ADVERTISEMENT

മകൾ അപർണയുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ ‌വിശേഷങ്ങളുമായി പ്രസീത

ADVERTISEMENT

അപർണ ദാസ് നായികയായ ‘മനോഹര’ത്തിൽ ‘ചെറുപൂവാല’നായ ദീപക് പറമ്പോലിനെ കുറിച്ചു നായകനായ വിനീത് ശ്രീനിവാസൻ പറയുന്ന ഒരു ഡയലോഗുണ്ട്, ‘ഇവന്റെ വീട്ടിൽ ഫോട്ടോഷോപ് പഠിക്കാനല്ല, വെളിച്ചെണ്ണ മേടിക്കാൻ വന്നാൽ പോലും നിന്റെ പേരു ചീത്തയാകും...’

അപർണയും ദീപക്കും വിവാഹവാർത്ത പുറത്തു വിട്ടത് ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ്. വർഷങ്ങളായി മസ്കത്തിൽ താമസിക്കുകയാണ് അപർണ ദാസിന്റെ അച്ഛൻ കൃഷ്ണദാസും അമ്മ പ്രസീതയും. അമ്മവീട്ടിലെ ഒരേയൊരു പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് അവർക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, ദേശത്തുള്ള എല്ലാവരെയും പങ്കെടുപ്പിക്കണം.

ADVERTISEMENT

രണ്ടായിരത്തോളം പേർ പങ്കെടുത്ത അപർണയുടെ വിവാഹാഘോഷത്തെ കുറിച്ച് അമ്മ പ്രസീത പറഞ്ഞു തുടങ്ങിയത് ഇങ്ങനെ. ‘‘എന്റെ വീട്ടിലെ ഏക പെൺകുട്ടി, ദീപുവിന്റെ വീട്ടിലെ ആദ്യത്തെ കല്യാണം. നാട്ടുകാരെ മുഴുവൻ വിളിച്ചു നടത്തുന്ന ആഘോഷമെന്ന സ്വപ്നം നടന്നു.

വെണ്ണിലാക്കൊമ്പിലെ രാപ്പാടി...

ADVERTISEMENT

അപർണയുടെ അച്ഛനു മസ്കത്തിൽ ബിസിനസാണ്. ഞാൻ ദുബായിൽ അൽ അവാദി ഇന്റർനാഷനൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. ഒരു കമ്പനിയിൽ അക്കൗണ്ട്സ് & ലോജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുകയും ഈവനിങ് കോഴ്സായി എംബിഎയ്ക്കു പഠിക്കുകയും ചെയ്യുന്ന കാലത്താണ് അപർണയ്ക്കു ‘ഞാൻ പ്രകാശനി’ൽ അഭിനയിക്കാൻ അവസരം കിട്ടിയത്. എംബിഎ മാർക്കറ്റിങ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ പിറകേ മനോഹരത്തിൽ നായികയാകാൻ ക്ഷണം വന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപാണു ജോലി രാജി വച്ചത്.

മനോഹരത്തിന്റെ സെറ്റിൽ വച്ചാണു ദീപക്കും അപർണയും പരസ്പരം ഇഷ്ടം പറഞ്ഞത്. പിന്നാലെ ഞങ്ങളോടും കാര്യം പറഞ്ഞു. ‘തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ പറയൂ, കല്യാണം നടത്തി തരാം’ എന്നായിരുന്നു ഞങ്ങളുടെ മറുപടി. പരസ്പരം അറിയാനും വിവാഹതീരുമാനത്തിൽ സ്ട്രോങ് ആകാനും മൂന്നു വർഷം എടുത്തു.

സിനിമയിലെ കണ്ണൂർ ബറ്റാലിയന്റെ ഭാഗമാണു ദീപക്. കുടുംബത്തിൽ നിന്നു ചിദംബരവും ഗണപതിയുമടക്കം കുറേ സിനിമക്കാരുണ്ട്. ദീപക്കിന്റെ അച്ഛൻ പവിത്രൻ കണ്ണൂർ മെഡിക്കൽ കോളജിലെ ചീഫ് ഫാർമസിസ്റ്റായിരുന്നു, അമ്മ സുധ. അനിയൻ ദിനൂപ് കണ്ണൂരിൽ തന്നെ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.

ഏപ്രിൽ 24നു ഗുരുവായൂരിൽ വിവാഹം നടത്താൻ തീരുമാനിച്ചു. വർഷങ്ങളായി വിദേശത്തു ജീവിച്ചതുകൊണ്ട് തനി നാടൻ രീതിയിൽ വിവാഹച്ചടങ്ങുകൾ നടത്തണമെന്നായിരുന്നു മോളുടെ ആഗ്രഹം. താലികെട്ടിനു കേരള സാരിയുടുത്തു.

നെന്മാറ മുടപ്പല്ലൂർ തേവർകാട് കൺവൻഷൻ സെന്ററിലായിരുന്നു വിരുന്ന്. അതിനായി കാഞ്ചീവരം ബൈ ആര്യയുടെ കലക്‌ഷനിലെ ഗോൾഡൻ സാരിയുടുത്തു. ബ്ലൗസി ൽ ഹെവി ഡിസൈനർ വർക് ചെയ്തിരുന്നു. മാച്ചിങ് ജ്വല്ലറി പലയിടത്തു നിന്നായി വാങ്ങിയതാണ്.

തുമ്പികല്യാണത്തിനു വന്നെത്തിയ...

aparna-das-mother

മുത്തശ്ശൻ കൊച്ചുകൃഷ്ണൻ നായരും അമ്മൂമ്മ ലീലയും അപർണയുടെ വീക്നെസ്സാണ്. പിന്നെ, അച്ഛന്റെ അമ്മ രുഗ്മിണിയമ്മയും. എല്ലാവരുടെയും സൗകര്യത്തിനു വേണ്ടിയാണു കല്യാണവിരുന്നു നെന്മാറയിൽ തന്നെയാക്കിയത്. അവിടേക്കു സിനിമയിലെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമല്ല, നാട്ടുകാരെല്ലാം എത്തി.

വിവാഹത്തിനു മുൻപു ഹൽദിയും സംഗീതും നടത്തിയിരുന്നു. വിവാഹശേഷം ദീപക്കിന്റെ കണ്ണൂരിലെ വീട്ടിലേക്ക് പോയി. അവിടെ നടന്ന റിസപ്ഷനിൽ അപർണയ്ക്കു വേണ്ടി ഡ്രസ് ഡിസൈൻ ചെയ്തത് നടി ആത്മീയയും സ ഹോദരിയും കൂടിയാണ്.

സിനിമ തന്നെയാണ് അപർണയ്ക്കും ദീപുവിനും ജീവൻ. ഒരു വർഷം മുൻപു കൊച്ചിയിൽ അപർണ വീടു വച്ചിരുന്നു. കണ്ണൂരിലെ ദീപുവിന്റെ പുതിയ വീടിന്റെ പണിയും കഴിഞ്ഞു. കരിയർ തുടരുന്നതിനായി രണ്ടുപേരും നാട്ടിൽ തന്നെയാകും ഇനി. കരിയറിലും ജീവിതത്തിലും അവരുടെ എല്ലാ സ്വപ്നങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും, ഉറപ്പ്.’’

 

ADVERTISEMENT