Friday 27 August 2021 05:18 PM IST

‘എല്ലാവരും വർക്കൗട്ടും ഡയറ്റുമായി നടക്കുമ്പോൾ എനിക്കു മാത്രം മാറിനിൽക്കാനാകില്ലല്ലോ’: 10 കിലോ കുറച്ച് പാർവതി

Vijeesh Gopinath

Senior Sub Editor

parvathy-jayaram-chakki

പത്തു വയസ്സുള്ളപ്പോഴാണ് അശ്വതി ‘ഒാർമയ്ക്കായ്’ എന്ന സിനി‌മ കാണുന്നത്. സംവിധാനം ഭരതൻ. ഭരത്ഗോപിയുടെ സംസാരശേഷിയില്ലാത്ത കലാകാരൻ. മാധവിയുടെ സൂസന്ന. അവരുടെ മ കൾ ചക്കി. കണ്ണീരുപ്പുള്ള ആ സിനിമ കണ്ട് അശ്വതി കുറേ കരഞ്ഞു. അതുകഴിഞ്ഞ്, അഞ്ചാം ക്ലാസുകാരി അശ്വതി അന്നൊരു തീരുമാനമെടുത്തു. മകളുണ്ടായാൽ ചക്കിയെന്നേ വിളിക്കൂ.

അശ്വതി പിന്നീട് സിനിമയിലെത്തി, പാർവതിയായി. ഹിറ്റ് സിനിമകളില്‍ നായികയായി. ജയറാമിന്റെ ഭാര്യയായി. ആദ്യ കു‍‍ഞ്ഞു പിറന്നപ്പോൾ അവനെ കണ്ണൻ എന്നു വിളിച്ചു. മകളുണ്ടായപ്പോൾ‌ വിളിപ്പേരു കണ്ടുപിടിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പത്തു വയസ്സിലേ തീരുമാനിച്ചതല്ലേ...

‘‘അങ്ങനെയാണ് മാളവിക ചക്കിയായത്.’’ കണ്ണിൽ ചിരി ചൊരിഞ്ഞിട്ട് പാർവതി പറഞ്ഞു. വീട്ടിനുള്ളില്‍, അമ്മയുടെ സാരിയുടെ അതേ നിറത്തിലുള്ള ലെഹങ്കയില്‍ മാളവിക ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നു.

‘‘ചക്കിയുടെ പേരു മാത്രമല്ല. ചെറിയ പ്രായത്തിൽ മനസ്സിൽ വിചാരിച്ച പല കാര്യങ്ങളും പിന്നീട് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പതിനേഴു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ചെന്നൈയിൽ‌ വരുന്നത്. ‘പൂവുക്കുൾ ഭൂകമ്പം’ എന്ന തമിഴ് സിനിമയുടെ ഷൂട്ട്. കെ.കെ നഗറിലായിരുന്നു ചിത്രീകരണം. തൊട്ടപ്പുറത്തെ സ്ട്രീറ്റിലാണ് കെപിഎസി ലളിതച്ചേച്ചി താമസിക്കുന്നത്. ഉച്ചയ്ക്ക് ചേച്ചി എന്നെ വീട്ടിലേക്ക് കൊണ്ടുപോകും. നല്ല ഊണു തരും.

ഒരു ദിവസം വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് ആ സ്കൂൾ കണ്ടത്. ഒരേ നിറമുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ പറന്നു നടക്കുന്നു. അന്നെനിക്കു തോന്നി, ഈ സ്കൂളിൽ എന്റെ കുട്ടികളെയും പഠിപ്പിക്കണം.

ഒാർക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. അന്ന് ജയറാമിനെ വിവാഹം കഴിക്കും എന്നു പോലും തീരുമാനിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഞാനും ജയറാമും ചെന്നൈയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മക്കളുണ്ടായി. കണ്ണനും ചക്കിയും ആ സ്കൂളിൽ തന്നെയാണ് പ ഠിച്ചത്’’ നീളമുള്ള പാവാടയിട്ട് പാർവതിക്ക് മുന്നിലേക്കു ചക്കി വന്നു. സിനിമയിലോ പരസ്യത്തിലോ ആയിരുന്നെങ്കിൽ ‘കുട്ടികളൊക്കെ എത്ര വേഗത്തിലാണ് വളരുന്നതെന്ന’ ഡയലോഗ് പറയാവുന്ന രംഗം.

അമ്മയുടെ കഥകൾ കേട്ട് മാളവിക പറഞ്ഞു, ‘‘അമ്മ ഒരു തീരുമാനം എടുത്താൽ അതെടുത്തതാണ്. ഞാനും അപ്പയും കണ്ണനുമൊക്കെ വർഷങ്ങൾക്കു മുന്നേ ഡയറ്റും ജിമ്മുമൊക്കെ ജീവിതത്തിലേക്ക് കൊണ്ടു വന്നതാണ്. അ പ്പോഴും അമ്മ അത്ര കാര്യമായി അതിനെ കണ്ടില്ല. പക്ഷേ, കഴിഞ്ഞ ആറുമാസമായി ഡയറ്റിലാണ്.

ഞാനൊക്കെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഡയറ്റിനെ ചീറ്റ് ചെയ്യും. നല്ല മട്ടൻ ബിരിയാണി കഴിക്കും. പ ക്ഷേ, അമ്മ ഒരു രക്ഷയുമില്ല. ഒരു കാര്യം തീരുമാനിച്ചാൽ പിന്നോട്ടില്ല. ഇപ്പോൾ അമ്മയാണ് എല്ലാവരെയും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്’’ മാളവികയുടെ ചിരിയിലേക്ക് പാർവതിയുടെ വലിയ കണ്ണുകൾ വിടർന്നു ചെന്നു.

സിനിമയിലുണ്ടായിരുന്ന കാലത്തേക്കാൾ മെലി‍ഞ്ഞല്ലോ?

പാർവതി: എല്ലാവരും വർക്കൗട്ടും ഡയറ്റും കൊണ്ടു നട ക്കുമ്പോൾ എനിക്കു മാത്രം മാറിനിൽക്കാനാകില്ലല്ലോ. ലോക്ഡൗണാണ് ‘പ്രചോദനം’. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ ആദ്യ അനുഭവമല്ലേ. എല്ലാവരും വീട്ടിൽ. പാചകം ചെയ്യാൻ‌ സഹായിക്കുന്നവർ‌ വരുന്നുമില്ല. ഞങ്ങൾ‌ നാലും മത്സരിച്ച് അടുക്കളയിൽ കയറും. എല്ലാ വിഭവത്തിനും ഒരേയൊരു പൊതു സ്വഭാവമേയുള്ളൂ, ഫാറ്റ്. സോസും ചീസും മീറ്റും ആകെ ബഹളം. പീത്‌സയുടെയും ബിരിയാണിയുടെയുമൊക്കെ ആളായിരുന്നു ചക്കി. അങ്ങനെ കഴിച്ചു കഴിച്ച് എല്ലാവരും നന്നായി തടിച്ചു. ‌ഇപ്രാവശ്യം ലോക്ഡൗൺ തുടങ്ങിയപ്പോൾ ഞാൻ ഡയറ്റ് ചെയ്യാനുറപ്പിച്ചു.

ആദ്യം ചെയ്തത് ‘വീഗൻ’ ആകുകയാണ്. പൂർണമായും വെജിറ്റേറിയൻ. പാലും പാലുൽപ്പന്നങ്ങളും ഉേപക്ഷിച്ചു. പിന്നെ, വ്യായാമവും തുടങ്ങി. പത്തു കിലോ കുറഞ്ഞു. മസിൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ ഒരു കിലോ കൂടിയിട്ടുണ്ട്. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഫിൽ‌റ്റർ കോഫി. പാലിൽ നിന്ന് പൊങ്ങുന്ന കാപ്പിയുടെ ഗന്ധം എന്റെ വലിയ വീക്നസ് ആയിരുന്നു. ഒടുവില്‍ അതിനെയും മറികടന്നു.

parvathy-1 ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

ചക്കിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നെ കിടക്കുന്നില്ലേ? വന്നാൽ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ?

ചക്കി: ഉറപ്പായും ഞാന്‍ ക്യാമറയ്ക്ക് പിന്നിൽ തന്നെയായിരിക്കും. പക്ഷേ, സിനിമ എന്റെ മേഖലയല്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ല. അപ്പയും കണ്ണനുമൊക്കെ സിനിമയ്ക്കായി ചെയ്യുന്ന കഷ്ടപ്പാടുകൾ എത്രയെന്ന് എനിക്കറിയാം. എന്നിട്ടും ‘മോശം’ എന്ന ഒറ്റ കമന്റിൽ ആ അധ്വാനത്തെ തകർത്തു കളയുന്നവരുണ്ട്. എനിക്കത് അംഗീകരിക്കാനാകില്ല. അ ത്തരം കമന്റുകൾ എന്നെ തകർത്തു കളയും. സെൽഫിയി ൽ കാണാൻ ഭംഗിയില്ലെന്നു തോന്നിയാൽ അസ്വസ്ഥയാകുന്ന ആളാണ് ‍ഞാൻ.

ചെറുപ്പത്തിലേ സ്പോർ‌ട്സിനോടുള്ള താൽപര്യം കൊ ണ്ടാണ് ഞാൻ െവയില്‍സിലെ കാര്‍ഡിഫ് െമട്രോെപാളി റ്റന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്പോർട്സ് മാനേജ്മെന്റ് പഠിച്ചത്. പഠനം കഴിഞ്ഞു വന്നപ്പോഴേക്കും നാട്ടിൽ കോ വിഡും അതിെന്‍റ ബഹളങ്ങളുമായി. അങ്ങനെ കരിയറിൽ രണ്ടു വർഷം പോയി. ഇതിനിടയിൽ ഒരു ഹ്യൂമന്‍ റിേസാഴ്സ്മെന്‍റ് കോഴ്സ് ചെയ്തു. ഇപ്പോൾ ഹെൽത് കെയർ രംഗത്ത് എച്ച് ആർ വിഭാഗത്തിലാണ് ജോലി.

പാർവതി: പ്രേക്ഷകർക്ക് എപ്പോഴും താരങ്ങൾ പൊതു സ്വത്താണ്. അവർക്കിഷ്ടമുള്ള രീതിയിൽ പെരുമാറുകയും വേണം. ഇത് രണ്ടും ചക്കിക്ക് സഹിക്കാൻ പറ്റും എന്നെനിക്ക് തോന്നിയിട്ടില്ല. ചക്കി പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുമാണ്. അതുകൊണ്ട് സിനിമ ചക്കിക്ക് ചേരുമോ എന്നെനിക്കും സംശയമുണ്ട്.

പൂർണരൂപം വനിത ഓഗസ്റ്റ് ആദ്യ ലക്കത്തിൽ വായിക്കാം