Saturday 17 July 2021 04:25 PM IST

‘ഹെൽമറ്റ് വയ്ക്കാത്തതിന് പൊലീസ് പിടിച്ചതൊഴിച്ചാൽ സ്റ്റേഷനിൽ കയറിയ അനുഭവമില്ല; അത്ര കലിപ്പനും അലമ്പനും അല്ലേയല്ല’

Ammu Joas

Sub Editor

nayattu4433dggghg ഫോട്ടോ : സിജോ ചാർ‌‌ലി, വൺ ഐ സ്റ്റുഡിയോ

‘നായാട്ട്’ സിനിമ കണ്ടു കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ‘കട്ടക്കലിപ്പ് ’ തോന്നിയ ആ അലമ്പൻ ദേ, ഇവിടുണ്ട്, ആലപ്പുഴക്കാരൻ ദിനീഷ്...

അഭിനയം ഓക്കെ, പക്ഷേ...

നല്ല നടനാകാണം, ഇതുപോലെ അഭിമുഖങ്ങൾ നൽകണം എന്നൊക്കെ ഉള്ളിൽ കൊതിച്ചിരുന്നെങ്കിലും ജീവിതത്തിലെ കഷ്ടപ്പാടുകളൊക്കെയായി അങ്ങനെ പോകുകയായിരുന്നു. ആലപ്പുഴ പൂന്തോപ്പ് ആണ് നാട്. പത്രമിടൽ മുതൽ ഹോം സ്റ്റേ, ബോട്ടിങ് അറേഞ്ച്മെന്റ് അടക്കം എല്ലാ ജോലിയും കോവിഡിനു മുൻപ് വരെ െചയ്തിട്ടുണ്ട്.

അതിനിടെ സിനിമകളുടെ ഓഡിഷനും പോകും. ആദ്യ സിനിമ ‘1971 ബിയോണ്ട് ദ് ബോർഡർ’, അതിൽ പട്ടാളക്കാരുടെ കൂട്ടത്തിലൊരാൾ. അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ രവി വഴിയാണ് ‘നായാട്ടി’ന്റെ ഓഡിഷനു പോയത്. മാർട്ടിൻ പ്രക്കാട്ട് സാറിന്റെ ഫ്ലാറ്റിലെത്തി അദ്ദേഹം പറഞ്ഞ ചില സീൻസ് ചെയ്തു കാണിച്ചു. അഭിനയം ഓക്കെ പക്ഷേ, വണ്ണം പ്രശ്നമാണ് എന്നു കേട്ട പാടേ ഡയറ്റിങ് തുടങ്ങി. അപ്പോഴും ഉറപ്പില്ലായിരുന്നു റോൾ കിട്ടുമെന്ന്.

സിനിമയിലെ നേട്ടം കാണാൻ രാഹുൽ രവി ഇല്ലാതെ പോയി. രാഹുലിന്റെ വേർപാട് വളരെ സങ്കടത്തിലാക്കി.

മാർട്ടിൻ സാർ ഉയിർ

‘ആ മതിലിൽ തുപ്പുന്ന സീൻ, ചിരിച്ചു കൊണ്ട് അതു ചവിട്ടി മായ്ക്കുന്ന ഷോട്ട്... ന്റെ പൊന്നോ...’ എന്നൊക്കെ ആളുകൾ കമന്റ് ചെയ്യുമ്പോൾ മനസ്സിൽ ഓർക്കുന്നത് മാർട്ടിൻ സാറിന്റെ മുഖമാണ്. പുത്തൻകുരിശിലെ ലൊക്കേഷനിലെത്തിയ ആദ്യദിവസം ഒരു പേപ്പറിൽ ബിജു എന്നതിനു നേരെ എന്റെ ഫോട്ടോയും പേരും കണ്ടു. അപ്പോഴാണ് എനിക്ക് കഥാപാത്രമുണ്ടെന്നും അത് ഏതാണെന്നു പോലും അറിയുന്നത്.

സ്ക്രീനിൽ പ്രേക്ഷകർ കണ്ട ആ ചിരിയൊക്കെ മാർട്ടിൻ സാറു പറഞ്ഞു തന്നതു പോലെ ചെയ്തതാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് ഞാൻ ബിജുവായത്.

ഞാൻ അലമ്പനല്ല

DNS-006

കുഞ്ചാക്കോ ബോബന്റെ കൈ തട്ടി എന്റെ മൊബൈൽ താഴെ വീഴുന്ന ഷോട്ട് ആയിരുന്നു ആദ്യമെടുത്തത്. അതു കഴിഞ്ഞാണ് ‘കുനിഞ്ഞു നിന്ന കാലമൊക്കെ പോയി സാറേ...’ എന്ന ഡയലോഗും പൊലീസുമായുള്ള കയ്യാങ്കളിയുമൊക്കെ. ആദ്യ ഷോട്ട് എടുക്കുമ്പോൾ ജോജു ചേട്ടനാണ് പറഞ്ഞു തന്നത്, ‘നീ ആ മൊബൈലിൽ ലുക്ക് കൊടുത്തിട്ടു ഡയലോഗ് പറഞ്ഞാൽ നന്നാകും’ എന്ന്.

ഹെൽമറ്റ് വയ്ക്കാത്തതിനൊക്കെ പൊലീസ് പിടിച്ചതൊഴിച്ചാൽ സ്റ്റേഷനിൽ കയറിയ അനുഭവമൊന്നും ഇല്ല. അത്ര കലിപ്പനും അലമ്പനും അല്ലേയല്ല.

ദൈവം കരുതി വച്ചത്

അച്ഛൻ പൊന്നപ്പനും അമ്മ രാജമ്മയും ചേട്ടന്‍ ദിലീപും ചേച്ചി സ്മിതയുമടങ്ങുന്നതാണ് കുടുംബം. അമ്മയും അച്ഛനും തിയറ്ററിൽ പോയി സിനിമ കാണുന്നതു തന്നെ അപൂർവമാണ്. ചേട്ടന്‍ പക്ഷേ, സിനിമാമോഹിയാണ്. എന്നെ സിനിമയിൽ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അളിയൻ സുരേഷ്കുമാറും നല്ല സപ്പോർട്ടാണ്.

ഒരു സിനിമാ ആരാധകന്റെ ഏറ്റവും വലിയ സന്തോഷമല്ലേ, നമ്മളെ ബിഗ് സ്ക്രീനിൽ കാണുന്നത്. തിയറ്ററിലും ഒടിടിയിലും പടം ഒരുപോലെ ഹിറ്റ് ആയപ്പോൾ തോന്നി ദൈവം കരുതി വച്ച മറ്റൊരു ഭാഗ്യമാണ് അതെന്ന്. ട്രെയിലറിൽ വരുമെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

വല്ലതും അറിയുന്നുണ്ടോ?

സിനിമയിൽ വന്നതോടെ ഒരുപാട് പേരുടെ സ്നേഹം കിട്ടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലായിരുന്നു. ഇപ്പോഴും എബിസിഡി പഠിക്കുന്നേയുള്ളൂ. അതുകൊണ്ട് എല്ലാ കമന്റ്സിനും മറുപടി കൊടുക്കാൻ പറ്റാറില്ല. പല റീൽസും വാട്സാപ് സ്റ്റാറ്റസുമൊക്കെ ‘നീയിതു വല്ലതും അറിയുന്നുണ്ടോ’ എന്നു ചോദിച്ച് സുഹൃത്തുക്കൾ അയയ്ക്കുമ്പോഴാണ് കാണുക.

സംസാരിച്ചു തുടങ്ങിയാൽ നിർത്താൻ വലിയ പ്രയാസമാ. സിനിമയിൽ വന്ന് ഇങ്ങനെ അഭിമുഖം തരുമ്പോഴുള്ള ടെൻഷനും അതാണ്. ഇങ്ങനെ പറഞ്ഞാൽ ജാഡക്കാരനാണെന്നു തോന്നുമോ, അങ്ങനെ പറഞ്ഞാൽ അതിനു വേറെ അർഥമുണ്ടോ എന്നെല്ലാം ഇപ്പോൾ ചിന്തിച്ചു തുടങ്ങി. ഇതൊന്നും ശീലമുള്ള കാര്യങ്ങളല്ലല്ലോ.

സിനിമ അനുഭവമാണ്

എല്ലാ ദിവസവും സീൻ ഇല്ലായിരുന്നെങ്കിൽ കൂടി 10–12 ദിവസം ആ ഏരിയയിൽ തന്നെയുണ്ടായിരുന്നു. സിനിമയുടെ പിന്നിലെ കഠിനാധ്വാനം അറിയാൻ അതു സഹായിച്ചു. എനിക്ക് സീനൊന്നും ഇല്ലെങ്കിലും ലൊക്കേഷനിൽ സജീവമായി നിൽക്കും. പരിചയ സമ്പന്നരായ അഭിനേതാക്കളുടെ രീതികൾ തൊട്ടടുത്തു തന്നെ നിന്നു കണ്ട് മനസ്സിലാക്കാൻ കിട്ടുന്ന ചാൻസല്ലേ.

നായാട്ട് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ പല ചർച്ചകളും കേട്ടു. കഥയുടെ ഒഴുക്കിനൊപ്പം സിനിമ കാണുമെന്നല്ലാതെ അതിനപ്പുറം ഒന്നും പറയാനുള്ള അറിവ് ഇല്ല. 

ഒരു നടനാകണം

സ്കൂളിൽ പഠിക്കുമ്പോൾ പോലും സ്റ്റേജിൽ കയറി അഭിനയിച്ചിട്ടില്ല. എന്നിട്ടും സിനിമാനടനാകണം എന്നായിരുന്നു ആഗ്രഹം. ധാരാളം സിനിമ കാണും. സുഹൃത്തുക്കളോട് അഭിനയമോഹം പറയുന്നതൊഴിച്ചാൽ അതിനു വേണ്ടി കാര്യമായി ഒന്നു ചെയ്തിട്ടില്ല.

ഇതുപോലെ നല്ല കഥാപാത്രങ്ങൾക്കു വേണ്ടി ശ്രമിക്കണമെന്നും ചെയ്യണമെന്നുമൊക്കെയാണ് ഇപ്പോൾ മനസ്സില്‍. ചില സംവിധായകര്‍ വിളിച്ചിരുന്നെങ്കിലും ചർച്ചകളൊന്നും നടന്നിട്ടില്ല. കോവിഡ് കാരണം ഷൂട്ടിങ് നടക്കുന്നില്ലല്ലോ...?  

Tags:
  • Celebrity Interview
  • Movies