ADVERTISEMENT

വെള്ളാരംകണ്ണുള്ള രാജകുമാരിയെ കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്. നിത്യാദാസിന്റെ വീട്ടിൽ ആ രാജകുമാരിയുണ്ട്. വെള്ളിനിറമുള്ള കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് കലപില കൂട്ടി, മൂന്നു വയസ്സുകാരൻ അനിയൻ നമനോട് കുറുമ്പു കാണിച്ച് വീടിന്റെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന നൈന. ഫോട്ടോ എടുക്കാൻ തിടുക്കം കൂട്ടുന്ന, ഫാഷൻ ഇഷ്ടപ്പെടുന്ന, റീലുകൾക്കൊപ്പം അമ്മയെ പോലെ അഭിനയിക്കുന്ന മകൾ നൈനയാണ് നിത്യയുടെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി.

ഫോട്ടോഷൂട്ടിനിടയിൽ ഒാരോ ക്ലിക്കിലും വെള്ളാരം കണ്ണുകൾ വിടർത്തി നൈന ചിരിച്ചു. ഇതിനിടയിൽ മൂന്ന് വയസ്സുകാരൻ നമനും ഓടിയെത്തി. അച്ഛനെവിടെ എന്നു ചോദിച്ചപ്പോൾ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു, ‘‘അച്ഛന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് ഈ ഫോട്ടോയെടുപ്പ്...’’

ADVERTISEMENT

ഈയിടെ അമ്മയും മകളും സ്കൂൾ യൂണിഫോമിൽ എത്തിയ ചിത്രം വൈറലായിരുന്നല്ലോ...

വാർത്തകളിൽ കണ്ടു 40 വയസ്സായിട്ടും നിത്യ പഴയ പോലെ തന്നെ എന്ന്. അതേയ്, എനിക്ക് 40 ആയിട്ടില്ല. 37 വയസ്സേയുള്ളൂ. ഞാൻ 1984 ലാണ് ജനിച്ചത്. ചേച്ചിക്ക് പോലും 40 ആയിട്ടില്ല. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞു, അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ, ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യാദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവർക്കും അറിയാം, നിത്യയ്ക്ക് നാൽപതാണെങ്കിൽ കൂടെ പഠിച്ചവർക്കും നാൽപതായി കാണുമല്ലോ’ എന്ന്. എന്റെ ചേച്ചിയാണെങ്കിൽ ബഹളം. അവൾക്ക് 39 വയസ്സേ ആയിട്ടുള്ളൂ. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മോളാണ് പറഞ്ഞത്, ‘അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാർത്തകളിൽ പറഞ്ഞത്, അതു പോസിറ്റീവായി എടുത്തൂടെ’ എന്ന്.

ADVERTISEMENT

സോഷ്യല്‍ മീഡിയയിൽ രണ്ടുപേരും സജീവമാണല്ലോ ?

ഞങ്ങൾ ഫോട്ടോസ് ഇടും, വല്ലപ്പോഴും റീൽസ് െചയ്യും അത്രേയുള്ളൂ. എന്റെ പ്രൊഫൈൽ അത്ര സജീവമൊന്നുമല്ല. പക്ഷേ, നുന്നു വളരെ ആക്ടീവാണ്. രസമെന്താണെന്നു വച്ചാൽ അരവിന്ദിന് അതിഷ്ടമില്ല. അദ്ദേഹം പറയും, ‘ഇപ്പോൾ പഠിത്തം തന്നെ ഫോണിലാണ്. അതുകഴിഞ്ഞ് ബാക്കി സമയത്തും ഫോണിൽ കളിക്കുന്നത് ശരിയല്ല. മാത്രമല്ല അവൾ ചെറിയ കുട്ടിയല്ലേ’. പക്ഷേ, അവളാണെങ്കിൽ നേരെ തിരിച്ചും. ഡാൻസ് കളിക്കാനും ഫാഷൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. എങ്കിലും നുന്നു എല്ലാം അച്ഛന്റെ അപ്രൂവൽ കിട്ടിയ ശേഷമേ ചെയ്യാറുള്ളൂ. എന്റെ സോഷ്യൽ മീഡിയ ഗുരു മോളാണ്.

ADVERTISEMENT

അമ്മയ്ക്കും മകൾക്കും ഒരേ അളവിലുള്ള ഡ്രസ്സ്, അതൊരു ഭാഗ്യമല്ലേ ?

ഭാഗ്യമാണെന്നൊക്കെ ആദ്യം തോന്നുമെങ്കിലും കുറച്ച് ക ഴിയുമ്പോൾ അതിലെ അപകടം മനസ്സിലാകും. ഞാന്‍ ചെന്നൈയിൽ ഷൂട്ടിന് പോയി കഴിഞ്ഞ് തിരികെ വരുമ്പോള്‍ എന്റെ അലമാരയൊന്ന് കാണണം. ആകെയൊരു അവിയ ൽ പരുവമായിട്ടുണ്ടാകും. ചിലപ്പോൾ ഷൂട്ടിനിടയിൽ നുന്നുവിന്റെ ഇൻസ്റ്റഗ്രാം നോക്കുമ്പോൾ കാണാം എന്റെ ടീഷ ർട്ടൊക്കെ ഇട്ട് പടം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വണ്ണം വയ്ക്കാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ കരുതൽ. പ്രിയപ്പെട്ട ഭക്ഷണം ത്യജിച്ചാലല്ലേ അതിൽ വിജയിക്കൂ. ഡയറ്റ് നോക്കാറുണ്ട്. നന്നായി വ്യായാമം ചെയ്യും. പക്ഷേ ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേയാണ്. അന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും.

വിശദമായ വായന വനിത ജൂലൈ ആദ്യലക്കത്തിൽ

ഫോട്ടോ: ബേസില്‍ പൗലോ

ലോക്കേഷൻ: ‘ ദി റാവിസ് കടവ്’ കോഴിക്കോട്

കോസ്റ്റ്യൂം : Jazaash design Studio

ADVERTISEMENT