Thursday 12 August 2021 02:22 PM IST

‘വിവാഹത്തിന് മുൻപേതന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അതു മാത്രമാണ്’: കുടുംബവിശേഷം പങ്കിട്ട് നിത്യദാസ്

Lakshmi Premkumar

Sub Editor

nithya-d

വെള്ളാരംകണ്ണുള്ള രാജകുമാരിയെ കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്. നിത്യാദാസിന്റെ വീട്ടിൽ ആ രാജകുമാരിയുണ്ട്. വെള്ളിനിറമുള്ള കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് കലപില കൂട്ടി, മൂന്നു വയസ്സുകാരൻ അനിയൻ നമനോട് കുറുമ്പു കാണിച്ച് വീടിന്റെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന നൈന. ഫോട്ടോ എടുക്കാൻ തിടുക്കം കൂട്ടുന്ന, ഫാഷൻ ഇഷ്ടപ്പെടുന്ന, റീലുകൾക്കൊപ്പം അമ്മയെ പോലെ അഭിനയിക്കുന്ന മകൾ നൈനയാണ് നിത്യയുടെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി.

ഫോട്ടോഷൂട്ടിനിടയിൽ ഒാരോ ക്ലിക്കിലും വെള്ളാരം കണ്ണുകൾ വിടർത്തി നൈന ചിരിച്ചു. ഇതിനിടയിൽ മൂന്ന് വയസ്സുകാരൻ നമനും ഓടിയെത്തി. അച്ഛനെവിടെ എന്നു ചോദിച്ചപ്പോൾ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു, ‘‘അച്ഛന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് ഈ ഫോട്ടോയെടുപ്പ്...’’

ഈയിടെ അമ്മയും മകളും സ്കൂൾ യൂണിഫോമിൽ എത്തിയ ചിത്രം വൈറലായിരുന്നല്ലോ...

വാർത്തകളിൽ കണ്ടു 40 വയസ്സായിട്ടും നിത്യ പഴയ പോലെ തന്നെ എന്ന്. അതേയ്, എനിക്ക് 40 ആയിട്ടില്ല. 37 വയസ്സേയുള്ളൂ. ഞാൻ 1984 ലാണ് ജനിച്ചത്. ചേച്ചിക്ക് പോലും 40 ആയിട്ടില്ല. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞു, അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ, ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യാദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവർക്കും അറിയാം, നിത്യയ്ക്ക് നാൽപതാണെങ്കിൽ കൂടെ പഠിച്ചവർക്കും നാൽപതായി കാണുമല്ലോ’ എന്ന്. എന്റെ ചേച്ചിയാണെങ്കിൽ ബഹളം. അവൾക്ക് 39 വയസ്സേ ആയിട്ടുള്ളൂ. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മോളാണ് പറഞ്ഞത്, ‘അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാർത്തകളിൽ പറഞ്ഞത്, അതു പോസിറ്റീവായി എടുത്തൂടെ’ എന്ന്.

സോഷ്യല്‍ മീഡിയയിൽ രണ്ടുപേരും സജീവമാണല്ലോ ?

ഞങ്ങൾ ഫോട്ടോസ് ഇടും, വല്ലപ്പോഴും റീൽസ് െചയ്യും അത്രേയുള്ളൂ. എന്റെ പ്രൊഫൈൽ അത്ര സജീവമൊന്നുമല്ല. പക്ഷേ, നുന്നു വളരെ ആക്ടീവാണ്. രസമെന്താണെന്നു വച്ചാൽ അരവിന്ദിന് അതിഷ്ടമില്ല. അദ്ദേഹം പറയും, ‘ഇപ്പോൾ പഠിത്തം തന്നെ ഫോണിലാണ്. അതുകഴിഞ്ഞ് ബാക്കി സമയത്തും ഫോണിൽ കളിക്കുന്നത് ശരിയല്ല. മാത്രമല്ല അവൾ ചെറിയ കുട്ടിയല്ലേ’. പക്ഷേ, അവളാണെങ്കിൽ നേരെ തിരിച്ചും. ഡാൻസ് കളിക്കാനും ഫാഷൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. എങ്കിലും നുന്നു എല്ലാം അച്ഛന്റെ അപ്രൂവൽ കിട്ടിയ ശേഷമേ ചെയ്യാറുള്ളൂ. എന്റെ സോഷ്യൽ മീഡിയ ഗുരു മോളാണ്.

അമ്മയെ കണ്ടാൽ ചേച്ചിയെ പോലെയാണെന്ന് ആളുകൾ പറയാറുണ്ടോ?

ആളുകൾ ചോദിക്കാറുണ്ട്. പക്ഷേ, നുന്നുവിന് അതിഷ്ടമല്ല. ഒരിക്കൽ ഞങ്ങൾ എയർപോർട്ടിൽ നിൽക്കുമ്പോൾ സുന്ദരനായ പയ്യൻ വന്നിട്ട് നുന്നുവിനോട് ഇതേ ചോദ്യം ചോദിച്ചു. ‘അതെ എന്ന് പറയ്’ എന്നൊക്കെ ഞാൻ കുറേ കണ്ണുകൊണ്ട് കാണിച്ചു. പക്ഷേ, എന്നെ നോക്കി ചിരിച്ചോണ്ട് അവള് പറഞ്ഞു. ഷീ ഈസ് മൈ മോം. പയ്യന്മാർ ചോദിക്കുമ്പോൾ എങ്കിലും ചേച്ചിയാണെന്ന് പറഞ്ഞൂടെ നുന്നൂന്. എന്നോട് ആരെങ്കിലും ചോദിച്ചാൽ നുന്നു എന്റെ അനിയത്തിയാണെന്നേ പറയൂ.

അമ്മയ്ക്കും മകൾക്കും ഒരേ അളവിലുള്ള ഡ്രസ്സ്, അതൊരു ഭാഗ്യമല്ലേ ?

ഭാഗ്യമാണെന്നൊക്കെ ആദ്യം തോന്നുമെങ്കിലും കുറച്ച് കഴിയുമ്പോൾ അതിലെ അപകടം മനസ്സിലാകും. ഞാന്‍ ചെന്നൈയിൽ ഷൂട്ടിന് പോയി കഴിഞ്ഞ് തിരികെ വരുമ്പോള്‍ എന്റെ അലമാരയൊന്ന് കാണണം. ആകെയൊരു അവിയൽ പരുവമായിട്ടുണ്ടാകും. ചിലപ്പോൾ ഷൂട്ടിനിടയിൽ നുന്നുവിന്റെ ഇൻസ്റ്റഗ്രാം നോക്കുമ്പോൾ കാണാം എന്റെ ടീഷർട്ടൊക്കെ ഇട്ട് പടം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വണ്ണം വയ്ക്കാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ കരുതൽ. പ്രിയപ്പെട്ട ഭക്ഷണം ത്യജിച്ചാലല്ലേ അതിൽ വിജയിക്കൂ. ഡയറ്റ് നോക്കാറുണ്ട്. നന്നായി വ്യായാമം ചെയ്യും. പക്ഷേ ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേയാണ്. അന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും.

സിനിമയിൽ നിത്യയുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് ?

സിനിമയിൽ എനിക്കു ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ. കൂടുതൽ അടുപ്പം എന്റെയൊപ്പം പഠിച്ചവരോടാണ്. നവ്യയും കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചി. എന്റെ ചേച്ചിയേയും സംയുക്ത ചേച്ചിയേയും കണ്ടാൽ സാമ്യമുണ്ട്. അതുകൊണ്ട് ചേച്ചിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ഇപ്പോൾ ചെയ്യുന്ന സീരിയലിലും കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമുള്ള റീലുകളെല്ലാം സോഷ്യൽ മീഡിയയി ൽ പങ്കുവയ്ക്കാറുമുണ്ട്.

കേരളത്തിൽ ജീവിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ?

ഞങ്ങളിപ്പോൾ കോഴിക്കോടാണ് താമസിക്കുന്നത്. മോൾ പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അതു മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിൽ ആണ്. വിവാഹശേഷം ഞാൻ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്. പക്ഷേ, എവിടെ ജീവിക്കണം എന്നതിൽ എന്റെ താൽപര്യത്തിനാണ് പ്രാധാന്യം നൽകിയത്. ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാറുമുണ്ട്. കോഴിക്കോടിനോട് ഇമോഷനൽ അറ്റാച്ച്മെന്റ് ഉണ്ട്. സിനിമയിൽ വന്ന കാലത്ത് നിരവധി പേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷേ, അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല.

ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ നിത്യ എന്തൊക്കെ ശ്രദ്ധിക്കാറുണ്ട് ?

മോൾക്ക് 12 വയസ്സാണ്. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ. അദ്ദേഹം പറയും അമ്മ എന്ന നിലയിൽ നീ കുറച്ചു കൂടി സ്ട്രിക്ട് ആകണം എന്ന്. ഞാൻ അദ്ദേഹത്തോട് പറയാറുള്ളത്, ഒരു വീട്ടിൽ അച്ഛനും അമ്മയും സ്ട്രിക്ട് ആയാൽ കുട്ടികൾ തുറന്ന് സംസാരിക്കാതെയാകും എ ന്നാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു തന്നെയാണ് എനിക്ക് ആ ഐഡിയ കിട്ടിയത്. അവിടെ അച്ഛൻ നല്ല ഗൗരവമാണ്. അമ്മ സൂപ്പർ കമ്പനിയും. മക്കൾ എല്ലാ കാര്യവും അമ്മയോടാണ് പറയുക. അമ്മ ‘നോ’ പറഞ്ഞാലും അതു ആർക്കും ഫീൽ ചെയ്യില്ല.

മോള് മുതിർന്നതോടെ എന്തു വിഷമം വന്നാലും എനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങാണവൾ. ഒരു പെ ൺകുട്ടിയുടെ അമ്മയായ നിമിഷമാണ് ഞാനെപ്പോഴും അനുഗ്രഹമായി കരുതുന്നത്.

nithya

വീണ്ടും തിരക്കുകളിലേക്ക് മാറിയപ്പോൾ കുടുംബം എങ്ങ നെയാണ് കൊണ്ടു പോകുന്നത്?

എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിട്ടുള്ള ഒരേയൊരു കാര്യം കുഞ്ഞുങ്ങളെ വേറെയാരെയും ഏൽപ്പിച്ച് നിങ്ങൾ രണ്ടുപേരും തിരക്കുകളിൽ മുങ്ങി പോകരുത് എന്നാണ്. ഞാൻ അഭിനയിക്കാൻ പോകുന്ന ദിവസങ്ങളിൽ അരവിന്ദ് വീട്ടിലുണ്ടാകും. ഞങ്ങൾക്ക് രണ്ടു പേർക്കും തിരക്കാണെങ്കിൽ എന്റെ അച്ഛനും അമ്മയും വരും. തമിഴ് സീരിയലാണ് ഇപ്പോൾ ചെയ്യുന്നത്. മാസത്തിൽ 10 ദിവസം മാത്രമേ ഉള്ളൂ വർക്. ബാക്കി സമയം വീട്ടിൽ മക്കൾക്കൊപ്പം.

ഇന്ത്യൻ ഭക്ഷണത്തോടാണ് പ്രിയം. അവൾ വെജിറ്റേറിയനുമാണ്. അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കലാണ് ഹോബി. ഞങ്ങൾ മൂന്നു പേരും മാത്രമുള്ളപ്പോൾ പുറത്തൊക്കെ വണ്ടിയെടുത്ത് പോയി ചിൽ ഉണ്ട്.

നുന്നുവിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണ്?

വളരെ പക്വതയുള്ള കുട്ടിയാണ്. ഞാനെന്താണോ അതിന്റെ മറുപുറമാണ് നുന്നു എന്ന് തോന്നിയിട്ടുണ്ട്. അവൾ അ ങ്ങനെ പെട്ടെന്ന് എല്ലാവരോടും സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല. ലോകത്ത് ഏതു കാര്യത്തെ കുറിച്ച് ചോദിച്ചാലും കൃത്യമായ ധാരണയുണ്ട്. സംസാരിക്കാനറിയാം. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന കുട്ടിയാണ്. ആകെയുള്ള നെഗറ്റീവ് അവൾ വളരെ ഇമോഷനലാണെന്നതാണ്. വിഷമം വന്നാൽ പെട്ടെന്ന് മനസ്സ് തളർന്ന് പോകും. ആരെയും എതിർക്കില്ല. നമ്മുടെ ഭാഗത്താണ് ശരിയെങ്കിൽ പറയേണ്ടിടത്ത് ഉറക്കെ സംസാരിക്കണം എന്ന് ഞാനെപ്പോഴും പറയാറുണ്ട്. പെൺകുട്ടികൾ സ്ട്രോങ് ആ യാലെ ഇനിയുള്ള കാലത്ത് ജീവിക്കാൻ കഴിയൂ.

nithya-1

എന്തായിരിക്കും നുന്നുവിന്റെ ഭാവി എന്നു ചിന്തിക്കാറില്ലേ ?

അവൾക്ക് ഇഷ്ടമുള്ളതെന്തോ അതായിക്കോട്ടെ. ഞങ്ങൾക്ക് സിനിമയും ഇഷ്ടമാണ്. അവസരം വന്നാൽ തീർച്ചയായും അവൾ സിനിമയിലെത്തും. ആ സമയത്ത് അവളുടെ കൂടി ഇഷ്ടം സിനിമയാണെങ്കില്‍. എനിക്കറിയാവുന്ന നല്ലൊരു മേഖലയാണ് സിനിമ. പക്ഷേ, ഇപ്പോള്‍ അവൾ ചെറിയ കുട്ടിയല്ലേ, പഠനത്തിനാണ് പ്രാധാന്യം.

nithya-

ഫോട്ടോ: ബേസില്‍ പൗലോ

ലോക്കേഷൻ: ‘ ദി റാവിസ് കടവ്’ കോഴിക്കോട്

കോസ്റ്റ്യൂം : Jazaash design Studio