Wednesday 30 October 2019 12:04 PM IST

‘സന്തോഷത്തോടെ എനിക്കുള്ളതെല്ലാം അവർക്ക് നൽകി, പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി’

Sujith P Nair

Sub Editor

sai-kumar

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി.

ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ, പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങി മടങ്ങിയെത്തി. അപ്പോഴും ചോദ്യം ചെയ്തവരോട് ഒന്നും നിഷേധിച്ചില്ല. വർഷങ്ങൾക്കിപ്പുറം ‘വനിത’യ്ക്കു നൽകിയ എക്സ്ക്ലുസിവ് അഭിമുഖത്തിൽ ആദ്യം ചോദിച്ചതും അതുതന്നെ: ‘നുണക്കഥകൾക്ക് എന്തേ, ഇത്രനാളും മറുപടി നൽകിയില്ല?’ ‘ലൂസിഫറി’ലെ വർമസാറിനോട് സ്റ്റീഫൻ നെടുമ്പള്ളി പറയും പോലെയായിരുന്നു മറുപടി : ‘അവരുടെ തന്തയല്ലല്ലോ, എന്റെ തന്ത...’

കൊട്ടാരക്കര ശ്രീധരൻ നായർ എന്ന പ്രതിഭയുടെ മകന് അഭിനയം പോലെ അനായാസമായിരുന്നില്ല ജീവിതം. പഴി കേട്ടതൊക്കെയും ചെയ്യാത്ത കാര്യങ്ങൾക്കെന്നു മനസ്സിലായതോടെ തീരുമാനിച്ചു, ഒന്നിനും മറുപടി പറയേണ്ട എന്ന്.

‘‘ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങൾക്കാണ് കൂടുതൽ പഴി കേട്ടത്. 18 വർഷമായി മദ്യപാനം നിർത്തിയിട്ട്, വല്ലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയർ കഴിക്കും, അതിനപ്പുറമില്ല. എന്നിട്ടും പലരുടെയും ധാരണ ഞാൻ കടുത്ത മദ്യപാനി എന്നാണ്. അഭിനയിച്ചു തുടങ്ങിയ കാലത്തും ഇങ്ങനെയായിരുന്നു. ചിലർ പരിചയ ഭാവത്തിൽ വന്ന് അച്ഛനെ പറ്റി പറയും, ‘കുണ്ടറയിൽ വച്ച് ഞാനും കൊട്ടാരക്കര സാറും നന്നായി ഒന്ന് കൂടിയിട്ടുണ്ട്...’ എന്നൊക്കെ. അവരൊന്നും ചിലപ്പോൾ അച്ഛനെ നേരിട്ടു പോലും കണ്ടിട്ടുണ്ടാകില്ല. അവർ പറയുന്നയത്ര മദ്യം അച്ഛൻ കുടിച്ചു തീർക്കണമെങ്കിൽ അദ്ദേഹം വല്ല അതിമാനുഷനോ മറ്റോ ആകണം. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകൾ പടച്ചുവിടുന്നത് പലർക്കും രസമാണ്...’’ ഹൃദയത്തിലെ നോവ് ചിരിയിലൊതുക്കി സായ്കുമാർ സംസാരിച്ചു തുടങ്ങിയപ്പോൾ ആ കൈപിടിച്ച് ഭാര്യ ബിന്ദു പണിക്കരും മകൾ കല്യാണിയും ഒപ്പമിരുന്നു.

sai

ജീവിതം വീണ്ടും ഒന്നിൽ നിന്നു തുടങ്ങി ?

അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അ ച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു േകട്ടപ്പോള്‍ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ്‌ ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല.

sai
ഫോട്ടോ; ശ്രീകാന്ത് കളരിക്കൽ

നായകനായി തുടങ്ങിയിട്ടും തിളങ്ങിയത് വില്ലനായാണ് ?

‘റാംജിറാവ് സ്പീക്കിങ്ങി’ലൂടെ സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഫാസിൽ സാറിന്റെ പിന്തുണയോടെ കിട്ടിയ ആ വിജയം നിലനിർത്താൻ എനിക്കു കഴിഞ്ഞില്ല. സിനിമ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച പറ്റി. സംവിധായകനാകാൻ അവസരം തേടി നിൽക്കുന്ന ഏതെങ്കിലും ‘ഒരു കുട്ടൻ’ വരും. എനിക്ക് അവസരം തരാന്‍ ഒരാള്‍ ഉണ്ടായതു െകാണ്ടാണല്ലോ ഞാന്‍ ഈ നിലയില്‍ എത്തിയത് എന്ന ചിന്ത കൊണ്ട് എന്നെ തേടി വരുന്ന ആരേയും നിരാശരാക്കി മടക്കാന്‍ മനസ്സ് അനുവദിക്കില്ല. അങ്ങനെ ആ ‘കുട്ടന്‍റെ’ സിനിമയില്‍ അഭിനയിക്കും. അതൊരു ദുരന്തമാകും. ‘ആദ്യ കുട്ടൻ’ തന്ന പണി മറന്ന് അടുത്ത ‘കുട്ടനും’ അവസരം കൊടുക്കാൻ ഇറങ്ങും. അങ്ങനെ കുറേ ‘കുട്ടന്മാരെ’ കര കയറ്റാൻ നോക്കി എന്റെ ഭാവി അധോഗതിയായി. മനസ്സിൽ ഇങ്ങനെയൊരു കഥാപാത്രം ഉണ്ടെന്നുംഅത് ചെയ്യണമെന്നും അടുത്ത സുഹൃത്തുക്കളോടു പോലും പറയാറില്ല. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.