Saturday 28 November 2020 03:13 PM IST

‘കല്യാണവീടുകളിൽ എച്ചിലു പെറുക്കാൻ പോയിരുന്നു ഞങ്ങൾ’; ഉള്ളുപൊള്ളിക്കുന്ന അനുഭവം പങ്കുവച്ച് ആർ എൽ വി രാമകൃഷ്ണൻ

V R Jyothish

Chief Sub Editor

rlv4455fghjjjjk ഫോട്ടോ: ബേസിൽ പൗലോ

ആത്മഹത്യയുെട മുനമ്പില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ എൽ വി രാമകൃഷ്ണൻ എല്ലാം തുറന്നു പറയുന്നു, മരണത്തെക്കുറിച്ചു മാത്രം ചിന്തിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്... അവഗണനകള്‍ ഒരുപാട് നല്‍കിയ ജീവിതത്തെക്കുറിച്ച്...

കടുത്ത ദാരിദ്ര്യത്തിന്റെ അനുഭവങ്ങൾ മണി പലയിടത്തും പറയാറുണ്ടായിരുന്നു?

ചേട്ടൻ പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാര്‍ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിക്കുന്നത്.

അയൽപക്കത്തെ സമ്പന്നവീടുകളിൽ നിന്ന് വിേശഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങൾക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിെടയാണ് പോകാൻ പാടില്ലാത്തത്, ഏതൊക്കെ വീടുകളുടെ മുന്നിൽ നിന്ന് എത്ര അടി മാറിനിൽക്കണം എന്നൊക്കെ.

രാമകൃഷ്ണന് ഡോക്ടറാകാനായിരുന്നു ആഗ്രഹമെന്ന് മണി പറഞ്ഞിട്ടുണ്ട്?

കുടുംബത്തിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഡോക്ടറാകണമെന്നു മോഹിച്ചു. പക്ഷേ, മനസ്സ് നൃത്തത്തിലായിരുന്നു. അങ്ങനെ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് പഠിച്ചിരുന്ന ഞാൻ അത് ഉപേക്ഷിച്ച്, തൃപ്പൂണിത്തുറ ആർ എൽവി കോളജിൽ മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേർന്നു. ആറുവർഷം അവിടെ. മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടി. പിന്നീട് ഒന്നാംറാങ്കോടെ എംഎ ബിരുദം. 2018 ൽ ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തിലായിരുന്നു എന്റെ ഗവേഷണം. എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ചേട്ടനെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷേ, ഡോക്ടറേറ്റ് കിട്ടിയപ്പോൾ അതു കാണാൻ മാത്രം ചേട്ടൻ ഉണ്ടായില്ല. ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താൽകാലിക അധ്യാപകനായി.

പഠനകാലത്തും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളിൽ നിന്നും ശില്‍പശാലകളില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ചേട്ടൻ ഉണ്ടായിരുന്നതുകൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായിപ്പോയത്. പലപ്പോഴും തോന്നിയിട്ടുണ്ട് ദൈവമേ... എന്തിനാണ് നീ ഞങ്ങൾ‌ക്ക് ഇത്തിരി കലാവാസന തന്നത്. അതില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോഴും ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമായിരുന്നല്ലോ.

Tags:
  • Movies