Monday 01 July 2019 02:15 PM IST

‘മോഹൻലാൽ ശോഭനയെ കറുത്തപെണ്ണേ എന്ന് വിളിക്കുന്നില്ല, പിന്നെന്തിനാണ് ആ റാപ്പ്?’; സന മൊയ്ദൂട്ടി മറുപടി പറയുന്നു

Lakshmi Premkumar

Sub Editor

sanah-2

സന മൊയ്ദൂട്ടി വേറെ ലെവലാ...

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ!!!

വെളുത്ത പട്ടേ ഞാനൊരു വണ്ടായ് ചമേഞ്ഞേനേടീ.. ഓർമയില്ലേ കറുത്ത പാവടയ്ക്കൊപ്പം ചുങ്കിടി ദാവണിയണിഞ്ഞ് നിറയെ വെള്ളിയാഭരണങ്ങളിട്ട് ശോഭന അതി സുന്ദരിയായി എത്തി എല്ലാവരുടേയും മനം കവര്‍ന്ന പാട്ട്... തുടിച്ചു തുള്ളുന്ന മനസുമായി തന്നെയാണ് എപ്പോഴും മലയാളികൾ ഈ പാട്ടുകേൾക്കുന്നത്. ഒരു ദിവസം ഇതേ പാട്ടിനിടയിൽ ദേ വരുന്നു ഒരു റാപ് വേർഷൻകൂടി. നാവിൻ തുമ്പിൽ എപ്പോഴും ഓടിയെത്തുന്ന പാട്ടായിട്ടും, മനസിൽ കുടിയിരുത്തിയ ചിത്രങ്ങളായിട്ടും പുതിയ വേർഷൻ നമ്മൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.അസ്വാരസ്യങ്ങളേതുമില്ലാതെ ഹൃദയത്തോട് ചേർത്തുവച്ചു. സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ കിലോമീറ്ററുകൾ താണ്ടി മുംബൈ നഗരത്തെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. അവിടെ ചെറുചിരിയോടെ ഇരിക്കുന്നുണ്ട് നമ്മുടെ പാട്ടിന്റെ കാവൽക്കാരി.

ആ ചുരുണ്ട മുടിയാണ് മലയാളികൾ ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് പാട്ടിലേക്ക് കാതോർത്തപ്പോൾ മലയാളികൾക്ക് ഏറെ സുപരിചിതമായ പാട്ടിന്റെ പുതിയൊരു ആവിഷ്കാരം. പാതി മുറിഞ്ഞ മലയാളത്തിന്റെ കൊഞ്ചലായും, റാപ്പായും, ഡാൻസായും കേറിയും ഇറങ്ങിയും നിർത്താതെ പെയ്യുന്ന സംഗീത മഴയായി സന മൊയ്ദൂട്ടി മലയാളികളുടെ മനസിലേക്ക് നടത്തിയത് ഒരു മാസ് ലെവൽ എൻട്രി തന്നെയായിരുന്നു.

sanah

മ്യൂസിക്കിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു ?

പാട്ടിന്റെ വഴിയാണ് എന്റേതെന്ന് കാണിച്ചു തന്നത് മമ്മിയാണ്. മമ്മി പാടുമായിരുന്നു. എല്ലാ പരിപാടികൾക്കും റിഹേഴ്സലുകൾക്കും ചെറുപ്പം മുതൽ തന്നെ എന്നേയും കൂട്ടിയിരുന്നു. അവിടുന്ന് കേട്ട് ശീലിച്ചാവണം സംഗീതം എന്റെയുള്ളിലും മുളപൊട്ടിയത്. അഞ്ച് വയസ് മുതൽ പാട്ടുപാടാൻ തുടങ്ങി. അഞ്ചാമത്തെ വയസിൽ തന്നെ സംഗീതം പഠിക്കാനും ചേർന്നു.സുന്ദരി ഗോപാലകൃഷ്ണനെന്ന സംഗീത അധ്യാപികയ്ക്കു കീഴിൽ ആറു വർഷം കർണ്ണാടക സംഗീതം പഠിച്ചു. പിന്നീട് ഏഴു വർഷം മധുവന്തി പേഠെയുടെ കീഴിൽ ഹിന്ദുസ്ഥാനി. ഉസ്താദ് ഗുലാം മുസ്തഫാ ഖാൻ സാഹിബിന്റെ കീഴിലും കുറച്ചു നാൾ ഹിന്ദുസ്ഥാനി പഠിച്ചു. ഇപ്പോൾ സുനിൽബോർഗാനോക്കറാണ് ഹിന്ദുസ്ഥാനിയിലെ ഗുരു. ക്ലാസിക്കൽ മാത്രമല്ല, പാശ്ചാത്യസംഗീതവും പഠിക്കുന്നുണ്ട്. സമന്ത എഡ്വാർഡ്സാണ് ഗുരു.

സ്‌റ്റേജ് ഷോകളാണ് സനയുടെ ഹൈലൈറ്റ്. വ്യത്യസ്തമായ സ്‌റ്റേജ് ഷോ എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത് ?

രണ്ടായിരത്തിനടുത്ത് സ്‌റ്റേജ് ഷോകൾ ഇതുവരെ ചെയ്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഓർക്കസ്ട്രാ ടീമിനൊപ്പം പാട്ടുപാടാറുണ്ടായിരുന്നു. പിന്നീട് ബാന്റിനൊപ്പവും പെർഫോം ചെയ്തു. എന്റെ ബാല്യകാലം മുതലുള്ള സുഹൃത്തുണ്ട് ബെൻ കുര്യൻ തോമസ്. അദ്ദേഹത്തോടൊപ്പം ചേർന്ന് ഒരു മാനേജ്മെന്റ് ടീം രൂപീകരിച്ചു. അദ്ദേഹമാണ് എന്നെ മ്യൂസിക് ഡയറക്ടേഴ്സിന് പരിചയപ്പെടുത്തുന്നത്. പിന്നീടുള്ള ഓരോ വളർച്ചക്കു പിന്നിലും ഈ ടീമിന്റെ പങ്ക് വലുതാണ്. യൂട്യൂബ് ചാനലിന്റെ കാര്യങ്ങളും സ്‌റ്റേജ് ഷോകളുടെ കാര്യവും നോക്കുന്നത് അവരാണ്.

യൂറ്റ്യൂബിൽ മറ്റാരും ചെയ്യാത്ത രീതിയിലുള്ള കവർ സോങ്ങുകളാണ് സനയെ വ്യത്യസ്തയാക്കിയത് , എങ്ങനെയായിരുന്നു അത്തരം ഒരു തുടക്കം ലഭിച്ചത്.?

എനിക്ക് ഇഷ്ടമുള്ള പാട്ടുകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ആദ്യം ചെയ്തതത് ‘പൊൻ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ..’. എന്ന പാട്ടാണ്. ആദ്യമൊക്കെ ഗാനം ചിത്രീകരിക്കുമ്പോൾ എനിക്കത്ര കാര്യഗൗരവമൊന്നുമില്ല. ഒരു തമാശയായിട്ടാണ് തുടങ്ങിയത്. പക്ഷേ ഇന്നത്തെ കാലത്ത് ഏറ്റവും ഹിറ്റാവാൻ കഴിയുന്ന മാർഗ്ഗം യൂട്യൂബാണെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അതു തെറ്റിയില്ല. രണ്ടര മണിക്കൂർ കൊണ്ടാണ് പൊൻ വീണേ എന്ന പാട്ട് ഷൂട്ട് ചെയ്തത്. ഞാനതുവരെ ഹിന്ദിപ്പാട്ടുകൾ മാത്രമേ യൂടൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. മലയാളം ചെയ്യുമ്പോഴും ഞാൻ മനസിൽ വിചാരിച്ചു. ‘ ഹിന്ദി വ്യൂവേഴ്സ് മാത്രമുള്ള എനിക്ക് ഈ മലയാളം പാട്ട് ആരു കേൾക്കാനാണെന്ന്. പക്ഷെ ഞെട്ടിച്ചു കളഞ്ഞു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പാട്ടിനെ കുറിച്ച് സംസാരം ആയി. ഇത്രയും ഡിസ്കസ് ചെയ്യാൻ മാത്രം എന്താണെന്ന് ചോദിച്ച് കയറി കാണുന്നവർ വേറെ. സംഭവം എന്തായാലും ഹിറ്റായി.

sanah-4

ആളുകളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായപ്പോൾ തോന്നി എങ്കിൽ പിന്നെ ഇത് തുടരാമെന്ന്. അങ്ങനെയാണ് ബാക്കി പാട്ടുകൾ കൂടി ചെയ്യുന്നത്. ആൽബം ഹിറ്റായതോടെയാണ് പലരും ഞാൻ വർഷങ്ങളായി പ്ലേ ബാക്ക് സിങ്ങറാണെന്ന് തിരിച്ചറിയുന്നത്.

പാട്ടിനിടയിലെ റാപ്പാണ് ആരാധകരെ കയ്യിലെടുത്തത്. റാപ്പ് ഐഡിയ ആരുടേയാണ്. ?

ഒരു പാട്ട് ചെയ്യുമ്പോൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോഴാണ് യൂത്തിനെ കൂടി ഇൻവോൾവ് ചെയ്തു കൊണ്ട് ഒരു റാപ്പ് മിക്സ് കവർ ചെയ്താലോ എന്നൊരു ആശയമുണ്ടായത്. കറുത്തപെണ്ണേ പാട്ടിനൊപ്പം ചെയ്ത റാപ്പ് കേട്ടിട്ട് ഒരുപാട് പേര് പറഞ്ഞു അതിൽ മോഹൻലാൽ ശോഭനയെ കറുത്തപെണ്ണേ എന്ന് വിളിക്കുന്നില്ലല്ലോ പിന്നെ എന്തിനാണ് റാപ്പ് അങ്ങനെ ചെയ്തത് എന്ന്. എനിക്ക് എല്ലാവരോടും പറയാനുള്ളത് റാപ്പിനെ പാട്ടുമായി ബന്ധിപ്പിക്കരുത്. എന്റെ ഇഷ്ടത്തിനുള്ള ഒരു റാപ്പ് ചെയ്യുന്നു എന്നേയുള്ളൂ. ഞാൻ തന്നെയാണ് റാപ്പിന്റെ വരികൾ എഴുതുന്നതും.

പാട്ടിനോട് നൂറു ശതമാനം നീതി പലർത്തുന്ന വേഷവിധാനം. കോസ്റ്റ്യൂംസും ഷൂട്ടിങ് ലൊക്കേഷനുമൊക്കെ ആരാണ് തിരഞ്ഞെടുക്കുന്നത് ?

എന്റെ എല്ലാ വീഡിയോയുടേയും ഡ്രസ്സ് സ്‌റ്റൈലിങ്, മേക്കപ്പ്, ആർട് ഡയറക്ഷൻ എല്ലാം ചെയ്യുന്നത് ചേച്ചി സജിതയാണ്. അവൾ നല്ലൊരു ആർടിസ്റ്റാണ്. എന്നെ എല്ലാ കാര്യത്തിലും സഹായിക്കുന്നതും സജിതയാണ്. വീഡിയോയിൽ നല്ല ഭംഗിയുള്ള ഡ്രസ്സ് വേണമെന്ന് എനിക്ക് നിർബന്ധമാണ്. ഫ്യൂഷൻ സോങ് ചെയ്യുമ്പോൾ ഡ്രസ്സിലും ഫ്യൂഷൻ കൊണ്ടു വരാൻ ശ്രമിക്കും. ഒരു കവറിൽ ഞാൻ ഷർട്ടിട്ട് വ്യത്യസ്തമായി സാരി ഡ്രേപ് ചെയ്തിരുന്നു. അതുകണ്ട് നിരവധിപ്പേർ വിളിച്ചു. എങ്ങനെയാണ് സാരി അങ്ങനെയുടുത്തത് എന്നറിയാൻ. ശരിക്കും അത് ട്രഡീഷനൽ മഹാരാഷ്ട്രൻ ദോത്തി സ്‌റ്റൈൽ ഡ്രേപ്പിങ്ങായിരുന്നു.

sanah-3

ഇനി കുടുംബത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

മമ്മിയും പപ്പയും കേരളത്തിൽ അരീക്കോടും പട്ടാമ്പിയിലുമാണ്. പക്ഷേ വിവാഹ ശേഷം അവർ ബോംബെയിൽ സെറ്റിലായി. എനിക്ക് ഒരു ചേച്ചിയുണ്ട്. സജിത. ഞങ്ങൾ രണ്ടാളും ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ബോംബെയിലാണ്. പപ്പയുടെ പേരാണ് മൊയ്ദൂട്ടി. മമ്മി റസിയ ആദ്യമൊക്കെ എന്റെ സർ നെയിം എനിക്ക് ഇഷ്ടമില്ലായിരുന്നു. പിന്നീട് പാട്ടുകളൊക്കെ ഹിറ്റായി തുടങ്ങിയപ്പോൾ എന്റെ പേര് യൂനീക്കായി. ഇപ്പോൾ മൊയ്ദൂട്ടി എന്റെ ഫേവറിറ്റാണ്.

sanah-1

എങ്ങനെയാണ് ഇത്രയും നന്നായി മലയാളം പറയുന്നത്?

അത് എന്റെ മമ്മിയുടെ ഒരേ ഒരു കഴിവാണ്. ഞങ്ങൾ ശരിക്കും വർഷത്തിൽ ഒരു തവണ മാത്രമേ കേരളത്തിൽ പോകാറുള്ളൂ. പക്ഷേ ചെറുപ്പം മുതൽ മലയാളം സംസാരിക്കണമെന്ന് മമ്മിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടാകും ഇപ്പോൾ മലയാളം പാട്ടുകളുടെ വാക്കുകളൊക്കെ എനിക്ക് അനായാസം പാടാൻ കഴിയുന്നതും. അതിന്റെ എല്ലാ ക്രഡിറ്റും മമ്മിക്കാണ്.

മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സന സൂപ്പറാണല്ലേ ‌?

പത്തോളം ഭാഷയില്‍ ഞാൻ പാട്ടുകൾ പാടിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, മറാഠി, തമിഴ്, തെലുങ്കു, കന്നട, പഞ്ചാബി, ബംഗാളി, ഭാഷകളിൽ സിനിമയിലായിട്ടും ആൽബത്തിലായിട്ടും പാട്ടുകൾ പാടിയിട്ടുണ്ട്. ചില ഭാഷകളിലെ വാക്കുകൾ തർജ്ജമ ചെയ്തു തരാൻ ട്രൻസ്‌ലേറ്റേഴ്സും സഹായിക്കാറുണ്ട്.

പാട്ടിനൊപ്പം തന്നെ വേറെ പ്രൊഫഷനിലും ജോലി ചെയ്യുന്നുണ്ടോ ?

ബൈ പ്രൊഫഷൻ ഞാൻ പഠിച്ചത് എൻജിനീയറിങ്ങാണ്. മ്യൂസിക്കാണ് വഴിയെന്ന് തിരഞ്ഞെടുക്കുമ്പോഴും ഒരു പ്രൊഫഷനൽ ഡിഗ്രി വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ് പൂർണ്ണമായി പാട്ടിലേക്ക് തിരിഞ്ഞത്.

കേരളത്തിലെ വിശേഷങ്ങൾ എന്തൊക്കെയാണ്. ?

വർഷത്തിൽ ഒരാഴ്ച കേരളത്തിലാണ്. സത്യം പറഞ്ഞാൽ പപ്പയുടേയും മമ്മിയുടേയും കുടുംബ വീടുകളിൽ പോയി വരുമ്പോൾ തന്നെ ആ ലീവ് തീരും. കേരളം എക്സ്പ്ലോർ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഞങ്ങൾ ഓർത്തഡോക്സായ കുടംബമാണ്. എന്നിട്ടും എന്റെ പ്രൊഫഷനെ എല്ലാവരും സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അതാണ് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം,

sanah-2 Photos; Jeshuran GJ

എആർ റഹ്മാനോടൊപ്പം പാടിയ അനുഭവം

24 എന്ന തമിഴ് സിനിമയിലാണ് എആറിന്റെ സംഗീത സംവിധാനത്തിൽ പാട്ടുപാടിയത്. മേ നിഗാര എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്. പിന്നെ ബോളിവുഡ് ചിത്രമായ മൊഹൻജദാരോയിലെ തൂ ഹേ , മോഹൻജോ … തുടങ്ങിയ ഗാനങ്ങളും പാടി. ഞാൻ കവർ സോങ്ങുകൾ ചെയ്യാൻ തുടങ്ങിയ സമയത്തു തന്നെ എന്റെ പാട്ടുകൾ അദ്ദേഹത്തിന് മെയിൽ അയച്ചിരുന്നു. അതിനു ശേഷം രണ്ട് വർഷം ആകാറായപ്പോഴാണ് അവരുടെ ഓഫീസിൽ നിന്നും ഒരു മെയിൽ തിരിച്ചു വരുന്നത്. ആ മെയിൽ കണ്ടപ്പോളഅ‍ തന്നെ ഞാൻ സന്തോഷം കൊണ്ട് മതി മറന്നു. ഏതൊരു മ്യൂസിക് ലൗവേഴ്സിന്റെയും വലിയൊരു ആഗ്രഹമല്ലേ എആർ റഹ്മാനോടൊപ്പം രു പാട്ട് എന്നത്. ജീവിതത്തിലെ വലിയൊരു സ്വപന്മാണ് 24 എന്ന സിനിമയിലൂടെ നിറവേറിയത്. ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ ഉള്ളിൽ ഒരു പേടി തോന്നി. സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ആകാംഷ വേറെയും. പക്ഷേ എന്റെ മനസ് വായിച്ചിട്ടാവണം അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെയുള്ളവരും പൂർണ്ണപിന്തുണ നൽകി. 24 സിനിമയുടെ ഗാനം റെക്കോർഡിങ് ചെന്നെയിൽ വെച്ചിട്ടായിരുന്നു. അന്ന് പതിമൂന്ന് ദിവസത്തോളം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. നമ്മൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അതു ഒരിക്കൽ നടക്കും എന്ന് ദൈവം വീണ്ടും പഠിപ്പിച്ചു. ഇപ്പോള്‍ ഞാൻ ഒരാഗ്രഹങ്ങളേയും മനപ്പൂർവ്വം മറന്നുകളയില്ല. തീവ്രമായി ആഗ്രഹിച്ചോളൂ ദൈവം ഒരിക്കൽ നടത്തി തരും.