Friday 11 September 2020 05:51 PM IST

‘പത്തെഴുപതു ദിവസം കാണാതിരുന്നു, കതിർമണ്‌‍ഡപത്തിൽ വച്ചു വീണ്ടും കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി

Roopa Thayabji

Sub Editor

meera-anil

വിവാഹങ്ങളൊക്കെ ആഘോഷം കുറച്ചു നടത്തിയ കാലമാണ് ലോക് ഡൗൺ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വളരെ കുറച്ച് ആളുകൾ മാത്രമേ ഒത്തുകൂടിയുള്ളൂ എങ്കിലും സ്നേഹത്തിന്റെ തിളക്കവും അനുഗ്രഹത്തിന്റെ നിറവും ആ നിമിഷങ്ങൾക്കുണ്ടായിരുന്നു. ആർപ്പും ആഘോഷവുമായി താരത്തിളക്കത്തോടെ നടക്കേണ്ട നിരവധി വിവാഹങ്ങൾ ആ സമയത്തു നടന്നു. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം മീര അനിൽ പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന്റെയും വിശേഷങ്ങൾ പങ്കിടുന്നു...

വിവാഹത്തിന്റെ ഇടവേളയിൽ

സിവില്‍ എൻജിനീയറിങ്ങ് പാസായ ശേഷം ജേർ ണലിസം പഠിക്കണമെന്നു പറഞ്ഞപ്പോൾ അച്ഛൻ അനിൽകുമാറും അമ്മ ഗീതയും ‘നോ’ പറഞ്ഞേയില്ല. ഒറ്റ മകളായതിന്റെ ഗുണമാകും, പിന്നെ ഞാൻ എടുക്കുന്ന തീരുമാനം തെറ്റില്ല എന്ന വിശ്വാസവും. തിരുവനന്തപുരം വെസ്റ്റ് മുൻ എംഎൽഎ എം.പി. നാരായണൻ നായർ എന്റെ മുത്തച്ഛനാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശങ്കർ രാമകൃഷ്ണൻ ഫസ്റ്റ് കസിനും. അഭിനയവും രാഷ്ട്രീയവുമൊക്കെ രക്തത്തിൽ ഉള്ളതു കൊണ്ടാകും പണ്ടേ എനിക്ക് സ്റ്റേജിൽ കയറാനൊന്നും ഒട്ടും പേടിയില്ല. അങ്ങനെ ‍ഞാനും മിനിസ്ക്രീനിലെത്തി.

മാട്രിമോണിയൽ കല്യാണം...

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച പക്കാ അറേഞ്ച്ഡ് കല്യാണമാണ് എന്റേത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് തിരുവല്ല, മല്ലപ്പള്ളിയിൽ നിന്ന് വിഷ്ണുവിന്റെ ആലോചന വന്നത്. എന്നെ ആദ്യം പെണ്ണ് കാണാൻ വന്നത് വിഷ്ണു ആണ്. ജാതകങ്ങൾ തമ്മിലും നല്ല പൊരുത്തം. വിവാഹം ഉറപ്പിക്കും മുൻപ് വിഷ്ണുവിനോട് ഒന്നു സംസാരിക്കണം എന്നു ‍ഞാൻ ഡിമാൻഡ് വച്ചു.

കഴിഞ്ഞ ഡിസംബർ എട്ടിന് എന്റെ പിറന്നാളിന്റെയന്ന് തിരുവനന്തപുരത്തു വച്ചു ഞങ്ങൾ കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയും പോലെ ഞാൻ ഫ്ലാറ്റ് ആയി എന്നു പറഞ്ഞാൽ മതിയല്ലോ. സംസാരിച്ചു കഴിഞ്ഞ് വിഷ്ണു യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ വെറുതേ ചോദിച്ചു, ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയു കയാണോ എന്ന്. ഒന്നും മിണ്ടാതെ വിഷ്ണു ഒരു മോതിരം എന്റെ വിരലിൽ അണിയിച്ചു. പ്രത്യേക രസമാണ് ഇപ്പോഴും ആ കാര്യങ്ങളൊക്കെ ഓർക്കുന്നതു തന്നെ.

നേരിൽ കാണും വരെ വിഷ്ണുവിനും കൺഫ്യൂഷൻ ഉണ്ടായിരുന്നുവത്രേ. അധികം മേക്കപ് ചെയ്യാത്ത നാടൻ ലുക്കുള്ള ആളെ വേണമെന്നായിരുന്നു വിഷ്ണുവിന്റെ മോഹം. ഞാനാണെങ്കിലോ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോൾ വാങ്ങുന്നയാളും. എന്നെ നേരിട്ടു കണ്ടപ്പോൾ വിഷ്ണുവിന്റെ കൺഫ്യൂഷനൊക്കെ മാറി. പിന്നാലെ ഒഫിഷ്യൽ വിവാഹനിശ്ചയം നടന്നു.

വിഷ്ണുവിന് കാർ കെയർ യൂണിറ്റ് ബിസിനസ് ആണ്. എന്റെ കംഫർട്ട് സോൺ ആങ്കറിങ് അല്ലേ. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. കൂട്ടുകാർ ചേർന്ന് ചെയ്ത ‘ശ്ശേ’ എന്ന ഷോർട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്, അത്രമാത്രം.

meera-1

കല്യാണവും 50 പേരും

ജൂലൈ അ‍ഞ്ചിന് മുൻപ് കല്യാണം നടത്തണം എന്നായിരുന്നു ആദ്യ പ്ലാൻ. പക്ഷേ, തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ ആയതിനാൽ നടന്നില്ല. ജൂലൈ 15 ന് ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു വിവാഹം. ആകെ 50 പേരാണ് കല്യാണത്തിൽ പങ്കെടുത്തത്. ലോക്‌ഡൗൺ വന്നതിൽ പിന്നെ, ഏപ്രിൽ മുതൽ ഞാനും വിഷ്ണുവും നേരിൽ കണ്ടിട്ടേയില്ല. പത്തെഴുപതു ദിവസം കാണാതിരുന്നിട്ട് കതിർമണ്‌‍ഡപത്തിൽ വച്ചു കണ്ടപ്പോൾ സന്തോഷവും സങ്കടവുമൊക്കെ ഒ ന്നിച്ചു വന്നു. താലി കെട്ടും മുൻപ് കരഞ്ഞു പോയി എന്നു പറഞ്ഞാൽ മതിയല്ലോ. അതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഹിറ്റ് ലിസ്റ്റിലാണ്.

ഒറ്റ മോളായതു കൊണ്ട് വീടിനോടു വൈകാരികമായി നല്ല അടുപ്പമുണ്ട്. അച്ഛനും അന്നു ഭയങ്കര കരച്ചിലായിരുന്നു.