Saturday 16 January 2021 01:11 PM IST

‘ചിന്മയാനന്ദ സ്വാമികൾക്കു പുല കൊണ്ടവനാണ്, നന്ദുവിനെ കുറിച്ച് വിവരക്കേട് പറയരുത്’: ശങ്കരാടി ചേട്ടൻ അങ്ങനെ പറയും

V R Jyothish

Chief Sub Editor

nandu-famh
ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

തേൻമാവിൻ കൊമ്പത്ത്’ എന്ന സിനിമയുടെ ഷൂട്ടിങ് പൊള്ളാച്ചിയിൽ നടക്കുന്നു. പ്രിയദർശനും മോഹ ൻലാലും ഉൾപ്പെട്ട സിനിമയിലെ പ്രധാനപ്പെട്ടവരൊക്കെ താമസിക്കുന്ന ഹോട്ടലിൽ ഒരാൾ ബാഗും പിടിച്ചു നിൽക്കുന്നു. ജൂനിയർ ആർട്ടിസ്റ്റാണ്. ദൂരെ ചെറിയ ഹോട്ടലിലാണ് ജൂനിയർ ആർട്ടിസ്റ്റുകൾക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ പ്രിയദർശൻ ഹോട്ടലിലേക്ക് വരുമ്പോൾ ഈ ജൂനിയർ ആർട്ടിസ്റ്റ് തനിക്ക് ഒരുക്കിയ താമസസ്ഥലത്തേക്ക് പോകാനൊരുങ്ങുന്നു. ഇതറിഞ്ഞ പ്രിയൻ പറയുന്നു,

‘‘നീ വേറെയെങ്ങും പോകണ്ട എന്റെ മുറിയിൽ താമസിക്കാം’’ ചിത്രീകരണം തീരുന്നതു വരെ പ്രിയദർശൻ ഒരാളെ തന്റെ മുറിയിൽ താമസിപ്പിക്കണമെങ്കിൽ അത് നന്ദു അല്ലാതെ മറ്റാരുമാകാൻ വഴിയില്ല.

ഏകദേശം നാലു പതിറ്റാണ്ടായി സിനിമയുടെ ഓരങ്ങളിലുണ്ട് ഈ നടൻ. മിന്നിമറയുന്ന ചെറിയ ചെറിയ കഥാപാത്രങ്ങളായി. അതിലുപരി ലൊക്കേഷനിലെ ഉത്സാഹക്കമ്മിറ്റിക്കാരനായി. ‘‘നാലുദിവസത്തെ ഷൂട്ടിങ്ങായിരിക്കും എനിക്ക്. എന്നാലും 40 ദിവസവും ഞാൻ ലൊക്കേഷനിൽ കാണും ’’നന്ദുവിന്റെ ജീവിതം അദ്ഭുതപ്പെടുത്തുന്ന ഒരു സിനിമയാണ്.

പറന്നു പോയ അമ്മക്കിളി

ഞാൻ ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകളായിരുന്നു കാരണം. മരിക്കും മുന്‍പ് അമ്മ എന്നെ സ്വന്തം അനുജത്തിയുടെ കൈകളിലേ ൽപ്പിച്ചു. അവരാണ് എന്നെ വളർത്തിയത്.

വിജയലക്ഷ്മി എന്നാണ് കുഞ്ഞമ്മയുടെ പേര്. എനി ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകൾ പിറക്കുന്നത്. എന്റെ ഒരേയൊരു പെങ്ങൾ ലക്ഷ്മി. അവളിപ്പോ ൾ ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നു.

സ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ ‘സ്ത്രീ’എന്ന സിനിമയിൽ അ മ്മ നാലു പാട്ടുകൾ പാടിയിട്ടുണ്ട്. ആ പാട്ടുകൾ ഞാൻ ഒരുപാട് അന്വേഷിച്ചു, കിട്ടിയില്ല. അതൊന്നു കിട്ടിയിരുന്നെങ്കിൽ എ നിക്ക് അമ്മയുടെ സ്വരമെങ്കിലും കേൾക്കാമായിരുന്നു.

എന്റെ അച്ഛൻ കൃഷ്ണമൂർത്തി തമിഴ് ബ്രാഹ്മണനാ യിരുന്നു. തമിഴിൽ നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്. ‘ത്യാഗി’ എന്ന സിനിമയിൽ അച്ഛൻ നായകനായിരുന്നു. വി. എൻ ജാനകിയമ്മയായിരുന്നു നായിക.

ഞാൻ ഒരിക്കൽ ജാനകിയമ്മയെ കാണാൻ പോയി എംജിആറിന്റെ വീട്ടിൽ. കൃഷ്ണമൂർത്തിയുടെ മകൻ എന്ന പരിഗണനയിൽ വലിയ സ്വീകരണമാണ് തന്നത്. അച്ഛനോടൊപ്പമുള്ള ഒരു സിനിമാ സ്റ്റില്ലും ഞാൻ അവർക്ക് സമ്മാനിച്ചു.

കോഴിക്കോട് വച്ചായിരുന്നു അച്ഛന്റെ മരണം. ഞാൻ ചെന്നപ്പോൾ ആശുപത്രി അധികൃതർ 120 രൂപ എന്നെ ഏൽപ്പിച്ചു അച്ഛന്റെ പഴ്സിൽ ഉണ്ടായിരുന്ന പണം. എന്റെ ഓർമയിൽ അച്ഛൻ എനിക്കായി കരുതിയിരുന്ന സമ്പാദ്യം.

അരമണിക്കൂർ മുൻപേ ആ വേഷം പോയി

തൈക്കാട് എം.ജി രാധാകൃഷ്ണൻ ചേട്ടന്റെ അയൽ‌വാസി ആയിരുന്ന ഞാൻ അദ്ദേഹത്തിന്റെ സഹായിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് കൊച്ചുരാജൻ ചേട്ടനാണ് എന്തെങ്കിലും ചെറിയ കഥാപാത്രം അഭിനയിക്കാനുള്ള അവസരം എനിക്ക് നൽകണമെന്ന് രാധാകൃഷ്ണൻ ചേട്ടനോട് പറഞ്ഞത്. അദ്ദേഹം പലരോടും എന്റെ കാര്യം പറഞ്ഞു.

ഒരു ദിവസം ശ്രീക്കുട്ടൻ ചേട്ടൻ (എം. ജി ശ്രീകുമാർ) മദ്രാസിൽനിന്ന് വന്നപ്പോൾ പറഞ്ഞു; ‘പ്രിയന്റെ അടുത്ത സിനിമയിൽ നിനക്ക് നല്ലൊരു വേഷമുണ്ട്. ‘ചെപ്പ്’ എന്നാണ് സിനിമയുടെ പേര്.’ വലിയ സന്തോഷത്തോടെ വീട്ടിലെത്തി കുഞ്ഞമ്മയോടും ചിറ്റപ്പനോടും പറഞ്ഞു. അപ്പോൾ ചിറ്റപ്പന്റെ മറുപടി.‘ഡിഗ്രിക്ക് നിനക്കൊരു പേപ്പർ കിട്ടാനില്ലേ അതുകൂടി എഴുതിയെടുത്തിട്ട് മതി സിനിമ’

ചിറ്റപ്പൻ പറഞ്ഞാൽ പിന്നെ, മറുത്തൊന്നും പറയുന്ന ശീലം എനിക്കില്ല. ചിറ്റപ്പൻ ഇങ്ങനെയാണ് പറയുന്നതെങ്കിൽ, അടുത്ത സിനിമയ്ക്ക് നോക്കാമെന്ന് ശ്രീക്കുട്ടൻ ചേട്ടനും പറഞ്ഞു.

എന്റെ വിഷമം കണ്ടിട്ടാകണം അടുത്ത ദിവസം ചിറ്റപ്പൻ പറഞ്ഞു ‘‘നിനക്ക് അത്രയ്ക്ക് താൽപര്യമാണെങ്കിൽ ഈ സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കോ. പക്ഷേ, തിരിച്ചു വന്ന് പരീക്ഷ എഴുതണം.’’ ഞാനുടനെ പ്രിയൻ ചേട്ടനെ വിളിച്ചു.അപ്പോൾ പ്രിയൻ ചേട്ടന്റെ മറുപടി ‘എടാ, ആ വേഷം അരമണിക്കൂർ മുൻപ് മറ്റൊരാൾക്ക് കൊടുത്തല്ലോ. ഇനി അടുത്ത സിനിമയിലാകട്ടെ’ അങ്ങനെ അരമണിക്കൂർ മുൻപേ ആദ്യവേഷം നഷ്ടപ്പെട്ട ഒരാളായി ഞാൻ.

ഈശ്വരൻ കൺമുൻപിൽ

ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട് ഒന്നല്ല രണ്ടു തവണ. കിലുക്കത്തിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളിൽ ആണ്. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേൾക്കുന്നു ‘‘ലാലേ കുനിഞ്ഞോ’’ ജഗതിച്ചേട്ടനാണ് വിളിക്കുന്നത്. അടുത്ത നിമിഷം ഞങ്ങൾ കാണുന്നത് ലാലേട്ടനും ജഗതിച്ചേട്ടനും ട്രെയിനിന് മുകളിൽ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിനു കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതിച്ചേട്ടൻ അതു കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും നമുക്കിടയിലുണ്ട്.

മറ്റൊരു സംഭവം അമേരിക്കയിൽ വച്ചാണ്. ‘‘അനിയൻ കുഞ്ഞും തന്നാലായത്’’ എന്ന സിനിമയുടെ സെറ്റ്. ഒരു നഴ്സറി സ്കൂളിലാണ് ഷൂട്ടിങ്. മൂന്നും നാലും വയസ്സുള്ള കുറെ കുട്ടികളുണ്ട്. ചിത്രീകരണത്തിനിടയിൽ നിർഭാഗ്യത്തിന് ക്യാമറ ഉ റപ്പിക്കുന്ന ട്രൈപോഡ് വേണ്ടവിധം സെറ്റ് ചെയ്തില്ല. ഒരു നിമിഷത്തെ അശ്രദ്ധ. നല്ല ഭാരമുള്ള ക്യാമറയാണ്. ക്യാമറാമാൻ മാറിയതും ക്യാമറ നിലത്തു വീണതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ക്യാമറ മാറിയിരുന്നെങ്കിൽ... ആ ക്യാമറയുടെ കിടപ്പും അതിനു താഴെ ഒന്നും അറിയാതെ കുഞ്ഞുങ്ങളുടെ ഇരിപ്പും കണ്ടപ്പോൾ എനിക്ക് തോന്നി, ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്.

സ്പിരിറ്റിലെ മണിയൻ

‘സ്പിരിറ്റ്’ എന്ന സിനിമയിലെ പ്ലമർ മണിയൻ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഭാഗ്യം തന്നു. മദ്യപാനം എനിക്ക് അന്യമായിരുന്നില്ല. എങ്കിലും മണിയനെപ്പോലെ മര്യാദകെട്ട മദ്യ പാനം ഉണ്ടായിട്ടില്ല.

മദ്യപാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തിക്കുറിശ്ശി ചേട്ടന്റെ കാര്യം ഒാർമവരും. ഞങ്ങളുടെ വീടിനടുത്താണ് തിക്കുറിശ്ശി താമസിച്ചിരുന്നത്. ഞാൻ അപ്പൂപ്പൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അപ്പൂപ്പനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ തിണ്ണയിലിരുന്നാണ് ദിവസവും സംസാരം. ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ അദ്ദേഹം പൂജാമുറിയിലാണ്. പ്രാർഥനയും മന്ത്രവും ഒക്കെ ചൊല്ലുന്നുണ്ട്. ഒരു ഗ്ലാസിൽ മദ്യവും ഒഴിച്ചു വച്ചിട്ടുണ്ട്. ഞാൻ അമ്മയോട് ചോദിച്ചു ഇതെന്താണ് മദ്യ പൂജയോ ?

അമ്മ പറഞ്ഞു; ‘ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു ഇനി മ ദ്യപിക്കരുതെന്ന്. അന്നു വീട്ടിൽ വന്ന് അപ്പൂപ്പൻ പൂജാമുറിയിലെ പടങ്ങളൊക്കെ മാറ്റി പകരം മുത്തപ്പന്റെ പടം പ്രതിഷ്ഠിച്ചു. മുത്തപ്പന് മദ്യസേവയാകാം. അതുകൊണ്ടാണ് ഈ മദ്യപൂജ.’ അതായിരുന്നു തിക്കുറിശ്ശി അപ്പൂപ്പൻ.

അരങ്ങൊഴിഞ്ഞവർ

ജീവിതത്തിൽ നിന്ന് അരങ്ങൊഴിഞ്ഞ പല പ്രമുഖ നടന്മാർക്കൊ‌പ്പം അഭിനയിക്കാൻ കഴിഞ്ഞു. ആ ഓർമകൾ നൊമ്പര ങ്ങളാണ് പലപ്പോഴും. ബഹദൂർക്ക, ആലുംമൂടൻ ചേട്ടൻ, രാജ ൻ പി. ദേവ്, കൽപന അങ്ങനെ കുറച്ചു പ്രിയപ്പെട്ടവർ.

ബോബി കൊട്ടാരക്കരയുടെ മരണം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ‘നാറാണത്ത് തമ്പുരാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്നു. ജയറാമാണ് നായകൻ. സഹനടന്മാരായി ഞാനും പൂജപ്പുര രാധാകൃഷ്ണനും ബോബി കൊട്ടാരക്കരയും. ഉച്ചയൂണിന് ശേഷം ഞങ്ങൾ മൂന്നു പേർക്കും ബ്രേക്ക് കിട്ടി. ജയറാമിന്റെ സീൻ ഷൂട്ട് ചെയ്തത് കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ഉള്ളൂ. അങ്ങനെ ഞങ്ങൾ സെറ്റിലിരുന്ന് പാട്ടുപാടി. ഷോട്ട് റെഡിയായി എന്ന അറിയിപ്പു വന്നപ്പോൾ അവസാനത്തെ പാട്ടാണ് എന്ന് പറഞ്ഞ് ബോബി പാടി, ‘‘മരണം വാതിൽക്കൽ ഒരു നാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ ....’’

ഷൂട്ടിങ് കഴിഞ്ഞ് രാത്രി എട്ടു മണി ആയപ്പോൾ ഒരു സുഹൃത്ത് വിളിക്കുന്നു, ബോബി മരിച്ചു. ഹാർട്ട് അറ്റാക്കായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിലാണ്. ഞാൻ ഉടനെ ആശുപത്രിയിലെത്തി. മൂന്നു മണിക്കൂർ മുൻപ് മരണത്തെ കുറിച്ച് പാടിയ ബോബി തണുത്തു മരവിച്ചു കിടക്കുന്നു. മറക്കാൻ പറ്റില്ല ആ രാത്രി.

ചിന്മയാനന്ദ സ്വാമിയുടെ പുല കൊണ്ടവൻ

സെറ്റിൽ നമ്മളോട് പലരും പല രീതിയിലാണ് പെരുമാറുന്നത്. എന്നാൽ എന്നോട് ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരാളുണ്ടായിരുന്നു, ശങ്കരാടി ചേട്ടൻ. എന്നെ കാണുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. പ്രായം നോക്കുമ്പോൾ അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. രഹസ്യമായി എനിക്കു ചിലപ്പോൾ രണ്ടു പെഗ് മദ്യം ഒഴിച്ചു തരും. ഇതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് ഞാൻ കരുതിയത്. എന്നാൽ സംഗതി അങ്ങനെയല്ല.

ആലപ്പുഴ മേടയിൽ കുടുംബാംഗമാണ് എന്റെ അമ്മ. അമ്മയുടെ വല്യമ്മാവൻ ആണ് ചിന്മയാനന്ദ സ്വാമികൾ. ശങ്കരാടി ചേട്ടൻ ചിന്മയാനന്ദ സ്വാമിയുടെ ആരാധകനും അനുയായിയും ആണ്. സ്വാമികൾ സമാധിയായപ്പോൾ ഞാനും പുല കൊണ്ടിരുന്നു. സെറ്റിൽ ആരെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞാൽ ഉടനെ അദ്ദേഹം ഇടപെടും. എന്നിട്ട് പറയും ‘എടാ അവൻ ചിന്മയാനന്ദ സ്വാമികൾക്കു പുല കൊണ്ടവനാണ്. അവനെക്കുറിച്ചു വിവരക്കേട് പറയരുത്.’

ലോക്‌ഡൗണിൽ വളർന്ന താടി

ലോക്‌‍‍ഡൗണിനൊപ്പം വളർന്നു വലുതായതാണ് താടി. മീശ മിനുക്കി ഇരുന്നിട്ടും കാര്യമൊന്നുമില്ലല്ലോ. ആ ചിന്തയ്ക്കൊപ്പം മടിയും കൂടിയായപ്പോൾ താടിയും മീശയുമങ്ങ് വളർന്നു. പുതിയ ലുക്ക് കണ്ടപ്പോൾ കൊള്ളാല്ലോ എന്ന് ലാലേട്ടൻ പറഞ്ഞു. മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന സിനിമയിൽ ഇതേ ഗെറ്റപ്പിലാണ് എന്റെ കഥാപാത്രം. ബി. ഉണ്ണികൃഷ്ണനാണ് സംവിധായകൻ.

സിനിമയിൽനിന്ന് എന്തു നേടി എന്ന് ചോദിച്ചാൽ, ഞാൻ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആൾക്കാ ർ തിരിച്ചറിയുന്നുണ്ട്. അതൊക്കെ തന്നെയാണ് വലിയ കാര്യങ്ങൾ. ജഗതിയിൽ ഉള്ള ഒരു ഫ്ലാറ്റിലാണ് ഞങ്ങൾ ഇപ്പോൾ താമസം. ഭാര്യ കവിത. രണ്ടു മക്കളാണ് ഞങ്ങൾക്ക് മകൾ നന്ദിത, മകൻ കൃഷാൽ.

എന്റേത് പ്രണയവിവാഹം ആയിരുന്നു. ‘അഹം’ എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റാണ്. ഡോക്ടറുടെ വേഷമുണ്ട് ആ സിനിമയിൽ. ലാലേട്ടൻ പറഞ്ഞു. ‘എന്റെ ഒരു സുഹൃത്തുണ്ട് മദ്രാസിൽ, കൃഷ്ണകുമാർ.’ അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചു. ‌അദ്ദേഹത്തിന് ആയുർവേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. മദ്രാസിൽ പോകുമ്പോൾ എന്നെ വീട്ടിലേക്ക് വിളിക്കും ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാൽ ഞങ്ങളങ്ങ് പ്രേമിച്ചു. അതേയുള്ളൂ ഉത്തരം.

സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ആളാണ് ഞാ ൻ. അത് അദ്ദേഹത്തിനും അറിയാം. ചിറ്റപ്പൻ മരിച്ച ശേഷം ഞാൻ പിതൃസ്ഥാനത്ത് കാണുന്നത് കവിതയുടെ അച്ഛനെയാണ്. അദ്ദേഹം ഒരു വാക്കു പറഞ്ഞാൽ എന്റെ ജീവിതത്തിലെ അവസാന വാക്ക് അതാണ്. മദ്രാസിലെ ഫാക്ടറി‌ ഉപേക്ഷിച്ച് അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തു. ജീവിതം എന്ന് പറയുന്നത് ബാങ്ക് പോലെയാണ്. അത്യാവശ്യം ബാലൻസ് ഉള്ള ആളാണ് എങ്കിൽ ബഹുമാനം കിട്ടും. അവിടുത്തെ ജീവനക്കാർ നമ്മളെ നോക്കി ചിരിക്കും. എന്നാൽ ബാലൻസ് പൂജ്യം ആണെങ്കിൽ അവർ കണ്ട ഭാവം നടിക്കില്ല അതുപോലെയാണ് ജീവിതവും. കയ്യിൽ എന്തെങ്കിലും വേണം. അതു പണം ആയിരിക്കണമെന്നില്ല കലാവാസന ആ യാലും മതി. എങ്കിലേ ആൾക്കാർ നമ്മെ പരിഗണിക്കൂ. ഞാനിപ്പോൾ വെറുതെ റോഡിലിറങ്ങി നിൽക്കുമ്പോൾ ആൾക്കാർ സ്നേഹത്തോടെ ചിരിക്കും, ആ ചിരിയാണ് വലിയ സമ്പാദ്യം.