മഹിമ നമ്പ്യാർ സിനിമയിലെത്തിയിട്ടു പതിമൂന്നു വർഷമായി. ഇടയ്ക്കിടെ മാത്രമാണു മലയാളത്തിൽ വന്നതെങ്കിലും അങ്ങു തമിഴിൽ മലയാളത്തിന്റെ മഹിമ മിന്നിത്തിളങ്ങി. ആർഡിഅക്സും വാലാട്ടിയും ചന്ദ്രമുഖി 2വുമൊക്കെയായി കൈനിറയെ ഹിറ്റുകളാണു മഹിമയ്ക്കിപ്പോൾ.
സാന്ദ്ര തോമസ് നിർമ്മിച്ചു ഷെയ്ൻ നിഗം നായകനാകുന്ന ‘ലിറ്റിൽ ഹാർട്സി’ന്റെ ലൊക്കേഷനിൽ നിന്നാണു മഹിമ വനിതയുടെ കവർഷൂട്ടിനെത്തിയത്. ആദ്യകാഴ്ചയിൽ തന്നെ നിറഞ്ഞ ചിരിയും എനർജി നിറഞ്ഞ പെരുമാറ്റവും കൊണ്ട് ആരും മഹിമയുടെ ഫാനാകും. ഈ പോസിറ്റിവിറ്റിയെ കുറിച്ചാണ് ആദ്യം ചോദിച്ചതും. ‘‘കാര്യസ്ഥനിൽ ദിലീപേട്ടന്റെ അനിയത്തിയായാണു മലയാളത്തിലെ അരങ്ങേറ്റം. പിന്നീടു തമിഴിൽ ‘സാട്ടൈ’യിൽ നായികയായി. പിന്നീടങ്ങോട്ടു നായികയായി തിളങ്ങുന്ന കാലം ഞാൻ സ്വപ്നം കണ്ടു.
പക്ഷേ, ആകെ വന്നത് ഒരേ ഒരു മലയാള സിനിമയിൽ നായികയാകാനുള്ള ഓഫറാണ്. നാലു ദിവസം അഭിനയിച്ചു കഴിഞ്ഞാണു പറഞ്ഞത്, മറ്റൊരു നായികയെ വച്ചു റീഷൂട്ട് ചെയ്യുമെന്ന്. ഒഴിവാക്കലിന്റെ ആ വേദന മറക്കാനും അതിജീവിക്കാനും സമയമെടുത്തു. ആ ദിവസങ്ങളാണു സിനിമയിൽ ഉറച്ചു നിൽക്കാൻ കരുത്തു നൽകിയത്. അതോടെ തീരുമാനിച്ചു, ഒന്നുമാലോചിച്ച് ഇനി സങ്കടപ്പെടില്ല. ജീവിതത്തിലും കരിയറിലും ഇപ്പോൾ സൂപ്പർ ഹാപ്പിയാണ്.’’
ആർഡിഎക്സിലെ മിനി ഹാപ്പി മാത്രമല്ല കരാട്ടെക്കാരിയുമാണല്ലോ ?
അതിലേക്കു വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു ഒരു സീനിൽ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനിൽ ചെന്ന ദിവസം മുതൽ കാണുന്നതു നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയാറെടുപ്പും നടത്താൻ ആരും പറഞ്ഞില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീൻ കാണിച്ചു തന്നത്, ഞെട്ടിപ്പോയി. കുറച്ചു കഷ്ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയറ്ററി ൽ ആ സീനിനു വലിയ കയ്യടി കിട്ടി.
റിയൽ ലൈഫിൽ ഞാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണു കേട്ടോ, ഒ രു വഴക്കിനും ഇല്ലേ. പക്ഷേ, കുട്ടിക്കാലത്തു ചേട്ടനുമായി ചേർന്ന് ഉണ്ടാക്കാത്ത കുരുത്തക്കേടുകളില്ല. മഹാഭാരതം സീരിയൽ ടിവിയിൽ കണ്ടിട്ടു ഞങ്ങൾ പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചുനോക്കി. സാരിയായി ചുറ്റിയത് ബെഡ്ഷീറ്റാണ്. അവസാനം ചേട്ടൻ അതിന്റെ അറ്റത്തു പിടിച്ച് ഒറ്റ വലി. ഞാൻ കറങ്ങിക്കറങ്ങി മുകൾ നിലയിൽ നിന്നു സ്റ്റെപ്പുകളിലൂടെ ഉരുണ്ടുരുണ്ടു താഴെ ലാൻഡ് ചെയ്തു. െനറ്റിയിലും താടിയിലും അന്നത്തെ മുറിവിന്റെ പാട് ഇപ്പോഴുമുണ്ട്.
മധുരരാജയിലെ ഡോഗ് ഫൈറ്റിനു ശേഷം ഇപ്പോൾ വാലാട്ടിയിലെ ഡോഗ് പേരന്റായും തകർത്തല്ലോ ?
മൃഗങ്ങളോടു സ്നേഹമുള്ള ആളാണു ഞാൻ. മധുരരാജയുടെ ലൊക്കേഷനിൽ വച്ചു നായ്ക്കളുടെ അടുത്തു പോകാനൊന്നും സ്റ്റണ്ട് മാസ്റ്ററായ പീറ്റർ ഹെയ്ൻ സമ്മതിച്ചില്ല. വേണമെങ്കിൽ ഡ്യൂപ്പിനെ വയ്ക്കാമെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഒരു പരുക്കു പോലും പറ്റാതെ ഏഴുദിവസം കൊണ്ടാണ് ആ സീനുകൾ ഷൂട്ട് ചെയ്തത്.
ലോക്ഡൗൺ ഇളവുകൾ വന്ന സമയത്താണു വാലാട്ടിയിലേക്ക് ഓഫർ വന്നത്. സംവിധായകനും സംഘവും ആ ദ്യമേ തന്നെ ഒരു കാര്യം പറഞ്ഞു. ‘മഹിമയല്ല, മഹിമയുടെ പെറ്റ് ഡോഗാണു സിനിമയിലെ നായിക.’ ലൊക്കേഷനിൽ വലിയ രസമായിരുന്നു. നായ്ക്കളുടെ മൂഡ് അനുസരിച്ചാണു ഷൂട്ടിങ്. ഷോട്ടിൽ നമ്മൾ തെറ്റിച്ചാലും നായ്ക്കൾക്കു റീടേക്ക് വേണ്ടി വരില്ല.
എനിക്കു രണ്ടു റോട്ട്‍വീലർ നായ്ക്കളുണ്ട്, ക്രിസ്റ്റെൻ കാർല വൊനാഞ്ചയും മോണ്ടെ ക്രിസ്റ്റോ വൊനാഞ്ചയും. പേരുകേട്ടു ഞെട്ടേണ്ട, വോണാഞ്ച എന്ന കെന്നലി ൽ നിന്നാണ് ഇവരെ വാങ്ങിയത്. റജിസ്ട്രേഷനൊക്കെ കഴിഞ്ഞു പാസ്പോർട്ടും സർട്ടിഫിക്കറ്റുമൊക്കെയായാണ് അവർ നായ്ക്കളെ വിൽക്കുന്നത്. ചാംപ്യൻ ഡോഗ് ആയതു കൊണ്ടു ഗ്രാൻഡ് പേരന്റ്സിന്റെ പേരാണു തുടക്കത്തിൽ ചേർക്കുക. പിന്നീടു സ്വന്തം പേരും കെന്നലിന്റെ പേരും. ആ പേരു മാറ്റാൻ തോന്നിയില്ല, ക്രിസ്റ്റിയെന്നും മോണ്ടിയെന്നും ചെല്ലപ്പേരു വിളിക്കും. കുറേ പൂച്ചകളും പക്ഷികളും മീനുമൊക്കെയുണ്ടു വീട്ടിൽ. ഷൂട്ടിങ്ങിനായി വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ ഈ മക്കളെ കാണാതിരിക്കുന്നതാണു വിഷമം.
ക്യൂട്ട് ആയ മഹിമയ്ക്കു പ്രണയാഭ്യർഥന വരുന്നില്ലേ ?
ഇൻസ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടുന്ന ഒരാളുണ്ട്. ഒന്നിച്ചു വീട്ടിൽ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ചു തിരിച്ചെത്തുന്ന പോലെയാണ് ആ മെേസജുകൾ. ഇതിനിടയിലുള്ള ഓരോ കാര്യവും സ്വയം സങ്കൽപിച്ചു കളയും. തൽക്കാലം എനിക്ക് എന്നോടു തന്നെയാണു പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയി ൽ വന്നതാണ്. വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോൾ എങ്ങനെയാണോ, അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം.
പുതിയ ചിത്രങ്ങളെ കുറിച്ചു പറയൂ...
ലിറ്റിൽ ഹാർട്സിനു ശേഷം ഉണ്ണി മുകുന്ദന്റെ നായികയായി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേശ് എത്തുന്നുണ്ട്. മലയാളത്തിൽ രണ്ടു സിനിമകൾ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയ 800 റിലീസായി. അതിൽ മുത്തയ്യ മുരളീധന്റെ ഭാര്യയായ മതിമലറിന്റെ വേഷമാണ്. വിവിധ ഭാഷകളിൽ റിലീസാകുന്ന 800ന്റെ പ്രമോഷനിടെ സച്ചിൻ തെണ്ടുൽക്കറെയും സൗരവ് ഗാംഗുലിയെയും സനത് ജയസൂര്യയെയും അടക്കം കുറേ ക്രിക്കറ്റ് താരങ്ങളെ നേരിൽ കണ്ടു. അതിനിടെ ഒരു അബദ്ധം പറ്റി കേട്ടോ. ഒരു പരിപാടിയിൽ അവതാരക ചെറിയൊരു ക്രിക്കറ്റ് ക്വിസ് നടത്തി. ഒറ്റ ചോദ്യത്തിനു പോലും എനിക്ക് ഉത്തരം അറിയില്ല പ്രോഗ്രാം കഴിഞ്ഞു മുരളീധരൻ സാർ അടുത്തു വന്നു ചോദിച്ചു, ‘ക്രിക്കറ്റിനെ പറ്റി ഒന്നും അറിയില്ല അല്ലേ...’
കാസർകോട് നിന്നു കൊച്ചിയിലേക്കു താമസം മാറിയോ ?
തമിഴിൽ തിരക്കായ കാലത്തു ചെന്നൈയിലേക്കു മാറുന്നതിനെ കുറിച്ചു ചിന്തിച്ചിരുന്നു. ഇപ്പോൾ മലയാളത്തിൽ നിറയെ അവസരങ്ങളുള്ളതു കൊണ്ടു തൽക്കാലം എങ്ങോട്ടുമില്ല. റെയിൽവേയിൽ എൻജിനിയറായിരുന്ന അച്ഛൻ സുധാകരനും സ്കൂൾ ടീച്ചറായിരുന്ന അമ്മ വിദ്യയും ചേട്ടൻ ഉണ്ണികൃഷ്ണനും ഫുൾ സപ്പോർട്ടായുണ്ട്.
സിനിമാതിരക്കിനിടെ പഠിത്തം വിട്ടില്ല. എംഎ ലിറ്ററേച്ചർ പാസ്സായി. നെറ്റ് പരീക്ഷയാണ് അടുത്ത ലക്ഷ്യം.
വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ