Saturday 14 March 2020 04:34 PM IST

അച്ഛൻ ബോഡി ഗാർഡായി, അതോടെ ആ കാമുകനെ കാണാതായി; പ്രണയ സങ്കൽപ്പങ്ങൾ പങ്കുവച്ച് നീതാപിള്ള

Lakshmi Premkumar

Sub Editor

neetha-

പൂമരം സിനിമയില്‍ വിമൻസ് കോളജിനെ നയിച്ച പവർഫുൾ ക്യാപ്റ്റനെ ഓർമയില്ലേ, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നീതാ പിള്ള. ക്യാംപസിൽ നിന്ന് നേരെ പോയത് കുങ്ഫു പഠിക്കാൻ. കഠിന പരിശീലനത്തിലൂടെ നേടിയ ആക്‌ഷൻ മികവുമായാണ് ‘ദ് കുങ്‌ഫു മാസ്റ്റർ’ സിനിമയിലൂടെ നീതയുെട തിരിച്ചുവരവ്. മഞ്ഞുവീഴ്ചയും മലയിടിച്ചിലും പതിവായ ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. കഠിന പരിശീലനത്തിന്റെ ഓർമകളും പുതിയ വിശേഷങ്ങളുമായി നീതാ പിള്ള.

എവിടെയായിരുന്നു രണ്ടു വർഷമായി ?

മാറി നിന്ന കാലമത്രയും ‘ദ് കുങ്ഫു മാസ്റ്റർ’ സിനിമയുടെ തയാറെടുപ്പുകളിലായിരുന്നു. ‘പൂമരം’ സിനിമയുടെ ഷൂട്ടിന്റെ ആദ്യനാളുകളിൽ തന്നെ എബ്രിഡ് ഷൈൻ സാർ ഇനി ചെയ്യാൻ പോകുന്ന ആക്‌ഷൻ സിനിമയെക്കുറിച്ച് കേട്ടിരുന്നു. ഒരു ദിവസം കുങ്ഫു മാസ്റ്ററിലെ പ്രധാന കഥാപാത്രം ആകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. വ്യത്യസ്തമായ കഥാപാത്രമാകാൻ കിട്ടിയ ചാൻസിന് ഞാൻ അപ്പോൾ തന്നെ ഓകെ പറഞ്ഞു.

2017 ഒക്ടോബറിൽ ‘പൂമരം’ ഷൂട്ട് കഴിഞ്ഞയുടൻ ട്രെയിനിങ് തുടങ്ങിയിരുന്നു. സ്പോർട്സ് ഇഷ്ടമാണെങ്കിലും കുങ്ഫുവിലോ ആയോധന കലകളിലോ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നന്നായി കഷ്ടപ്പെടേണ്ടി വന്നു. കിക് ബോക്സിങ്ങിലായിരുന്നു തുടക്കം. പിന്നെ, തായ്കൊണ്ടയിലും ജൂഡോ ആൻഡ് കരാട്ടേയിലും മൂന്നു മാസം വീതം പരിശീലനം. പിന്നെയുള്ള നാളുകൾ കുങ്ഫു പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

പഴയ നീതയല്ല, ഒരുപാട് മാറ്റങ്ങൾ ?

മെലിഞ്ഞു എന്ന് എല്ലാവരും പറഞ്ഞു. അതു പക്ഷേ, ഡയറ്റ് ചെയ്ത് മെലിഞ്ഞതല്ല. മാർഷ്യൽ ആർട്സ് ചെയ്യുന്നതുകൊണ്ടാണ്. ഒരു കാര്യത്തിന് ഇറങ്ങിയാൽ പൂർണമായും അതിൽ തന്നെയായിരിക്കും ഞാൻ. ഭക്ഷണം പോലും പ്രധാനമല്ല. വീട്ടിൽ അമ്മയോ അനിയത്തിയോ ആണ് എന്റെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. എല്ലാം എടുത്ത് കയ്യിൽ തന്നാൽ പോലും കഴിക്കാത്തയാളാണ് ഞാൻ.

അഡ്വഞ്ചർ സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഈ സിനിമയിലേക്ക് ആദ്യം എന്നെ ആകർഷിച്ചത്. മാർഷ്യൽ ആർട്സ് മുഖ്യപ്രമേയമായ സിനിമകൾ മലയാളത്തിൽ കുറവല്ലേ. ഇത്രയും പഠിച്ചെടുത്ത് പെർഫോം ചെയ്യാൻ കഴിഞ്ഞതിൽ ഡബിൾ ഹാപ്പിയാണ്. ആകെയുള്ള സങ്കടം ഷൂട്ടിങ്ങിന്റെ അവസാന ദിവസം കൈയ്ക്കു പരുക്ക് പറ്റിയത് മാത്രമാണ്.

neetha-1

ട്രെയിനിങ് സമയത്ത് ഓഫറുകൾ വന്നിട്ടുണ്ടാകുമല്ലോ

‘പൂമരം’ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഓഫറുകൾ വന്നു. എന്നെ സംബന്ധിച്ച് ഞാൻ വളരെ ഇൻവോൾവ് ചെയ്താണ് ട്രെയിനിങ്ങിലേക്കു കടന്നത്. മറ്റൊന്നിലേക്കും ശ്രദ്ധ പോകരുതെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. അതുകൊണ്ട് വേറെ ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു മാസ്റ്റർ പൂർത്തിയാക്കി കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ കഥകൾ കേൾക്കുന്നുണ്ട്. എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് ബോധ്യം തോന്നുന്ന കഥാപാത്രം ഉറപ്പായും കൈ കൊടുക്കും.

പ്രതികൂല സാഹചര്യങ്ങളിലായിരുന്നല്ലോ ഷൂട്ടിങ്?

ഷൂട്ടിങ് ടീം ഉത്തരാഖണ്ഡിൽ ചെന്നിറങ്ങിയപ്പോള്‍ തന്നെ കേട്ടത് താമസ സ്ഥലത്തേക്ക് വണ്ടി പോകില്ലെന്നാണ്. ബാഗും ക്യാമറ ഉപകരണങ്ങളും എല്ലാമെടുത്ത് അഞ്ച് കിലോ മീറ്റർ നടന്നാണ് ജോഷിമഠിലെ താമസസ്ഥലത്തെത്തിയത്. ആറേഴ് വർഷത്തിന് ശേഷമാണ് അവിടെ അത്രയും ശക്തമായി മഞ്ഞു പെയ്യുന്നത്.

ആദ്യ ഷെഡ്യൂൾ മുഴുവൻ മഞ്ഞിലായിരുന്നു. മിക്കപ്പോഴും വണ്ടി പാതി വഴിയിൽ നിൽക്കും. ബാക്കി ദൂരം നടന്നു പോണം. ചില ദിവസം രാവിലെ തന്നെ സ്നോ ഫോൾ ആയിരിക്കും. തലേ ദിവസം ഷൂട്ട് ചെയ്തതിന്റെ ബാക്കി നമുക്ക് അപ്പോൾ ചെയ്യാൻ കഴിയില്ല.

കുറച്ചു നേരം കഴിയുമ്പോൾ കാലൊക്കെ ഫ്രീസാകും. മസിലു കയറലും, കയ്യും കാലും വിണ്ടു കീറലും തുടങ്ങി നിരവധി പ്രശ്നങ്ങൾ. 170 ദിവസം ഷൂട്ട് ചെയ്തു. പ്രധാന ആക്‌ഷൻ രംഗങ്ങളെല്ലാം കഴിഞ്ഞ് ചെറിയൊരു സീൻ കേരളത്തിൽ ഉണ്ടായിരുന്നു. ഞാൻ വീഴുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. പ്രതീക്ഷിച്ച പോലെ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. കൈ കുത്തിവീണു. വേദന കൊണ്ട് മിണ്ടാൻ പോലും വയ്യാത്ത് അവസ്ഥ. മാസ്റ്റേഴ്സിന് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. പിന്നെ, നേരെ ഹോസ്പിറ്റലിൽ.

മലയാളത്തിലെ പവർഫുള്‍ നായികയായി മാറുകയാണ് ?

ഒരു ലക്ഷ്യത്തിലേക്കും പ്ലാൻ ചെയ്തു നീങ്ങുന്നയാളല്ല ഞാൻ. ഒാരോ സിനിമയും നന്നാക്കാൻ പറ്റുന്നതിന്റെ പരമാവധി ശ്രമം നടത്തുമെന്ന് മാത്രം.

ഞാൻ ചെയ്ത രണ്ടു സിനിമയും ഒരേ ടീമിനൊപ്പമായിരുന്നു. ഇനി വേറൊരു ലൊക്കേഷൻ എങ്ങനെയാകും എന്നു പോലും എനിക്ക് അറിയില്ല. രണ്ടാമത്തെ സിനിമയ്ക്കും പ്രേക്ഷക ശ്രദ്ധ കിട്ടിയതിൽ സന്തോഷമുണ്ട്.

neetha-p

സിനിമയ്ക്കപ്പുറം നീതയുടെ ഇഷ്ടങ്ങൾ ?

യുഎസിൽ എം ടെക് ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് സിനിമ എന്നിലേക്ക് എത്തിയത്. പാട്ട് പാടാനും ഡ്രൈവ് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതലേ സ്പോർട്സ് ഭയങ്കര ക്രേസ് ആയിരുന്നു. പ്രത്യേകിച്ചും ഔട്ട് ഡോർ ഗെയിംസ്.

ഷോപ്പിങ്ങും അണിഞ്ഞൊരുങ്ങലും ഒന്നും എനിക്ക് അത്ര ഇഷ്ടമില്ല. അനിയത്തി മനീഷയാണ് വേണ്ടതെല്ലാം ചെയ്യുന്നത്. എന്റെ ഏറ്റവും വലിയ ഇഷ്ടം അവളാണ്. അവളില്ലാതെ എ നിക്ക് ജീവിക്കാൻ പറ്റില്ലെന്നു തന്നെ പറയാം.

പിന്നെ, മുടി വെട്ടുന്നത് ഭയങ്കര റിഫ്രഷിങ്ങാണ്. ഗ്ലൂമിയായ ഒരു ദിവസം മുടി വെട്ടി സ്‌റ്റൈലൊന്നു മാറ്റി പിടിച്ചാൽ എനിക്ക് പോസിറ്റിവ് എനർജി ലഭിക്കും.

ഒരു പ്രണയത്തിന്റെ സുഗന്ധം ഇവിടെ ഉണ്ടെന്നു തോന്നുന്നു?

ഈ ചോദ്യമെന്താ വരാത്തതെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. ജീവിതത്തിൽ പ്രണയം തോന്നാത്തവരായി ആരാണ് ഉള്ളത്? അത്തരം തോന്നലുകൾ ഉണ്ടായിട്ടുണ്ട്. അതിനപ്പുറം പ്രണയമൊന്നും ഇപ്പോൾ ഇല്ല.

പ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്ന ഒരു കാര്യമുണ്ട്. പണ്ട് ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ തന്നെ ഒരു പയ്യനും അവന്റെ ഗ്യാങ്ങും എന്നും ഞാൻ പോകുന്ന വഴിയിൽ വന്ന് നിൽക്കും. ഇത് സ്ഥിരമായപ്പോൾ ഞാൻ വീട്ടിലേക്കുള്ള വഴി മാറ്റി വേറെ വഴിക്ക് പോകാൻ തുടങ്ങി. അതു കണ്ടു പിടിച്ച് പിന്നെയും അവൻ അവന്റെ പ്രണയം അറിയിക്കാൻ വന്നു. ചെറിയ പ്രായമല്ലേ, ഞാൻ പേടിച്ചു പോയി. സംഗതി അച്ഛനോട് പറഞ്ഞു.

പിറ്റേ ദിവസം മുതൽ അച്ഛൻ ബോഡിഗാർഡായി വരാൻ തുടങ്ങി. അതോടെ ‘കാമുകനെ’ കാണാതായി. ആറിൽ നിന്ന് ഏഴാം ക്ലാസിൽ എത്തിയപ്പോൾ പുതിയ ഡിവിഷനിൽ ദാ, അവൻ. ഇതിനു മുൻപ് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവന്റെ പെരുമാറ്റം.

പ്രണയ സിനിമകൾ കണ്ടു തുടങ്ങിയ കാലത്ത് അനിയത്തി പ്രാവും, നിറവുമൊക്കെ ഏറ്റവും പ്രിയപ്പെട്ട ലിസ്റ്റിലായിരുന്നു.

പ്രണയത്തെ കുറിച്ചുള്ള സങ്കൽപം ചോദിച്ചാൽ ?

കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള കെമിസ്ട്രി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ജീവിതത്തിൽ പ്രണയം അത്ര സിനിമാറ്റിക് അല്ല എന്നെനിക്കറിയാം.

യഥാർഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണ്. സ്നേഹത്തിന്റെ തീവ്രതയേക്കാളും പരസ്പരം മ നസ്സിലാക്കലാണ് പ്രണയത്തിന്റെ വിജയം. പ്രണയിക്കുന്നവർ തമ്മിൽ എന്നും കുറ്റപ്പെടുത്തലുകളും സംശയങ്ങളുമാണെങ്കിൽ ആ പ്രണയത്തിന്റെ അടിസ്ഥാനമെന്താണ്? പേടി കൂടാതെ എന്തും തുറന്നു പറയാൻ കഴിയുന്ന, ബഹുമാനത്തോടെ സംസാരിക്കുന്ന, മനസ്സിലാക്കുന്നവ ർക്കിടയിലാണ് യഥാർഥ പ്രണയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സിനിമാ താരത്തിന്റെ വീട്ടിലെ വിശേഷങ്ങൾ പറയൂ ?

ഞങ്ങൾ തൊടുപുഴക്കാരാണ്. അച്ഛൻ പി.എൻ. വിജയൻ റിട്ട. എൻജിനീയർ. അമ്മ മഞ്ജുള ബാങ്ക് മാനേജരാണ്. അവരുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ പനമ്പിള്ളി നഗറിൽ സ്ഥിരതാമസമാക്കിയത്. അനിയത്തി മനീഷ ഇപ്പോൾ ഓസ്ട്രേലിയയിൽ പിജിക്ക് പഠിക്കുന്നു.

വീട്ടിൽ ഞാനൊരു സിനിമാ നടിയല്ല. വീട്ടുകാരും എന്നെ അങ്ങനെ കരുതിയിട്ടില്ലെന്ന് തോന്നുന്നു. വേറെ നല്ല ജോലി കിട്ടിയാൽ നോക്കൂ എന്ന് അമ്മ പറയാറുണ്ട്. ബന്ധുക്കൾ എ ല്ലാവരും ഒത്തുകൂടുമ്പോൾ സിനിമയുടെ വിശേഷങ്ങൾ ചോദിക്കും. അപ്പോൾ മാത്രമാണ് ഞാനൊരു സിനിമാ നടിയാണല്ലോ എന്ന് തോന്നാറുള്ളത്.