ADVERTISEMENT

എനിക്കൊരു പെൺ കുഞ്ഞ് വേണം...’’ പണ്ടു തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞുവാവ വ യറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ആ പ്രാർഥനയുമുണ്ടായിരുന്നു.

മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന്. അപ്പോൾ മനസ്സിൽ ഉറപ്പിച്ചു, ഒരെണ്ണം എന്തായാലും പെൺകുഞ്ഞ് തന്നെ. നമ്മുടെ നാട്ടിൽ ഗർഭസ്ഥശിശു നിർണയം വലിയ കുറ്റമായതു കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടർമാർ‌ പറയില്ല. ഞാൻ അതുകൊണ്ട് ആദ്യമേ അങ്ങോട്ട് പറഞ്ഞു, എനിക്ക് പെൺകുഞ്ഞിനെയാണ് ഇഷ്ടം, പെൺകുഞ്ഞാകാനാണ് ആഗ്രഹിക്കുന്നതെന്ന്.

ADVERTISEMENT

അഞ്ചാം മാസത്തിലെ സ്കാനിങ്ങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുക. ഞാനാണെങ്കിൽ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ഇടയിൽ ഡോക്ടർ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാൾ പെണ്ണാണ്.

ഒരാളെ ആഗ്രഹിച്ചപ്പോൾ രണ്ട് പെൺതരികളെ തന്ന ദൈവത്തോടാണ് എന്നും കടപ്പാട്. മനസ്സിൽ കൊണ്ടു നടന്ന പേരാണ് ‘ഉമ്മു കൊൽസു.’ ആദ്യം ഭൂമിയിലേക്ക് വന്നവള്‍ക്ക് ആ പേര് നൽകി. അടുത്തയാൾക്കുള്ള പേര് സത്യത്തിൽ പ്ലാനിങ്ങിൽ ഇല്ലായിരുന്നു. പക്ഷേ, മനസ്സിൽ ഉമ്മിണി തങ്കം എന്നാണ് ആദ്യം വന്നത്. അത് അവൾക്കുമിട്ടു.

ADVERTISEMENT

കുഞ്ഞുങ്ങൾ ജനിച്ച് ഏഴാം ദിവസം മുതൽ തന്നെ ഞാനാണ് കുളിപ്പിക്കുന്നതൊക്കെ. ഇതൊന്നും നമ്മൾ നേരത്തെയറിഞ്ഞു വച്ച് ചെയ്യുന്നതല്ല. സാഹചര്യം വരുമ്പോ ൾ അങ്ങനെ ചെയ്യും. പിന്നെ, അതൊരു ശീലമായി മാറും.

പലപ്പോഴും നമ്മൾ കുഞ്ഞുങ്ങളുടെ അറിവിനെ കുറച്ച് കാണുന്നതു പോലെ തോന്നിയിട്ടുണ്ട്. സത്യത്തിൽ എല്ലാം അറിയാവുന്ന കുഞ്ഞു ദൈവങ്ങളാണ് കുട്ടികൾ. അവരെ നമ്മളായിട്ട് ഒന്നിനും നിർബന്ധിക്കരുത്. സമയമാകുമ്പോൾ എല്ലാം ചെയ്യാൻ അവർ പഠിച്ചോളും. ഞാൻ സത്യത്തിൽ എന്റേതായ രീതിയിലാണ് മക്കളെ വളർത്തുന്നത്. പലരും കരുതും ഇതെന്തൊരു അമ്മയാണെന്ന്. പക്ഷേ, അത്തരം അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധിക്കാറേയില്ല.

ADVERTISEMENT

എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ രണ്ടര വയസ്സായി. അവർക്ക് മണ്ണിനോട് അറപ്പില്ല, മഴയിൽ കളിച്ചാൽ പനി വരില്ല, അവരുടെ എല്ലാ കാര്യങ്ങളും അവർതന്നെ ചെയ്തോളും. ഒന്നര വ യസ്സ് മുതൽ തന്നെ സ്വന്തമായി ഭക്ഷണം കഴിക്കാൻ ശീലിച്ചു. എന്റെ വീട്ടിലുള്ളവരൊക്കെ അവരുടെ ആഗ്രഹത്തിന് വാരി കൊടുത്താലായി. അതല്ലെങ്കിൽ അവർ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മിടുക്കികളാണ്.

ചോക്‌ലെറ്റ്, ബിസ്കറ്റ്, കേക്ക് ഇതൊന്നും അവർക്ക് കൊടുക്കാറില്ല. ഇടയ്ക്കൊക്കെ എന്റെ പപ്പ ചോക്‌ലെറ്റ് കൊടുക്കും. എന്നിട്ട് അമ്മ കാണാതെ വേഗം കഴിച്ചോന്ന് പറയും. പക്ഷേ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വാർത്ത എന്റെയടുത്ത് അവരായിട്ട് തന്നെ എത്തിക്കും. ‘അപ്പച്ചൻ ചോക്‌ലെറ്റ് തന്നു. കഴിച്ചോളാൻ പറഞ്ഞു’ എന്ന മേമ്പൊടിയോടെ ആകും അവതരണം.

കഴിഞ്ഞ ദിവസം ഭർത്താവിന്റെ പിറന്നാളായിരുന്നു. അ ന്നേരം മുറിച്ച കേക്കിന്റെ പകുതി ഞാൻ ഫ്രിജിൽ വച്ചു. തങ്കത്തിനേയും എടുത്ത് ഞാൻ വേറെന്തോ ആവശ്യത്തിന് ഫ്രിജ് തുറന്നപ്പോള്‍ കേക്ക് കണ്ടു. ‘‘അതെന്തുവാ അമ്മേ കേക്കാണോ എന്ന് ചോദ്യം. ‘അതേ കേക്കാണ്’ എന്ന് എന്റെ മറുപടി. പിന്നെ, കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. എനിക്കുറപ്പാണ് ഞാനല്ല വേറെയൊരാളായിരുന്നെങ്കിൽ ചിലപ്പോൾ തങ്കം അതു വേണമെന്ന് പറഞ്ഞേനെ. എന്റെയടുത്ത് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതു കൊണ്ട് അവൾ മിണ്ടാതിരുന്നു. അതു തന്നെയാ ഞാൻ പറഞ്ഞത് കുഞ്ഞു മക്കൾക്ക് എല്ലാം അറിയാം. അവർ നമ്മളേക്കാള്‍ ബുദ്ധിയുള്ളവരാണ്.

മണ്ണപ്പം ചുടാനും ചെടി നടാനും അവർക്ക് അറിയാം. ഒ ന്നോ രണ്ടോ തവണ അവർ മണ്ണിൽ തെന്നി വീഴുമായിരിക്കും. പക്ഷേ, മൂന്നാം വട്ടം അവർ വീഴാതെ നടക്കാൻ പഠിക്കും.

 

ADVERTISEMENT