നാലു തലമുറയിലെ വനിതകൾക്കൊപ്പമാണു മധുപാൽ സംസാരിക്കാനിരുന്നത്. അമ്മ രുഗ്‌മണിയമ്മ അകത്തുണ്ട്. ‘അച്ഛനും മക്കളും സംസാരിച്ചോളൂ’ ഭാര്യ രേഖ തിരക്കുകളിലേക്കു പാഞ്ഞു. ‘ഞങ്ങൾക്കൊപ്പം അച്ഛനും വളരുകയായിരുന്നെ’ന്നു പ റഞ്ഞു മാധവിയും മീനാക്ഷിയും അടുത്തിരിക്കുന്നുണ്ട്. മാധവിയുടെ തോളിൽ നാലാം തലമുറയിലെ താരം നല്ല ഉറക്കത്തിലാണ്. മാധവിയുടെ മകൾ, 50 ദിവസം പ്രായമുള്ള ജാനകി. ജാനകിയുടെ ഉറക്കം പിണങ്ങാതിരിക്കാൻ ‘മുത്തച്ഛൻ കരുതലോടെ’ മധുപാൽ പതുക്കെ സംസാരിച്ചു തുടങ്ങി.
‘‘വളർത്തുക എന്ന വാക്കിന് ഒരു കുഴപ്പമുണ്ട്. അതിൽ വളർത്തുന്ന ആൾക്കാണു പ്രാധാന്യം. അതുകൊണ്ടു പേരന്റിങിൽ ആ വാക്ക് ‘കെയറിങ്’ എന്ന അർഥത്തിൽ ഉപയോഗിക്കുന്നതാണ് ഉചിതം. മക്കളെ വളർത്തേണ്ട, അവർ വളരുകയാണ്. ചേർത്തു നിർത്തി മുന്നോട്ടു പോയാൽ മതി.
പുതിയ തലമുറയിലെ കുട്ടികളോടു സംസാരിക്കാനുള്ള അവസരം കിട്ടാറുണ്ട്. പലരുടെയും പൊതുവായ സങ്കടം അവരെ കേൾക്കാൻ ആളില്ലെന്നതാണ്. അവർക്കു പലതും തുറന്നു പറയണം. പക്ഷേ, അച്ഛനോടും അമ്മയോടും പറയാനായി പറ്റുന്നില്ല. വളർച്ചയിൽ എവിടെയോ വച്ച് അവരിലേക്കുള്ള വാക്കിന്റെ പാലം പൊളിഞ്ഞു പോയി.
അണുകുടുംബത്തിലേക്കു വന്നപ്പോൾ കാര്യങ്ങൾ തുറന്നു പറയാനും പങ്കുവയ്ക്കാനുമുള്ളവരുടെ എണ്ണം കുറഞ്ഞു, സോഷ്യൽമീഡിയയും സമൂഹവും അവർക്കു മേല്‍ സർവൈലൻസ് ക്യാമറകളും വച്ചു. അതോടെ കുട്ടികൾ എ ങ്ങനെ വളരണം, എന്തു ധരിക്കണം എന്നൊക്കെ സമൂഹത്തിലെ ചിലർ തീരുമാനിക്കാൻ തുടങ്ങി. ആ അപകടകരമായ അവസ്ഥയിലാണു നമ്മുടെ ചെറുപ്പക്കാർ വളരുന്നത്.
മാധവി: എല്ലാം പറയാൻ അച്ഛനെയും അമ്മയെയും കിട്ടണം എന്നില്ല. എന്റെ സ്കൂൾ കാലത്ത് അച്ഛൻ സിനിമയുടെ തിരക്കിലായിരുന്നു. അന്നെല്ലാം പറഞ്ഞിരുന്നത് അ ച്ഛമ്മയോടായിരുന്നു. എന്റെ കൂട്ടുകാരെക്കുറിച്ചും സ്കൂളിൽ നടക്കുന്ന ഒാരോ കുഞ്ഞു കാര്യങ്ങളും. അപ്പോഴും ഒ പ്പമുണ്ടെന്ന തോന്നൽ അച്ഛൻ ഞങ്ങളിലുണ്ടാക്കി.
മീനാക്ഷി: ഞാനും ചേച്ചിയും തമ്മിൽ ഏഴര വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനെത്തിയത് ലേറ്റായതു കൊണ്ടാകാം അച്ഛനും അമ്മയും കുറച്ചു കൂടി ഫോക്കസ് ചെയ്തിരിക്കുന്നത് എന്നെയാണ്. അതു ഭാരമായി തോന്നിയില്ല. പോണ്ടിച്ചേരിയിൽ ലിറ്ററേച്ചർ പിജി ചെയ്യാൻ പോയപ്പോഴും എന്നെയോർത്ത് അച്ഛൻ ടെൻഷൻ അടിച്ചിരുന്നില്ല.
ഭൂതകാലക്കുളിര് എത്രത്തോളം
മധുപാൽ: മാതാപിതാക്കൾ പലപ്പോഴും അവരുടെ കുട്ടിക്കാലമാണു മക്കളിലേക്കു പകർന്നു കൊടുക്കുക. അവരനുഭവിച്ച കുട്ടിക്കാലത്തിന്റെ അതേ ഒാപ്പറേറ്റിങ് സിസ്റ്റത്തിലൂടെയാണു കുട്ടികളുടെ കാര്യവും പ്രവർത്തിക്കുക. കൈമാറ്റം പെർഫെക്റ്റ് ആണെങ്കിൽ ഒരു കുഴപ്പവുമില്ല.
എന്നാൽ ആ ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ ചെറിയ തകരാറുകൾ ഉണ്ടായാൽ മതി കുഞ്ഞുങ്ങളിലേക്കു നെഗറ്റിവിറ്റിയുടെ വൈറസുകള്‍ പറന്നു കയറും. എല്ലാ അച്ഛനമ്മമാർക്കും ഭൂതകാലം സ്വന്തമായിട്ടുണ്ടാകും. അവരെ വളർത്തിയ രീതിയിൽ ചിലപ്പോൾ തെറ്റുകളുണ്ടാകും. ആ കാലം തന്നെയാണോ മക്കളിലേക്കു പകർന്നു കൊടുക്കേണ്ടതെന്ന് ആലോചിക്കണം. ഭൂതകാലത്തിലെ ചില അനുഭവങ്ങളിൽ ഒരു പരിധിയിൽ അധികം അഭിരമിക്കണോ എന്നും ചിന്തിക്കാം. മക്കൾ സ്കൂൾ ബസ്സിനാകും പോവുക. അവരോട് ‘ഞങ്ങൾ സ്കൂളിൽ പോയിരുന്നതു നാലു കിലോമീറ്റർ നടന്നിട്ടാണെന്ന്’ മാതാപിതാക്കൾ പറയണമോ? അ ന്നത്തെ സാഹചര്യം അതായിരുന്നു. അതുകൊണ്ടാണ് അ വർക്ക് നടന്നു പോകേണ്ടി വന്നത്. ആ റൂട്ടിൽ ബസ് ഉണ്ടായിരുന്നെങ്കിൽ യാത്ര ബസ്സിലാകുമായിരുന്നു. നിങ്ങൾക്കു കിട്ടാത്ത ഭാഗ്യങ്ങൾ കുട്ടികൾക്കുണ്ടാകുമ്പോൾ അതിൽ സന്തോഷിക്കണം. നരച്ച ഭൂതകാലം പറഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാക്കരുത്
പെൺമക്കളുടെ ‘അച്ഛൻ ഭാരം’
മധുപാൽ: അതൊരു ഭാരമാണെന്ന് എനിക്കു തോന്നില്ല. അങ്ങനെ ചോദിക്കുന്നവരോട് ആ ചോദ്യം തന്നെ തെറ്റാണെന്നു പറയാറുമുണ്ട്. എനിക്കു പറ്റാത്ത പല കാര്യങ്ങളും ഈ വീട്ടിലുണ്ട്. അതു രേഖയാണു ചെയ്തു തന്നിരുന്നത്.
മീനാക്ഷി: കൊടുക്കൽ വാങ്ങൽ സമ്പ്രദായത്തിലൂടെയാണു വീട് എപ്പോഴും മുന്നോട്ടു പോയത്. അച്ഛന് എടിഎം ഉപയോഗിക്കാൻ അറിയില്ലായിരുന്നു. യാത്രയിൽ പൈസയ്ക്ക് ആവശ്യം വരുമ്പോൾ അമ്മയെ വിളിച്ചു പറയും. അ മ്മ ഏതെങ്കിലും കൂട്ടുകാരെ തപ്പികണ്ടുപിടിച്ച് അവരുടെ അക്കൗണ്ടിൽ പൈസയിടും. അവരത് എടുത്ത് അച്ഛനു കൊടുക്കും. അതായിരുന്നു അവസ്ഥ. പിന്നെ, ആ ഡ്യൂട്ടി ഞങ്ങൾക്കായി. വീട്ടിലെ എല്ലാ കാര്യവും അമ്മ നോക്കുന്നതു കണ്ടാണു ഞങ്ങൾ വളർന്നത്. ഗൃഹനാഥയ്ക്കാണ് എന്നും പ്രാധാന്യം.
മാധവി: വിവാഹം കഴിഞ്ഞു ഞാൻ പോയി. (മാധവിയുടെ ഭർത്താവ് അരവിന്ദ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ) മീനാക്ഷി പഠനത്തിനായി പോണ്ടിച്ചേരിക്കും പോയി. അതോടെ അച്ഛൻ ‘പെട്ടു’. ഇപ്പോൾ ഒാൺലൈൻ പെയ്മെന്റുകളും എടിഎം ഉപയോഗവും എല്ലാം പഠിച്ചു മിടുക്കനായി.
മാധവി: പെൺമക്കൾ എങ്ങനെയാണു ഭാരമാവുക എന്ന് എപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്തൊരു തെറ്റായ ചിന്താഗതിയാണത്. പലപ്പോഴും വിവാഹവും സ്വർണവുമൊക്കെയായി ബന്ധപ്പെട്ടാകും ഈ ഭാരമെന്ന വാക്ക് വന്നതെന്നു തോന്നാറുണ്ട്. ആ കാര്യത്തിലും അച്ഛനെയും അമ്മയെയും കണ്ടാണു ഞങ്ങൾ വളർന്നത്. സ്വർണം ധരിച്ചാൽ സുന്ദരികളാകും എന്ന വിശ്വാസം എനിക്കും മീനാക്ഷിക്കും ഇ ല്ല. ആ ആറ്റിറ്റ്യൂഡ് വീട്ടിൽ നിന്നാണ് കിട്ടിയത്. അമ്മ ഒരുപാടു സ്വർണം ധരിച്ചു കണ്ടിട്ടില്ല. ഇവരുടെ കല്യാണത്തിന് അമ്മ കുഞ്ഞുമാലയാണ് ഇട്ടതെന്ന് കേട്ടിട്ടുണ്ട്.
മധുപാൽ: ഞാനും രേഖയും വിവാഹം ചെയ്തതു ഗുരുവായൂരിൽ വച്ചായിരുന്നു. അവൾ ഇട്ടുകൊണ്ടുവന്ന ഒരു മാല കഴുത്തിലുണ്ടായിരുന്നു, അമ്പലത്തിൽ നിന്നു കിട്ടുന്ന തുളസിമാല പരസ്പരം അണിയിച്ചു. അത്രയേയുള്ളൂ. കല്യാണമാല പോലും വാങ്ങിയില്ല. ഒരാളുടെ വസ്ത്രത്തെയും രൂപത്തെയും വച്ച് അളക്കുന്ന രീതിയിലേക്കാണു പുതിയ കാലത്തെ മോറല്‍ പൊലീസിങ് വരുന്നത്. അതു പുതിയ കുട്ടികളിലുണ്ടാക്കുന്ന ഭാരം വലുതാണ്.
മീനാക്ഷി: അച്ഛന്റെയും അമ്മയുടെയും ജീവിതം ഞങ്ങ ൾക്കറിയാം. അതുകൊണ്ടാകാം സിനിമയുടെ ഗ്ലാമർ ഞങ്ങളെ ബാധിച്ചിട്ടില്ല. മധുപാലിന്റെ മകള്‍ എന്ന വിലാസം ഒരിടത്തും അറിയിക്കാതെയാണു ഞങ്ങള്‍ വളർന്നത്. അടുപ്പമുള്ളവർ മാത്രം അതറിഞ്ഞാൽ പോരെ...
ഒന്നിപ്പിക്കുന്നത് സിനിമ
മധുപാൽ: കുട്ടിക്കാലത്തു സിനിമ കണ്ടാണു ഞാൻ വളർന്നത്. റിലീസ് ദിവസം തന്നെ പാലക്കാട്ടെ തിയറ്ററുകളിലേക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം മാറ്റിനി കാണാൻ പോകും. അതു തന്നെ മക്കളിലേക്കും പകർന്നു. ഇറങ്ങുന്ന എല്ലാ സിനിമയും മക്കൾക്കൊപ്പം പോയി കാണും. കോവിഡിനു മുൻപുവരെ എന്റെ അമ്മയും ഒപ്പമുണ്ടാകും.
മീനാക്ഷി: അച്ഛമ്മ കടുത്ത മോഹൻലാൽ ഫാൻ ആണ്. സ്വന്തം മോനേക്കാളും മോഹൻലാലിനെയാണ് ഇഷ്ടമെന്നു ഞങ്ങൾ കളിയാക്കാറുണ്ട്. ‘ലാൽ സിനിമകളെ’ കുറിച്ചു ചെറിയൊരു കുറ്റം പറഞ്ഞാലും സമ്മതിച്ചു തരികയുമില്ല. ഇപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം തിയറ്ററുകളിൽ പോകാറില്ല, ഒടിടിയില്‍ കാണും.
മധുപാൽ: സിനിമ കാണാൻ പോകുമ്പോൾ അച്ഛനെയും അമ്മയെയും ഒക്കെ കൊണ്ടുപോകണം. വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ കിട്ടുന്ന സന്തോഷം, കരുതൽ ഒക്കെ അവരും ആസ്വദിക്കണം. അത് റിവേഴ്സ് പേരന്റിങ് ആണ്. പരസ്പരം സംസാരിക്കാനുള്ള പാലം നമ്മൾ എല്ലാവരിലേക്കും തുറന്നിടേണ്ടേ?...