Saturday 11 May 2019 04:16 PM IST

അമ്മ കരഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു, ‘അടിച്ചു മക്കളേ...’

Lakshmi Premkumar

Sub Editor

rajisha-v446789
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മുടി കുറഞ്ഞ രജീഷ കൂടുതൽ സുന്ദരി ആയിട്ടുണ്ട്!

‘ആണോ?

താങ്ക്സ് ട്ടോ. ഇനിയിപ്പോൾ അങ്ങനെ പറഞ്ഞല്ലേ സമാധാനിക്കാൻ പറ്റൂ. എന്റെ പ്രിയപ്പെട്ട മുടിയായിരുന്നു. ഒരുപാടു വിഷമമായിരുന്നു വെട്ടുമ്പോൾ. സാരമില്ല, ഞാൻ എടുത്ത റിസ്കിന്റെ ഫലം സിനിമ തന്നു. അതുമതി. ഐ ആം ഹാപ്പി’

രജീഷയുടെ മുടിക്കായിരുന്നു ആരാധകരേറെ.

അതേ... എനിക്ക് വരുന്ന മെസേജുകളിൽ ഒരുപാടു പേർ മുടിയെക്കുറിച്ച് പറയുമായിരുന്നു. വീട്ടിലും അങ്ങനെതന്നെ. മുടി മുറിച്ചതിന് അച്ഛൻ രണ്ടാഴ്ച മിണ്ടാതെ നടന്നു,അറിയ്യോ? പക്ഷേ, അമ്മയ്ക്ക് ‘ജൂൺ’ സിനിമയുടെ കഥ അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ വിചാരിച്ച അത്ര പ്രശ്നം ഉണ്ടാക്കിയില്ല. ബാക്കിയെല്ലാവരും കരുതിയത് ഞാൻ അഹങ്കാരത്തിന് മുടി കളഞ്ഞതാണെന്നാ. പിന്നീട് ജൂണിന്റെ പോസ്റ്റർ ഇറങ്ങിയപ്പോഴാ എല്ലാവരുടെയും പിണക്കം മാറിയേ.  

മുടി മുറിച്ചപ്പോൾ ബോൾഡ് ലുക് ആയല്ലേ?

മുടി മുറിച്ചപ്പോഴൊന്നുമല്ല, ഞാൻ പണ്ടേ ബോൾഡാണ്. പെൺകുട്ടികളായാൽ ബോൾഡാകണ്ടേ? പ്രത്യേകിച്ചും എന്റെ വീട്ടിൽ രണ്ട് പെൺകുട്ടികളാ, മൂത്തയാൾ ഞാനും.  

അപ്പോൾ വീട്ടിൽ കരച്ചിലും പിണക്കവുമൊന്നുമില്ല?

അതെന്താ ബോൾഡായവർക്ക് കരഞ്ഞൂടെ. എനിക്ക് സങ്കടം വന്നാൽ അത് മനസ്സിൽ ഒളിപ്പിച്ച് കല്ലുപോലെ നിൽക്കാനൊന്നും അറിഞ്ഞൂടാ.അപ്പോൾ തന്നെ കരയും. അതുകഴിഞ്ഞാൽ അതുമാറി. പിന്നീട് വീണ്ടും സങ്കടപ്പെട്ടിരിക്കുകയോ പിണങ്ങി മാറി നിൽക്കുകയോ ഇല്ല.

ചെറിയൊരു ഇടവേള. മനപൂർവം ആയിരുന്നോ?

അങ്ങനെയൊന്നും അല്ല. സത്യം പറയട്ടെ 2018 ൽ വേറെ നല്ല സിനിമയൊന്നും എന്നെ തേടി വന്നില്ല. ഇഷ്ടപ്പെട്ട സിനിമ വന്നാൽ അഭിനയിക്കാതിരിക്കുമോ?  അഹമ്മദ് കബീർ ‘ജൂണി’ന്റെ കഥ ആദ്യം പറയുന്നത് എന്നോടാണ്. ഞാനും അമ്മയും കൂടിയാണ് കേട്ടത്. അന്ന് നിർമാതാവ് പോലും ആയിട്ടില്ല. കഥ നല്ല രസത്തിൽ കേട്ടിരിക്കുന്നതിനിടെയാണ് അഹമ്മദ് മുടി മുറിക്കുന്ന കാര്യം പറഞ്ഞത്.

ഞാൻ ആദ്യം സീരിയസ് കാര്യമായി  എടുത്തിട്ടേ ഉണ്ടായിരുന്നില്ല. പിന്നീട് പ്രൊഡ്യൂസറായി വിജയ് ബാബു എത്തി. അദ്ദേഹമാണ് മുടി മുറിക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞത്. പ്ലസ്ടുകാരിയാകണമെങ്കി ൽ മേക്കോവർ വേണം. അതിന് മുടി മുറിച്ചേ പറ്റൂ. ജൂൺ‌ എന്ന കാരക്ടറിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയാണ് സിനിമ നടക്കുന്നത്. മുടി മുറിച്ചാൽ പിന്നെയും വരും. അതു പോലെയാണോ നല്ല കഥാപാത്രം. ചെറിയൊരു ഇടവേളയ്ക്കു ശേഷമൊരു സിനിമയുമായി വരുമ്പോൾ ഫ്രഷ് ലുക് നല്ലതാണെന്നും തോന്നി.

തടി കുറച്ചതിന്റെ രഹസ്യം പറയൂ?

രഹസ്യമൊന്നുമില്ല. നിത്യവും നാലു മണിക്കൂർ ജിമ്മിൽ പോയിരുന്നു. ജീവിതത്തിൽ  ഭക്ഷണത്തോട് ഒരിക്കലും ബൈ പറയാത്ത ആളാണ് ഞാൻ. തടി കൂടും എന്ന് പേടിച്ച് ഒന്നും വേണ്ടെന്നു വെച്ചിട്ടില്ല. ഭക്ഷണത്തോടൊപ്പം നന്നായി വർക്ക്ഔട്ട് ചെയ്താൽ മതിയെന്നതാണ് പുതിയ പാഠം. എനിക്ക് ആസ്മയുണ്ട്. ജിമ്മിൽ  ഭാരമൊക്കെ എടുക്കുമ്പോൾ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന് കേട്ടിട്ടില്ലേ. കേട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരു ഗുമ്മിനു വേണ്ടി പറഞ്ഞന്നേയുള്ളു. വേണ്ട ഭക്ഷണമൊക്കെ കഴിച്ചു കൊണ്ടുതന്നെ ഒൻപതു കിലോ ഭാരം കുറച്ചു.

rajisha-v9ujii

ഈ ഭാഷയാണ് രജീഷയെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്

ഞങ്ങളുടെ നാട് ശരിക്കും കോഴിക്കോടല്ലേ. എന്റെ  യഥാർഥ ഭാഷ കേൾക്കണമെങ്കിൽ ഞങ്ങൾടെ വീട്ടിൽ വരണം. പല വാക്കുകളും  ആർക്കും മനസിലാവുക കൂടിയില്ല. പക്ഷേ, ജൂണ്‍ നല്ല നാടൻ കോട്ടയം അച്ചായത്തിയാണ്. ഞങ്ങളുടെ സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു കോട്ടയംകാരനുണ്ട്. ഷൂട്ടിന് മുന്നേ ഞാൻ എല്ലാ ദിവസവും ഒരു മണിക്കൂർ അവനെ വിളിച്ച് സംസാരിക്കും. അവരുടെ കോട്ടയം സുഹൃത്തുക്കളോടും സംസാരിക്കും. ഭാഷയുടെ ഒഴുക്കും, ഉച്ചാരണവും എല്ലാം മനസ്സിലാക്കാൻ അത് ഏറെ സഹായിച്ചിട്ടുമുണ്ട്.

ജൂണിലേക്ക് വന്നാൽ?

ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് സിനിമ. ജോജു ചേട്ടനാണ് അച്ഛന്റെ വേഷത്തിൽ. അശ്വതി മേനോനാണ് അമ്മയുടെ റോളിൽ. ഷൂട്ടിങ് സെറ്റ് ഭയങ്കര രസമായിരുന്നു. ക്യാമറ ഓഫായിരിക്കുമ്പോഴും  ഞാൻ ജോജു ചേട്ടനെ ‘അപ്പാ’ എന്ന് തന്നെയാ വിളിച്ചിരുന്നേ. എല്ലാവരും തമ്മിൽ ഒരു കുടുംബം പോലെ സ്നേഹമായിരുന്നു. പക്ഷേ അതിനിടയിൽ ഒരു വില്ലൻ കയറി വന്നു.

വില്ലനോ ?

ഞങ്ങളുടെ ഷൂട്ട് വൈക്കത്ത് നടക്കുന്ന സമയത്താണ് പ്രളയമുണ്ടായത്. സെറ്റൊക്കെ ഒഴുകി പോയി. മഴ കനത്തതോടെ വർക് മുടങ്ങി. ഞങ്ങൾ കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് പോന്നു. ആരും വീട്ടിൽ പോലും പോകാതെ അവിടുത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ചു. മഴ മാറി രംഗം ശാന്തമായപ്പോഴാണ് വീണ്ടും ഷൂട്ടിങ് തുടങ്ങിയത്. ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും നല്ലൊരു സിനിമ ചെയ്തതിന്റെ സന്തോഷമുണ്ട്.

വീട്ടിലെ രജീഷ എങ്ങനെയാണ് ?

എന്റെ സൗകര്യത്തിന് വേണ്ടി ഞങ്ങളിപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. അച്ഛൻ,വിജയൻ പട്ടാളത്തിലായിരുന്നു. അമ്മ ഷീല ടീച്ചറായിരുന്നു. ഇപ്പോൾ ഗൃഹഭരണം. അ നിയത്തി അഞ്ചുഷ ഡിഗ്രിക്ക് പഠിക്കുന്നു. അച്ഛൻ ‘ഡാഡി കൂൾ ആണ്. അമ്മ ടീച്ചറായതു കൊണ്ടു തന്നെ പഠിക്കുന്ന കാലത്ത് സ്ട്രിക്റ്റ് ആയിരുന്നു. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. എന്റെ അഭിനയത്തെ കുറിച്ച് രൂക്ഷമായി വിമർശിക്കാറുള്ളതും അമ്മതന്നെ.  ജൂൺ കണ്ട് കഴിഞ്ഞ് അമ്മ കരഞ്ഞു. അപ്പോൾ എനിക്ക് മനസിലായി, സംഭവം അടിച്ചു മക്കളേ... വീട്ടിൽ എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരു മേഖല ഏതെന്ന് ചോദിച്ചാൽ അതു പാചകമാണ്. അപ്പോൾ വിചാരിക്കും ഡ്രൈവിങ് ഇഷ്ടമാണെന്ന്. അത് ഒട്ടും ഇഷ്ടമല്ല.    

പ്രേമത്തെ കുറിച്ച് ചോദിച്ചാൽ ദേഷ്യം വരുമോ?

പിന്നല്ലാതെ. എല്ലാ ഇന്റർവ്യവിലും ചോദിക്കും. ഇപ്പോൾ  പ്രേമമുണ്ടോ? പ്രേമിച്ചിട്ടുണ്ടോ? പിന്നെ, പ്രേമിക്കാത്തവരായി ആ രേലും ഉണ്ടോ? പക്ഷേ, ഇപ്പോള്‍  ആരോടും പ്രണയവുമില്ല വിവാഹവുമില്ല. പ്രായം ചോദിക്കണ്ട, ഞാൻ പറയുകയുമില്ല.

വിവാഹം കഴിക്കാനുള്ള പ്രായമായോ?

സത്യമായിട്ടും ഞാൻ അതേക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഇപ്പോൾ കരിയറാണ് പ്രധാനം. ചിലപ്പോൾ പ്രണയിച്ച് തന്നെ വിവാഹം കഴിക്കും. കാരണം ഒരു സുപ്രഭാതത്തിൽ കാണുന്ന ആളിനെ ജീവിതകാലം മുഴുവൻ കൂടെ കൂട്ടുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. സപ്പോസ് എനിക്ക് ജീവിത പങ്കാളിയാക്കാം എന്ന് തോന്നുന്നയാളെ കണ്ടെത്തിയാൽ അങ്ങോട്ട് പോയി പ്രൊപ്പോസ് ചെയ്യാനും ഞാൻ മടിക്കില്ല.

ഇനി എന്തോ കൂടി പറയാനുണ്ടെന്ന് തോന്നുന്നു?

ദേ, എന്റെ കവിളിൽ ഒരു നിറവ്യത്യാസം കണ്ടോ? അതെന്റെ മറുകാണ്. പലരും പല രീതിയിൽ ഇതിനെ വ്യാഖ്യാനിക്കും. അടി കിട്ടിയതിന്റെ പാടാണ്, വീണതാണ് എന്നൊക്കെ. ഞാൻ ജനിച്ചപ്പോൾ തൊട്ടുള്ള മറുകാണത്. എന്നെ ഒന്ന് നുള്ളിപ്പോലും വേദനിപ്പിക്കാത്തുകൊണ്ട് അത് അവിടെതന്നെ നിന്നോട്ടെ എന്ന് ഞാനും കരുതി.

കടപ്പാട്: ഡീറ്റെയിൽ ഡെക്കർ, കൊച്ചി

rajisha-vvv1