Saturday 08 December 2018 05:35 PM IST

മദർ പവർ, റീലോഡഡ്! മലയാള സിനിമയിലെ ജഗജില്ലി അമ്മമാർ

Unni Balachandran

Sub Editor

amma ഫോട്ടോ: ബേസിൽ പൗലോ

ഏത് ജാങ്കോ പെണ്ണും ഈ നാൽവർ സംഘത്തെ കണ്ടാലൊന്നു വിരളും. അത്രയ്ക്കുണ്ട് ഗമയും നല്ല കിണ്ണം കാച്ചിയ സ്‌റ്റൈലും. ‘ആട് 2’ ലെ ഷാജിപാപ്പനെ വരച്ചവരയിൽ നിർത്തിച്ച സേതുലക്ഷ്മിയമ്മയും ‘ഈമയൗവി’ൽ ഈശിയുടെ അമ്മയായി കസറിയ പൗളി വൽസനും ‘സുഡാനി ഫ്രം നൈജീരിയ’യിലെ പൊ ന്നുമ്മമാരായ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമാണ് ഈ ‘ഡമാർ’ ടീമിലെ മെംബേഴ്സ്.

മലയാളസിനിമയിൽ ഇടക്കാലത്ത് അമ്മ കഥാപാത്രങ്ങൾ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്ന അവസ്ഥയായിരുന്നു. അതിനൊക്കെ പരിഹാരമായി ഇതാ വരുന്നു, ‘മദർ പവർ, റീലോഡഡ്’.

ഈ നാൽവർ സംഘം ഒരുമിക്കുമ്പോൾ മുട്ടുവേദനയുടെയും കൊട്ടൻചുക്കാദി യുടെയും കഥയാണ് പറയുന്നതെന്ന് കരുതുന്നവരുണ്ടെങ്കിൽ ‘ഗോ, ബാക്ക്’.നരയും ചുളിവും ബാധിക്കാത്ത മനസ്സുകൾ ഒരുമിച്ചപ്പോൾ ചടപടേന്ന് പൊട്ടിവീണ ഡയലോഗുകൾ കേൾക്കാൻ റെഡിയാ യിക്കോളൂ.

പൗളി: നമ്മൾ നാല് പേരും കൂടെ ഒരുമിച്ചഭിനയിക്കുമ്പോആർക്കാ കൂടുതല് ലുക്കെന്ന് അറിയാമോ ?

സേതുലക്ഷ്മി:സംശയമില്ല എനിക്കു തന്നെ

സരസ: അതെന്ത്?

സേതുലക്ഷ്മി: എനിക്കു നല്ല കോൺഫിഡൻസാ. കോൺഫിഡൻസുണ്ടെങ്കിൽ നല്ല ലുക്കാകുമെന്ന് എന്നോട് പറ ഞ്ഞിട്ടുണ്ട്.

സാവിത്രി: ആര്?

സേതുലക്ഷ്മി: എന്റെ അമ്മ

പൗളി: നിങ്ങൾ കുടുംബത്തോടെ ‘കോൺഫിഡൻസി’ന്റെ ടീമാ അല്ലേ, എന്റെ പൊന്നുമോളെ, അതൊക്കെ എല്ലാ അമ്മമാരും മക്കളെ സന്തോഷിപ്പിക്കാൻ ചുമ്മാ തള്ളുന്നതല്ലേ. മണ്ടിപെണ്ണ് അതും വിശ്വസിച്ചു. എനിക്കാണേൽ ഒരത്യാവശ്യ കാര്യം പറയാനുണ്ട്.

സേതുലക്ഷ്മി: ദേ, വെറുതെ സൗന്ദര്യം ഹൃദയത്തിനകത്താന്നുള്ള അഴകൊഴാ ഡയലോഗ് പറയാനേണെങ്കിൽ നീ, മിണ്ടരുത്. ചുപ് രഹോ.

സരസ: അതല്ലന്നേ

പൗളി: നമ്മൾ നാലാൾ മാത്രമറിയേണ്ട കാര്യമാ

സാവിത്രി: ബ്യൂട്ടി ടിപ്സ് ആണോ?

സരസ: അതല്ല......

പൗളി: പിന്നെ, സീക്രട്ടാ...അവസാനം പറയാം.

സേതുലക്ഷ്മി: ഏയ്, എനിക്ക് ആകാംക്ഷ പറ്റൂല്ല.

സരസ: അങ്ങനെ ടെൻഷന്‍ അടിച്ചാണോ ഷൂട്ടിങ്ങിനിടയിൽ
ശ്വാസംമുട്ടും നെഞ്ചുവേദനയും വന്ന് ആശുപത്രിയിലായത്?

സേതുലക്ഷ്മി: ഞാൻ മൂൻപ് അഭിനിയിച്ച സിനിമ പോലെയല്ലല്ലോ ‘ഡാകിനി’. നിങ്ങള് മൂന്ന് സ്റ്റാഴ്സിന്റെ കൂടെയല്ലേ. അഭിനയം പൊടിക്ക് കുറഞ്ഞു പോയൊന്ന് ആലോചിച്ചപ്പോ ഒരു ടെൻഷൻ. എന്റെ ടെൻഷൻ കണ്ട് നെഞ്ചിനു വിഷമം ആ യെന്നു തോന്നുന്നു.

പക്ഷേ, അതോണ്ടല്ലേ നിങ്ങളോടൊക്കെ പെട്ടെന്ന് കൂട്ടാകാൻ പറ്റിയെ. സുഡാനി മുത്തശ്ശിമാരുടെ ആശ്വസിപ്പിക്കൽ നല്ല രസായിരുന്നു. നൂറ് വർഷം ജീവിക്കേണ്ടയാള് ഇപ്പൊ എന്തിനാ ഇങ്ങനെ ശ്വാസം മുട്ടിക്കണേ ദൈവമേന്ന് ചോദിക്കണ കേട്ടപ്പോൾ എനിക്കു ചിരിവന്നു..

പൗളി: സാവിത്രി ചേച്ചിയുടെ ശബ്ദം അങ്ങനെ കേൾക്കാനും രസമാ...സുഡാനിയിൽ ‘സുഡോ ഇത് ചപ്പാത്തിയാണ്,
തേങ്ങാപാൽ മോളിൽ ഒഴിച്ചിട്ടുണ്ടെന്നൊരു’ ഡയലോഗുണ്ട് . തിയറ്ററിൽ ഇരുന്നത് കേട്ടപ്പോ ഞാൻ ആലോചിച്ചു ഇതിലും ‘പഞ്ഞി’യായിട്ട് ഇത് എങ്ങനാ പറയണതെന്ന്. സോഫ്റ്റെന്ന് പറഞ്ഞാൽ കൊടുംസോഫ്റ്റ്.

സാവിത്രി: സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോ നല്ല മടിയായിരുന്നു. നമ്മള് നാടകത്തിൽ അഭിനയിക്കുന്നവരല്ലേ,
സിനിമ വല്യ ലോകവും ഞങ്ങളൊക്കെ ചെന്നാൽ ശരിയാകുമോന്നായിരുന്നു സംശയം. പക്ഷേ, സുഡാനിയിൽ അവര് ചെറ്യ കുട്ട്യോളെ നോക്കും പോലെയാ ഞങ്ങളെ കണ്ടിരുന്നത്. സിനിമ തിയറ്ററിൽ കാണും വരെ പേടിയായിരുന്നു. ആളുകൾ ക്ക് ഇഷ്ടമായെന്ന് പറഞ്ഞപ്പോഴാ സമാധാനം ആയത്

സേതുലക്ഷ്മി: ഒറ്റ സിനിമയിൽ സൂപ്പർ സ്റ്റാറുകളായ കക്ഷികളാ, സൂക്ഷിക്കണം കേട്ടോ

സരസ: മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ‘ഹൗ ഓൾഡ് ആർ യു’ യിൽ കിട്ടിയ സേതുലക്ഷ്മിയേയും ‘ഈമയൗ വി’ൽ കിട്ടിയ പൗളിയേയും ഈ പാവങ്ങളല്ലേ പേടിക്കേണ്ടത്.

പൗളി: അപ്പോ., കോംപ്രമൈസേ...ചേച്ചി നാടകം തുടങ്ങിയതൊക്കെ എപ്പഴായിരുന്നു?

സരസ: ചെറുപ്പം തൊട്ടേ അഭിനയിക്കും. എന്റെ നാടായ കോഴിക്കോട് ബാലുശ്ശേരിയിൽ അക്കാലത്തൊക്കെ നാടകസമിതിതികൾ ഒരുപാടുണ്ട്. അഭിനയിക്കുമ്പോൾ എനിക്കുണ്ടായിരുന്ന പ്രധാന കുഴപ്പം കരയാനറിയാത്തതായിരുന്നു.

പൗളി: ഇപ്പോൾ നല്ല കരച്ചിലുകാരി ആണല്ലോ. എങ്ങനെയാ അത് ശരിയാക്കിയത് ?

സരസ: എന്നോട് മാഷ് പറഞ്ഞു , വെറുതേ കൈ അനക്കിയാ ൽ മതി പുള്ളി സൈഡിൽ നിന്ന് കരഞ്ഞു തരാമെന്ന്.

സേതുലക്ഷ്മി: ആഹാ... അന്നേ ഡബ്ബിങ് ആളെ വച്ച് ചെയ്യുകയായിരുന്നല്ലേ...

സാവിത്രി: കോഴിക്കോട് വെസ്റ്റ് മാങ്കാവിലാണ് എന്റെ വീട്. അച്ഛൻ കലാപ്രവർത്തനങ്ങളുടെ ആസ്വാദകനായിരുന്നു. നാടകത്തിലുള്ള സമയം മുതലേ പ്രധാന പ്രശ്നമായി തോന്നി യത് പൊക്കമില്ലായ്മയാണ്. അതോണ്ട് തന്നെ അഭിനയിക്കുന്ന കാലത്ത് ചെറ്യ കുട്ടീടെ വേഷമാ എനിക്കു തരാറുള്ളത്. പൊക്കമില്ലാത്തത് എന്റെ കുഴപ്പമാണോ

പൗളി: ഒരിക്കലുമല്ല. പൊക്കമില്ലെങ്കിലും ചേച്ചി സൂപ്പർ ലു ക്കാണ്.

സാവിത്രി: ഡാകിനി സിനിമയിൽ കോസ്റ്റ്യൂമർ അളവെടുക്കാൻ വന്നപ്പോൾ ഞെട്ടി. എന്റെ വേഷം കുട്ടി ഫ്രോക്ക്.

സരസ: ഇവൾക്ക് പണി കിട്ടിയപ്പോ ഞാൻ രക്ഷപ്പെട്ടെന്നാ വിചാരിച്ചെ.

സേതുലക്ഷ്മി:അയ്യടീ!!!!

സരസ: ശരിക്കും ഞാൻ സന്തോഷിച്ചു അപ്പഴാ, എന്റെ അളവെടുപ്പിൽ എന്തോ പ്രശ്നം തോന്നിയത്. ജീവിതത്തിൽ സാരിയല്ലാതെ വേറൊന്നും ഇടാത്തയെനിക്ക് ചുരിദാർ. ഹോ!!

പൗളി: എനിക്കാണെങ്കിൽ ഫുൾ കളർ ചട്ടയും മുണ്ടും അല്ലാരുന്നോ... പ്രേമത്തിൽ നിവിൻ പോളിയുടെ താടി ഹിറ്റായതു പോലെ ഈ ചട്ടയും മുണ്ടും ഹിറ്റായാൽ പിന്നെ, എന്നെ ഒന്നും പറയരുത് കേട്ടോ.

സേതുലക്ഷ്മി: ഞാൻ മാത്രമൊരു പാവം.

സാവിത്രി: അയ്യ... അതു പറയണ്ട. സേതു ചേച്ചിടെ ഡാൻസ് കണ്ട് ചെന്നൈയിലെ ഡാൻസർമാർ ഫ്ലൈറ്റ് പിടിച്ചാ പോയത്

സേതുലക്ഷ്മി: യ്യോ... വിമാനം എനിക്ക് പേടിയാ...

സരസ: അതെന്താ?

സേതുലക്ഷ്മി: ഒരുവട്ടം അവാർഡ് വാങ്ങാനായി ഒറ്റയ്ക്ക് വിമാനത്തിൽ കേറി പോകണ്ട അവസ്ഥ വന്നു. ഞാനാണെങ്കിൽ വീടിന് മുകളിലൂടെ വിമാനം പോകുന്നതേ കണ്ടിട്ടുള്ളൂ. ആകെ പേടിയായി. അപ്പോൾ അവര്‍ പറഞ്ഞു കൊല്ലത്തെ ഷൂട്ടിങ് കഴിഞ്ഞ് അജു വർഗീസ് വന്നോളും. അവന്റെ കൂടെ പോരാം.

പൗളി: ആ... പിന്നെന്താ വേറെ പ്രശ്നം? അജുവുണ്ടല്ലോ!

സേതുലക്ഷ്മി: അത് ശരി തന്നെ. പക്ഷേ, അജു വരൂന്ന് അവർ പറഞ്ഞതല്ലേയുള്ളൂ. എയർപോർട്ടിൽ ചെന്നിരുന്നപ്പോൾ മുതൽ ചങ്കിടിക്കാൻ തുടങ്ങി. ഈശ്വരാ, ഒരു വിമാനത്തിലാണ് കേറേണ്ടത്. ഈ വിമാനത്താവളത്തിലാണെങ്കിൽ കണ്ടമാനം വിമാനം. ഇതിൽ ഏതാണാവോ എന്റെ വിമാനം. വരൂംന്ന് പ റഞ്ഞ അജൂനേം കാണാനില്ല.

എന്നെ കാണാഞ്ഞിട്ട് അജൂ കേറി പോയാലോ? എനിക്കാണെങ്കിൽ പെരുവിരൽ തൊട്ട് ഒരു തരിപ്പങ്ങ് കേറാൻ തുടങ്ങി. ആ സമയത്ത് ‘അമ്മാ’ എന്നും വിളിച്ചോണ്ട് അജു ഓടി വ ന്നു. ഹോ, എനിക്ക് സന്തോഷവും ആശ്വാസവും കൊണ്ട് വിളികേൾക്കാൻ പോലും പറ്റിയില്ല. പിന്നെ, അജുവിന്റെ വർത്ത മാനത്തിൽ പേടി പോയി. വിമാനം അങ്ങ് ചെന്നിറങ്ങിയപ്പോൾ ‘ചെറിയെ’ ഒരു പേടി തോന്നി. മനസ്സിൽ തട്ടിയ പേടി അങ്ങനെ കിടക്കൂംന്നല്ലേ പറയുന്നത്. അതു കൊണ്ട് ഫ്ലൈറ്റ് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും എനിക്ക് പേടിയാ.

സാവിത്രി: അതൊക്കെ പോട്ടെ, ചേച്ചിയെന്നാ നാടകത്തിൽ വന്നു തുടങ്ങിയത്?

സേതുലക്ഷ്മി: ഞാൻ പറയൂല്ല...വയസ്സ് കണ്ടുപിടിക്കാനല്ലേ...

സരസ: പിന്നെ, വയസ്സ് അറിഞ്ഞിട്ടു കല്യാണം ആലോചിക്കാ ൻ പറ്റിയ പെണ്ണ്..

സേതുലക്ഷ്മി : ഞാൻ ബ്രിട്ടിഷ് ഇന്ത്യയുടെ കാലത്ത് ഇവിടെ ജീവിച്ചിരുന്ന ആളാണ്.

പൗളി: മതി...അത്, മതി...

സേതുലക്ഷ്മി: തിരുവനന്തപുരത്താണ് വീട്. നാടകത്തിനു മുൻപ് ഡാൻസ് പഠിക്കാനാണ് ഞാൻ പോയത്. അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു, അമ്മാവന്റെ വീട്ടിൽ വച്ച് ഞാൻ ഡാൻസ് പഠിക്കുന്ന കുട്ടികളെ നോക്കി അനുകരിക്കുന്ന കണ്ടിട്ട് അമ്മാവന്റെ ശുപാർശയിലായിരുന്നു എന്റെ ഡാൻസ് പഠനം

സാവിത്രി: അതൊക്കെ എന്റെ അച്ഛൻ...ഡാൻസ് പഠിക്കാൻ നല്ല പിന്തുണയായിരുന്നു, ആ കാലത്ത് അച്ഛൻ പറഞ്ഞിട്ടുണ്ട് ഡാൻസ് മുടക്കാൻ സമ്മതിക്കാത്തവന് മാത്രമേ എന്നെ കെട്ടിച്ചുകൊടുക്കത്തൊള്ളൂന്ന്...

പൗളി: ആഹാ... ‘മാസ് കാ ബാപ്’

സാവിത്രി: എന്തെങ്കിലും കുരുത്തക്കോടൊപ്പിച്ചാൽ പെട്ടെന്നു ദേഷ്യം വരും അച്ഛന്. ചേച്ചിയെ ഒരിക്കൽ ജന്തുന്ന് വിളിച്ചതിന് എന്റെ ചുണ്ട് ചിരട്ടേന്മേൽ വച്ച് കടിപ്പിച്ചു. മര്യാദയ്ക്കു നിന്നാ അച്ഛൻ പാവമാ.

സേതുലക്ഷ്മി: അതിലും ഭേദം. എന്റെ അച്ഛനാ. ആകെപ്പാടെ പ്രശ്നമാക്കിയത് ഞാൻ പ്രേമിച്ചപ്പോഴാ

പൗളി: പ്രേമോ???? അത് പറഞ്ഞില്ലല്ലോ....കേൾക്കണം

സരസ: എനിക്കും കേൾക്കണം

സേതുലക്ഷ്മി: ഡാൻസ് ചെയ്യുന്ന കാലത്ത് ഞങ്ങൾക്ക് മേക്കപ്പ് ചെയ്യാനായി പുതിയൊരാൾ വന്നു, പേര് അർജുനൻ. പകല് പോലെ വെളുത്തിരിക്കുന്ന മനുഷ്യൻ, എനിക്കൊരുപാ ട് ഇഷ്ടമായി. അയാൾ ഒരുക്കിയപ്പോൾ അതുവരെയില്ലാത്ത സൗന്ദര്യമായി എനിക്ക്. ആ ഒരിതിൽ പുള്ളിയെ കേറിയങ്ങ് പ്രേമിച്ചു.

സാവിത്രി: കവിത പോലെ പറഞ്ഞിട്ട് അവസാനം കൊണ്ട് നശിപ്പിച്ചു.

സേതുലക്ഷ്മി: അത്രേ ഉള്ളൂ കാവ്യം. പിന്നെ, ആക്‌ഷൻ സീ ൻ അല്ലേ. വീട്ടിലറിയുന്നു. ആകെ ജഗപൊഗ. കുറച്ചു നാൾ കനത്ത നിശ്ശബ്ദത. എല്ലാം നിർത്തിയെന്ന് വീട്ടുകാർ കരുതിയ സമയത്ത് ഞാൻ പുള്ളീടെ കൂടെയിറിങ്ങി പോയി.

സരസ: ആഹാ.. എത്ര പെട്ടെന്ന് കഴിഞ്ഞ്. എന്നോട് കഥയൊന്നും ചോദിക്കരുത് ഞാൻ പ്രേമിച്ചിട്ടും കല്യാണം കഴിച്ചിട്ടുമൊന്നുമില്ല. നാടകം മാത്രമായിരുന്നു ജീവൻ.

സാവിത്രി: ഞാൻ പറയാം, ഞാൻ പറയാം....കല്യാണം ഉറപ്പിച്ച സമയം എന്റെ ഭർത്താവിനെ ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷേ, എല്ലാരും പറയുമായിരുന്നു അദ്ദേഹത്തിന്റെ മുഖം അമ്പിളി മാമൻ ഉദിച്ചപോലെയാണ്, വിളിക്ക് തിരിയിട്ടു വച്ചിരിക്കുന്ന പോലെയാണെന്നൊക്കെ. അതൊക്കെ കേട്ടപ്പൊ അദ്ദേഹത്തെ കാണാൻ പറ്റാത്തതിന്റെ വിഷമവും, ആ വിഷമം ആരോടും പറയാൻ പറ്റാത്തതിന്റെ വിഷമവുമായി ഞാൻ ആകെ വല്ലാതായി.

പൗളി: എന്നിട്ട്?

സാവിത്രി: കല്യാണമാലയുടെ വട്ടത്തിനുള്ളിൽ വച്ചാണ് ശ്രീധരേട്ടന്റെ ആ മുഖം ഞാൻ ആദ്യമായി കാണുന്നത്. ഒരുപാട് സന്തോഷം ഒരു നിമിഷത്തിൽ തോന്നുന്നതാണല്ലോ പ്രേമം എന്നു പറയുന്നത്. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയല്ലേ, കാലം മാറിയെന്ന് കരുതി പ്രേമം മാറില്ലല്ലോ. ആ മാല ഞാനിടുന്ന സമയത്ത് എനിക്കത്രയും സന്തോഷം തോന്നിയിട്ടുണ്ട്.

സേതുലക്ഷ്മി: കവി...കവിയേ...

പൗളി: നല്ല കിടിലൻ സീൻ ആണ് കേട്ടോ പറഞ്ഞ്ത്. കേട്ടിട്ട് കൊതിയായി പോയി..

സേതുലക്ഷ്മി: കൊതിയാകാൻ നീ പ്രേമിച്ചല്ലെ കെട്ടിയത്..

പൗളി: അതേ... പക്ഷേ, കൊതി തോന്നാൻ പാടില്ലെന്നുണ്ടോ?

സാവിത്രി: അതൊന്നും ഇല്ല. ഏതായാലും പഴയൊരു വിപ്ലവ പ്രണയക്കഥ പറഞ്ഞാലും പൗളീസേ..

പൗളി: കൊച്ചി വൈപ്പിനിലാണ് എന്റെ വീട്. ഞങ്ങടെ അയൽപക്കക്കാരനായിരുന്നു എന്റെ ഭർത്താവ് വൽ‌സൻ, പാട്ടുകാരൻ. രാവിലെ ഞാൻ വീടിന് മുന്നിലേക്ക് നിക്കുമ്പൊ പുള്ളി പാട്ടു പാടും. അക്കരെയിക്കരെ നിന്നാൽ എങ്ങനെ ആശ തീരും നമ്മുടെ ആശ തീരും...

സാവിത്രി: അപ്പോൾ നീ തിരിച്ചു പാടുമല്ലേ?

പൗളി: അതെങ്ങനെ മനസ്സിലായി...

സേതുലക്ഷ്മി: എത്ര പടത്തിൽ കണ്ടിരിക്കുന്നു...

പൗളി: അവസാനം പാട്ടിന്റെ താളംതെറ്റി. രണ്ട് മതക്കാരായതിന്റെ പ്രശ്നങ്ങളെല്ലാം ഞങ്ങള്‍ അനുഭവിച്ചു. ഞങ്ങൾ വി വാഹിതരായിക്കഴിഞ്ഞു കുറെ നാൾ വീട്ടുകാരുമായി സമ്പർക്കമൊന്നുമുണ്ടായില്ല. പിന്നയെല്ലായിടത്തും സംഭവിക്കും പോലെ അവസാനം മഞ്ഞുരുകി.

സരസ: ആ കഥ പോട്ടെ...തുടക്കത്തിൽ പറയാമെന്ന പറഞ്ഞ സീക്രട്ട് പറാ...

പൗളി: നമ്മളറിയാതെ നമ്മൾ അമ്മമാർ തിരിച്ചു വന്നിരിക്കുവാണ്

സാവിത്രി: നമ്മളോ? അതിന് തിരിച്ചുവരാനും മാത്രം നമ്മൾ എവിടെ പോയി?

സേതുലക്ഷ്മി: സിനിമയിൽ ന്യൂ ജനറേഷൻ വന്നശേഷം അമ്മമാരുടെ കുലത്തിന് പഴയ ‘ഗും’ ഇല്ലായിരുന്നല്ലോ?

സരസ: അതേ

പൗളി: അവിടുന്ന് ഇപ്പോ നമ്മൾ തിരിച്ചു വന്നില്ലേ?

സാവിത്രി: അപ്പോൾ ഇനി നമ്മൾ പൊളിക്കും അല്ലേ!!

പൗളി: പിന്നല്ലാതെ. മോഹൻലാലിന്റെ അമ്മയായില്ലെങ്കിലും പുള്ളീടെ കൂട്ടുകാരന്റെ അമ്മയാകാനൊക്കെ പറ്റും

സരസ: അതിന് നമ്മളിനി എന്താ ചെയ്യേണ്ട്ത്??

പൗളി: ആരെങ്കിലും ചോദിച്ചാ നല്ല ന്യൂജനറേഷൻ സ്‌റ്റൈലിൽ കട്ടയ്ക്ക് പറയണം

സരസ : എന്ത്

സീക്രട്ട് ചെവിയിൽ പറഞ്ഞു തീർത്തതും സ്വിച്ചിട്ട പോലെ നാലമ്മമാരും ചാടിയെഴുന്നേറ്റു. ഒരുമിച്ച് തംസ് അപ് അടിച്ചൊരു ഡയലോഗ്.

വി അമ്മമാർസ് ആർ ബാക്ക് ’

amma_1 ഫോട്ടോ: ബേസിൽ പൗലോ