Monday 16 November 2020 11:25 AM IST

‘ഷൂട്ടിങ് തുടങ്ങി പകുതി ആയപ്പോൾ ഞാനതാ കിടക്കുന്നു ബോധം കെട്ട്’; നയന എൽസ പറയുന്നു

Roopa Thayabji

Sub Editor

nayana-el ചിത്രങ്ങൾ; വനിത, ഇൻസ്റ്റഗ്രാം

തെങ്ങ് ചതിക്കില്ല...

ഈ പഴഞ്ചൊല്ല് ഏറ്റവും ഗുണമായത് എന്റെ കാര്യത്തിലാണെന്നു പറയാം. ‘മണിയറയിലെ അശോകനി’ലെ തെങ്ങിൻതൈ കൊടുത്തുള്ള പ്രപ്പോസൽ സീൻ കേട്ടപ്പോൾ മുതൽ വളരെ എക്സൈറ്റഡായിരുന്നു. അങ്ങനെയൊരു പ്രപ്പോസൽ നമ്മൾ കേൾക്കുന്നതു പോലും ആദ്യമായിട്ടല്ലേ.

സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിയറ്റർ റിലീസായിരുന്നു എല്ലാവരുടെയും മനസ്സിൽ. ലോക്‌ഡൗൺ വന്നതോടെ കുറച്ചു വിഷമം തോന്നിയെങ്കിലും ഓണം റിലീസായി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ വന്നു. ട്രോളുകളിലും മീമുകളിലും തെങ്ങു നിറയുന്നതു കണ്ടപ്പോൾ ഡബിൾ ഹാപ്പിയായി. ‘സ്ഫടിക’ത്തിലെ ചാക്കോമാഷ് മകനു പകരം മുറ്റത്തു നട്ട പതിനെട്ടാം പട്ട തെങ്ങിനു ശേഷം ഇതാ, എന്റെ തെങ്ങിൻ തൈയും ഹിറ്റായി.

കുട്ടി ടു ടീച്ചർ...

‘ജൂണി’ലെ കുഞ്ഞിയാകാൻ വിളിച്ചപ്പോൾ നാടൻ സ്കൂൾകുട്ടി ലുക്ക് ചേരുമോ എന്ന് കൺഫ്യൂഷനായിരുന്നു. അന്നുവരെ ചുരിദാറൊന്നും ഞാൻ ഉപയോഗി ച്ചിട്ടേ ഇല്ല, ജീൻസും ടോപ്പുമാണ് സ്ഥിരം വേഷം. എനിക്കും കുഞ്ഞിക്കും തമ്മിൽ സ്വഭാവത്തിൽ മാത്രമേ സാമ്യമുള്ളൂ. എപ്പോഴും വാ തോരാതെ വർത്തമാനം പറഞ്ഞു നടക്കുന്നതാണ് എന്റെയും ശീലം. ആ സിനിമയിൽ 15 വയസ്സ് മുതല്‍ 24 വയസ്സു വരെയുള്ള മൂന്നു ഗെറ്റപ്പുകളുമുണ്ട്, ക്ലൈമാക്സിൽ അഭിനയിക്കുന്നത് ഗർഭിണിയായുമാണ്.

കട്ടിക്കണ്ണട വച്ച ആ ലുക്കിന് വേണ്ടി എന്നും മുടി കേ ൾ ചെയ്യുമായിരുന്നു. ‘ജൂണി’ൽ പ്ലസ്ടു കുട്ടിയായാണ് വന്നതെങ്കിൽ അടുത്ത സിനിമയിൽ ടീച്ചറാകാനുള്ള ഭാഗ്യമല്ലേ കിട്ടിയത്, എന്താ ലേ...

ആ മാജിക് തുടരുന്നു...

ബ്യൂട്ടി പേജന്റ് വിൻ ചെയ്യുക എന്നതു വലിയ സ്വപ്നമായിരുന്നു. അങ്ങനെ ഒരു മത്സരത്തിനു പിന്നാലെയാണ് തമിഴിൽ നിന്ന് നായികയായി ഓഫർ വന്നത്. ആ സിനിമ ഇതുവരെ റിലീസായിട്ടില്ല കേട്ടോ. രണ്ടാമതു വന്ന ഓഫർ കേട്ട് എനിക്കു പോലും വിശ്വസിക്കാൻ പറ്റിയില്ല, സ്റ്റാർ ഡയറക്ടർ സുശി ഗണേശൻ സംവിധാനം ചെയ്യുന്ന ‘തിരുട്ടു പയലേ– 2.’ അതിന്റെ ടൈറ്റിലിൽ ‘ആ മാജിക് തുടരുന്നു, കനിഹയ്ക്കും സ്നേഹയ്ക്കും ശേഷം ഇതാ നയന...’ എന്നൊക്കെ കണ്ട് തിയറ്ററിലിരുന്ന് കണ്ണു നിറഞ്ഞുപോയി.

‘കളി’യാണ് ആദ്യം അഭിനയിച്ച മലയാള സിനിമ. എങ്കിലും ‘ജൂൺ’ ആണ് ശരിക്കും ലോഞ്ചിങ് നൽകിയത്.

അമ്മയുടെ സാരി...

‘ജൂണി’നു ശേഷമാണ് ‘അശോകനി’ ലേക്ക് വിളി വന്നത്. റാണി ടീച്ചറിന് നീണ്ട മുടിയും, മേക്കപ് ഇല്ലാത്ത, പുരികം പോലും ത്രെഡ് ചെയ്യാത്ത ലുക്കുമൊക്കെ ആണ് ഉള്ളത്. ഒരു ദിവസം രാവിലെ സംവിധായകൻ ഷംസു സയ്ബ വിളിച്ചു. വേഗം എഴുന്നേറ്റ് മുഖം പോലും കഴുകാതെ അ മ്മയുടെയോ അമ്മൂമ്മയുടെയോ പഴയ സാരിയുടുത്തുള്ള ഫോട്ടോ അയയ്ക്കാൻ പറഞ്ഞു. ആ ഫോട്ടോ കണ്ടിട്ടാണ് എന്നെ ഫിക്സ് ചെയ്തത്. സാരിയുടുത്ത ലുക്കിൽ പക്വത തോന്നിപ്പിക്കാൻ വേണ്ടി കുറച്ച് വണ്ണവും പിന്നീട് കൂട്ടി.

ആക്ടിങ് & ഡയറക്‌ഷൻ...

‘മണിയറയിലെ അശോകനി’ൽ അനുപമ പരമേശ്വരൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ സംവിധായകന്‍ ഒരു ചോദ്യം, നീയും അസിസ്റ്റന്റ് ആകുന്നോ? കേട്ടപാടേ സമ്മതിച്ചെങ്കിലും പിന്നെയാണ് അതു കട്ടിപ്പണി ആണെന്ന് മനസ്സിലായത്. ക്ലാപ്പ് അടിക്കുന്നത് മുതൽ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നതു വരെയുള്ള ജോലിയുണ്ട്. എന്റെ സീൻ വരുമ്പോൾ അഭിനയിക്കുകയും വേണം.

ഇതിനിടെ ഒരു രസമുണ്ടായി. പാലക്കാട്ടെ ഒരു കവലയിലായിരുന്നു ‘ഉണ്ണിമായേ...’ സോങ് എടുത്തത്. രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലു കൊണ്ടപ്പോൾ ചെറുതായൊന്ന് തല കറങ്ങിയതാ...

വീടും സിനിമയും...

തിരുവല്ലയാണ് നാടെങ്കിലും ഒന്നാം ക്ലാസ് മുതൽ പഠിച്ചതും വളർന്നതും കൊച്ചിയിലാണ്. ഡാഡി അനിൽ മാത്യുവിന് ദോഹയിൽ ബിസിനസാണ്. അമ്മ ബിനു അനിലും അനിയൻ നിഖിലും സപ്പോർട്ടായി കൂടെയുണ്ട്.

ബികോം ടാക്സേഷനു ശേഷം സിഎംഎയും ഇന്റർമീഡിയറ്റ് വൺ ആൻഡ് ടുവും കഴിഞ്ഞ് സിനിമയ്ക്കായി ബ്രേക്ക് എടുത്തിരിക്കുകയാണ്. ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ ആസ്പദമാക്കിയുള്ള ‘ഋ’, ദുൽഖർ പ്രൊഡക്‌ഷന്റെ ‘കുറുപ്പ്’, ഷെയ്ൻ നിഗം നായകനാകുന്ന ‘ഉല്ലാസം’, ‘കുർബാനി’, ‘കാൺമാനില്ല’ എന്ന വെബ് സിനിമ ഒക്കെ ഇനി റിലീസാകാനുണ്ട്.