Thursday 24 February 2022 03:26 PM IST

‘അവൾക്ക് ഞാൻ ടൊവീനോയ്ക്കൊപ്പം അഭിനയിച്ചതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല’: മിന്നൽ എനർജിയുള്ള ബ്രൂസ് ലീ

Ammu Joas

Sub Editor

femina-vanitha

‘മിന്നൽ മുരളി’യിൽ ബ്രൂസ്‌ ലീ ബിജിയായി മിന്നിയ താരം ‌ ഫെമിനയുടെ ‌വിശേഷങ്ങൾ

സിനിമ ഞാൻ മോഹിച്ചത്

പഠിക്കാൻ അത്യാവശ്യം മിടുക്കിയായിരുന്നു ഞാൻ. ക ഴിഞ്ഞ വർഷം എറണാകുളം സെന്റ് തേരേസാസിൽ നിന്ന് എംകോം പാസ്സായി. സിനിമാ അഭിനയം ആദ്യമൊന്നും വീട്ടിൽ സമ്മതമല്ലായിരുന്നു. പിന്നീട് അവർക്ക് മനസ്സിലായി സിനിമയാണ് എന്റെ സ്വപ്നമെന്ന്. ഇ പ്പോൾ എന്നേക്കാൾ സന്തോഷം അവർക്കാണ്. ജനിച്ചത് സൗദിയിലാണെങ്കിലും പഠിച്ചതും വളർന്നതും നാട്ടിലാണ്, തനി കൊച്ചിക്കാരിയായി. ഡാഡി കെ.പി. വർക്കി ഇടപ്പള്ളിയിൽ ഫർണിച്ചർ ബിസിനസ് നടത്തുന്നു. അമ്മ റജീനാമ്മ നഴ്സായിരുന്നു, ഇപ്പോൾ മാട്രസസ് ബിസിനസാണ്. അനിയൻ ഫെബിൻ കാനഡയിൽ.

ഒരു വർഷത്തെ കാത്തിരിപ്പ്

ആദ്യ ഓഡിഷനു സെലക്ട് ആയെങ്കിലും ആ സിനിമ നടന്നില്ല. രണ്ടാമത് ‘മിന്നൽ മുരളി’യിൽ അവസരം വന്നപ്പോൾ പാതിയിൽ വച്ച് കോവിഡും ലോക്‌ഡൗണും. ‘എന്ന് സിനിമാഷൂട്ടിന് അനുവാദം കിട്ടുമോ, അ പ്പോൾ പടം ഓൺ ആകു’മെന്ന ബേസിലേട്ടന്റെ വാക്കായിരുന്നു ധൈര്യം. ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് വീണ്ടും സെറ്റിലെത്തുന്നത്. ‍ഞാൻ മിക്കപ്പോഴും ലൊക്കേഷനിൽ ഉണ്ടായിരുന്നു. അഭിനയവും ഡബ്ബിങ്ങും ഒക്കെ കണ്ടുപഠിച്ചു. സിനിമാസെറ്റിലെ ബെസ്റ്റ് കമ്പനി ജോസ്മോനായി അഭിനയിച്ച വസു ആണ്. അവൻ ടൊവീനോയെ മാമൻ എന്നു തന്നെയാണ് വിളിക്കുന്നത്. ടൊവീനോ മാമൻ, ബേസിൽ മാമൻ... ഞാൻ ഫെമിന മേമ്മ. എന്താ ലേ...

ബിജി അത്ര പോരാ

എന്റെ കസിൻ ടൊവീനോയുടെ കടുത്ത ഫാനാണ്. അവൾക്ക് ഞാൻ ടൊവീനോയ്ക്കൊപ്പം അഭിനയിച്ചതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല. ‘എന്റെ അഭിനയം അത്ര പോരാ’എന്നാണ് കക്ഷിയുടെ അഭിപ്രായം. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ടൊവീനോയോട് അധികം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല. സിനിമ കഴിഞ്ഞപ്പോൾ ഞാൻ മെസേജ് അയച്ചു. ‘നിരവധി പേർക്ക് ബിജിയെന്ന കഥാപാത്രം ഇഷ്ടമായെന്നും കരിയറിൽ കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം’ എന്നുമുള്ള ടൊവീനോയുടെ റിപ്ലൈ വന്നു.

സൂപ്പർ ബിജി

ബിജി കരഞ്ഞു കൊ‍ണ്ടിരിക്കുമ്പോൾ അനീഷ് കല്യാണം വിളിക്കാനെത്തുന്നതായിരുന്നു ആദ്യ ഷോട്ട്. അ തിനുശേഷമാണ് ആ കിക്ക്. പക്ഷേ, സിനിമയിൽ ആ സീൻ ഇല്ല. ഇപ്പോൾ തോന്നുന്നു ആ കരച്ചിൽ സീൻ ഇല്ലാതിരുന്നത് നന്നായി എന്ന്. ബ്രൂസ്‌ലി ബിജിയുടെ എൻട്രി ഇത്തിരി പവർഫുൾ ആയില്ലേ.

ബിജിയെപോലെ എനിക്കു തേപ്പ് കിട്ടിയിട്ടുണ്ട്. അ ക്കാര്യത്തിൽ ബിജിയുടെ ആറ്റിറ്റ്യൂഡ് തന്നെയായിരുന്നു എനിക്കും. തേപ്പ് കിട്ടിയതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ, നാളെ മറ്റെന്തോ നല്ലതു സംഭവിക്കാനുണ്ട് എന്നു ചിന്തിച്ചു മുന്നോട്ടു പോകുക. അടിച്ചുപൊളിച്ചു ജീവിച്ചു കാണിച്ചുകൊടുക്കുക.

കോവിഡ് ‘കിക്ക്’

സിനിമാസെറ്റിലെ എന്റെ അവസാന ദിവസം. ക്ലൈമാക്സ് സീനിലെ ബ്രൂസ്‌ ലീ കിക്ക് പല ടേക്ക് പോയിട്ടും ശരിയാകുന്നേയില്ല. എനിക്ക് സങ്കടവും ടെൻഷനും കൂടി വരുന്നുണ്ട്. ഒടുവിൽ ടേക്ക് ഓക്കെയായി. ഞാൻ ബാഗൊക്കെ പാക്ക് ചെയ്ത് പോകാൻ റെഡിയായി വന്നപ്പോഴാണ് അറിയുന്നത് കോവിഡ് പോസിറ്റീവാണെന്ന്. ആ ക്ഷീണം കാരണമാണ് ടേക്കിന്റെ എണ്ണം കൂടിയത്. കേട്ടപാടേ ബേസിലേട്ടൻ പറഞ്ഞു, ‘കിക്ക് ഓക്കെ, ഓടിക്കോ’ എന്ന്. എന്നെ കോവിഡ് അധികം അവശയാക്കിയില്ലെന്നു മാത്രമല്ല, പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നതു കൊണ്ട് മറ്റാർക്കും ‘കോവിഡ് കിക്ക്’ എന്റെ കയ്യിൽ നിന്നു കിട്ടിയുമില്ല. സിനിമ മോഹിച്ച് എത്തിയ ആളാണ് ഞാൻ. അതുകൊണ്ട് ഇതൊക്കെ മിന്നൽ എനർജി തരുന്ന പ്രോത്സാഹനമാണ്.