Friday 11 March 2022 03:19 PM IST

‘ഉണ്ടായിരുന്നെങ്കിൽ...അവൾക്കിപ്പോള്‍ മുപ്പതു വയസ്സായേനെ, പക്ഷേ, ആ ദുഃഖത്തെയും ഞാൻ മറികടന്നു’

Vijeesh Gopinath

Senior Sub Editor

lalu-alex-talks

ആകാശഗംഗയുടെ കരയിൽ... അശോകവനിയിൽ...

ആരെ ആരെ തേടി വരും, വസന്ത പൗർണമി നീ...

നിക്കറിട്ടു നിൽക്കുന്ന സ്കൂൾകുട്ടി പാടുകയാണ്. താളവും ലയവുമൊക്കെ കാലിടറി പോകുന്നുണ്ട്. പക്ഷേ, സ്വയം മറന്നാണ് പാടുന്നത്. ഗായകനാകാൻ പറ്റുന്ന ശബ്ദമാണോ എന്നൊക്കെ ചോദിച്ചാൽ കാണികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു എന്നേ പറയാൻ പറ്റൂ. ആ ‘കുട്ടി’യുടെ മറ്റൊരു പാട്ട് ഈ അടുത്ത കാലത്ത് കേട്ട് ഒരുപാടു പേർ പൊട്ടിച്ചിരിച്ചു കയ്യടിച്ചു. ബ്രോ ഡാഡി എന്ന സിനിമയിൽ, മകളുടെ കല്യാണം ശരിയായ സന്തോഷത്തിൽ സൈഡു ചരിഞ്ഞ്, കോണിപ്പടികള്‍ േവഗത്തില്‍ ഒാടിക്കയറിക്കൊണ്ട് അന്നത്തെ ആ കുട്ടി പാടി,

‘തുടക്കം മാംഗല്യം... തന്തുനാനേനാ...

പിന്നെ ജീവിതം... തുന്തനാനേനാ...’

ലാലു അലക്സ് ചിരിച്ചു കൊണ്ടു പറഞ്ഞു, ‘‘പൃഥ്വിരാജ് ചെയ്യാൻ പറഞ്ഞു. ഞാനങ്ങു ചെയ്തു. ഒന്നും ഒന്നും രണ്ടെന്ന മട്ടിലുള്ള കാര്യമല്ലല്ലോ അഭിനയം. അപ്പോൾ മനസ്സിൽ വന്ന രീതിയിലങ്ങു പാടി അഭിനയിച്ചു.’’

കൊച്ചിയിൽ സിനിമയും സിനിമാക്കാരും വേരുറപ്പിച്ചു വളർന്നു വലുതാകുമ്പോഴും സിനിമ കഴിഞ്ഞാലുടന്‍ ലാലുഅലക്സ് പിറവത്തെ വീട്ടിലേക്കു പോരും. അടുത്ത സിനിമ വരും വരെ കാത്തിരിക്കും. കാത്തിരിപ്പിന് പലപ്പോഴും നീളം കൂടും. പക്ഷേ, തനിക്കുള്ളത് തന്നെ തേടി വരും എന്ന മട്ട്.

പിറവത്തെ പുഴയിൽ കുളിച്ചും ശ്രീഭൂതനാഥവിലാസം ഹോട്ടലിലെ ബോണ്ട കഴിച്ചും സിനിമ കണ്ടും വളർന്ന കുട്ടി ജീവിതത്തിൽ ഒറ്റത്തവണയേ തോൽവിയോടു സുല്ലിട്ടിട്ടുള്ളൂ. അതു പ്രീഡിഗ്രിക്കാണ്. ഒരുപക്ഷേ, ആ തോൽവിയാണ് സിനിമയിലേക്കുള്ള ബുള്ളറ്റിന്റെ കിക്കറടിക്കാൻ നിമിത്തമായതും.

ഒരു ഗാനം പോലെ സുന്ദരമായ എത്ര ഒാർമകള്‍ അല്ലേ... ചിന്നക്കടയിലെ സുന്ദരിമാർക്കു മുന്നിലൂടെ ബുള്ളറ്റ് ഒാടിച്ചു നടന്നതൊക്കെ മറന്നോ?

ആ കാലമൊക്കെ മറക്കാനോ? പ്രീഡിഗ്രി പിന്നെ, എഴുതാൻ ശ്രമിച്ചില്ല. അപ്പച്ചൻ കോടതിയിലാണ് ജോലി നോക്കിയിരുന്നത്. മോൻ പഠനത്തിൽ വീണു പോയത് അപ്പച്ചനും അമ്മച്ചിക്കും വലിയ വിഷമമായി. പക്ഷേ, അപ്പച്ചന് എന്നെക്കുറിച്ച് അറിയാവുന്ന ഒരു കാര്യമുണ്ട്. ഞാനൊരു വഷളനല്ല, പോക്കിരിത്തരം എന്റെ കയ്യില്‍ നിന്നുണ്ടാകില്ല. ആ ധൈര്യം എന്റെ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം തന്നു.

ആദ്യം പങ്കജ് സോപ്പിന്റെ റെപ്രസന്റേറ്റവ്. കുറച്ചു നാൾ കഴിഞ്ഞ് മെഡിക്കൽ റെപ് ആയി കൊല്ലത്തേക്കു പോയി. ചേട്ടായി എന്നു ഞാൻ വിളിക്കുന്ന ജോർജ് ബർണാഡ് ആ ണ് ആ ജോലി ശരിയാക്കി തന്നത്. ചെറിയ കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കിലും ആദ്യമായി ഞാൻ വാങ്ങിയത് ഒരു ബുള്ളറ്റാണ്.

അക്കാലത്ത് ബുള്ളറ്റ് ഒാടിക്കുന്ന ചെറുപ്പക്കാരന് ആരാധകർ ഒരുപാടുണ്ട്. സ്റ്റൈലൻ ജീൻസും ബൂട്ടും ഇൻചെയ്ത ഷർട്ടും ഇട്ട് ഒരു കറക്കമുണ്ട്. ചിലപ്പോൾ പെൺകുട്ടികളൊക്കെ ഏറുകണ്ണിട്ടു നോക്കും. നമുക്കിഷ്ടപ്പെട്ട കുട്ടിയാണ് നോക്കിയതെങ്കിൽ ഒരാഴ്ച ജീവിക്കാന്‍ ആ ഒരൊറ്റ നോട്ടവും പുഞ്ചിരിയും മതിയായിരുന്നു.

ആ ബുള്ളറ്റും വിറ്റാണ് സിനിമ മോഹിച്ച് മദ്രാസിലേക്കു പോകുന്നത്. ചെന്നയുടൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി, ബുള്ളറ്റ് വിറ്റു കിട്ടിയ പണം നിക്ഷേപിച്ചു. സിനിമ കിട്ടാതെ വന്നു പട്ടിണി കിടക്കുമ്പോൾ കഞ്ഞി കുടിച്ചു കുറച്ചുനാൾ തള്ളി നീക്കാൻ, പിന്നെ നാട്ടിലേക്ക് വണ്ടി പിടിച്ചു മടങ്ങാന്‍... ഇതിനൊക്കെയാണ് ആ പൈസ എടുത്തു വച്ചത്. ഗുരുകാരണവന്മാരുടെ അനുഗ്രഹമാകാം, അത് എടുക്കേണ്ടി വന്നില്ല. ആ അക്കൗണ്ടും അതിൽ കുറച്ചു പണവും ഇപ്പോഴുമുണ്ട്. ഒരോർമയ്ക്കായി അത് അവിടെ കിടക്കട്ടെ.

ആദ്യ സിനിമയിൽ തന്നെ കോളറിനു പിടിച്ചത് സാക്ഷാൽ പ്രേംനസീറിന്റെ ആയിരുന്നല്ലേ?

‘ഈ ഗാനം മറക്കുമോ’. എന്റെ ആദ്യ സിനിമ. സിനിമ തുടങ്ങുമ്പോൾ മഞ്ഞ അക്ഷരത്തിൽ അലക്സ് എന്നെഴുതിയത് കാണുമ്പോൾ ഇന്നും രോമാഞ്ചമാണ്. ഏതു തുടക്കക്കാരനും കൊതിക്കുന്ന വേഷം. ഗ്രാമത്തിലെ റൗഡിയായ വിക്രമന്‍.

ഒരു ചായക്കട സീനിൽ വച്ചാണ് നസീർ സാറിന്റെ കോളറിൽ പിടിച്ചു പൊക്കുന്നത്. ‘വീട്ടുകാരെക്കുറിച്ചു പറയരുതെന്ന്’ നസീർ സാറിന്റെ ഡയലോഗ്. ‘പറഞ്ഞാൽ നീ എന്തു ചെയ്യുമെടാ...’ എന്നു ചോദിച്ച് എഴുന്നേറ്റ് അടുത്തു ചെന്നു ഞാൻ കോളറിൽ പിടിക്കണം.

തിയറ്ററുകളിൽ നസീർ സാറിനെ കണ്ട് ആരാധനയോടെ കയ്യടിച്ച പയ്യൻ അദ്ദേഹത്തിനെ ‘എടാ’ എന്നു വിളിക്കണം. പോരെങ്കിൽ കോളറിൽ പിടിക്കണം. സംവിധായകൻ ശങ്കരൻ നായർ സാർ പറഞ്ഞു ‘ഒന്നും നോക്കണ്ട ചെയ്തേ പറ്റൂ. ശങ്കിച്ചു നിന്ന എന്നെ നസീർ സർ അടുത്തു വിളിച്ചു പറഞ്ഞു,‘അസ്സേ... പിടിച്ചു പൊക്കിക്കോ...’

പിന്നെ, രണ്ടും കൽപ്പിച്ച് കോളറിൽ പിടിച്ച് ഒറ്റപ്പൊക്ക്. അന്നു വില്ലനായതാണ്. പിന്നെ, അടികൊടുത്തും വാങ്ങിയും കുറേ കഴിഞ്ഞപ്പോൾ ചിരിപ്പിച്ചും ഇത്രയും വർഷം.

വലിയ സിനിമാ പോസ്റ്ററിൽ പൊലീസ് യൂണിഫോം ഇട്ട് എന്നെ നിർത്തിയത് ശശിയേട്ടനാണ് (െഎ.വി. ശശി.) സിനിമ ‘ഈ നാട്.’ കമ്മീഷണർ അലക്സാണ്ടർ െഎപിഎസ്. ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്.

‘ഈ നാട്’ ഇറങ്ങിയപ്പോൾ മദ്രാസിൽ മൗണ്ട് റോഡിലെ സംഘം തിയറ്ററിനു മുന്നിൽ എന്റെ കട്ട്ഒൗട്ട് വച്ചു. എംജിആറിന്റെയും ശിവാജിസാറിന്റെയും അപ്പുറത്ത് ദേ, നിൽക്കുന്നു പിറവത്തെ ആ പയ്യൻ – ലാലു അലക്സ്. അന്ന് ആർകെ ലോഡ്ജിലാണ് താമസം. രാവിലെ ഒാട്ടോ പിടിച്ച് കട്ട്ഒൗട്ടിനു മുന്നിലെത്തി കുറേ നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും. ഇന്നാണെങ്കിൽ ഒരു സെൽഫി എടുത്തു വയ്ക്കാമായിരുന്നു.

lalu-1

ആ കാലത്തുണ്ടായ അവഗണനകൾ വേദനിപ്പിച്ചിട്ടില്ലേ?

അവസരങ്ങൾ തേടി ഒരുപാടു വാതിലുകളിൽ മുട്ടി. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങൾ ഭാഗ്യമുള്ളവനാണോ എന്ന് ചോദിച്ചാൽ ആകെ മൊത്തം തൂക്കിനോക്കുമ്പോൾ ഭാഗ്യമുള്ളവനാണ്. സ്വപ്നം കണ്ടതിനെക്കാൾ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. ചില നിർഭാഗ്യങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നെ ജീവിതമല്ലേ, സന്തോഷവും ദുഃഖവും രാവും പ കലും പോലെ മാറി മാറി വരും. ചെറിയ വേഷങ്ങളിലൂടെയുള്ള സിനിമാ യാത്രയാണ് എന്റേത്. ഇപ്പോഴും മലയാള സിനിമ എന്നെ പരിപാലിക്കുന്നതിൽ സന്തോഷവും നന്ദിയുമുണ്ട്. നമ്മൾ ഇരിക്കുന്ന ഈ സെറ്റി, മേലെ കറങ്ങുന്നഫാൻ, ഈ കുടിക്കുന്ന നാരങ്ങാവെള്ളം പോലും മലയാ ള സിനിമയ്ക്ക് അവകാശപ്പെട്ടതാണ്.

ആദ്യകാലത്ത് സിനിമാ ചിത്രീകരണത്തിനിടയിൽ എ ന്നെപോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. വലിയ താരങ്ങളുടെ രംഗങ്ങളൊക്കെ വേഗം തീർക്കണം. തിരക്കുള്ളവരൊക്കെ പോയി കഴിഞ്ഞേ നമ്മുടെ സീൻ വ രികയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ടങ്ങനെ നിൽക്കും.

മേക്കപ് ഇന്നത്തെ പോലെ ഒന്നുമല്ല. വില്ലനു പലപ്പോഴും താടി വേണം. താടി വളരുന്നതു വരെയൊന്നും ആരും കാത്തുനില്‍ക്കില്ല. ഒട്ടിക്കലാണ് പരിപാടി. മുഖത്ത് ഒരു ഗം തേക്കും. അപ്പോഴേ പുകച്ചിൽ തുടങ്ങും. പത്രത്തിൽ കുനുകുനുകുനാ അരിഞ്ഞിട്ട മുടിയിൽ മേക്കപ്‌മാൻ ബ്രഷ് മുക്കി മുഖത്ത് കുത്തിപ്പിടിപ്പിക്കും. നീറലും ചൊറിച്ചിലും വിട്ടുമാറില്ല. ഈ താടിയും വച്ചു വൈകുന്നേരം ഷൂട്ട് കഴിയും വരെ നില്‍ക്കണം.

ചിലപ്പോള്‍ അന്നു ഷോട്ട് കാണില്ല. എല്ലാം കഴുകിക്കളഞ്ഞു മടങ്ങും. പിറ്റേന്നും ഇതാവർത്തിക്കും. മൂന്നാലു ദിവസം വരെ ഇങ്ങനെ കാത്തുനിന്നിട്ടുണ്ട്.

ചില സമയത്ത് ദേഷ്യം വരും. കാണിക്കാന്‍ പറ്റുമോ? ചാൻസ് പോകില്ലേ. തിരിച്ച് മുറിയിലെത്തിക്കഴിഞ്ഞാൽ ചുമരിൽ ആഞ്ഞടിച്ച് ദേഷ്യം തീർക്കും. സിനിമ ഉപേക്ഷിച്ചു മ ടങ്ങണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ, പിണങ്ങി പോരാത്തത് നന്നായി എന്നിപ്പോള്‍ തോന്നുന്നു.

അവഗണനകള്‍ മറ്റു തരത്തിലുമുണ്ട്. ഞാനഭിനയിച്ച സിനിമയുടെ നൂറാം ദിനാഘോഷങ്ങളുണ്ടാകും. അതിൽ നല്ല റോളിൽ അഭിനയിച്ചിട്ടുമുണ്ടാകും. ആഘോഷത്തിൽ പങ്കെടുക്കാൻ പുതിയ ഡ്രസ്സ് വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ, വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ, അങ്ങനെയെല്ലാം സംഭവിച്ചത് ഇ ന്നു നന്മയായി എന്നു കരുതുന്ന അവസ്ഥയിലേക്ക് മനസ്സ് പാകപ്പെട്ടുകൊണ്ടിരിക്കുന്നു.

ജീവിതം പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ കു ടുംബം എങ്ങനെയാണ് ഒപ്പം നിന്നത്?

മുഴുവൻ പിന്തുണയോടെ ഭാര്യ ബെറ്റി എനിക്കൊപ്പം നിന്നു. പലപ്പോഴും സിനിമയില്ലാതെയായിട്ടുണ്ട്. മലയാള സിനിമ എന്നോടു കുറച്ചു നാൾ വീട്ടിലിരിക്കാന്‍ പറയും.ഞാനത് അനുസരിക്കും. സിനിമയില്ലാതെ വീട്ടിൽ കുറേ നാളിരിക്കുന്നത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതിൽ വലിയ പ്രതിസന്ധിയുണ്ട്. അതിനെ മറികടക്കുന്നതിന്റെ ത്രില്ലും ഉണ്ട്. ത്രില്ലാണെന്ന് പറഞ്ഞതു വായിച്ച് സംവിധായകരും നിർമാതാക്കളും ഇനിയും എന്നെ കൂടുതൽ നാൾ വീട്ടിലിരുത്തരുത് കേട്ടോ, കുറച്ചു ദിവസമൊക്കെ ഇരിക്കാം.

പൂമെത്തയിലൂടെയുള്ള യാത്രയായിരുന്നില്ല എന്റേത്. ചുരുങ്ങി ജീവിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. മൂത്ത മകന്റെ ബർത് ഡേ ഡിസംബർ 29, രണ്ടാമത്തെ മകന്റേത് 27. അത് രണ്ടായിട്ട് ആഘോഷിക്കാനുള്ള സാഹചര്യമില്ലാത്തതു കൊണ്ട് 28ന് ആഘോഷിച്ച വർഷങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതത്തിലെ വേദനകളെക്കുറിച്ചോര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോളുണ്ടായിരുന്നു. പത്തു മാസമേ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ്. ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോള്‍ മുപ്പതു വയസ്സായേനെ. പക്ഷേ, ആ ദുഃഖത്തെയും ഞാൻ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായിക്കൊണ്ടിരിക്കുകയാണ്. താങ്ക് ഗോഡ്. കാരണവന്മാർ പറഞ്ഞു തന്നിട്ടുണ്ട്, ‘അത്തിപ്പഴത്തോളം അഹങ്കാരമുണ്ടെങ്കിൽ ആ ദിക്കിലെങ്ങും ഗുരുത്വം വിളഞ്ഞിടാ...’

lalu-alex

മക്കളുടെ ബ്രോ ഡാഡിയാണോ?

അതവരോടല്ലേ ചോദിക്കേണ്ടത്. അവർ എല്ലാവരും നന്നായി പഠിച്ച് വിദേശത്തു ജോലി ചെയ്യുന്നു. മൂത്തവൻ ബെന്നും രണ്ടാമൻ സെന്നും എൻജിനീയർമാരാണ്. ബെന്‍ ല ണ്ടനിലും സെൻ അമേരിക്കയിലും. മകൾ സിയ അമേരിക്കയിൽ അക്കൗണ്ടൻസിക്ക് പഠിക്കുന്നു. ബെന്നിന്റെയും സെന്നിന്റെയും വിവാഹം കഴിഞ്ഞു.

ബെൻ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. പിന്നീടെന്താണ് സിനിമ ഉപേക്ഷിച്ചത്?

‘ഒാർക്കൂട്ട് ഒരു ഒാർമക്കൂട്ട്’ എന്ന സിനിമയിലാണ് അഭിനയിച്ചത്. അവന്‍ എൻജിനീയറിങിനു പഠിക്കുന്ന സമയം. ആ സിനിമയിൽ നിന്ന് അവനെ ഒഴിവാക്കാൻ പഠിച്ച പണി പ തിനെട്ടും നോക്കി. പഠനത്തിലെ ശ്രദ്ധ പോകും എന്നറിയാവുന്നതു കൊണ്ട് എനിക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. ഞാൻ പേടിച്ചതു പോലെ തന്നെ സംഭവിച്ചു. സിനിമ ക ഴിഞ്ഞതും രണ്ടോ മൂന്നോ വിഷയത്തില്‍ തോൽവി. പക്ഷേ, അതവന്‍ ഭംഗിയായി പഠിച്ച് എഴുതിയെടുത്തു.

പിന്നീട് ഒന്നുരണ്ട് അവസരങ്ങൾ വന്നിരുന്നു. ഇനിയും ‘സപ്ലി’യുടെ എണ്ണം കൂട്ടണ്ടെന്നു കരുതി ഞാനവനോടു പറഞ്ഞില്ല. അവൻ സിനിമയിൽ വരേണ്ടവനാണെങ്കിൽ വ ന്നുകൊള്ളും അതാണ് ഞങ്ങളുടെ വിശ്വാസം.

‘ഡ്രൈവിങ് ലൈസൻസി’ൽ നിർമാതാവിന്റെ വേഷമായിരുന്നല്ലോ. ജീവിതത്തിലും സിനിമാ നിർമാതാവാകുമോ?

സിനിമാനിർമാണം മനസ്സിലുണ്ട്. അതിനുള്ള അവസരം വരട്ടെ. പുതിയ കാലഘട്ടത്തിൽ ഒടിടി പ്ലാറ്റ്ഫോമൊക്കെ സജീവമായി. പുതിയ ചെറുപ്പക്കാരുടെ സിനിമകൾ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നു. അവസരങ്ങൾ ഒരുപാ ടുണ്ട്. ഞാനതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ മാത്രമല്ല, രാജ്യാന്തര നിലവാരത്തിലുള്ള വെബ് സീരീസിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്.

ഇപ്പോഴും സിനിമയ്ക്കായി കാത്തിരിക്കാറില്ലേ?

എന്താണ് സംശയം. സിനിമയോടുള്ള കൊതി ഒരിക്കലും തീരില്ല. ഇനിയും നിരവധി സിനിമയിൽ അഭിനയിക്കാമെന്ന ആഗ്രഹത്തിൽ കാത്തിരിക്കുന്നു. ഇതുവരെ എന്നെ നയിച്ച ജഗദീശ്വരൻ ഇനിയും മുന്നോട്ടു നയിക്കും എന്നു തന്നെയാണ് പ്രത്യാശ. എനിക്കുള്ള നല്ല വേഷങ്ങൾ ആരുടെയൊക്കെയോ പേനയിൽ, മനസ്സിൽ രൂപപ്പെടുന്നു എന്ന സ്വപ്നത്തോടെ ഞാൻ കാത്തിരിക്കുന്നു.

വിജീഷ് ഗോപിനാഥ്