Friday 23 October 2020 03:58 PM IST

‘ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക് ഔട്ട് കൂട്ടും; ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല’; മാളവികയുടെ ഫിറ്റ്നസ് സീക്രട്ട്സ്‌

Lakshmi Premkumar

Sub Editor

malavika-interview5555 ഫോട്ടോ: സതീഷ് ചെന്നൈ

മലയാളികൾ മനസ്സിൽ എപ്പോഴും താലോലിക്കുന്ന രണ്ട് പേരുകളാണ് കണ്ണനും ചക്കിയും. ജയറാമിന്റെയും പാർവതിയുടെയും പൊന്നോമനകൾ. നായകനായി കണ്ണൻ (കാളിദാസൻ) സിനിമയിലേക്കു വന്നതിനു പിന്നാലെ ഗ്ലാമർ ലോകത്തേക്ക് ചക്കിയും (മാളവിക) ചുവട് വച്ചു കഴിഞ്ഞു. മോഡലിങ്ങിലേക്കുള്ള മാളവികയുടെ മെഗാ എൻട്രി സോഷ്യൽ മീഡിയ ആഘോഷമാക്കി.

‘ആ ചെറിയ കുട്ടിയാണോ ഇതെന്ന്’ അതിശയത്തോടെ ചോദിച്ചവരും, ‘വാട് എ മാസ് ലുക്ക്’ എന്ന് കമന്റ് ചെയ്തവരും അറിയണം. മാളവിക ഒരു ചെറിയ പുലിക്കുട്ടി തന്നെ. പുലിമടയിലെ ‘ചിന്നപുലി’.

ആദ്യമേ തന്നെ ചോദിക്കട്ടെ, എന്ന് വരും സിനിമയിലേക്ക് ?

ആദ്യമേ തന്നെ പറയട്ടെ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത്, ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ്  ചെയ്തത് എന്നാണ്. പക്ഷേ, അങ്ങനെയല്ല. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ കണ്ടു വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്.  ‘ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ.’  ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം.

മോഡലിങ് എൻട്രി എങ്ങനെയായിരുന്നു ?

എന്റെ അടുത്ത സുഹൃത്ത് പേൾ ആണ് മിലൻ എന്ന ബുട്ടീക്കിന്റെ ഫാഷൻ സ്‌റ്റൈലിസ്റ്റ്. പണ്ട് പഠിക്കുന്ന കാലം മുതൽ തന്നെ അവൾ എന്നോട് എപ്പോഴും പറയുമായിരുന്നു മോഡലിങ്ങിൽ ഞാൻ തിളങ്ങുമെന്ന്. സാരിയുടുത്ത ഒരു ഫോട്ടോ ഞാൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. അതു കണ്ടിട്ട് അവൾ വിളിച്ചു ചോദിച്ചു. ‘ഒരു ബ്രൈഡൽ കളക‌്‌ഷന്‍ കാംപെയിൻ തുടങ്ങുന്നു. മോഡലാകാൻ പറ്റുമോ’യെന്ന്. ഞാൻ കാര്യം വീട്ടിൽ പറഞ്ഞു. ഇവിടേം ഓകെ.

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സീൻ ആകെ മാറി. എനിക്കും അമ്മയ്ക്കും അപ്പയ്ക്കും എല്ലാം ഭയങ്കര ടെൻഷൻ. പക്ഷേ, എല്ലാം കൂളായി നടന്നു. ഇപ്പോൾ കാണുന്നവർ നല്ല അഭിപ്രായം  പറയുമ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷം.

മാളവിക പഠിച്ചത് പക്ഷേ, ഫാഷനോ ഡിസൈനിങ്ങോ ഒന്നുമല്ലല്ലോ?

ചെന്നൈ സ്റ്റെല്ലാ മേരിസിലാണ് ബിഎ ഹിസ്റ്ററി പഠിച്ചത്. സ്പോർട്സ് പ്രേമി ആയതു കൊണ്ട് സ്പോർട്സിൽ പിജി ചെയ്യണമെന്ന് ഡിഗ്രി പഠിക്കുമ്പോഴെ തീരുമാനിച്ചിരുന്നു. സ്പോർട്സ് മാനേജ്മെന്റിലാണ് പോസ്റ്റ് ഗ്രാജുവേഷൻ. യുകെയിൽ ആണ് പഠിച്ചത്.

സത്യം പറഞ്ഞാൽ എനിക്ക് ഫാഷനേക്കാളും ഇഷ്ടം സ്പോർട്സാണ്. അതുകൊണ്ടാണ് അങ്ങനെയൊരു കോഴ്സ് തിരഞ്ഞെടുത്തത്. നമ്മുടെ നാട്ടിൽ അത്ര പോപ്പുലർ അല്ലെങ്കിലും വിദേശത്ത് ധാരാളം അവസരങ്ങൾ ഉള്ള കോഴ്സ് ആണ്. ഒരു സിനിമ നമുക്ക് മുന്നിൽ എത്തുന്നതിന് പിന്നിൽ ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഏകോപനം ഉണ്ട്. അതു പോലെ തന്നെയാണ് സ്പോർട്സും. ഒരു ഫുട്ബോൾ മത്സരം  കാണികൾക്കു മുന്നിലെത്തുന്നതിനു മുൻപ് നൂറു നൂറു കാര്യങ്ങൾ ഉണ്ട്. അതൊക്കെ സ്പോർട്സ് മാനേജ്മെന്റിന്റെ  ഭാഗമാണ്. കോഴ്സ് കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്തത് സ്റ്റാര്‍ സ്പോർട്സിലാണ്. കഴിഞ്ഞ വേൾഡ് കപ്പിന്റെ സമയത്ത്. സ്പോർട്സ് ബ്രോഡ് കാസ്റ്റിങ് എന്നതായിരുന്നു വിഷയം. ലൈവ് ചെയ്യുമ്പോൾ അതിന്റെ സബ് ടൈറ്റ്ലിങ് ചെയ്യണം, അങ്ങനെ നമ്മൾ ടെലിവിഷനിൽ കാണുന്ന പെർഫക്ട് ഐറ്റം ക്രിയേറ്റ് ചെയ്യുന്നത് ഒരുപാട് പേരുടെ പ്രയത്ന ഫലമായാണ്.

ഹോം സിക്നെസ് കൂടുതലുള്ള ആളാണല്ലേ ?

എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. വീട്ടിൽ അമ്മ നല്ല ഫൂഡ് ഉണ്ടാക്കും. അപ്പയും കണ്ണനുമുണ്ടെങ്കിൽ എപ്പോഴും തമാശയാണ്. ലോകത്ത് വേറെവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. ചെന്നൈ എന്റെ സിറ്റിയാണ്. ഓരോ കോർണറും എനിക്ക് പരിചിതമാണ്. അതുപോലെ തന്നെ വീടും.

കുക്കിങ് റേഞ്ച് എത്രെയന്ന് പറയാമോ?

അമ്മ നല്ല കുക്കാണ്. വീട്ടിൽ എല്ലാവരുമുള്ളപ്പോൾ അമ്മയുടെ ബിരിയാണി മസ്റ്റാണ്. അമ്മയെപ്പോഴും പറയും പണ്ട് ഒന്നും അറിയില്ലായിരുന്നു. എല്ലാം ചെയ്തു ചെയ്ത് പഠിച്ചതാണെന്ന്. ഞാനും ആ വഴി തന്നെയാണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കിഷ്ടമാണ്. ചിലപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് വട്ടം പാളിപോകും. പക്ഷേ, മൂന്നാമത്തെ വട്ടം വിജയിക്കും. കണ്ണനാണ് എന്റെ സ്ഥിരം ഇര.

ഡയറ്റ്, വ്യായാമം ഒക്കെ കാര്യമായി ശ്രദ്ധിക്കാറുണ്ടോ?

വ്യയാമം, ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക് ഒൗട്ട് കൂട്ടും.  ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.

ഫാഷൻ ഫോളോവറാണോ?

എന്റെ ഫാഷൻ ഐക്കൺ അമ്മയാണ്. ഇപ്പോഴും എന്റെ ഡ്രസ് തിരഞ്ഞെടുക്കുന്നത് അമ്മയാണ്. ഒരുപാട് ഡിസൈനേഴ്സിനെ യുട്യൂബിലും ഇൻസ്റ്റയിലും ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേക ഇഷ്ടം ഉള്ളത് അറബ് ഡിസൈനുകളോടാണ്. സാരിയാണ് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. അമ്മയുടെ വാർഡ്രോബാണ് എപ്പോഴത്തെയും എന്റെ ട്രെൻഡി ഷോപ്പിങ് ഏരിയ. അങ്ങനെ ഫേവറിറ്റ് നിറമൊന്നുമില്ല. സീസണലാണ് നിറങ്ങളോടുള്ള ഇഷ്ടം. ഞാൻ ഏറ്റവും കംഫർട്ടബിൾ ഷോർട്സിലും ടീ ഷർട്ടിലുമാണ്. വീട്ടിലിടുന്ന വേഷം അതാണ്.

യാത്രകൾ വലിയ ഇഷ്ടമാണല്ലേ?

എത്ര തിരക്കായാലും വർഷത്തിൽ ഞങ്ങൾ നാലു പേരും ചേർന്ന് ഒരു യാത്ര പോകും, അതുറപ്പാണ്. യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടത്തും അങ്ങനെ പോയിട്ടുണ്ട്.  സ്പെയ്നിൽ പോയപ്പോൾ റയൽ മാഡ്രിന്റെ ഹോം സ്റ്റേഡിയം അകത്തു കയറി കാണാൻ കഴിഞ്ഞു. ഹൊ, അതൊരു കാഴ്ച ആയിരുന്നു.  കേരളത്തിൽ കാട് യാത്രകളാണ് ഇഷ്ടം. വയനാട് ഒത്തിരി ഇഷ്ടമുള്ള സ്ഥലമാണ്. പത്തനംതിട്ട ഗവിയിൽ കഴിഞ്ഞിയിടെ പോയിരുന്നു. ഗ്രീസിൽ എന്റെയൊരു സുഹൃത്തുണ്ട്. അവിടേക്കൊരു ബാക്ക്പാക്ക് ട്രിപ്പാണ് ബക്കറ്റ് ലിസ്റ്റിൽ നെക്സ്റ്റ്.

(2019 ഡിസംബർ ആദ്യ ലക്കം വനിത മാസികയിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)

Tags:
  • Celebrity Interview
  • Movies