Monday 12 February 2024 12:12 PM IST

‘ജനിച്ച അന്നുതന്നെ തേപ്പുകിട്ടിയ ആളാണ് ഞാൻ’: മമിതയെ വിട്ടുപോകാത്ത ‘തേപ്പ്’: പ്രേക്ഷകരുടെ സോനാരേ...

Ammu Joas

Sub Editor

mamitha-baiju899

സൂപ്പർ ശരണ്യ എന്ന സിനിമ കണ്ടിറങ്ങിയവർ പറഞ്ഞത് അതിലെ ‘സോനാരെ പൊളിയാണ്’ എന്നാണ്. പക്ഷേ, സോന ആ യി അഭിനയിച്ച മമിത ബൈജുവിനോട് ഇത്തിരി നേരം സംസാരിച്ചാൽ മനസ്സിലാകും ‘മമി അതിലും പൊളിയാണെന്ന്...’

ആദ്യ ക്യാമറ ക്ലിക്കിനുശേഷം കണ്ണിൽ ചിരി നിറച്ചു മമിത പറഞ്ഞു. ‘‘വനിതയുടെ കവർചിത്രമാകണമെന്ന് ഒ ത്തിരി ആഗ്രഹിച്ചിട്ടുണ്ട്. ഒരു സ്വപ്നമായിരുന്നു ഇതും.’’

ഷൂട്ട് തുടങ്ങുമ്പോഴേ അറിയാമായിരുന്നോ സൂപ്പർ ശരണ്യയിലെ സോന സൂപ്പറാകുമെന്ന്?

2020 ഫെബ്രുവരിയിലാണ് ‘സൂപ്പർ ശരണ്യ’യുടെ ആദ്യ ഓഡിഷൻ. സോനയും ശരണ്യയുമടക്കം കൂട്ടുകാരായ നാ ലു കഥാപാത്രങ്ങളുടെയും സീനുകൾ ഓഡിഷന് അഭിനയിക്കാൻ തന്നിരുന്നു. ഞാൻ ഇതിൽ ആരാകും എന്ന് കാത്തിരിക്കുന്നതിനിടയിലാണ് ലോക്‌ഡൗൺ വന്നത്. 2021 ജനുവരിയിലായിരുന്നു രണ്ടാം ഓഡിഷൻ. അതുകഴിഞ്ഞപ്പോഴേ തോന്നിയിരുന്നു സോന സൂപ്പറാണല്ലോ എന്ന്. ആ കഥാപാത്രം ഞാനാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ എക്സൈറ്റഡായി.

സംവിധായകൻ ഗിരീഷേട്ടന്റെ (എ.ഡി ഗിരീഷ്) മനസ്സിലെ സോനയാകാൻ മാനറിസത്തിലും സംസാരത്തിലുമൊക്കെ മാറ്റം വരുത്തി. സ്വാഭാവികത കൊണ്ടുവരാൻ വേണ്ടി കൊച്ചി ഭാഷ ശീലിച്ചു. ഔട്ട് സ്പോക്കൺ ആയ കുട്ടിയാണ് സോന. ഞാനും സോനയും തമ്മിലുള്ള വ്യത്യാസവും അതാണ്. ഇപ്പോഴാണ് ഞാൻ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പഠിച്ചത്. ആദ്യമൊക്കെ അഭിമുഖങ്ങൾ ക്കിരിക്കുമ്പോള്‍ കയ്യും കാലും വിറയ്ക്കുമായിരുന്നു.

ഒരു കാര്യത്തിൽ സോനയെപ്പോലെയാണ്. ഫ്രണ്ട്സ് എന്നാൽ ചങ്കാണ്. അവരുടെ എന്ത് ആവശ്യങ്ങൾക്കും ഞാൻ ഒപ്പം നിൽക്കും.

ലൊക്കേഷനിലും സൂപ്പർ ഫൺ ആയിരുന്നോ?

ഞങ്ങള്‍ നാലുപേരിൽ ദേവിക ഒഴികെ ഞാനും അനശ്വരയും റോസ്നയും കോളജ് ലൈഫിന്റെ രസമറിഞ്ഞത് ഈ സിനിമയിലൂടെയാണ്. ഗേൾസ് ഹോസ്റ്റലിലെ ജീവിതം ഫ്രണ്ട്സ് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത്ര അടിപൊളിയാണെന്ന് കരുതിയില്ല. ആ തമാശകളൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ആ ഫ്രഷ്നെസ് ആണ് സിനിമയ്ക്ക് എക്സ്ട്രാ മൈലേജ് നൽകിയത്.

ഞങ്ങൾ അറിയാതെ ഷൂട്ട് ചെയ്ത കുറേ രംഗങ്ങളുണ്ട്. ക്ലാസ് റൂമിലിരുന്ന് പാട്ടു പാടുന്നത്, സ്നാക്സ് കഴിക്കുന്നത്, റൂമിലിരുന്നുള്ള കൊച്ചുവർത്തമാനങ്ങൾ... എല്ലാം ക്യാമറ കാണുന്നുണ്ടായിരുന്നു എന്ന് സിനിമ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്. അനശ്വരയുടെ കാലിൽ വാക്സ് ചെയ്യുന്ന ഷോട്ടിൽ എനിക്ക് ഡയലോഗൊന്നും ഇല്ല. അവളുടെ വേദന കണ്ട ഞെട്ടലിൽ ഞാൻ അറിയാതെ പറഞ്ഞുപോയതാണ്, അതും സിനിമയിലെടുത്തു.

ഒരു ദിവസം ഗിരീഷേട്ടൻ പറഞ്ഞു നാളെയാണ് ഡാൻസ് ഷൂട്ടിങ്. അന്നു വൈകിട്ട് രണ്ടു മണിക്കൂർ കൊണ്ട് ടിക്‌ടോക് റീൽസ് നോക്കി കൊറിയോഗ്രഫി സെറ്റാക്കി. പിറ്റേദിവസം ആ ഓണം ഡാൻസ് തട്ടേൽ കയറ്റി. ഡാൻസും അതിനുള്ള ഒരുക്കങ്ങളുമൊക്കെ ചെയ്യുമ്പോൾ സിനിമ സെറ്റാണെന്നതു തന്നെ മറന്നു പോയിട്ടുണ്ട്.

mamitha-baiju-ivw

ഓപ്പറേഷൻ ജാവയാണ് കരിയർ ബ്രേക് തന്നത്.

2017 മുതൽ ഞാൻ മലയാള സിനിമയിൽ ഉണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ ആദ്യമെത്തുന്നത്, ‘സർവോപരി പാലാക്കാരനി’ലൂടെ.

സംസ്ഥാന യുവജനോത്സവത്തിൽ കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും സമ്മാനം കിട്ടിയതിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടിട്ടാണ് അച്ഛന്റെ സുഹൃത്തു കൂടിയായ പ്രൊഡ്യൂസർ അജി ജോസ് ഓഡിഷനു വിളിച്ചത്. പിന്നീട് ‘ഹണിബീ ടു’വിൽ ആസിഫിന്റെ അനിയത്തിയായി. ‘ഡാകിനി’, ‘വരത്തൻ’, ‘വികൃതി’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘രണ്ട്’... ഇപ്പോൾ ദാ, ‘സൂപ്പർ ശരണ്യ’ വരെ. ‘ഫോർ’ ആണ് ഇനി റിലീസാകാനുള്ള സിനിമ. ഒരു തമിഴ് സിനിമയിലും അവസരം കിട്ടിയിട്ടുണ്ട്.

‘ഓപ്പറേഷൻ ജാവ’യിലെ അൽഫോൺസ എന്ന കഥാപാത്രത്തിലൂടെയാണ് എന്നെ പ്രേക്ഷകർ ശ്രദ്ധിച്ചത്. സിനി മയെ സീരിയസ് ആയി എടുത്തതും അപ്പോഴാണ്. അച്ഛ ൻ ബൈജു ഡോക്ടറാണ്, ഡയബറ്റോളജിസ്റ്റ്. ഡോക്ടറാകുക എന്നതായിരുന്നു എന്റെയും സ്വപ്നം. പക്ഷേ, പതിയെ പതിയെ സിനിമയോട് ഇഷ്ടമായി. ഈ ഇഷ്ടത്തിന് അച്ഛനും അമ്മ മിനിയും ചേട്ടൻ മിഥുനും ഒപ്പം നിന്നു.

‘തേപ്പ്’ മമിതയെ വിട്ടു പോകുന്നില്ലല്ലോ ?

‘ഓപ്പറേഷൻ ജാവ’ ഇറങ്ങിയ സമയത്ത് ‘എന്നാലും അ ൽഫോൺസേ, ഒരാളെ രണ്ടു തവണ തേക്കാമോ...’ എ ന്നാണ് എല്ലാവരും ചോദിച്ചത്. തേപ്പുകാരി എന്ന വിളി കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുമായിരുന്നു. സാഹചര്യം കൊണ്ട് ആ തീരുമാനത്തിൽ എത്തുന്നതാണ് ആ കഥാപാത്രം. ഇപ്പോൾ എല്ലാവരും ‘ശാരു സോനയെ തേച്ചല്ലോ’ എന്നാണ്.

സത്യം പറഞ്ഞാൽ ജനിച്ച അന്നുതന്നെ തേപ്പു കിട്ടിയ ആളാണ് ഞാൻ. ജനനസർട്ടിഫിക്കറ്റിൽ നമിത എന്ന പേ ര് തെറ്റായി മമിത എന്നാണ് ആശുപത്രിയിൽ നിന്നു പൂരിപ്പിച്ചത്. സ്കൂളിൽ ചേർക്കാൻ നേരം അവിടുത്തെ സിസ്റ്ററാണ് ആ തെറ്റ് കണ്ടുപിടിച്ചത്. ‘തിരുത്തി വരാം’ എന്ന് അച്ഛൻ പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു, ‘ഇവിടെ കുറേ നമിതമാരുണ്ട്. മമിത എന്ന പേര് തന്നെയിരിക്കട്ടെ’. സംഗതി ഇങ്ങനെയാണെങ്കിലും മമിത എന്ന പേരിനോടാണ് എനിക്ക് മമത. സ്വീറ്റ് എന്നാണ് പേരിന്റെ അർഥം.

mamitha

കോളജിലെ താരമാണോ ഇപ്പോൾ?

തേവര സേക്രട്ട് ഹാർട്സിൽ ഫസ്റ്റ് ഇയർ സൈക്കോളജിക്ക് പഠിക്കുകയാണ്. കോളജിൽ ആദ്യമെത്തിയ ദിവസം സീനിയേഴ്സ് പൊക്കി. ‘താനാണോ സിനിമയിൽ അഭിനയിച്ചിട്ടുള്ള കുട്ടി, ഏതാ സിനിമ’ എന്നൊക്കെ ചോദിച്ചു. സിനിമകളുടെ പേരു പറഞ്ഞിട്ടും കഥാപാത്രം പറഞ്ഞിട്ടും ‘അതൊരു വലിയ കൊച്ചല്ലേ...’ എന്നാണ് മറുചോദ്യം. അ വസാനം ഇൻസ്റ്റഗ്രാം ഹാൻഡിൽ കാണിച്ചു കൊടുത്തപ്പോഴാണ് അവർ വിശ്വസിച്ചത്.

‘ഖോ ഖോ’ കാണാൻ തിയറ്ററിൽ പോകുമ്പോൾ തൊട്ടുമുൻപ് തിയറ്ററില്‍ ഓടിയ ‘ഓപ്പറേഷൻ ജാവ’യുടെ പോസ്റ്റർ അവിടുണ്ട്. തിയറ്ററിലെ ജീവനക്കാർ ‘ഖോ ഖോ’ അടിപൊളിയായിട്ടുണ്ട് ഇതിനു മുൻപ് സിനിമ ചെയ്തിട്ടുണ്ടോ’ എന്നായി. ‘ദേ, പോസ്റ്ററിലെ ആ കുട്ടി ഞാനാണ്’ എന്നു പറഞ്ഞപ്പോൾ അവർക്ക് അദ്ഭുതമായിരുന്നു.

‘ഖോ ഖോ’കണ്ട് റിമ കല്ലിങ്കൽ ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനന്ദിച്ചിരുന്നു. മറക്കാൻ പറ്റാത്ത സന്തോഷങ്ങളാണ് അതെല്ലാം. സ്കൂളിൽ വച്ച് ബാസ്കറ്റ് ബോളും റിലെയുമായിരുന്നു എന്റെ ഏരിയ. സിനിമയ്ക്കു വേണ്ടി ഖോ ഖോ കളിയുടെ ബേസിക്സ് പഠിച്ചെടുത്തു.

സൂപ്പർ സ്കെയിലിൽ മമിതയ്ക്ക് എത്ര സ്കോർ നൽകും ?

അഭിനയത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഞാനല്ലല്ലോ. മമിത എന്ന വ്യക്തിക്ക് പത്തിൽ ഒൻപതു മാർക് ഞാൻ നൽകും. ആരും കംപ്ലീറ്റ്‌ലി സൂപ്പർ അല്ലല്ലോ. ചെയ്യുന്ന കാര്യങ്ങൾ വളരെ ഇഷ്ടത്തോടെ ചെയ്യണം എന്നതാണ് എന്റെ പോളിസി.

പെൺകുട്ടികൾ പൊളി തന്നെയാണ്. സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി തീരുമാനമെടുക്കാനും പഠിക്കണം. ഒരു വഴി പോയി നോക്കിയാലല്ലേ, അവിടുത്തെ കാഴ്ചകൾ അനുഭവിക്കാൻ കഴിയൂ. അതുകൊണ്ട് കംഫർട് സോണിൽ നിന്നു പുറത്തുവരാൻ മടിക്കരുത്.

നെഗറ്റീവ് കമന്റ്സ് കാണുമ്പോൾ തോന്നാറുണ്ട്, ചിലരെന്താ ഇങ്ങനെ എന്ന്. ഡിസ്‌ലൈക് ചെയ്യാം, കമന്റ് ബോക്സിൽ വന്നു മോശം പറയുന്നവരുടെ മനോഭാവം മനസ്സിലാകുന്നില്ല. ഇത്തരം കമന്റുകളെ മൈൻഡ് ചെയ്യുകയേ അരുത്.

പ്രണയദിനമൊക്കെയാണ്....?

പ്രണയം ഉണ്ടോ എന്നല്ലേ... സ്കൂളിൽ പഠിക്കുമ്പോൾ ചിലരോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നു മാത്രം.

പിന്നെ, പ്രണയത്തേക്കുറിച്ച് എന്തെങ്കിലും സങ്കൽപിക്കരുതെന്നാണ് എന്റെ ഒരിത്. രണ്ടുപേരുടേയും സങ്കൽ പങ്ങൾ കൂട്ടിയിടിച്ച് വൻ സീനാകില്ലേ... പ്രണയബന്ധത്തിലും സൗഹൃദമാണ് മുറുക്കെ പിടിക്കേണ്ടത്. റൊമാൻസ് ഗ്രാഫ് ഏറിയും കുറഞ്ഞുമിരുന്നാലും സൗഹൃദമുണ്ടെങ്കി ൽ ആ ബന്ധം മുന്നോട്ടു പോകും.

അമ്മു ജൊവാസ്

ഫോട്ടോ: ബേസിൽ പൗലോ

വനിത 2022ൽ പ്രസിദ്ധീകരിച്ച അഭിമുഖം