ശാന്തം എന്ന ഭാവം ‘കണ്ടുപിടിച്ച’ മൂന്നു പേർ ഈ വീട്ടിലുണ്ടെന്നു തിരിച്ചറിയാൻ അധിക നേരം വേണ്ടി വന്നില്ല. കൊടുങ്കാറ്റ് അലറിയാലും കൂൾ ആയിരിക്കുന്ന അച്ഛനും മകളും– നരേനും മകൾ തന്മയയും. പിന്നെ, ഒാഷോ എന്ന നായ്ക്കുട്ടി.
ഫോട്ടോഷൂട്ടിനിടെ ലൈറ്റ് വയ്ക്കാൻ പോ യ ആൾ ഒാഷോയുടെ കാലിലൊന്നു ചവിട്ടി. ഒന്നും മിണ്ടാതെ ഒരു ‘ഷോ’യും കാണിക്കാതെ ഒാഷോ എഴുന്നേറ്റു. പിന്നെ കുറച്ചപ്പുറം മാറി താടി തറയിൽ മുട്ടിച്ചു ഗാഢമൗനം തുട ർന്നു. മൂന്നു പേർക്കും ഒരേ ഭാവം എങ്ങനെ വ ന്നെന്നു ചോദിച്ചപ്പോൾ നരേൻ രഹസ്യമായി ഒരു കഥ പറഞ്ഞു.
ഒരാഴ്ച പ്രായമുള്ളപ്പോഴാണ് ഒാഷോ വീട്ടിലെത്തുന്നത്. പ്രായം ഏഴു ദിവസമാണെങ്കിലും കുര പി.ജിക്കു പഠിക്കുന്ന മട്ട്. വാ അടയ്ക്കാതെ കുര.
ഒരു ദിവസം അതു സംഭവിച്ചു. ഒാഷോയുടെ കലപില കേട്ടു വിരൽ ചൂണ്ടി മഞ്ജു ഒ രൊറ്റ അലർച്ച. ‘‘ഇനി നിന്റെ ശബ്ദം കേട്ടു പോകരുത്.’’ അന്ന് പേടിച്ചതാണ് ഒാഷോ. ഇപ്പോൾ കുരയ്ക്കാൻ തോന്നിയാൽ ഒന്നു കഷ്ടിച്ചു മൂളും. അത്രമാത്രം. ഞങ്ങൾക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണോ എന്നു ചോദിക്കരുത് ഉത്തരം പറയില്ല.’’പൊട്ടിച്ചിരിക്കിടയിലേക്ക് മഞ്ജുവും ഒാംകാറും എത്തുന്നു.
മഞ്ജു: സത്യത്തിൽ നരേന്റെ ഭാവം ശാന്തം അല്ല. വിജയം ഉണ്ടായാലും പരാജയം സംഭവിച്ചാലും നരേൻ ഒരേ പോലെയാണു മ നസ്സിലേക്ക് എടുക്കുന്നത്. ഏതു കാര്യവും നിസ്സംഗതയോടെ കാണുന്ന ആ ഭാവത്തിന് ഇ തുവരെ പേരിട്ടിട്ടില്ല.
ഈ വീട്ടിൽ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നതു ഞാനാണ്. അപ്പോൾ എന്നേക്കാളും ശബ്ദമുണ്ടാക്കുന്ന മറ്റൊരാൾ വേണോ? അതാണ് അന്ന് അലറിയത്. ഇപ്പോൾ സ്ഥിതി മാറി. എനിക്കു പുതിയൊരു കമ്പനി കിട്ടി, ഒാംകാ ർ. ഞങ്ങളിലാരാണു കൂടുതൽ ബഹളം വയ്ക്കുന്നത് എന്ന കാര്യത്തിലാണു നരേന്റെയും തന്മയയുടെയും സംശയം.
തന്മയ ഒൻപതിൽ. ഒാംകാറിന് എട്ടു മാസം. പുതിയ ആ ളുടെ വരവോടെ വീട് ആകെ മാറിയില്ലേ?
നരേൻ: തന്മയ എത്രത്തോളം നിശബ്ദയാണോ അത്രത്തോളം ആക്ടീവ് ആണ് ഒാംകാർ. തന്മയ വളർന്നതോടെ ഞങ്ങളും ‘മുതിർന്നു’ പോയിരുന്നു. കൗമാരക്കാരിയുടെ അച്ഛനും അമ്മയും എന്ന ഭാവമായിരുന്നു ഞങ്ങൾക്ക്.
പക്ഷേ, ഒാംകാറിന്റെ ജനനത്തോടെ പിന്നെയും കുഞ്ഞുവാവയുടെ അച്ഛനും അമ്മയും ആയി. പെട്ടെന്നുപ്രായം കുറഞ്ഞതു പോലെ. രണ്ടുപേരും തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത് ഒരർഥത്തിൽ നന്നായി. തന്മയ ഒരു ചേച്ചിയമ്മ ആയാണ് അവനെ നോക്കുന്നത്.
മഞ്ജു: അദ്ഭുതപ്പെട്ട സന്ദർഭം പറയാം. ഡേറ്റ് അടുത്തതോടെ തിരക്കുകളൊക്കെ മാറ്റി എന്റെ അടുത്തു തന്നെ വേണമെന്നായിരുന്നു നരേന്റെ പ്ലാൻ. അതിനായി ഷൂട്ടൊക്കെ നേരത്തെ തീർത്തു. അപ്പോഴാണു 2018 എന്ന സിനിമയുടെ ഒരു ദിവസത്തെ ഡബ്ബിങ്ങിനായി ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കു പോകേണ്ടി വന്നത്. കൃത്യം അന്നു രാത്രി പെയ്ൻ വന്നു.
അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തന്മയ സമചിത്തതയോടെ ആ സന്ദർഭം കൈകാര്യം ചെയ്തു. അതുവരെ എനിക്ക് അവൾ കുഞ്ഞായിരുന്നു. പക്ഷേ, അപ്പോഴാണ് ഇത്രയും വലുതായെന്നു മനസ്സിലായത്. ലേബർ റൂമിലും എനിക്കൊപ്പം തന്മയ നിന്നു. ഒാംകാറിനെ ആദ്യമായി എടുത്തതും അവളാണ്.
ഒാംകാറിന്റെ ആദ്യ ഒാണമാണല്ലോ?
മഞ്ജു: ഒാംകാറിന്റെ മാത്രമല്ല കൊച്ചിയിലെത്തിക്കഴിഞ്ഞിട്ടുള്ള ആദ്യ ഒാണം കൂടിയാണ്. ചിങ്ങത്തിലെ ഉത്രാടത്തിനായിരുന്നു വിവാഹം. ഞങ്ങളുടെ ഒാണത്തിന് അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്
നരേൻ: വർഷങ്ങളായി ചെന്നൈയിൽ നിന്നു നാട്ടിലേക്കു തിരിച്ചു വരാന്‍ ആലോചിക്കുന്നു. രണ്ടു പ്രാവശ്യം എല്ലാം പാക്ക് ചെയ്തിരുന്നു. പല കാരണങ്ങൾ കൊണ്ടും മാറിപ്പോയി. 2011 ലായിരുന്നു ആദ്യ തീരുമാനം. അപ്പോഴാണു സംവിധായകൻ മിഷ്കിൻ വിളിക്കുന്നത്. മുഖംമൂടി എന്ന ആ സിനിമയ്ക്കായി പത്തു മാസത്തെ കുങ്ഫൂ ട്രെയ്നിങ് തന്നെ വേണം. ഷൂട്ട് ഒരു വർഷവും. അങ്ങനെ അതു കഴിഞ്ഞിട്ടു പോരാൻ തീരുമാനിച്ചു. അതിനിടയിൽ മലയാളത്തിൽ ചില സിനിമ ചെയ്യാൻ കരാർ ഒപ്പിട്ടു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എല്ലാം മാറിപ്പോയി. അതൊരു നല്ല സൂചനയായി തോന്നിയില്ല.
ഒറ്റ മോനാണല്ലോ ഞാൻ. അച്ഛനും അമ്മയ്ക്കും പ്രായമായി വരുന്നു, അവരെ കാര്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല, എന്നൊക്കെ തോന്നല്‍ വന്നു. അങ്ങനെ 2019ൽ വീണ്ടും പ്ലാൻ ഇട്ടു. അപ്പോഴാണു ‘കൈതി’ വലിയ വിജയമായത്. എങ്കിലും തിരികെ വരാൻ ഉറപ്പിച്ചു. അടുത്ത വർഷം ഗ്ലോബൽ പബ്ളിക് സ്കൂളിൽ മോൾക്ക് അഡ്മിഷൻ എടുത്തു.
അപ്പോഴേക്കും കോവിഡ് എത്തി. പിന്നെയും തീരുമാനം മാറി. ഒാംകാർ എത്തിയതോടെ ഉറപ്പിച്ചു. മറൈൻഡ്രൈവിലെ ഈ ഫ്ലാറ്റ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഇതാണ് നരേന്റെ നല്ല നേരം എന്നു തോന്നുന്നില്ലേ?
എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അത് എപ്പോഴാണ് എന്ന് അറിയാത്തതല്ലേ അതിന്റെ ഭംഗി. ഒരുപാടു സർപ്രൈസുകൾ തന്നായിരുന്നു ഒാംകാറിന്റെ ജനനം. അതിനു പിന്നാലെയാണ് 2018 എന്ന സിനിമയുടെ റിലീസും വിജയവും.
ഒാർഡിനറി സംവിധാനം ചെയ്ത സുഗീതിന്റെ തമിഴ് ചിത്രം കുരലി’ൽ നായകനാണ്. ഒാട്ടിസം ബാധിച്ച ഒരാളുടെ വേഷം. ഈ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനായിരുന്നു കരുതിയത്. എന്നാൽ സംവിധായകൻ ലോകേഷിനെ ഞാനതു കാണിച്ചു. അദ്ദേഹം ത്രില്ലിലായി. ഇത് തിയറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രമാണെന്നു പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
ജയം രവിയുടെ കൂടെ ഇരയ്‍വൻ. വരുൺതേജിന്റെ കൂടെ തെലുങ്കിൽ. അതുകഴിഞ്ഞു ജൂനിയർ എൻടിആറിനൊപ്പം. കൈതി 2 അടുത്ത വർഷം പ്രതീക്ഷിക്കുന്നു. മലയാളത്തിൽ മീരാജാസ്മിനൊപ്പം ക്യൂൻ എലിസബത്ത് റിലീസിന് ഒരുങ്ങുന്നു. വീരപുത്രനു ശേഷം പി.ടി കുഞ്ഞുമുഹമ്മദ് സാറിനൊപ്പമുള്ള സിനിമ, നവാഗത സംവിധായകരായ പീയൂഷിന്റെയും സുധിയുടെയും ചിത്രങ്ങൾ....
അച്ചുവിന്റെ അമ്മയിൽ നിന്നു ക്യൂൻ എലിസബത്തിലേക്ക് എത്തിയപ്പോൾ മീരാ ജാസ്മിൻ എത്ര മാറി?
മീര കുറേകൂടി സുന്ദരിയായി. ഇപ്പോൾ ജീവിക്കുന്ന ഹാപ്പി സ്പേസിന്റെ വൈബ് നന്നായി സ്വാധീനിച്ചിട്ടുണ്ട്.
ക്യൂൻ എലിസബത്തിലേക്ക് എത്തിയതും അതിശയമാണ്. കഴിഞ്ഞ വർഷം ഞാനും മീരയും അവിചാരിതമായി ദുബായ്‍യിൽ വച്ചു കണ്ടു. പിന്നീട് സംവിധായകൻ എം. പത്മകുമാർ ഈ സിനിമയെ കുറിച്ചു പറഞ്ഞപ്പോൾ ഞങ്ങളുടെ കൂടിക്കാഴ്ചയാണു മനസ്സിലേക്കു വന്നത്. കുറേനാളുകൾക്കു ശേഷമാണു റൊമാന്റിക് കോമഡി ചെയ്യുന്നത്. അത് മനോഹരമായി വന്നിട്ടുണ്ടെന്ന സന്തോഷത്തിലാണ്.
കാർത്തി, ലോകേഷ് കനകരാജ് – ഇവരോടുള്ള സൗഹൃദത്തെ കുറിച്ചു പറയാമോ?
പത്തു വർഷത്തിേലറെയായി കാർത്തി സുഹൃത്താണ്. മഞ്ജുവും കാർത്തിയുടെ ഭാര്യ രഞ്ജിനിയും ചങ്ങാതിമാരാണ്. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും ഏതാണ്ട് ഒരുപോലെയാണ്. മണിരത്നം സാറിന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ കാർത്തി. പ്രോജക്ട് ഡിസൈൻ ചെയ്തെടുക്കുന്നതിനെക്കുറിച്ചു വലിയ ധാരണയുണ്ട്. ഞാൻ സിനിമയെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നുവെങ്കില്‍ അതു കാർത്തിയോടായിരിക്കും.
സംവിധായകൻ ലോകേഷ് കൈതിയെക്കുറിച്ചു കാർത്തിയോടു സംസാരിച്ചപ്പോൾ പൊലീസ് വേഷം ഞാനാണു ചെയ്യുന്നതെന്നു സൂചിപ്പിച്ചു. അത്തരം കഥാപാത്രങ്ങ ൾ ഞാനിനി ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചതു കാർത്തിക്കറിയാം. ഞാൻ ‘നോ’ പറയുമോ എന്നു സംശയിച്ചാകാം ആ കഥാപാത്രത്തെക്കുറിച്ചു കാർത്തിയാണു സംസാരിച്ചത്.
ഒന്നാമത്തെ ചുവടു വച്ച് അടുത്ത പടിയിലേക്കല്ല പ ത്താമത്തേതിലേക്കാണു ലോകേഷ്‍ ചാടിക്കയറിയത്. കൈതിയുടെ സെറ്റിലെത്തിയപ്പോൾ ലോകേഷ് പറഞ്ഞു, ‘സർ ലൊക്കേഷനിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയെന്നു വരില്ല. അതുകൊണ്ട് ഒന്നും തോന്നരുത്.’ മുഴുവൻ സമയം സിനിമയ്ക്കായി ഒാടി നടക്കുന്ന ഒരാളെയാണു ഞാനപ്പോൾ കണ്ടത്.
ലോകേഷിനൊപ്പം എപ്പോഴും അതേ രൂപഭാവമുള്ള അഞ്ചോ ആറോ അസിസ്റ്റന്റുമാരുണ്ടാകും. അവരെ എ ല്ലാം സ്വതന്ത്ര സംവിധായകരാക്കാൻ അദ്ദേഹം ശ്രമിക്കും. അതിനായി ഒപ്പം നിൽക്കും.
കുന്നുകയറി മുകളിലെത്തി ആകാശം കാണുന്നതിന്റെ സന്തോഷം ഇപ്പോഴില്ലേ?
തീർച്ചയായും. അതിന് ഒരുപാടു കാലത്തെ കാത്തിരിപ്പുവേണ്ടി വന്നു. കരിയറിന്റെ തുടക്കത്തിൽ തമിഴിലേക്കു പോകേണ്ടിയിരുന്നില്ല എന്നു ചിലപ്പോൾ തോന്നും. വേരുറപ്പിച്ച ശേഷമാണു പലരും മറ്റു ഭാഷകളിൽ അഭിനയിക്കാനായി പോകാറുള്ളത്. ഞാനങ്ങനെ ആയിരുന്നില്ല.
ആദ്യ ഘട്ടത്തിൽ തമിഴിലും മലയാളത്തിലും ഒരു പോ ലെ ഹിറ്റുകളുണ്ടായി. പക്ഷേ, തമിഴിൽ വലിയ പടികൾ കയറിത്തുടങ്ങിയപ്പോഴാണു മറ്റു പലർക്കുമുള്ള പിന്തുണ എനിക്കില്ലെന്നു മനസ്സിലാവുന്നത്.
മലയാളത്തിൽ ന്യൂജനറേഷൻ തരംഗമുണ്ടായപ്പോൾ ചെന്നൈയിലിരുന്നു ഞാനതു കാണുന്നുണ്ടായിരുന്നു. ആ സംവിധായകരുമായി ഒരുമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചിലർ പ്രോജക്ടുകളെ കുറിച്ചു സംസാരിച്ചിരുന്നു. തമിഴ്സിനിമകൾക്ക് ഡേറ്റുകൾ കൊടുത്തതു കൊണ്ട് അതെല്ലാം മിസ് ചെയ്യേണ്ടി വന്നു. ആഗ്രഹിച്ച പല നല്ല സിനിമകളുടെയും ഭാഗമാവാനായില്ല. ആരുടെയും കുറ്റമല്ല. നമുക്ക് സമയത്തെ പഴി ചാരാൻ മാത്രമല്ലേ കഴിയൂ.
ഇതൊക്കെയുണ്ടായപ്പോഴും പൊസിറ്റീവ് ആയിരിക്കാ ൻ എന്തൊക്കെ ചെയ്തു?
ആത്മീയതയുമായുള്ള അടുപ്പം സഹായിച്ചു. സിനിമയെ മോഹിച്ചു കൊണ്ടേയിരിക്കാൻ പണ്ടേ പഠിച്ചതാണ്. ആദ്യ കാലങ്ങളിൽ അനുഭവിച്ച തിരസ്കാരങ്ങളും വലിയ പാഠങ്ങൾ തന്നെയായിരുന്നു.
സംവിധായകനും ക്യാമറാമാനുമായ രാജീവ് മേനോന്റെ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയെങ്കിലും അതുവഴി നടനാവുക എന്നായിരുന്നു മോഹം. ആ കാലത്തു മലയാളത്തിലെ ഒരു വലിയ സംവിധായകനെ കണ്ടു. എന്റെ മുഖവും ചലനങ്ങളും സിനിമയ്ക്കു പറ്റിയതല്ലെന്നും ചുറ്റിത്തിരിഞ്ഞു സമയം കളയേണ്ടെന്നും പറഞ്ഞു.
ആറേഴു മാസം കഴിഞ്ഞ് താടിയൊക്കെ വച്ച് വീണ്ടും അദ്ദേഹത്തെ കണ്ടു. സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചറിഞ്ഞത്. ‘നിങ്ങൾക്കു പറ്റിയ പണി ഇതല്ലെന്ന് അന്നേ പറഞ്ഞതല്ലേ?’എന്നു ചോദിച്ച് അദ്ദേഹം വീണ്ടും തിരിച്ചയച്ചു. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനെ തകർക്കാൻ അതു മതി. പക്ഷേ, ലക്ഷ്യബോധം തളർത്തിയില്ല. പിന്നീട് ഫോർ ദ പീപ്പിളും അച്ചുവിന്റെ അമ്മയും ഇറങ്ങിക്കഴിഞ്ഞ് ഒരു നിർമാതാവിനോട്,‘അവൻ കഴിവുള്ള നടനാണ്. ജഡ്ജ്മെന്റ് തെറ്റിപ്പോയി.’ എന്നദ്ദേഹം പറഞ്ഞതായി ഞാനറിഞ്ഞു.
ഇതെല്ലാം സിനിമയിലെ പാഠങ്ങളാണ്. ഇത്തരം അനുഭവങ്ങൾ പിന്നീടും ഉണ്ടായി. ഉറപ്പിച്ച പല സിനിമകളും തുടർച്ചയായി മാറിപ്പോയി. കൈതിയിൽ അഭിനയിച്ചപ്പോൾ പ്രോജക്ടുകൾ മാറിപോകുന്നതിനെക്കുറിച്ചു കാർത്തിയോടു സംസാരിക്കാനിടയായി. കാർത്തി ഞെട്ടിക്കൊണ്ട് ചോദിച്ചു – ബ്രദർ, എപ്പടി ഇന്തമാതിരി? തകർന്നു പോകാതെ ഇതെങ്ങനെ മറികടക്കുന്നു?
ദി തിൻ റെഡ് ലൈൻ എന്ന സിനിമയിൽ ഒരു വരിയുണ്ട്. ‘എവരി മാൻ ഫൈറ്റ്സ് ഹിസ് ഒാൺ വാർ.’ ഞാനതിൽ വിശ്വസിക്കുന്നു. വീണുപോകുമെന്നു തോന്നിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മഞ്ജു തന്ന പിന്തുണ മറക്കാനാകില്ല.
മഞ്ജു: ഞങ്ങൾ രണ്ടുപേരും കലാപ്രവർത്തകരാണ്. ഞാ ൻ ഗായികയും എഴുത്തുകാരിയുമാണ്. രണ്ടുപേരുടെയും മനസ്സിൽ കല ഉള്ളതുകൊണ്ടു തന്നെ നരേനെ നന്നായി തിരിച്ചറിയാനാകും. കലയോടു കൂടുതൽ അഭിനിവേശം നരേനായതുകൊണ്ടു സന്തോഷപൂർവം എല്ലാ പിന്തുണയും നൽകുന്നു. ടെൻഷനിടയിൽ ഉപദേശവുമായി ചെല്ലാറില്ല. ആവശ്യമുള്ളപ്പോൾ മാത്രമേ അഭിപ്രായം പറയൂ.
കമൽഹാസനു നാഷനൽ അവാർഡ് കിട്ടാത്തപ്പോൾ കരഞ്ഞ കാര്യം അദ്ദേഹത്തോടു പറഞ്ഞോ?
ഏയ്, അതൊന്നും പറഞ്ഞിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു സംഭവം. അന്നേ കടുത്ത ‘കമൽഫാൻ’ ആണു ഞാൻ. ആ വർഷം കമൽ സാറിനാണ് നാഷനൽ അവാർഡ് എന്ന ശ്രുതി പരന്നു. ഞാനും സുഹൃത്തും കൂടി ഇതൊക്കെ പറഞ്ഞു തൃശൂർ സെൻറ് തോമസ് കോളജിനു മുന്നിലൂടെ നടന്നു വരുമ്പോഴാണ് ആ വാർത്ത അറിഞ്ഞത്. അദ്ദേഹത്തിന് നാഷനൽ അവാർഡ് ഇല്ല. ഫുട്പാത്തിലിരുന്നു ഞാൻ കരയാൻ തുടങ്ങി. കൂട്ടുകാരൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കരച്ചിൽ തുള്ളിപോലും കുറഞ്ഞില്ല. ഇന്ന് ആ ആരാധന കൂടിയിട്ടേയുള്ളൂ. ചെന്നൈയിൽ എത്തിയ കാലത്തെടുത്ത ഒരു തീരുമാനമുണ്ട്; കമൽ സാറിന്റെ ഒാഫിസിന്റെ പരിസരത്തേ താമസിക്കൂ. തിരികെ പോരും വരെ അങ്ങനെ തന്നെയായിരുന്നു.
എങ്ങനെയാണു ഫാൻ ആകാതിരിക്കുക, സിനിമയുടെ നിഘണ്ടു അല്ലേ അദ്ദേഹം. ലൈറ്റിനെ കുറിച്ചു മുതൽ സ്റ്റണ്ടിനു വേണ്ടിയുള്ള പുതിയ ഉപകരണത്തെക്കുറിച്ചു വരെ ധാരണയുണ്ട്. കമൽസാറുമൊത്തുള്ള കോംബിനേഷൻ സീനുകളിൽ കിട്ടിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ലോക സിനിമകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഏഴാം ക്ലാസ് മുതൽക്കു കമൽസാറിനെ മനസ്സില്‍ കൊണ്ടു നടക്കുന്ന എനിക്ക് ആ നിമിഷങ്ങൾ ഏറെ വിലപ്പെട്ടതും ഹൃദയത്തോടു ചേർന്നു നിൽക്കുന്നതുമാണ്.
ചില ഒഴിവാക്കലുകളെ കുറിച്ചു സൂചിപ്പിച്ചെങ്കിലും കൃത്യമായി പറയാതെ നരേൻ ഒഴിഞ്ഞു മാറുന്നു. സിനിമയിൽ ഇത്രയും സത്യസന്ധനാകണോ?
വലിയ വാശിയൊന്നും ഇല്ലാത്ത മനുഷ്യനാണു ഞാൻ. കഥാപാത്രങ്ങൾ സംഘടിപ്പിക്കാനുള്ള ഓട്ടവുമില്ല. അതൊ ക്കെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നുണ്ട്. എന്റെ ചില ചിന്താഗതികൾ സിനിമയ്ക്കു ചേരില്ലെന്നും അറിയാം.
ചില വിശ്വാസങ്ങളും തത്വങ്ങളും മനസ്സിലുണ്ട്. അതു മനസ്സിൽ സൂക്ഷിച്ചു മുന്നോട്ടു പോകുന്നത് അത്ര എളുപ്പവുമല്ല. അങ്ങനെ പോകുന്ന ആളുടെ കരിയറിൽ ഇത്തരം കാഴ്ചകൾ സ്വാഭാവികമാണ്.
‘നോ’ പറയേണ്ടി വന്ന സിനിമകളുടെ കാര്യത്തിൽ ഒരു കുറ്റബോധവുമില്ല. ഇപ്പോൾ കുടിക്കേണ്ടത് ചായയാണോ കാപ്പിയാണോ എന്ന സംശയം തോന്നാം. പക്ഷേ, സിനിമതിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതൊട്ടും ഇല്ല.
സിനിമയിലേക്കു വരുന്നെന്ന് തന്മയ പറഞ്ഞാലോ?
നരേൻ: ജീവിതത്തിൽ സന്തോഷമായി ഇരിക്കുകയല്ലേ വേണ്ടത്. ഏത് പ്രഫഷനിൽ ആണെങ്കിലും. സിനിമയിൽ അ വൾ കംഫർട്ടബിൾ ആണെന്നു സ്വയം ബോധ്യപ്പെട്ടാൽ വേണ്ടെന്നു പറയാൻ പറ്റുമോ? അതിലെ എല്ലാ സമ്മർദവും അറിഞ്ഞു നിരാശപ്പെടാതെ അമിതമായി സന്തോഷിക്കാതെ ജീവിക്കാൻ ശീലിക്കണമെന്നു മാത്രം.
മഞ്ജു: മറ്റുള്ളവർ സിനിമയിലെത്തി. അതുകൊണ്ട് എനിക്കും എത്തണം എന്നു ചിന്തിക്കരുത് എന്നു പറഞ്ഞു കൊടുക്കും. പാഷൻ ആണെങ്കിൽ മാത്രം തുറക്കേണ്ട ഒരു വാതിൽ ആണ് സിനിമ. ഇല്ലെങ്കിൽ അതു ഭാരമാകും.
നിരാശപ്പെടേണ്ടിവന്ന ഏതെങ്കിലും ദിവസത്തിൽ ഇനി സിനിമയിലേക്കില്ലെന്നു നരേൻ ചിന്തിച്ചോ?
ഇല്ല, ഒരിക്കലും ഞാനങ്ങനെ ചിന്തിച്ചിട്ടില്ല, ഞാൻ ഈ ചോദ്യത്തെ മറ്റൊരു രീതിയിലാണ് കാണുന്നത്. എന്റെ അച്ഛനും അമ്മയും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന രണ്ടു പേരാണ്. കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും റോൾ മോഡലാണ്. വളരെ സിംപിളായി ജീവിക്കുന്ന രണ്ടുപേർ. അങ്ങനെയുള്ള അച്ഛന്റെയും അമ്മയുടെയും മകൻ ഒരിക്കലും തോൽക്കാൻ പാടില്ല. ഈ ചിന്തയാണു സിനിമയിൽ എന്നെ മുന്നോട്ടു കൊണ്ടു പോവുന്നത്.
വിജീഷ് ഗോപിനാഥ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ.