’.  

പണ്ട് കണ്ട ദുൽഖർ ദാ, വലിയ ചെക്കനായി മുന്നിൽ. ദുൽഖറിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ലക്ഷ്മി സന്തോഷം പങ്കുവച്ചു. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ ലക്ഷ്മിയുടെ മകന്റെ വേഷത്തിലെത്തുമ്പോൾ കാളിദാസ് ജയറാമിന് ഏഴുവയസ്സ്. വർഷങ്ങൾക്കു ശേഷം  സിനിമാ സെറ്റിൽ കാളിദാസിനെ കണ്ടപ്പോഴും ലക്ഷ്മിക്ക് അദ്ഭുതം തോന്നി. കൊച്ചുകുട്ടിയിൽ നിന്ന് ചെറുപ്പക്കാരനിലേക്കുള്ള വളർച്ച.

ലക്ഷ്മി സിനിമയിലെത്തി 20 വർഷം കഴിഞ്ഞെന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്കു തോന്നുന്നത് മറ്റൊരതിശയമാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്മി  ഇപ്പോഴും പഴയതു പോലെ തന്നെ. മാരിറ്റൽ സ്റ്റാറ്റസിലും മാറ്റമൊന്നുമില്ല. പ്രിയതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾക്കൊപ്പം.

ദുൽഖറിനും കാളിദാസനും ഒപ്പം അഭിനയിച്ചപ്പോൾ?

ദുൽഖറിനൊപ്പം ‘സല്യൂട്ട്’ എന്ന സിനിമയിലാണ് അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുൽഖർ. അവരുടെ തന്നെ പ്രൊഡക്‌ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങൾ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു. എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രത്തിനു ശേഷം  റോഷൻ ആൻഡ്രൂസ് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കിട്ടിയ അവസരമാണ് ‘സല്യൂട്ട്’.

കാളിദാസിനൊപ്പം ചെയ്തത് ‘രജനി’ എന്ന ചിത്രമായിരുന്നു. ഞങ്ങൾക്ക് കോംപിനേഷൻ  സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എ ന്റെ കുഞ്ഞു മോനായി വന്ന കുട്ടി, ഇത്രയും വലിയ നടനായി മുന്നിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. ഹൃദയം നിറഞ്ഞ് തുളുമ്പി.   

വിവാഹം വേണമെന്ന് തോന്നിയിരുന്നോ ?

വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട്. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.

എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. അതു നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല.

Tags:
  • Celebrity Interview
  • Movies