Thursday 01 October 2020 03:12 PM IST

‘ഇച്ചാക്കയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ എനിക്ക് പറ്റില്ല സർ’; ആ സീൻ വായിച്ചു നോക്കിയിട്ടു മോഹൻലാൽ പറഞ്ഞു

V R Jyothish

Chief Sub Editor

madras-mail6643dfg വര: വിനായക് ശിവ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക്  ചെല്ലുന്ന ഇരുപതാം നമ്പർ തിരുവനന്തപുരം മദ്രാസ് മെയിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ഉടൻ തന്നെ പുറപ്പെടുന്നതായിരിക്കും....

ചൂളം വിളിച്ച് തീവണ്ടി പുറപ്പെടുകയായിരുന്നു. മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത വഴിയോരക്കാഴ്ചകളുമായാണ് ആ തീവണ്ടി പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്നു മദ്രാസിലേക്കുള്ള യാത്ര, അതിനിടയിൽ വന്നു കയറുന്ന കഥാപാത്രങ്ങൾ, അവരുടെ ജീവിതങ്ങൾ, ഓരോ തീവണ്ടിമുറിയും അവശേഷിപ്പിക്കുന്ന പ്രതീക്ഷയുടെ ഭാണ്ഡക്കെട്ടുകൾ... ഇതെല്ലാമുണ്ടായിരുന്നു മദ്രാസിലേക്കു പോയ ആ ഇരുപതാം നമ്പർ തീവണ്ടിയിൽ.

വൻഹിറ്റായ,  ഇന്നും ആൾക്കാർ ഇഷ്ടത്തോടെ കാണുന്ന സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. സങ്കീർണമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലർ. മുപ്പതു വര്‍ഷം മുന്‍പ് 1990 െഫബ്രുവരിയില്‍ റിലീസ്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭി നയിച്ച, മമ്മൂട്ടി എന്ന സിനിമാനടനായി തന്നെ മമ്മൂട്ടി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും.

റോഡ് ഗതാഗതം ഇത്രമാത്രം വികസിച്ചിട്ടില്ലാത്ത, േകരളത്തില്‍ നിന്നു െചന്നൈയിലേക്ക് വിമാനങ്ങള്‍ അധികം ഇല്ലാത്ത ആ കാലത്ത് സിനിമാക്കാരുെടയെല്ലാം ആശ്രയമായിരുന്നു ഈ ട്രെയിന്‍. സൂപ്പര്‍താരങ്ങള്‍ മുതല്‍ സിനിമയിൽ ഭാഗ്യം അന്വേഷിച്ചു പുറപ്പെടുന്നവര്‍ വരെ കാണും ഒാരോ യാത്രയിലും. ഹരികുമാറിന്റെ കഥാതന്തുവിനെ അടിസ്ഥാനപ്പെടുത്തി, ഡെന്നീസ് ജോസഫാണ് സിനിമ എഴുതിയത്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ ജോഷിയുടെ അണിയിച്ചൊരുക്കൽ. കംപ്യൂട്ടർ ഗ്രാഫിക്സ് പോലെയുള്ള സാങ്കേതികവിദ്യകൾ വരുന്നതിനു മുൻപുള്ള കാലം. എന്നിട്ടും ഇന്നും മലയാളികൾ പുതുമ നഷ്ടപ്പെടാത്തതു പോലെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. എന്തായിരിക്കും ആ കാഴ്ചകളുടെ രസതന്ത്രം?

ss2

മാറിപ്പോയ തിരക്കഥ

‘‘എന്റെ ജീവിതത്തിൽ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ ഞാൻ ഷൂട്ട് ചെയ്തിട്ടില്ല’’ സംവിധായകൻ ജോഷി പറഞ്ഞുതുടങ്ങി.

ജോഷിയുടെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നു. ഡബിൾ റോളിലാണ് മോഹൻലാൽ. പ്രഗത്ഭരായ പലരും പിന്നണിയിലുണ്ട്. ഷൂട്ടിങ് തുടങ്ങാൻ ഏതാനും ദിവസം ബാക്കി. കഥ വായിച്ചപ്പോൾ ജോഷിക്ക് പന്തികേട് തോന്നി. തട്ടിക്കൂട്ടി എഴുതിയതുപോലെ.

‘‘മോഹൻലാൽ തിരക്കഥ വായിച്ച് ഒ.കെ പറഞ്ഞാൽ നമുക്ക് ചെയ്യാം.’’ േജാഷി പറഞ്ഞു. ആ തിരക്കഥയിൽ അഭിനയിക്കാൻ മോഹൻലാൽ തയാറാകില്ലെന്ന് ജോഷിക്ക് അത്ര ഉറപ്പായിരുന്നു. അങ്ങനെ ആ സിനിമ മാറിപ്പോയി. മോഹൻലാലിന്റെ ഡേറ്റ് ഫ്രീയായി ഏകദേശം 20 ദിവസം.

ആ സമയത്ത് നിർമാതാവ് തരംഗിണി ശശി മോഹൻലാലിനെ സമീപിക്കുന്നു. മാറിപ്പോയ സിനിമയ്ക്ക് പകരം നമുക്ക് ഒ രു സിനിമ ചെയ്തു കൂടെ എന്ന് അദ്ദേഹം. നല്ല കഥയുണ്ടെങ്കിൽ ചെയ്യാം എന്ന് മോഹന്‍ലാല്‍.

ഡെന്നീസ് ജോസഫിന് അന്നു തിരക്കോടു തിരക്കാണ്.  സ്വന്തം സിനിമയായ ‘അഥർവ’ത്തിന്റെ ജോലികൾ നടക്കുന്നു. മണിരത്നവുമായുള്ള സിനിമയുടെ ചർച്ചകളും. എങ്കിലും   അദ്ദേഹം ലാലിനോട് രണ്ടു കഥകൾ പറഞ്ഞു. അതിൽ ഒന്ന് ലാലിന് ഇഷ്ടപ്പെട്ടു. നമുക്ക് ഉടൻതന്നെ ചെയ്യാമെന്ന് സമ്മതവും മൂളി.

നടൻ അശോകന്റെ മൂത്ത സഹോദരൻ ഹരികുമാർ പറഞ്ഞ കഥാതന്തുവിൽ നിന്നാണ് ഡെന്നീസ് ജോസഫ് ഈ സിനിമയുടെ കഥ വികസിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ട്രെയിനും അതിൽ യാത്ര ചെയ്യുന്ന മൂന്നാലു ചെറുപ്പക്കാരും അവർ യാത്ര ചെയ്യുന്ന കംപാർട്ട്മെന്റിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുന്നതുമായിരുന്നു ഹരികുമാർ പറഞ്ഞ കഥ.

ജോഷിയും ഡെന്നീസും ഈ കഥ ഹരികുമാറിൽ നിന്ന് നേരത്തെ കേട്ടിരുന്നു. നല്ലൊരു സിനിമയ്ക്കുവേണ്ടി വികസിപ്പിച്ചെടുക്കാവുന്ന പ്രമേയം ആണെന്ന് അന്ന് അവർക്ക് തോന്നുകയും ചെയ്തു.

അന്നത്തെ സമ്പ്രദായമനുസരിച്ച് സ്റ്റുഡിയോയിൽ സെറ്റിട്ട് ഷൂട്ട് ചെയ്യാൻ ജോഷിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഈ കഥ സിനിമയാക്കുകയാണെങ്കിൽ ഒറിജിനലായി തന്നെ ഷൂട്ട് ചെയ്യണം അല്ലെങ്കിൽ ഈ സിനിമ വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന തീരുമാനമായിരുന്നു അദ്ദേഹത്തിന്.

അവസാനം ട്രെയിനിൽ വച്ചു തന്നെ ഷൂട്ട് ചെയ്യാമെന്നു ധാരണയായി. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെയിൽവേയിൽ കെട്ടിവയ്ക്കേണ്ട തുക. കൂടാതെ ഒരു ദിവസം ഷൂട്ട് ചെയ്യാൻ 25000 രൂപ വാടകയും. 25 ലക്ഷം രൂപയുടെ ബജറ്റിൽ സൂപ്പർസ്റ്റാർ സിനിമ പുറത്തിറങ്ങുന്ന കാലമാണ്. എന്നിട്ടും ഒറിജിനല്‍ ട്രെയിനിൽ തന്നെ ചിത്രീകരിക്കാൻ നിർമാതാവ് തയാറായി.

ss3

കർശന നിയന്ത്രണങ്ങൾ വീണ്ടും ഉണ്ട്. റെയില്‍വേ അനുവദിക്കുന്ന, ഏറ്റവും തിരക്കു കുറഞ്ഞ റൂട്ടിൽ മാത്രമേ ചിത്രീകരണം അനുവദിക്കൂ. കേരളത്തിൽ അത്തരം ലൈനുകൾ കുറവാണ്. ഒടുവില്‍ അക്കാലത്തു ട്രെയിനുകൾ കുറവായ ഷൊർണൂർ – നിലമ്പൂർ റൂട്ടിലാണ് ചിത്രീകരണം അനുവദിച്ചത്. സിനിമയിൽ നമ്മൾ കണ്ട നമ്പർ 20 മദ്രാസ് മെയിൽ ഓടിക്കൊണ്ടിരിക്കുന്നത് ഷൊർണൂർ – നിലമ്പൂര്‍ റൂട്ടിലൂടെയായിരുന്നു.

കോട്ടയത്തു നിന്നു ട്രെയിനിൽ കയറുന്ന മൂന്നു ചെറുപ്പക്കാർ. തനി േകാട്ടയം അച്ചായനായ േടാണി കുരിശിങ്കലും ഹിച്ച്േകാക്ക് കഞ്ഞിക്കുഴിയും കുമ്പളം ഹരിയും ആണവര്‍. ഹിച്ച്േകാക്ക് കഞ്ഞിക്കുഴിയുെട കഥ ഏതേലും സിനിമാക്കാരോടു പറയാനാണ് അവരുെട യാത്ര.

ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റില്‍ തൊട്ടടുത്ത കൂപ്പയില്‍ മമ്മൂട്ടിയും ഉണ്ട്. അതേ കംപാർട്ട്മെൻറില്‍ അച്ഛനോടും അമ്മയോടുമൊപ്പം യാത്ര ചെയ്യുന്ന പെൺകുട്ടി കൊല്ലപ്പെടുന്നു. ഈ കൊലപാതകവും ഘാതകനെ കണ്ടെത്തുന്നതുമാണ് പ്രമേയമെങ്കിലും നാടകീയമായ മറ്റു പല രംഗങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്.

സിനിമയിൽ ഇടവേളയ്ക്കു ശേഷമുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത് മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഒരു ഹോട്ടലിൽ മുറിയെടുക്കുന്നു. അവരുടെ ഫോട്ടോ സഹിതം ടെലിവിഷനിൽ വാർത്ത വരുന്നു. അവർ അവിടെനിന്നു രക്ഷപ്പെടുന്നു.

ഈ ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ സിനിമാനടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാൽ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം. ട്രെയിനിൽ വച്ച് ആ നടൻ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യിൽ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതിൽ ജോഷിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ലാലിന് വിശ്വാസമുണ്ടായിരുന്നു മമ്മൂട്ടി ഈ സിനിമയിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുമെന്ന്.

അമേരിക്കയിൽ നിന്നെത്തിയ മമ്മൂട്ടി ഷൂട്ടിങ്ങിൽ പങ്കാളിയായി. ‘ഗസ്റ്റ് റോൾ’ എന്നാണ് ജോഷി അദ്ദേഹത്തിനോടു പറഞ്ഞിരുന്നത്. മദ്രാസിൽ ട്രെയിൻ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആ ദ്യം എഴുതിയത്. പിന്നീടാണ് ഇടവേളയ്ക്കു ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതും. ‘‘മമ്മൂട്ടി എന്ന കഥാപാത്രം കഥയിൽ വീണ്ടും സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണ്.’’ ജോഷി ഒാര്‍ക്കുന്നു.

‘‘ഷൊർണൂരിൽ ഷൂട്ടിങ്ങിന് വന്നപ്പോൾ മമ്മൂട്ടി എന്നോടു ചോദിച്ചു, ഞാൻ എന്റെ പേരിൽ തന്നെ ഒരു സൂപ്പർസ്റ്റാർ ആയി അഭിനയിക്കുന്നതിൽ അൽപം അനൗചിത്യം ഇല്ലേ...?

ഞാൻ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാൻ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്.’’

മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു പ്രശ്നം. ചില രംഗങ്ങളിൽ ഒറിജിനൽ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വൻ ഹിറ്റായതു െകാണ്ടു കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്.

സിനിമയിലുടനീളം ഒരു കഥാപാത്രമായി ഇരമ്പിപ്പായുന്നുണ്ട് മദ്രാസ് െമയില്‍. ഇന്നത്തെപോലെ കംപ്യൂട്ടർ ഗ്രാഫിക്സ് ഒന്നും അന്നില്ല. അതുകൊണ്ട് ഓരോ റെയിൽവേ സ്റ്റേഷനിലും ക്യാമറ യൂണിറ്റ് പോയി ഷൂട്ട് െചയ്യുകയായിരുന്നു. എന്നാല്‍ പ്ലാറ്റ്ഫോമിൽ നടക്കുന്ന സംഭവങ്ങളെല്ലാം ചിത്രീകരിച്ചത് ഷൊർണൂര്‍ െറയില്‍േവ സ്റ്റേഷനിലും. സോമൻ അവതരിപ്പിച്ച ആർ.കെ. നായരും കുടുംബവും ട്രെയിനിൽ കയറുന്നതു കൊല്ലം സ്റ്റേഷനിൽ നിന്നാണെന്നു തോന്നുമെങ്കിലും അതും െഷാര്‍ണൂര്‍ തന്നെയാണ്. അതുപോലെ മോഹൻലാലും സംഘവും കോട്ടയത്തു നിന്നു കയറുന്നതും മമ്മൂട്ടി തൃശ്ശൂരിൽ നിന്നു കയറുന്നതും ജഗതി ശ്രീകുമാർ പാലക്കാട് നിന്നു കയറുന്നതുമെല്ലാം ഷൊർണൂരിലാണ് ചിത്രീകരിച്ചത്.’’

തേക്കിൻ കാട്ടിനുള്ളിലെ തീവണ്ടി

‘‘ഇടുങ്ങിയ ഫസ്റ്റ്ക്ലാസ് കൂപ്പയിലാണ് ഷൂട്ടിങ്. മൂന്നുപേർക്കു നിവർന്നു നിൽക്കാനുള്ള സ്ഥലമേയുള്ളൂ. അതുെകാണ്ട് ഷൂട്ടിങ് ഗ്രൂപ്പിൽ ഞാനും ക്യാമറാമാനും ആർട്ടിസ്റ്റുകളും മാത്രം. ക്ലാപ്പ് ബോർഡ് അടിക്കുന്നതും ഡയലോഗ് പറഞ്ഞു കൊടുക്കുന്നതും ഞാൻ തന്നെ.’’ േജാഷി ചിത്രീകരണ വിേശഷങ്ങള്‍ പറഞ്ഞു തുടങ്ങി.

ഷോട്ട് റെഡി ആകുമ്പോൾ ട്രെയിൻ ഓടിത്തുടങ്ങണം. ടേക്ക് ഒ. കെ. ആയാലേ നിർത്താൻ പറ്റൂ. വോക്കി ടോക്കിയോ, മൊബൈൽഫോണോ, മോണിറ്ററോ ഒന്നുമില്ല. ആകെയുള്ളത് പച്ചയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു കൊടികൾ മാത്രം. അവ വീശിയാണ് ട്രെയിൻ ഓടിക്കുന്നതും നിര്‍ത്തുന്നതും. അ തിനു റെയിൽവേയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. നിർത്തിയിട്ട ട്രെയിനിൽ നിന്ന് ഒരു ഷോട്ട് പോലും എടുത്തിട്ടില്ല.  

ss8

അന്നന്നു ഷൂട്ട് ചെയ്യാനുള്ള തിരക്കഥയാണ് എഴുതി വന്നുകൊണ്ടിരുന്നത്. ഒരു ദിവസം സ്ക്രിപ്റ്റ് വായിച്ചപ്പോൾ ജോഷിക്ക് എന്തോ ഒരു പോരായ്മ തോന്നി. ‘നിങ്ങളെക്കാൾ നന്നായി ഇവൻ അഭിനയിക്കും’ എന്ന് മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിയെ കളിയാക്കുന്നതാണ് സീൻ. മാത്രമല്ല, ‘ഇപ്പോൾ സിനിമ കുറവാണല്ലോ, ഇറങ്ങുന്ന പടങ്ങളൊക്കെ പൊട്ടുകയാണല്ലോ’ എന്നും ഒരു കമന്റ് ഉണ്ട്. സ്വന്തം പേരിൽ അഭിനയിക്കുന്ന മമ്മൂട്ടിയോട് മോഹൻലാൽ അങ്ങനെ പറയുന്നത് ശരിയല്ലെന്നു തോന്നി. ആ സീൻ വായിച്ചു നോക്കിയിട്ടു മോഹൻലാലും പറഞ്ഞു. ‘ഇച്ചാക്കയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ എനിക്ക് പറ്റില്ല സർ.’ അങ്ങനെയാണ് മിമിക്രി കാണിക്കുന്ന സീനിൽ ചില മാറ്റങ്ങൾ ഉണ്ടായത്.’’

ക്ലൈമാക്സിലെ അപകടം

‘‘ചാറ്റൽ മഴ പെയ്ത ദിവസമാണ് ക്ലൈമാക്സിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നത്. ട്രെയിൻ കംപാർട്ട്മെന്റിലാണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റർ. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലി ൽ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഒന്നുരണ്ടുവട്ടം റിഹേഴ്സൽ നടന്നു. മോഹൻലാൽ ചെറുതായി ചവിട്ടുമ്പോൾ കമ്പിയിൽ പിടിച്ചു കുനിയണം. അതായിരുന്നു സീൻ. ടേക്കിൽ മോഹൻലാലിന്റെ ചവിട്ടു കൊണ്ട് അയാൾക്ക് വാതിൽപ്പടിയിൽ പിടികിട്ടിയില്ല. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നയാള്‍ തെറിച്ചു വീണു.

ട്രെയിൻ ഒാടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിഭ്രാന്തരായി. ‘ട്രെയിനിനടിയിലേക്ക് അയാള്‍ വീണിട്ടുണ്ടാകാം. എ ന്തും സംഭവിക്കാം’ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. അയാളെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാർഥനയായിരുന്നു എല്ലാവർക്കും . മോഹൻലാൽ എന്ന നടനിലെ മനുഷ്യത്വം മറ്റുള്ളവർ തിരിച്ചറിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്.

ചങ്ങല വലിച്ച് നിർത്തി. അപ്പോഴേക്കും അപകടസ്ഥ ലത്തു നിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടിരുന്നു ട്രെയിൻ. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്. ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകടസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹൻലാലാണ്. ട്രാക്കിനരികിൽ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹൻലാൽ ആശുപത്രിയിലേക്ക് ഓടി. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരി  ക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു ആശുപത്രി വിടാൻ. സാമ്പത്തികമായും മോഹൻലാൽ സഹായിച്ചു.

പക്ഷേ, വിധി മറ്റു ചിലത് തീരുമാനിച്ചിട്ടുണ്ടല്ലോ. നാലഞ്ചു വർഷങ്ങൾക്കു ശേഷം ഒരു തമിഴ് സിനിമയുടെ സെറ്റിൽ വച്ച് ഇ തുപോെല ഒരു അപകടത്തില്‍ െപട്ട് അയാള്‍ക്കു ജീവന്‍ നഷ്ടമായി. ബാഷ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.

ss7

ഒഴിവാക്കിയ സൈക്കിൾ ചെയ്സ്

തീവണ്ടിയില്‍ നടക്കുന്ന കഥയാണെങ്കിലും സിനിമയ്ക്കു വേണ്ടി നല്ലൊരു സൈക്കിൾ ചെയ്സും ചിത്രീകരിച്ചിരുന്നു. ഷൊ ർണൂർ വടക്കാഞ്ചേരി റൂട്ടിൽ വച്ചായിരുന്നു അത്. പൊലീസുകാരിൽ നിന്നു മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും അശോകനും രക്ഷപ്പെടാൻ ശ്രമിക്കുന്ന ചെയ്സ്. രണ്ടുമൂന്നു ദിവസം കൊണ്ടാണു ചിത്രീകരിച്ചത് എന്നാൽ സിനിമയിൽ അതുൾപ്പെടുത്താൻ കഴിഞ്ഞില്ല. ജഗദീഷ് അവതരിപ്പിച്ച കുമ്പളം ഹരി എന്ന യുവജന രാഷ്ട്രീയ നേതാവിന് ഒരു അപരൻ ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് എതിരെ അയാൾ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി പോയി.

സാങ്കേതികവിദ്യകളുടെ അഭാവം അന്ന് എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി എന്നതിനു മറ്റൊരു ഉദാഹരണം കൂടി  യുണ്ട് സിനിമയിൽ. നേരം പരപരാന്നു വെളുക്കുമ്പോഴാണ് മ ദ്രാസ് മെയിൽ ചെന്നൈയുടെ നഗരപ്രാന്തത്തിലേക്കു കടക്കുന്നത്. അതു സൂചിപ്പിക്കാൻ വേണ്ടി ഉദിച്ചുയരുന്ന സൂര്യനെ ട്രെയിൻ മറികടന്നു പോകുന്ന ഒരു സീൻ എടുക്കണം. കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ സീൻ കിട്ടുന്നത്. അതിരാവിലെ കടന്നുപോകുന്ന ഒരു പാസഞ്ചർ തീവണ്ടി ആണ് ആ സീനിലുള്ളത്. ഇന്നു വേണമെങ്കിൽ സൂര്യോദയവും അസ്തമയവും മാത്രമല്ല, കടലിൽ കൂടി തീവണ്ടി പോകുന്നതു പോലും ചിത്രീകരിക്കാൻ കഴിയും വിധം സാങ്കേതികവിദ്യ വളര്‍ന്നു കഴിഞ്ഞു.

സാമ്പ്രദായിക നായികാ സങ്കൽപത്തിൽ നിന്നു വ്യത്യസ്തമായിരുന്നു നമ്പർ 20 മദ്രാസ് മെയിലിലെ നായിക. മലയാള മ നോരമ ആഴ്ചപ്പതിപ്പിൽ വന്ന മുഖചിത്രമാണ് സുചിത്രയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്.  വിഷാദഛായയുള്ള കഥാപാത്രമാണ് സിനിമയിലെ ദേവി.

അന്നത്തെ കാലത്ത് മൂന്നാലു സിനിമയ്ക്കുള്ള പൈസ മുടക്കേണ്ടി വന്നു എങ്കിലും സിനിമ വൻ ഹിറ്റായിരുന്നു. എല്ലാ വിഭാഗം ആൾക്കാരെയും തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും സിനിമയിൽ ഉണ്ടായിരുന്നു. അതാണ് ഈ സിനിമയെ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാക്കുന്നത്.

ജോഷി പറയുന്നു, ‘‘സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം. ഞാൻ ഒരു യാത്രയ്ക്ക് എയർപോർട്ടിൽ നിൽക്കുകയാണ്. അവിടെവച്ച് നടി സരിതയെ കണ്ടു. അവർ സിനിമ കണ്ടിരുന്നു. അവർ എന്നോട് ചോദിച്ചു, ‘മോഹൻലാൽ ശരിക്കും മദ്യപിച്ചിട്ടാണോ അതിൽ അഭിനയിച്ചത്.’

സത്യം എന്താണെന്നു വച്ചാൽ ആയുർവേദ ചികിത്സയുടെ ഭാഗമായി മാസങ്ങളായി മോഹൻലാൽ പഥ്യത്തിൽ ആയിരുന്ന സമയത്താണ് സിനിമയുടെ ഷൂട്ടിങ്. ഞാനിക്കാര്യം ചിരിയോെട പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ലാലിന്റെ അഭിനയത്തിന്...’’

ss4

ഇന്നസെന്‍റിന്‍റെ പാട്ട്

ഇന്നസെന്റ് ഗാനരചനയും സംഗീതവും നിർവഹിച്ച് പാടുന്ന ഒരു പാട്ടുണ്ട് നമ്പര്‍ 20 മദ്രാസ് മെയിലില്‍. ‘ഇന്നെങ്കില്‍ നാളെ വരും, നാളെങ്കില്‍ മറ്റന്നാള്‍ വരും, എന്നെങ്കിലും  എപ്പോളും വരൂ,  ടോണിക്കുട്ടാ...’ എന്ന മദ്യപാനപ്പാട്ട്.

മുൻപ് ഏതോ സ്കിറ്റിനു വേണ്ടി ഇന്നസെൻറ് തന്നെ പാടിയതാണ്. സന്ദർഭത്തിനു യോജിച്ചതാണെന്നു കണ്ടപ്പോൾ സിനിമയിൽ ഉപയോഗിക്കാമെന്ന ആശയവും ഇ ന്നസെന്റിന്റേതായിരുന്നു.

നമ്പർ 20 മദ്രാസ് മെയിലിലെ ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം’ എന്ന പാട്ടും സൂപ്പർഹിറ്റായിരുന്നു. ഷിബു ചക്രവര്‍ത്തി എഴുതി, ഔസേപ്പച്ചന്‍ സംഗീതം നല്‍കി എംജി ശ്രീകുമാറും സംഘവും പാടിയതാണ് ഗാനം. ഈ പാട്ടിൽ ഔസേപ്പച്ചന് വേണ്ടി കീബോർഡ് വായിച്ചത് സാക്ഷാൽ ഏ.ആർ. റഹ്മാൻ. അസിസ്റ്റ് ചെയ്തിരുന്നത് വിദ്യാസാഗർ. രണ്ടുപേരും പിന്നീട് പേരെടുത്ത സംഗീതസംവിധായകരായി മാറിയെന്നത് ചരിത്രം.

സിനിമയില്‍ മമ്മൂട്ടിക്ക് മുന്നിൽ മിമിക്രി കാണിക്കുന്നുണ്ട് മോഹൻലാൽ. കെ.പി. ഉമ്മറിന്റെയും ശങ്കരാടിയുടെയും ശബ്ദമാണ് ലാൽ അനുകരിക്കുന്നത്. യഥാർഥത്തി ൽ ശങ്കരാടിച്ചേട്ടനും ഉമ്മുക്കയും സ്റ്റുഡിയോയിൽ വന്ന് ഡബ്ബ് ചെയ്ത ശബ്ദമാണ് നമ്മള്‍ േകള്‍ക്കുന്നത്.

ജഗദീഷിന്റെ കഥാപാത്രം മമ്മൂട്ടിക്ക് മുന്നിൽ മിമിക്രി അവതരിപ്പിക്കുന്നതായാണ് ആദ്യം എഴുതിയത്. പിന്നീട് മോഹൻലാലിലേക്കു മാറ്റിയതാണ്.

വാൽക്കഷണം: ഇന്നത്തെ കാലത്തായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ റിലീസ് െചയ്തിരുന്നതെങ്കിലോ.? ‘സോമനാണു വില്ലൻ, അയാളാണു കൊലപാതകി’ എന്ന ഒറ്റ മെസ്സേജ് കൊണ്ട് സോഷ്യൽ മീഡിയ ആ സിനിമയുടെ എല്ലാ നിഗൂഡതകളും സൗന്ദര്യവും തകർത്ത് തരിപ്പണമാക്കിയേനേ....

ss10
Tags:
  • Celebrity Interview
  • Movies