Saturday 18 July 2020 03:11 PM IST

‘ശരീരം തുണി പോലെയാണ്, നശിച്ചു പോവും എന്നു മനസിനെ പഠിപ്പിക്കുക; പാതി ടെൻഷൻ മാറിക്കിട്ടും’; യോഗാ വിശേഷങ്ങളുമായി സംയുക്താ വർമ

Lakshmi Premkumar

Sub Editor

samyuktha557tugugugg ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘നോക്കൂ... എന്റെയീ കമ്മൽ. പിന്നെ, ഈ വളയും.’

സ്വർണ നിറത്തിൽ ഡിസൈൻ ചെയ്ത സ്പെഷൽ  ജ്വല്ലറി പീസുകൾ എടുത്തു കാണിച്ച് സംയുക്ത ഉല്ലാസവതിയായി. ഫോട്ടോഷൂട്ടിന് ഒരു പെട്ടി നിറയെ ആഭരണങ്ങളുമായാണ് സംയുക്തയെത്തിയത്. എപ്പോഴും ക്രേസ് ആയ, യാത്രകളിലെല്ലാം വാങ്ങി സൂക്ഷിക്കുന്ന പ്രിയപ്പെട്ട ആഭരണങ്ങൾ. ചിലതിൽ ‘അഹം’ എന്ന് എഴുതിയിരിക്കുന്നു. മറ്റു ചിലതിൽ ദൈവീക വചനങ്ങൾ. ഏതെടുത്താലും അതിലെല്ലാം ഒരു സ്പിരിച്വൽ മൂഡ്. എന്നാൽ എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല കാണാനുമില്ല.

ആ രുദ്രാക്ഷമാലയെവിടെ ?

എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു.

എന്താണ് ആ നിറവ് എന്ന് പറയാനാകുമോ ?

വിശദീകരിക്കാൻ കഴിയില്ല. പക്ഷേ, ജീവിതത്തിൽ‌ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാൻ എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാൻ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘർഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മുതൽ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുൾ ആണ്.

യോഗ ജീവിതത്തിലേക്കു ചേർത്തു വച്ചതെപ്പോഴാണ് ?

ഇരുപതു വയസു മുതൽ യോഗ ചെയ്യുന്നുണ്ട്. പക്ഷേ, ഇന്നത്തെ അത്ര മുഴുകി ചെയ്യാറില്ലായിരുന്നു. ഇപ്പോൾ ആറു കൊല്ലമായി മുടങ്ങാതെ ചെയ്യുന്നു. ആദ്യം പഠിച്ചത് ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു കോഴ്സാണ്. പിന്നീട് ബ്രഹ്മകുമാരീസ് മെഡിറ്റേഷൻ പഠിച്ചു. അതുപോലെ ഇഷയുടെ ശാംഭവീ മഹാമുദ്ര ചെയ്യുന്നുണ്ട്. യോഗ തന്നെ മാജിക്കാണ്. അതിലെ അദ്ഭുതമാണ് ശാംഭവീ മഹാമുദ്ര. ഹാപ്പിനെസിനൊക്കെ മരുന്ന് കഴിക്കുന്ന പോലെയാണത്.

സ്ഥിരമായി ചെയ്യുന്നത് മൈസൂരിലെ അഷ്ടാംഗ യോഗയാണ്.  ഇപ്പോൾ സര്‍ക്കാരിന്റെ എസ്ആർസി കമ്യൂണിറ്റി നടത്തുന്ന യോഗാ കോഴ്സ് ചെയ്യുന്നുണ്ട്, തൃശ്ശൂരിൽ തന്നെ.  ടിടിസി കോഴ്സുകളാണ് ഓരോന്നും. മൈസൂരിൽ  ആദ്യത്തെ ഗുരു രമേഷ് ഷെട്ടിയാണ്. പിന്നെ, പ്രവീൺ സോമു, ഇവിടെ കൈതപ്രം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കീഴിൽ. യോഗാസനങ്ങൾ പഠിപ്പിക്കുന്നത് അനിൽ മാഷാണ്.

ഇത്രയൊക്കെ പഠിച്ചെങ്കിലും യോഗ എന്റെ പ്രഫഷനല്ല. അതുകൊണ്ട് സർട്ടിഫിക്കേഷന്റെ ആവശ്യമില്ലല്ലോ. പിന്നെ, അടുത്തുള്ള കുറച്ചു വീട്ടമ്മമാർക്ക് ഞാൻ പഠിച്ചത് പറഞ്ഞു കൊടുക്കുന്നുണ്ട്.  

ഹെൽത് കോൺഷ്യസാണോ ?

ഇഷ്ടമുള്ള ഭക്ഷണം വേണ്ടെന്നു വച്ച് ആരോഗ്യക്രമീകരണം എനിക്കു പറ്റില്ല. ചോറും കറിയും  ഐസ്ക്രീമും രസഗുളയും എല്ലാം ഭയങ്കര ഇഷ്ടമാണ്. മൈസൂർ യോഗയിൽ‌ പറയുന്നത് ഒന്നും  വേണ്ടെന്നു വെക്കരുത്, എല്ലാം കഴിച്ച് മടുക്കണം  എന്നാണ്. കുറച്ചു കഴിഞ്ഞാൽ വേണ്ടാന്ന് നമുക്കു തന്നെ തോന്നും. നമ്മൾ ആ സ്‌റ്റേജിലേക്ക് എത്തും. പണ്ടൊക്കെ എനിക്ക് എഗ്ഗ് ബിരിയാണി ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷേ, ഇപ്പോൾ അതെനിക്ക് കഴിക്കാൻ പറ്റുന്നില്ല. എനിക്ക് വേണ്ട.

യോഗ ചെയ്തു ശീലമായാൽ സ്ട്രോങ്ഫ്ലേവറുകൾ പെ ട്ടെന്ന് അറിയാൻ കഴിയും. ഉള്ളിയും വെളുത്തുള്ളിയുമെല്ലാം എനിക്കിപ്പോൾ സ്ട്രോങ്ഫ്ലേവറുകളാണ്. അതൊന്നും ഇ പ്പോൾ കഴിക്കാൻ പറ്റുന്നില്ല. പകരം തേങ്ങാപ്പാൽ, ഉലുവ, കാ യം  അതൊക്കെ നല്ല രുചിയാണെന്ന് തോന്നും.

_REE0369

യോഗയ്ക്ക് പ്രായം ഒരു ഘടകമാണോ ?

അതെ. ഞാൻ ഇരുപതു വയസിൽ ചെയ്തതൊന്നും  ഇപ്പോൾ അതേ വഴക്കത്തോടെ ചെയ്യാൻ പറ്റാറില്ല. അഷ്ടാംഗവിന്യാസയൊക്കെ ചെയ്യണമെങ്കിൽ നല്ല മെയ്‌വഴക്കം വേണം. ശരീരവുമായി വല്ലാതെ അറ്റാച്ച്ഡ് ആകാത്തതാണ് നല്ലത്. ശരീരം ഒരു തുണി പോലെയാണ്. നശിച്ച് പോവും എന്നു മനസിനെ പഠിപ്പിക്കുക. പാതി ടെൻഷൻ മാറിക്കിട്ടും.

ഇമോഷനലി സെൻസിറ്റീവ് ആണോ ?

ആയിരുന്നു. കാരണം ഒരു ആർട്ടിസ്റ്റ് എപ്പോഴും സെൻസിറ്റീവ് ആയിരിക്കും. ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ സങ്കടം വരുന്ന പ്രകൃതമായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കണം, കൽപിക്കേണ്ടിടത്ത് കൽപിക്കണം, ഇഷ്ടമില്ലാത്തതിനെ അവഗണിക്കണം, സ്വീകരിക്കേണ്ടതിനെ സ്വീകരിക്കണം. ഇതാണ് ഞാൻ പറഞ്ഞ ബാലൻസ്. ഇപ്പോൾ എനിക്കത് കഴിയുന്നുണ്ട്.

ദുഃഖങ്ങൾ വേദനിപ്പിക്കാറേയില്ലേ?

ചില നഷ്ടങ്ങൾ നികത്താൻ കഴിയാത്തതാണ്. അതൊരിക്കലും നമ്മെ വിട്ടു പോകില്ലല്ലോ. അച്ഛന്റെ മരണം തളർത്തി കളഞ്ഞിരുന്നു. അതുപോലെ അച്ഛൻ മരിച്ച് ഏറെ വൈകും മുമ്പ് അമ്മമ്മയും പോയി. അതേക്കുറിച്ച് ഓർക്കുമ്പോൾ മനസ് കനം വയ്ക്കും. അതുപോലെ ബിജുവേട്ടൻ കരിയറിൽ ഉയരുന്നതു കാണാൻ അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമില്ല. ഒരു പക്ഷേ, അവർ എല്ലാം കാണുന്നുണ്ടാകും, അറിയുന്നുണ്ടാകും. പക്ഷേ, എല്ലാവരും ഒന്നിച്ച് പഴയ പോലെ. അതിനി നടക്കില്ലല്ലോ...

വീട്ടിലെ ബിജു മേനോന്‍ ആളൊരു പുലിയാണോ ?

സിനിമയിൽ കാണുന്നപോലെയൊക്കെത്തന്നെ. പിന്നെ, സിനിമയെപ്പോഴും വീടിന്റെ പുറത്തെ ചർച്ചയാണ്. ബിജുവേട്ടനും ഞാനും പരസ്പരം സ്പേസ് നൽകുന്നവരാണ്. എനിക്കു മിക്കപ്പോഴും യോഗയുടെ ക്ലാസുകളും പ്രാക്ടീസും, യാത്രയുമുണ്ടാകാറുണ്ട്. അതെന്റെ സന്തോഷമാണ്. ഒരിക്കൽപോലും ബിജുവേട്ടൻ എതിർക്കുകയോ, വേണ്ടെന്നു പറയുകയോ ചെയ്യാറില്ല. അതേ സ്പേസ് അദ്ദേഹത്തിന് ഞാനും  കൊടുത്തിട്ടുണ്ട്. ഷൂട്ടിനു ശേഷം ബിജുവേട്ടൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര  പോകാറുണ്ട്.

ഒരിക്കൽ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരാശ്രമത്തിൽ കൂടെ വന്നു. അവിടെ ചെന്നപ്പോള്‍ മുതൽ ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതി കേട്ടുേകട്ട് ഞാൻ മടുത്തു. അതിനു ശേഷം അത്തരം യാത്രകൾ ആവർത്തിച്ചിട്ടില്ല.   ചില തിരക്കഥകളൊക്കെ കേട്ടു കഴിഞ്ഞ് എന്നോട് പറയും. ഞങ്ങള്‍ ആലോചിച്ചാണ് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. ചില കഥാപാത്രങ്ങള്‍ ടിപ്പിക്കല്‍ ആകുമ്പോൾ ഞാൻ ചോദിക്കാറുണ്ട്. ‘കഥ കേട്ടപ്പോൾ വ്യത്യസ്തമായിരിക്കും എന്നു കരുതിയതാണ്, എന്തോ സിനിമയിൽ അതു വർക്കായില്ല...’ എന്നു ബിജുേവട്ടന്‍ പറയും. അടുത്ത കാലത്ത് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് അയ്യപ്പനും കോശിയിലെയും അയ്യപ്പൻ നായരാണ്.

ഒരുമിച്ചുള്ള സെൽഫികളോ വിഡിയോകളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്ത ദമ്പതികളാണ്

ദാ, ഞാൻ ഇപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. സോഷ്യൽമീഡിയ നമ്മളെ അഡിക്ടാക്കി മാറ്റും. വാട്സ്ആപ് പോലും അൺ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്നയാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ. അവരെയെല്ലാം കോൺടാക്ട് ചെയ്യാനാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തന്നെയാണ് കൂടുതലും പങ്കു വയ്ക്കുന്നത്. അതിനപ്പുറത്തേക്ക് ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കാറില്ല. ബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇതുവരെയുള്ളത് രണ്ട് ചിത്രങ്ങൾ. ഫെയ്സ്ബുക്ക് അഡ്മിൻ  മറ്റൊരാളാണ്. വെഡ്ഡിങ് ആനിവേഴ്സറിയൊക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും ‘ഒരു കപ്പിൾ ഫോട്ടോ എടുത്ത് അയക്കാമോ’ന്ന്. ബിജുവേട്ടനാണെങ്കിൽ അതിലൊന്നും താൽപര്യമേയില്ല. തോളിൽ ഒന്നു കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ‘ബ്ലാക് ആൻഡ് വൈറ്റ് മതിട്ടോ’ന്ന് ഒരു അഭിപ്രായവും പാസ്സാക്കും.

സിനിമാ ചർച്ചകൾ നടക്കുന്ന വീടാണോ ?

പണ്ടും  സിനിമാ ചർച്ചകളൊന്നും  നടക്കാറില്ല. അഭിപ്രായങ്ങ ൾ ചോദിക്കും  പറയും. അത്രതന്നെ. പിന്നെ, ബിജുവേട്ടന്റെ സിനിമാഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. ഹിറ്റാകുമ്പോൾ ഞങ്ങൾ അമിതമായി സന്തോഷിക്കാറില്ല. ഫ്ലോപ്പ് ആകുമ്പോൾ അതുകൊണ്ട് ദുഃഖവുമില്ല. പിന്നെ ചിലപ്പോൾ അദ്ദേഹം അസ്വസ്ഥനാണെന്നു തോന്നുമ്പോൾ മാനസികപിന്തുണ കൊടുക്കാറുണ്ട്. എല്ലാ ഭാര്യമാരും ഭർത്താക്കൻമാർക്ക് നൽകാറില്ലേ, അതുപോലെ.

ചില സിനിമകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കു തോന്നും, ഈ സീനിൽ  ബിജുവേട്ടൻ ഇത്തിരി ഉഴപ്പിയിട്ടുണ്ടല്ലോ എന്ന്. അത് എനിക്കു മാത്രമേ മനസ്സിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യമായിരിക്കും. മോന്‍ ദക്ഷിന് അച്ഛ ൻ മാത്രമാണ് സിനിമാതാരം. ഞാനും ബിജുവേട്ടനും അഭിനയിച്ച ‘മഴ’യിലെ പാട്ട് കഴിഞ്ഞ ദിവസം ടിവിയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു, ‘ആഹാ.. അച്ഛൻ നന്നായിട്ടുണ്ടല്ലോ..’

അപ്പോൾ അമ്മ ചോദിച്ചു, ‘കൂടെ ആരാന്നു മനസിലായോ?’ അപ്പോ ഒന്നു കൂടി അടുത്തു പോയി നോക്കിയിട്ടു േചാദിച്ചു, ‘കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ... അതാരാ?’  ഇതാണ് വീട്ടിലെ അവസ്ഥ.

samyuktha445ggh

ദക്ഷ് ധർമികിന്റെ വിശേഷങ്ങള്‍ ?

ദക്ഷ് എന്നത് എന്റെ സെലക്‌ഷനും ധർമിക് ബിജുവേട്ടന്റെ സെലക്‌ഷനുമാണ്. ഒമ്പതാം ക്ലാസിലാണ്. അമ്മയെന്ന നിലയിൽ ഞാൻ ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തി ത ന്നെയാണ് വളർത്തുന്നത്.  ആള് ഒരു പഠിപ്പിസ്റ്റ് ഒന്നുമല്ല. പ ക്ഷേ, ഉഴപ്പനുമല്ല. ചിത്രങ്ങൾ വരയ്ക്കാൻ നല്ല ഇഷ്ടമാണ്. അവനിങ്ങനെ സ്വന്തമായി ഗെയിമുകളൊക്കെ കണ്ടുപിടിച്ച് അതു വരച്ച് പ്രസന്റ് ചെയ്യുന്നതൊക്കെ കാണാം. ഭാവിയിൽ അവൻ ആരാകണം എന്നൊന്നും ഇപ്പോഴേ പ്ലാൻ ചെയ്തിട്ടില്ല. പലരും ചോദിക്കാറുണ്ട്, സിനിമയിലേക്കായിരിക്കും അല്ലേ എന്ന്. അതൊക്കെ ഭഗവാന്റെ തീരുമാനങ്ങളാണ്. അവന് അഭിനയിക്കാനാണ് ഇഷ്ടമെങ്കിൽ ആ വഴി തിരഞ്ഞെടുക്കട്ടെ.

ട്രോളുകളില്ല, ഹേറ്റേഴ്സില്ല... എങ്ങനെ സാധിക്കുന്നു ?

പക്ഷേ, ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ, എന്നെ ട്രോളാൻ എനിക്കു വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എ ന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ... വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?’ അതുപോലെ മുടിയൊന്ന് പുതിയ സ്‌റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്.’ എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണ്.

ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു. ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഞങ്ങ ൾ അതൊക്കെ വായിച്ച് ഒരുപാടു ചിരിച്ചു.

പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പൊസിറ്റീവ് മാത്രമേ കാണാറുള്ളൂ.

ഇനി പറയൂ, സിനിമയിലേക്ക് എന്ന് തിരിച്ചുവരും ?

‘കഥ പറയാന്‍ വന്നോട്ടെ’ എന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്കിപ്പോൾ യോഗയിൽ ഒരുപാട് പഠിക്കാനാണ് ആഗ്രഹം. എനിക്കറിയാത്ത എത്രയോ തലങ്ങൾ  ഇനിയുമുണ്ട് പഠിക്കാനും ചെയ്യാനും. ബിജുവേട്ടൻ ഇടക്കിടെ പറയാറുണ്ട്, ഇന്നത്തെ കാലത്തെ കഥ പഴയതു പോലെയല്ല, ഒന്നു കേട്ടു നോക്കൂ ആ വ്യത്യാസം  മനസിലാക്കാം എന്ന്. ഒരിക്കൽ ഒരു കഥ കേൾക്കാൻ എല്ലാം സെറ്റായി.  പക്ഷേ, കൃത്യം ആ സമയത്ത് അമ്മയ്ക്ക് എന്റെ അനിയത്തിയുടെ അടുത്തേക്ക്, വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നെ, മോന്റെ കാര്യവും വീട്ടിലെ കാര്യവും എല്ലാം എന്റെ തലയിലായി. ആകെ  തിരക്ക്. പിന്നെ കേൾക്കാം എന്നു പറഞ്ഞ് ആ കഥയും മാറ്റി വച്ചു. എല്ലാത്തിനും ഉണ്ട് ഒരു സമയം. അതിൽ പൂർണമായി വിശ്വസിക്കുന്നയാളാണ് ഞാൻ.

യോഗ വരുത്തിയ മാറ്റം

വികാരങ്ങളെ ബാലൻസ് ചെയ്യാൻ പഠിച്ചു, അതാണ് യോഗ വരുത്തിയ ഏറ്റവും വലിയ മാറ്റം. പലരും ചോദിക്കാറുണ്ട്. ഇത്രയൊക്കെ യോഗ ചെയ്തിട്ടും തടി കുറഞ്ഞില്ലല്ലോ എന്ന്. നമ്മുടെ നാട്ടിലെ ആളുകളുടെ ധാരണ തടി കുറയ്ക്കാനുള്ള, അല്ലെങ്കില്‍ വയറ് കുറയ്ക്കാനുള്ള ഒരു മാർഗമാണ് യോഗ എന്നാണ്. സത്യത്തിൽ യോഗ നമ്മുടെ മനസിനെയാണ് പഠിപ്പിക്കുന്നത്. എന്റെ കൈയ്ക്കും കാലിനും ശരീരഭാരത്തെ താങ്ങാൻ കഴിയുമെങ്കിൽ എന്റെ തടി ഒരു പ്രശ്നമേയല്ല. അതല്ല, കാലുകൾക്ക് ശരീരത്തിന്‍റെ ഭാരം താങ്ങാൻ കഴിയാതെ ഒരു അസുഖമായി മാറുകയാണെങ്കിൽ തീർച്ചയായും വ്യായാമത്തിലൂടെ തടി കുറയ്ക്കണം. എന്റെ എല്ലാ ആക്ടിവിറ്റികളോടും കൂടി സന്തോഷമായി ജീവിക്കാൻ കഴിയുന്നു എന്നതാണ് യോ ഗ വരുത്തിയ ആദ്യത്തെ മാറ്റം. പിന്നെ നോ പറയേണ്ടിടത്ത് നോ പറയാനും പഠിച്ചു. പണ്ടത്തെ സംയുക്ത അങ്ങനെയായിരുന്നില്ല.

എപ്പോഴും കൂടെയുള്ളവർ

കുറച്ചേയുള്ളൂ, പക്ഷേ, ഉള്ള സൗഹൃദങ്ങളൊക്കെ നല്ല സ്ട്രോങ്ങാണ്. ‘തെങ്കാശിപട്ടണം’ എന്ന ചിത്രത്തിലഭിനയിച്ചപ്പോൾ  തൊട്ടുള്ള സൗഹൃദമാണ് ഗീതു മോഹന്‍ദാസുമായി. ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി. ഞങ്ങൾ ഒരു കുടുംബം പോലെയാണ്.

മഞ്ജു വാരിയര്‍ എനിക്ക്  സഹോദരി തന്നെ. ഞങ്ങ ൾ എന്നും വിഡിയോ കോൾ വിളിക്കും, സംസാരിക്കും, ഇടയ്ക്കിടെ ‘ഗേൾസ് ഗ്യാങ്’ സംഗമങ്ങളും യാത്രയും സംഘടിപ്പിക്കാറുണ്ട്.

(കഴുത്തില്‍ അണിഞ്ഞ ബുദ്ധന്റെ വലിയ മുഖത്തിന്റെ ലോക്കറ്റുള്ള മുത്തുമാല ഉയർത്തിക്കാട്ടുന്നു) ദാ, ഈ മാല എന്റെ യോഗയോടുള്ള ഇഷ്ടം കണ്ട് ഭാവന സമ്മാനിച്ചതാണ്. ഭയങ്കര പോസിറ്റീവ് എനർജി തോന്നും ഇതിടുമ്പോൾ.

_REE0464
Tags:
  • Celebrity Interview
  • Movies