Tuesday 02 February 2021 12:02 PM IST

സിസേറിയന്റെ വേദന ഒരു വശത്ത്, ഒപ്പം കുഞ്ഞു കരയുമ്പോഴുള്ള ടെൻഷന്‍, കരച്ചിലിന്റെ വക്കോളമെത്തിയ നിമിഷങ്ങൾ

Lakshmi Premkumar

Sub Editor

saranya-family-re

തിരക്കുള്ള സിനിമാജീവിതത്തിൽ നിന്ന് പെട്ടെന്ന് അമ്മ വേഷത്തിലേക്ക് മാറേണ്ടി വന്നപ്പോൾ എന്തൊക്കെ മുൻകരുതലുകളായിരിക്കും അവർ എടുത്തിട്ടുണ്ടാകുക, മക്കളെ നോക്കുമ്പോഴുള്ള കുഞ്ഞികൗതുകങ്ങളും സന്തോഷങ്ങളും എന്തൊക്കെയാകും? സിനിമയും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകുന്നതെങ്ങനെയാകും?...  ശരണ്യമോഹൻ പറയുന്നു...

നാലു വയസ്സുകാരൻ അനന്തപത്മനാഭനും രണ്ടു വയസ്സുകാരി അന്നപൂർണയ്ക്കും അമ്മ നടിയൊന്നുമല്ല. അവർക്കൊപ്പം കളിക്കുന്ന, ചിരിക്കുന്ന ഇടയ്ക്കിടെ കണ്ണുരുട്ടുന്ന അവരുടെ സുഹൃത്താണ്. വീട്ടിൽ എപ്പോഴും ബഹളമാണ്. ചിരിയും കരച്ചിലും പല താ ളത്തിൽ പല ഭാവത്തിൽ അങ്ങനെ മാറി മാറി വരും.

‘എന്റെ ഇരുപത്തിയാറാം വയസ്സിലാണ് മോനുണ്ടാകുന്നത്. സിസേറിയനായിരുന്നു. അതിന്റെ വേദന ഒരു വശത്ത്. ഒപ്പം കുഞ്ഞു കരയുമ്പോൾ ആകെ ടെൻഷന്‍. കരച്ചിലിന്റെ വക്കോളം തന്നെ നമ്മളും എത്തും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതി മാറും. ആരും പഠിപ്പിച്ചു തന്നിട്ടോ, വായിച്ച് പഠിച്ചിട്ടോ അല്ല. അവന്റെ ഓരോ മാറ്റത്തിലൂടെയും വളർച്ചിയിലൂടെയും എന്നിലെ അമ്മയും വളരുകയായിരുന്നു. അവനെ ഞാൻ തന്നെയാണ് കുളിപ്പിച്ചതൊക്കെയും.

ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്ക് നമ്മൾ നൽകേണ്ട കരുതലുകളുണ്ട്. അതെല്ലാം എന്റെ മോനും അതുപോലെ കിട്ടണം എന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ. കഥ പറഞ്ഞ് കൊടുക്കുക, പറമ്പിലൂടെ നടന്ന് ഭക്ഷണം കൊടുക്കുക തുടങ്ങിയ പരിപാടികളെല്ലാം ഞാനും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ അച്ഛനും അമ്മയും തൊട്ടടുത്ത് തന്നെയായി സഹോദരിയും കുടുംബവുമുണ്ട്. കുറച്ചു നാൾ മുൻപാണ് അച്ഛൻ മരിക്കുന്നത്. ഹിന്ദി അധ്യാപകനായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി മീരാ ഭജൻ ഒക്കെ പാടിയാണ് അച്ഛൻ ഉറക്കിയിരുന്നത്.

മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോളുണ്ടാകുന്നത്. ഇനിയൊരു മോളെ തരണേ എന്ന് പ്രാർഥിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസ്സിലാക്കിക്കുക എന്നതായിരുന്നു.

ഞാനും ഭർത്താവ് അരവിന്ദ് കൃഷ്ണനും അതിൽ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. അവനെ എല്ലാക്കാര്യത്തിനും മുന്നിൽ നിർത്തി. ചേട്ടൻ ആണ് കുഞ്ഞാവയുടെ എല്ലാം എന്ന് അവന്റെ കുഞ്ഞ് മനസ്സിനെ പഠിപ്പിച്ചു. ഇപ്പോഴും അവന് ഒരു ബിസ്കറ്റ് കൊടുത്താൽ ഉടൻ അടുത്ത കൈ നീട്ടും കുഞ്ഞാവയ്ക്ക് കൊടുക്കാൻ. കുഞ്ഞുങ്ങളുടെ കൂടെ കളിക്കുകയും പാട്ടു പാടുകയും ചെയ്യുമെങ്കിലും അത്യാവശ്യം ശാസിക്കുന്ന, വാശികൾ നടത്തി കൊടുക്കാത്ത അമ്മയാണ് ഞാൻ. അത് അവരുടെ ഭാവിക്ക് വേണ്ടി തന്നെയാണ്.